Thursday, July 7, 2011

സത്യസന്ധത കൊണ്ട് വ്യത്യസ്ഥമാകുന്ന ഒരു മലയാള സിനിമ



തീവ്ര വാദം, ബോംബെ സ്‌ഫോടന പശ്ചാത്തലം എന്നൊക്കെ കേട്ടപ്പോള്‍ ഒരു അന്‍വറോ, ദൈവ നാമത്തിലോ ഒക്കെയാണ് പ്രതീക്ഷിച്ചത്. ബോംബെ മാര്‍ച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കാലചക്രത്തിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള കറക്കവും സംഭവങ്ങളുടെ വേലിയേറ്റവും കൊണ്ട് കഥയുടെ പോക്കെങ്ങോട്ടാണെന്നറിയാതെ കണ്‍ഫ്യൂഷനായി ഇരുന്നെങ്കിലും ക്ലൈമാക്്‌സ് രംഗം കണ്ടപ്പോള്‍ അറിയാതെ കൈയടിച്ചു പോയി. മുസ്്‌ലിം തീവ്രവാദ വിഷയത്തില്‍ ഒരു മലയാള സിനിമക്ക് ഇത്രയൊക്കെ സത്യസന്ധത പുലര്‍ത്താനാവുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല.

1993 മാര്‍ച്ച് 12ന് ബോംബെയില്‍ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് ബാബു ജനാര്‍ദ്ദനന്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ കഥആരംഭിക്കുന്നത്. ഷാജഹാന്‍(ഉണ്ണി മുകുന്ദന്‍ എന്ന പുതുമുഖം) എന്ന മുസ്്‌ലിം ചെറുപ്പക്കാരന്‍ ഈ സ്‌ഫോടനക്കേസില്‍ പ്രതിയാകുന്നു. സാഹചര്യത്തെളിവുകളെല്ലാം അയാള്‍ക്ക് എതിരാണ്. അല്ലെങ്കില്‍ പോലിസ് അങ്ങനെ ആക്കുന്നു. സനാതന ഭട്ട്(മമ്മൂട്ടി) എന്ന പൂജാരിക്ക് അറിയാം ഷാജഹാന്‍ നിരപരാധിയാണെന്ന്. ഷാജഹാനെ രക്ഷിക്കാനുള്ള സനാതന ഭട്ടിന്റെ ശ്രമം  ഷാജഹാന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നിടത്താണ് അവസാനിക്കുന്നത്. ഇതോടെ സമീര്‍ എന്ന പുതിയ അവതാരം ജന്മമെടുക്കുന്നു. സനാതന ഭട്ട് മതംമാറിയാണ് സമീര്‍ ആകുന്നത്. ഷാജഹാന്റെ മരണത്തിന് അറിയാതെയെങ്കിലും കാരണക്കാരനായതിലുള്ള പാപപരിഹാരമെന്നോണം ഷാജഹാന്റെ സഹോദരിയായ ആബിദ(റോമ)യെ സമീര്‍ വിവാഹം കഴിക്കുന്നു. തുടര്‍ന്ന് ആബിദയുടെയും സമീറിന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവ പരമ്പരകളാണ് കഥാ തന്തു. മുംബൈ സ്‌ഫോടനത്തിന്റെ പിന്നില്‍ ആര് എന്നതിന് പകരം സ്‌ഫോടനം അതുമായി ഒരു ബന്ധവുമില്ലാത്ത ചില വ്യക്തികളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുരന്തമാണ് കഥയെ മുന്നോട്ടു നയിക്കുന്നത് എന്നതാണ് ഈ സിനിമയുടെ വ്യത്യസ്ഥത. സംഭവവുമായി വിദൂര ബന്ധം പോലുമില്ലാത്ത ഒരാള്‍ പോലും അയാളുടെ പേരിന്റെയോ അയാള്‍ വിശ്വസിക്കുന്ന മതത്തിന്റെയോ പേരില്‍ ഇരകളാക്കപ്പെടാമെന്ന സന്ദേശം ചിത്രം നല്‍കുന്നു.

