Thursday, October 11, 2012

ഇറച്ചിയില്‍ മതം കലക്കുന്നവര്‍

മലപ്പുറം ജില്ലയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഇറച്ചിക്കറി നല്‍കിയതിനെതിരേ മാര്‍ച്ച് നടത്തുന്ന ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍

വേങ്ങരയിലെ എടക്കപ്പറമ്പയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം ഇറച്ചി കൊടുത്തതിന് ഹിന്ദുഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്. കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം (ഇറച്ചിയും മീനും ധാന്യങ്ങളും പച്ചക്കറിയുമൊക്കെ ആവശ്യത്തിന് ഉള്‍പ്പെടുന്ന ഭക്ഷണത്തെയാണല്ലോ പോഷക സമൃദ്ധം എന്ന് പറയുന്നത്) കൊടുക്കണമെന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശമാണ്. ഓരോ സ്‌കൂളിലെയും പി.ടി.എ കമ്മിറ്റികള്‍ തങ്ങള്‍ക്കാവുന്ന വിധത്തിലുള്ളതൊക്കെ കൊടുക്കുന്നുമുണ്ട് (അംഗനവാടിയില്‍ പഠിക്കുന്ന കോഴിക്കൊതിച്ചിയായ എന്റെ മോള്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് കിട്ടിയ കോഴിക്കറിയുടെ രുചിയെക്കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ നമ്മള് പഠിക്കുന്ന കാലത്തൊന്നും സര്‍ക്കാരിന് ഈ ബുദ്ധി തോന്നാത്തതെന്തെന്ന് കുണ്ഠിതപ്പെട്ടിരുന്നു). ഇറച്ചി കൊടുത്തത് ഏതോ മുസ്്‌ലിം ഗൂഡാലോചനയാണെന്ന് പ്രചരിപ്പിച്ചാണ് ഹിന്ദുത്വര്‍ വാളും വടിയുമായി ഇറങ്ങിയിരിക്കുന്നത്. സത്യത്തില്‍ ഈ സ്‌കൂളില്‍ കുട്ടികള്‍ക്ക് കറി വിളമ്പിക്കൊടുത്തത് രാജേഷ് മാഷും ജസ്റ്റിന്‍ മാഷുമായിരുന്നു. അവരുടെയൊന്നും മനസ്സില്‍ കാവി ബാധിച്ചിട്ടില്ലാത്തത് കൊണ്ട് ഇറച്ചിയില്‍ ഇസ്്‌ലാം തിളക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല.
മുമ്പൊക്കെ ഹിന്ദുമതസ്ഥരായ കൂട്ടുകാരുടെ വീട്ടില്‍ ഓണത്തിനും മറ്റും പോയാല്‍ നല്ല പച്ചക്കറി സദ്യ കിട്ടിയിരുന്നു. ഇപ്പോള്‍ അവിടെയും വിശേഷ ദിവസങ്ങളില്‍ ഇറച്ചിയാണ് വിളമ്പുന്നത് (ഇറച്ചി തിന്ന് മടുത്ത് അല്‍പ്പം വെറൈറ്റി തേടുന്ന എന്നെപ്പോലുള്ള മാംസഭുക്കുകള്‍ അക്കാര്യത്തില്‍ അവരോട് രോഷം പ്രകടിപ്പിക്കാറുമുണ്ട്). വിഷുവിനും ക്രിസ്തുമസിനുമൊക്കെ അതു തന്നെ സ്ഥിതി. പുതുതലമുറയിലെ ബ്രാഹ്മണക്കുട്ടികള്‍ പോലും ഇപ്പോള്‍ ഇറച്ചിയോട് വലിയ അയിത്തമൊന്നും കാണിക്കുന്നില്ല. എന്നിട്ടും ഇവിടെച്ചിലര്‍ ഇറച്ചിയില്‍ മസാലയ്ക്ക് പകരം മതം കലക്കുന്നത് കേരളവും ഗുജറാത്തും തമ്മിലുള്ള അന്തരം കുറക്കാനല്ലെങ്കില്‍ മറ്റെന്തിനാണ്?

http://twocircles.net/2012oct11/rssbjp_workers_targets_school_malappuram_over_issue_beef_distributed_students.html

