Thursday, July 9, 2009

വിന്‍ഡോസിനു വെല്ലുവിളിയായി ഗൂഗ്‌ള്‍ ഓപ്പറേറ്റിങ്‌ സിസ്റ്റം


വാഷിങ്‌ടണ്‍: സെര്‍ച്ച്‌ എന്‍ജിനിലൂടെ സൈബര്‍ ലോകത്തെ കീഴടക്കിയ ഗൂഗ്‌ള്‍ കമ്പനി ഓപ്പറേറ്റിങ്‌ സിസ്റ്റവുമായി രംഗത്തെത്തുന്നു. ഗൂഗ്‌ള്‍ ക്രോം എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓപ്പറേറ്റിങ്‌ സിസ്റ്റം മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസിനു കനത്ത വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാ ണ്‌. വെബിനു പ്രധാന്യം നല്‍കുന്ന പുതിയ ഓപ്പറേറ്റിങ്‌ സിസ്റ്റം ആദ്യഘട്ടത്തില്‍ നെറ്റ്‌ബുക്കുകളെ (വെബ്‌ ബ്രൗസിങിനു വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ട ലാപ്‌ടോപ്പുകള്‍) ലക്ഷ്യമിട്ടാണ്‌ പുറത്തിറക്കുന്നതെന്നും ഗൂഗിള്‍ വക്താക്കള്‍ അറിയിച്ചു.
ഗൂഗ്‌ള്‍ ക്രോം എന്ന ബ്രൗസറിനു പിന്നാലെയാണ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റം വികസിപ്പിക്കുന്നത്‌. ലളിതവും ചുരുങ്ങിയ വലുപ്പവുമുള്ള ക്രോമിന്റെ സോഴ്‌സ്‌ കോഡ്‌ ഈ വര്‍ഷം അവസാനത്തോടെ ഉപയോക്താക്കള്‍ക്കു ലഭ്യമാവും. ഗൂഗ്‌ള്‍ ക്രോം ഓപ്പറേറ്റിങ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ്‌ബുക്കുകള്‍ 2010 മധ്യത്തോടെ വിപണിയിലിറക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. വെബ്‌ ഇല്ലാത്ത സമയത്താണ്‌ നിലവിലെ ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങള്‍ വികസിപ്പിച്ചെടുത്തതെന്നും എല്ലാം വെബിലേക്കു മാറിയ പുതിയ ലോകത്ത്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തി ല്‍ പൊളിച്ചെഴുത്ത്‌ ആവശ്യമാണെന്നും ഗൂഗ്‌ള്‍ പറയുന്നു.
ലാളിത്യം, വേഗത, സുരക്ഷ എന്നിവയാണത്രെ പുതിയ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ മുദ്രാവാക്യങ്ങള്‍. ലിനക്‌സിന്റെ ചട്ടക്കൂടിലാണ്‌ പുതിയ ഒ.എസ്‌ രംഗത്തെത്തു ന്നത്‌.