അന്‍വര്‍ എന്ന ചിത്രം മലയാള മനസ്സുകളില്‍ സൃഷ്ടിച്ച അജീര്‍ണം മാറും മുമ്പ് ഇങ്ങനെയൊരു വഴിത്തിരിവ് മലയാള ചലച്ചിത്രലോകത്ത് അപ്രതീക്ഷിതമാണ്. അന്‍വറിലെ ചീത്ത മുസ്്‌ലിം പ്രതിനിധാനമായ ബാബുസേട്ടിനെ(ലാല്‍) മഅ്ദനിയുടെ പ്രതിഛായയിലാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നത്. ഒരു തെറ്റും ചെയ്യാതെ ഒമ്പതു വര്‍ഷം ജയിലഴികള്‍ക്കുള്ളില്‍ പീനമനുഭവിക്കപ്പെട്ടതൊന്നും അമല്‍ നീരദിനെപ്പോലുള്ള സംവിധായകന് മഅ്ദനിയെ പാപമോചിതനാക്കാന്‍ മതിയായിരുന്നില്ല. ജയില്‍വാസത്തിന് ശേഷം പുറത്തേക്ക് വരുന്ന സമദാനി എന്ന കഥാപാത്രം ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലുണ്ട്. ഒന്‍പത് വര്‍ഷത്തെ പീഡനത്തിന് ശേഷം നിരപരാധിയായ സമദാനി ഇന്ന പുറത്തിറങ്ങുകയാണ് എന്ന് വാര്‍ത്താവായനയിലൂടെ കേള്‍ക്കുന്ന ശബ്ദം സത്യത്തോട് ഒട്ടൊക്കെ നീതിപുലര്‍ത്തുന്നു. അവിടെയാണ് അന്‍വറും ബോംബെ മാര്‍ച്ച് 12ഉം വ്യത്യസ്ഥമാകുന്നതും. സമദാനിയോടൊപ്പം കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കിടക്കുന്നവരില്‍ മമ്മൂട്ടിയുടെ സമീറുമുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ ഉക്കടത്തേക്ക് ഫോണ്‍ ചെയ്തു എന്നതും പേര് സമീര്‍ ആയി എന്നതുമാണ് ഇയാള്‍ ഉള്ളിലാവാന്‍ കാരണം. ജയിലില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തനിക്ക് നഷ്ടപ്പെട്ട ഒമ്പത് വര്‍ഷം, തന്റെ കുടുംബ ജീവിതം ആര് മടക്കിത്തരുമെന്ന സമീറിന്റെ ചോദ്യം മലേഗാവ്, മക്കാമസ്്ജിദ്, അജ്മീര്‍ തുടങ്ങിയ കേസുകളില്‍ ജയിലഴികള്‍ക്കുള്ളില്‍ പീഡനമനുഭവിക്കപ്പെട്ട് പുറത്തിറങ്ങിയ മുസ്്‌ലിം ചെറുപ്പക്കാരുടേതും കൂടിയാണ്. മറ്റൊരു മുസ്്‌ലിം ചെറുപ്പക്കാരനെ കേസില്‍ അകത്തിടാന്‍ കാരണം സംഭവത്തിലുള്‍പ്പെട്ട ഏതോ ഒരാള്‍ക്ക് തന്റെ വിസിറ്റിങ് കാര്‍ഡ് നല്‍കി എന്നതാണ്.

ബോംബെയില്‍ ജോലി തേടിയെത്തുന്ന കംപ്യൂട്ടര്‍ വിദഗ്ധനായ ഷാജഹാനെ ചിലര്‍ ചതിയിലൂടെയാണ് സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തുന്നത്. ആന്ധ്രപ്രദേശിലെ പോച്ചംപള്ളി എന്ന ഗ്രാമത്തില്‍ ഒളിവില്‍ക്കഴിയുന്ന ഷാജഹാനെ നിരപരാധിയെന്ന് മനസ്സിലാക്കിയ ശേഷവും സൈന്യം വെടിവച്ചുകൊല്ലുന്നു. കശ്മീരിലെ ഏതോ സംഘടനയുടെ അനുയായി ആണ് ഷാജഹാന്‍ എന്ന ആരോപണം ഗുജറാത്തിലും മറ്റും നടക്കുന്ന പതിവ് ഏറ്റുമുട്ടല്‍ നാടകങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. ഷാജഹാന്റെ മരണത്തിന് ശേഷവും പോലിസ് അവന്റെ കുടുംബത്തെ നിരന്തരം വേട്ടയാടുന്നു. ഇതില്‍ മനംമടുത്ത ആബിദ പറയുന്നു: എന്റെ ഇക്ക മരിച്ചതെങ്ങനെയെന്ന് ഇപ്പോഴും ഞങ്ങള്‍ക്കറിയില്ല. പോലിസ് പറയുന്നത് വിശ്വാസത്തിലെടുത്ത് അവന്റെ മയ്യിത്ത് പോലും കാണേണ്ടെന്ന് ഉമ്മ പറഞ്ഞു. എന്നിട്ടും ഞങ്ങളെ വെറുതെ വിടാറായില്ലേ. കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച് കണ്ണൂരിലെ ഫയാസിന്റെ ഉമ്മയുടെ നിലവിളി ഇവിടെ അറിയാതെ കാതുകളില്‍ വന്നലക്കുന്നു. ഒരു ശരാശരി ഇന്ത്യന്‍ മുസ്്‌ലിമിന്റെ നിസ്സഹായത കൂടിയാണതെന്ന ബോധ്യം നമ്മെ ഭീതിപ്പെടുത്തുന്നു.