Monday, August 20, 2012

അസം: ചോരയില്‍ കുതിര്‍ന്ന പൗരത്വം

എം. ടി. പി. റഫീഖ്

അസമിലെ കൊക്രജര്‍, ചിരാങ്, ബക്‌സ, ഉദല്‍ഗിരി ജില്ലകളിലെ ഗ്രാമങ്ങളിലിപ്പോള്‍ ആളുകള്‍ രാത്രിയില്‍ ഉറങ്ങാറില്ല. ഏതു നിമിഷവും ശത്രുക്കള്‍ കടന്നുവരാം. തങ്ങളുടെ കുടിലുകള്‍ക്കു തീവച്ച് ആടുകളെയും പശുക്കളെയുമെല്ലാം കവര്‍ന്നെടുത്തു കൊണ്ടുപോവാം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവാം. അതുകൊണ്ടവര്‍ കണ്ണിമ പൂട്ടാതെ കാവലിരിക്കുന്നു.
വിമ്മസാരി എന്ന മുസ്‌ലിം ഗ്രാമത്തിലുണ്ടായിരുന്ന 650 വീടുകളില്‍ രണേ്ടാ മൂന്നോ എണ്ണമേ ഇപ്പോള്‍ ബാക്കിയുള്ളു. ബാക്കിയുള്ളതെല്ലാം ബോഡോ കലാപകാരികള്‍ ചുട്ടെരിച്ചു. മൃഗങ്ങളെയും ധാന്യങ്ങളുമെല്ലാം കവര്‍ന്നു കൊണ്ടുപോയി. സമീപപ്രദേശത്തുള്ള ശാന്തന്‍പര, ഊര്‍ജാല്‍, ചെന്നന എന്നിവിടങ്ങളിലെല്ലാം സ്ഥിതി ഇതുതന്നെ.
56 മരണം(അനൗദ്യോഗിക കണക്കു പ്രകാരം ഇതു മൂന്നൂറോളമുണ്ട്), നാലുലക്ഷത്തോളം അഭയാര്‍ഥികള്‍, കത്തിച്ചാമ്പലായ അഞ്ഞൂറിലേറെ ഗ്രാമങ്ങള്‍. മാധ്യമങ്ങള്‍ കാര്യമായൊന്നും റിപോര്‍ട്ട് ചെയ്തില്ലെങ്കിലും (അവര്‍ അണ്ണാ ഹസാരയുടെ നിരാഹാരനാടകം ഒപ്പിയെടുക്കുന്ന തിരക്കിലാണ്)  ജൂലൈ 6 മുതല്‍ ബോഡോകളും മുസ്‌ലിംകളും  തമ്മില്‍ അസമില്‍ നടന്ന ഒരാഴ്ച നീണ്ട കലാപത്തിന്റെ ബാക്കിപത്രമാണിത്.
അഭയാര്‍ഥിക്യാംപുകളില്‍ കഴിയുന്ന നാലുലക്ഷത്തിലധികം പേരില്‍ മൂന്നുലക്ഷവും മുസ്‌ലിംകളാണ്. ക്യാംപുകളിലൊന്നില്‍ കഴിയുന്ന റാബി ഹുസയ്ന്‍ എന്ന 25കാരന്റെ വാക്കുകളില്‍ കലാപത്തിന്റെ ഭൂതവും ഭാവിയും എല്ലാം അടങ്ങിയിരിക്കുന്നു:
''രാത്രിയില്‍ ബോഡോ വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ എന്റെ വീട്ടിലേക്ക് വന്നു. ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ അവര്‍ ചോദിച്ചു: ''മിയാ ലുങ്കിക്ക് പകരം (ബംഗാളി മുസ്‌ലിംകള്‍ ധരിക്കുന്ന പരമ്പരാഗത വസ്ത്രം) നിങ്ങളെന്തിനാണ് നീളന്‍ പാന്റ്‌സ് ധരിക്കുന്നത്. വീട്ടിനകത്തുള്ള നിങ്ങളുടെ വസ്ത്രങ്ങള്‍ മുഴുവന്‍ എടുത്തു കൊണ്ടു വരൂ. നിങ്ങളൊരു ബംഗ്ലാദേശിയാണ്. ഇതു നിങ്ങളുടെ നാടല്ല.'' തുടര്‍ന്നവര്‍ എന്നെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. വസ്ത്രങ്ങള്‍ക്ക് തീയിട്ടു. ഇതു കണ്ട എന്റെ രണ്ടു സഹോദരിമാരും ഇറങ്ങിയോടി. ബോഡോകള്‍ അവരുടെ നേരെ തിരിഞ്ഞു. അക്രമികളുടെ കൈയില്‍നിന്ന് കുതറി രക്ഷപ്പെട്ട ഞാനും ഇരുട്ടിലേക്കൂളിയിട്ടു''- അസമിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള റാബി ഹുസയ്ന്‍മാരും അവരുടെ സഹോദരിമാരും വര്‍ഷങ്ങളായി ഓട്ടത്തിലാണ്. മുന്നില്‍ ഇരുട്ടു മാത്രം. പതിറ്റാണ്ടുകളായി ഈ മണ്ണില്‍ കഴിയുന്ന അവര്‍ 'നുഴഞ്ഞുകയറ്റക്കാരാ'ണ്, ബംഗ്ലാദേശികളാണ്. എല്ലാറ്റിനേക്കാളുമുപരി മുസ്‌ലിംകളാണ്; അതുതന്നെയാണ് ഇവര്‍ ചെയ്ത വലിയ 'തെറ്റും.'

അസം ബംഗ്ലാദേശോ മറ്റൊരു പാകിസ്താനോ ആയി മാറുന്നുവെന്ന പ്രചാരണം കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. ഹിന്ദുത്വര്‍ അനുയായികളുടെ സിരകള്‍ക്കു തീപ്പിടിപ്പിക്കാന്‍ എന്നും ഈ പ്രചാരണം ഉപയോഗിച്ചിരുന്നു. രാജ്യത്തെ മറ്റു ഭാഗത്തെ മുസ്‌ലിംകള്‍ക്കു രാജ്യത്തോടുള്ള കൂറു തെളിയിച്ചാല്‍ മതിയെങ്കില്‍ അസമിലെയും സമീപ സംസ്ഥാനങ്ങളിലെയും മുസ്‌ലിംകള്‍ക്കു പൗരത്വം കൂടി തെളിയിക്കണം. അസമിലെ സംഘര്‍ഷത്തെ റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ സാഹചര്യത്തിനോടു താരതമ്യപ്പെടുത്തുന്ന മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ബി. രാമനെപ്പോലുള്ള ഹിന്ദുത്വ പേനയുന്തികള്‍ മ്യാന്‍മര്‍ അധികാരികളെപ്പോലെ എന്തുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം ഇവരെ ആട്ടിയോടിക്കുന്നില്ല എന്ന ചോദ്യം കൂടി ഉയര്‍ത്തുന്നു.
എന്താണീ നുഴഞ്ഞുകയറ്റ കഥകളിലെ യാഥാര്‍ഥ്യം. അസമിലെ മുസ്‌ലിംകള്‍ ഇന്നലെയോ അല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലോ രാജ്യത്തേക്കു വലിഞ്ഞുകയറിവന്നവരാണോ? ചരിത്രവും കണക്കുകളും പരിശോധിക്കുമ്പോള്‍ കാവിക്കണ്ണട വച്ചിട്ടില്ലാത്ത ആര്‍ക്കും മറിച്ചാണു ബോധ്യപ്പെടുന്നത്. 13ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മുസ്‌ലിംകള്‍ അസമിലെത്തിയിരുന്നുവെന്ന് ആധികാരികമായ ചരിത്രരേഖകള്‍ പറയുന്നു. 1226ലാണ് ഇപ്പോള്‍ അസമിലെ തദ്ദേശീയര്‍ എന്നു പറയപ്പെടുന്ന അഹോമുകള്‍ അവിടെയെത്തുന്നത്. അതിനും മുമ്പ് 1206ല്‍ത്തന്നെ പടിഞ്ഞാറുനിന്നുള്ള മുസ്‌ലിംകള്‍ സംസ്ഥാനത്തേക്കു കടന്നുവന്നിരുന്നു. മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിംസൈന്യമാണ് 1206ല്‍ അസമിലെ കാമരൂപ് ആക്രമിച്ചുകൊണ്ട് സംസ്ഥാനത്തേക്കു കടന്നുകയറിയത്. അസം വഴി ചൈന കീഴടക്കാമെന്ന മോഹമായിരുന്നു ഇതിനു പിന്നില്‍. മതപ്രബോധകര്‍ വഴിയും മുഗളന്മാരിലൂടെയുമൊക്കെ ഇസ്‌ലാം സംസ്ഥാനത്തു വേരോട്ടം നേടിയിട്ടുണ്ട്.
പിന്നീട് 19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടിഷുകാരാണ് ബംഗാളി മുസ്‌ലിംകളെ കൃഷി ആവശ്യത്തിനും മറ്റുമായി അസമിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടു വന്നത്. ചണക്കൃഷിയിലും തേയിലക്കൃഷിയിലും വിദഗ്ധരായിരുന്ന അവരുടെ സേവനം ബ്രിട്ടിഷുകാര്‍ നന്നായി പ്രയോജനപ്പെടുത്തി. അതോടൊപ്പം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി അസമിലെ ആദിമനിവാസികളെയും കുടിയേറ്റക്കാരെയും പ്രത്യേക മേഖലകളില്‍ പാര്‍പ്പിക്കുകയും ചെയ്തു. ബംഗാളിലെ കടുത്ത ദാരിദ്ര്യവും കുടിയേറ്റത്തിനു പ്രചോദനമായിട്ടുണ്ട്. വിഭജനത്തിനു മുമ്പുതന്നെ അസമില്‍ കാര്യമായ മുസ്‌ലിം സാന്നിധ്യമുണ്ട് എന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. 