അതേ സമയം, മതസൗഹാര്‍ദ്ദമെന്നാല്‍ മുസ്്‌ലിം ഹിന്ദു യുവതിയെ പ്രേമിക്കുകയും, പള്ളി മുക്രിയുടെ മകള്‍ ഓണത്തിന് തിരുവാതിര കളിക്കുകയുമൊക്കെ ചെയ്യണമെന്ന പതിവ് വാര്‍പ്പുമാതൃകകള്‍ അരോചകമാവുന്നുണ്ട്.

ലാലിന്റെ കഥാപാത്രമാണ് ചിത്രത്തിന്റെ ആണിക്കല്ല്. സമീറിനോടൊപ്പം മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിലൊരാളായി ലാലിന്റെ(നിസാറെന്ന പേരില്‍) കഥാപാത്രവുമുണ്ട്. മുസ്്‌ലിംകള്‍ നേരിടുന്ന പീഡനത്തെക്കുറിച്ചും മറ്റും പറഞ്ഞ് സമീറിനെ എരി കയറ്റുന്ന ഇയാള്‍ ഞാന്‍ നിങ്ങള്‍ക്ക് ചില കാസറ്റുകള്‍ തരാം അതൊക്കെയൊന്നു കണ്ടുനോക്ക്, എന്നിട്ട് ഒരു തീരുമാനമെടുക്ക് എന്നും പറഞ്ഞുവയ്ക്കുന്നു. എന്നാല്‍, ഇയാളെ പിന്നീട് നാം കാണുന്നത് തമിഴ്‌നാട്ടിലെ ജയിലില്‍ സമീറിനെ ചോദ്യം ചെയ്യുന്നിടത്താണ്, അതും സൈനിക വേഷത്തില്‍. ഇയാള്‍ സൈന്യത്തിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. കഥയുടെ വഴിത്തിരിവുകളില്‍ സമീറിനെ ഉപേക്ഷിക്കുന്ന ആബിദ വേറെ കല്യാണം കഴിച്ച് പുതിയ ജീവിതം നയിക്കുന്നുണ്ട്. സ്വസ്ഥ ജീവിതം നയിക്കുന്ന അവരുടെയരികിലേക്ക് പാചക വാതകം വിതരണം ചെയ്യുന്ന ആളുടെ രൂപത്തില്‍ ലാല്‍ കഥാപാത്രം എത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. മുസ്്‌ലിംകളെ ഭീകരവാദത്തിന് പ്രേരിപ്പിച്ച് ചതിക്കുഴിയില്‍പ്പെടുത്തി വെടിവച്ച് കൊന്ന് പണവും പദവിയും നേടിയെടുക്കുന്ന ഐ.ബി ഉസ്്താദുമാരുടെ തനിപ്പകര്‍പ്പായ ഈ കഥാപാത്രം ആബിദയുടെ കുടുംബത്തെ(മുസ്്‌ലിം സമുദായത്തെ) ഒഴിയാബാധ പോലെ പിന്തുടരുന്നു എന്ന സൂചന നല്‍കുന്നു ഈ രംഗം.

പ്രേക്ഷകനെ കണ്‍ഫ്യൂഷനില്‍ നിര്‍ത്തുന്ന ചീട്ടുകള്‍ ഷഫിള്‍ ചെയ്യുന്നതു പോലുള്ള ചിത്രത്തിലെ കാലങ്ങളും സന്ദര്‍ഭങ്ങളും  കഥയിലെ കാലവ്യത്യാസത്തോട് യോജിക്കാത്ത കഥാപാത്രങ്ങളുടെ മേക്കപ്പിലെ അപാകതയും സന്ദര്‍ഭവുമായി യോജിച്ച് പോകാത്ത പാട്ടുകളുമൊക്കെക്കൂടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന നിലയില്‍ ബാബു ജനാര്‍ദ്ദനന് അപാകതകള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ടെങ്കിലും അവസാന രംഗത്തിലെ സത്യസന്ധത കൊണ്ട് മാത്രം അതൊക്കെ പൊറുത്തു കൊടുക്കാവുന്നതാണ്.