1951ല്‍ സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 26.60 ശതമാനമായിരുന്നു. 2001ലെ സെന്‍സസ് പ്രകാരം അത് 30.90 ശതമാനമാണ്. രാജ്യത്തിന്റെ മറ്റു ഭാഗത്തെ മുസ്‌ലിം വളര്‍ച്ചനിരക്ക് പരിഗണിക്കുമ്പോള്‍ താരതമ്യേന കുറവാണിത്. ഇതിനര്‍ഥം മുസ്‌ലിംകള്‍ സംസ്ഥാനം വിട്ടുപോവുന്നു എന്നാണ്. ഇവിടെയാണ് ബോഡോകളുടെയും ഹിന്ദുത്വരുടെയും പ്രചാരണം പൊളിയുന്നതും. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും സാമ്പത്തികകാരണങ്ങളാല്‍ ചെറിയ തോതിലുള്ള കുടിയേറ്റം സംസ്ഥാനത്തേക്കു നടന്നിട്ടുണ്ട്. എന്നാല്‍, അതില്‍ മുസ്‌ലിംകള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ആയിരക്കണക്കിന് ബംഗ്ലാദേശി ഹിന്ദുക്കളും അസമിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍, അവര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയല്ലത്രേ. അവര്‍ പൗരത്വം തെളിയിക്കേണ്ടതുമില്ല. എന്നു മാത്രമല്ല, 1950ലെ കുടിയേറ്റനിയമത്തിലെ രണ്ടാം വകുപ്പ് കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്കു പ്രത്യേക സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. പ്രസ്തുത വകുപ്പ് മുസ്‌ലിംകള്‍ക്കു ബാധകമല്ലെന്നു കൂടി അറിയുമ്പോള്‍ വിവേചനത്തിന്റെ ആഴം ബോധ്യപ്പെടും. മുസ്‌ലിംകളാവുമ്പോള്‍ നുഴഞ്ഞുകയറ്റക്കാരും മറിച്ചാവുമ്പോള്‍ കുടിയേറ്റക്കാരുമാവുന്നതിന്റെ രാഷ്ട്രീയമാണു പ്രശ്‌നത്തിന്റെ കാതല്‍.
മുംബൈയിലെ ശിവസേനക്കാര്‍ ഉയര്‍ത്തുന്ന മഹാരാഷ്ട്ര മറാത്തികളുടേത് എന്ന മണ്ണിന്റെ മക്കള്‍ വാദം അസം അസമികളുടേത് എന്ന മട്ടില്‍ ബോഡോകള്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, അതു മുസ്‌ലിംകള്‍ക്കു മാത്രം ബാധകമാവുന്നതെന്തു കൊണ്ട് എന്നതിന് ആര്‍ക്കും ഉത്തരമില്ല. ഹിന്ദി സംസാരിക്കുന്ന ബിഹാരികളും രാജസ്ഥാന്‍കാരായ മാര്‍വാഡികളുമൊക്കെ അസമിലേക്കു കുടിയേറുന്നുണ്ട്. സംസ്ഥാനത്തിന്റെ വ്യാപാരത്തിന്റെ വലിയൊരു ഭാഗം അവര്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാല്‍, എല്ലാവരും ബംഗ്ലാദേശി മുസ്‌ലിംകളെക്കുറിച്ച് മാത്രം സംസാരിക്കുന്നതിനു പിന്നിലുള്ള അസുഖം വേറെയാണ്.
ഈ പ്രചാരണം ഒരുവിഭാഗത്തിന്റെ തലയ്ക്കു പിടിച്ചപ്പോള്‍ അസമിലെ മുസ്‌ലിംകള്‍ക്കുണ്ടായ നഷ്ടം ചെറുതൊന്നുമല്ല. 1983ല്‍ നെല്ലിയില്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും ലലുങ് ഗോത്രവര്‍ഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദുരന്തചിത്രം അധികമാരും മറന്നിട്ടുണ്ടാവില്ല. ഒറ്റ രാത്രികൊണ്ട് 3000ഓളം മുസ്‌ലിംകളെയാണ് അക്രമികള്‍ കൊന്നുതള്ളിയത്. ഇതിന്റെ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ആരുടെയോ അലമാരിയില്‍ പുറംലോകം കാണാതെ ഇപ്പോഴും പൊടിപിടിച്ചു കിടക്കുന്നുണ്ട്. ഇതേ കാരണം പറഞ്ഞ് 2008ല്‍ ബോഡോകളും മുസ്‌ലിംകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 55 പേര്‍. ബംഗ്ലാദേശികളെന്നു പറഞ്ഞുകൊന്നുതള്ളിയ ഈ മുസ്‌ലിംകളില്‍ ഭൂരിഭാഗവും ബ്രിട്ടിഷുകാരുടെ കാലത്തോ അതിനു മുമ്പോ സംസ്ഥാനത്തെത്തിയവരാണ്.
മടിയന്മാരായ അസമീസ് അഹോമുകളെയും ഗോത്രവര്‍ഗക്കാരെയുമപേക്ഷിച്ച് ബംഗാളി മുസ്‌ലിംകള്‍ കഠിനാധ്വാനികളാണ്. അതുകൊണ്ടുതന്നെ അവര്‍ തൊഴില്‍മേഖലയില്‍ എളുപ്പത്തില്‍ ആധിപത്യം നേടുന്നു. ഇതില്‍നിന്നുണ്ടാവുന്ന അസഹിഷ്ണുതയും അസ്വാരസ്യങ്ങളും കുടിയേറ്റവാദത്തിനു ബലമേകുന്നുണ്ട്. മേഖലയില്‍ വേരുപിടിച്ചുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ്.  ഹിന്ദു-മുസ്‌ലിം വിഭജനത്തിനു ശാസ്ത്രീയമായി പണിയെടുക്കുന്നുമുണ്ട്. അസാന്‍ ഫക്കീര്‍, സഖര്‍ ദിയോ തുടങ്ങിയ മുസ്‌ലിം നേതാക്കള്‍ കെട്ടിപ്പടുത്ത സാമുദായികസൗഹാര്‍ദ്ദത്തിന്റെ തായ്‌വേര് അറുക്കാന്‍ തന്നെയാണ് അവരുടെ ശ്രമം.
പ്രദേശത്തെ സംഘര്‍ഷങ്ങളുടെ മറ്റൊരു ഹേതു ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലാണ്. 29 ശതമാനം മാത്രം വരുന്ന ബോഡോകള്‍ നിയന്ത്രിക്കുന്ന ഈ കൗണ്‍സിലാണ് കൊക്രജര്‍, ചിരാങ്, ബക്‌സ, ഉദല്‍ഗിരി ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഭരണം കൈയാളുന്നത്. 1979 മുതല്‍ 85വരെ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനൊടുവില്‍ നടന്ന കേന്ദ്രസര്‍ക്കാരിന്റെ ഗത്യന്തരമില്ലായ്മയാണ് ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ എന്ന സ്വയംഭരണ സമിതി. കുടിയേറ്റക്കാര്‍ക്കെതിരേ നടന്ന സമരത്തിനൊടുവില്‍ 1985ലാണ് അസം അക്കോര്‍ഡ് എന്ന പേരില്‍ കരാറിലൊപ്പിട്ടത്. 29 ശതമാനം മാത്രം വരുന്ന ബോഡോകള്‍ നിയന്ത്രിക്കുന്ന കൗണ്‍സില്‍ ഭരണത്തിനു കീഴില്‍ ബാക്കി രാജ്‌ബോന്‍ശികളും ആദിവാസികളും സാന്താളുകളും മുസ്‌ലിംകളുമുള്‍പ്പെടുന്ന 71 ശതമാനം അവഗണിക്കപ്പെടുന്നു. കഴിഞ്ഞ ജൂലൈ ആറിനു നാല് ബോഡോ കമാന്റോകള്‍ മോട്ടോര്‍സൈക്കിളിലെത്തി രണ്ടു മുസ്‌ലിം യുവാക്കളെ വെടിവച്ചുകൊന്നതിനു പിന്നാലെയാണ് പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബോഡോകളായ കലക്ടറും ഡപ്യൂട്ടി കമ്മീഷണറും ഉള്‍പ്പെടുന്ന ജില്ലാഭരണകൂടം ഇതിനെതിരേ ചെറുവിരലനക്കിയില്ല. തുടര്‍ന്നാണ് നാലു ബോഡോകള്‍ കൊല്ലപ്പെടുന്നതും കലാപം ആളിപ്പടരുന്നതും. സംസ്ഥാനം ഭരിക്കുന്ന തരുണ്‍ ഗൊഗോയ് സര്‍ക്കാരും ഉറക്കമുണരാന്‍ ഒരാഴ്ചയെടുത്തു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിക്കുന്നത് കോണ്‍ഗ്രസാണെങ്കിലും ഇപ്പോള്‍ അവര്‍ പരസ്പരം പഴിചാരി കണ്ണുപൊത്തിക്കളിക്കുന്നുണ്ട്.

ബോഡോകള്‍ ആയുധം താഴെവയ്ക്കണമെന്നത് അസം അക്കോഡിന്റെ ഭാഗമായിരുന്നെങ്കിലും അത് ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. ബോഡോ നാഷനല്‍ ഫ്രണ്ടിനു പ്രാതിനിധ്യമുള്ള സംസ്ഥാനസര്‍ക്കാരിന് രാഷ്ട്രീയകാരണങ്ങള്‍ മൂലം ഇതിലൊട്ട് താല്‍പ്പര്യവുമില്ല. സായുധരായ അക്രമികള്‍ സ്വതന്ത്രമായി ഗ്രാമങ്ങളില്‍ റോന്തുചുറ്റുകയും മുസ്‌ലിംകളെ കവര്‍ച്ച നടത്തുകയും ആക്രമിക്കുകയും ചെയ്യുന്നു. പ്രദേശത്തെ മുസ്‌ലിംകളെ ആട്ടിയോടിച്ച് ബോഡോകള്‍ക്കു ഭൂരിപക്ഷമുണ്ടാക്കേണ്ടത് ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലിന്റെ നിലനില്‍പ്പിനാവശ്യമാണ്. ബോഡോകളെ നിരായുധരാക്കുകയും ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലില്‍ മറ്റു വിഭാഗങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുകയും ചെയ്യാതെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനാവുമെന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും.
ബംഗ്ലാദേശി മുസ്‌ലിംകളെ സംബന്ധിച്ച ഊതിപ്പെരുപ്പിച്ച പ്രചാരണത്തിന് അറുതിവരുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ട മറ്റൊരു സംഗതി. തികച്ചും നിരുത്തരവാദപരമായ പ്രസ്താവനകളാണു ചില ബോഡോ നേതാക്കള്‍ നടത്തുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഗാലറിയിലിരുന്നു കളിക്കുന്ന നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഇന്ത്യ(എന്‍.സി.സി.ഐ.) ജനറല്‍ സെക്രട്ടറി റോഡര്‍ ഗെയ്ക്‌വാദിനെപ്പോലുള്ളവരുടെ ആരോപണങ്ങളും ഇതിനു വളമേകുന്നു. അസമിലെ 10,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കൈയടക്കിവച്ചിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

പൗരത്വം പരിഗണിക്കുമ്പോള്‍ രണ്ടു വിഭാഗങ്ങളെക്കുറിച്ചാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. ഒന്നുകില്‍ പൗരന്‍, അല്ലെങ്കില്‍ വിദേശി. എന്നാല്‍, നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസമില്‍ മറ്റൊരു വിഭാഗത്തെക്കൂടി സൃഷ്ടിച്ചുവച്ചിട്ടുണ്ട്; ഡി-വോട്ടര്‍മാര്‍. അതായത് സംശയിക്കപ്പെടുന്നവര്‍ (റിട്ടയേഡ് സി.ആര്‍.പി.എഫ്. ജവാന്‍ അനന്ത് ബന്ധു ബിശ്വാസും ഭാര്യ ആരതി ബിശ്വാസും ഡി-വോട്ടര്‍മാരുടെ കൂട്ടത്തിലാണ്. ഇവരുടെ മക്കള്‍ പട്ടികയ്ക്കു പുറത്തും). ഡി-വോട്ടര്‍മാരില്‍ 80 ശതമാനത്തിലേറെയും മുസ്‌ലിംകളാണ്. ആര്‍ക്കും എപ്പോഴും ഇവരുടെ പൗരത്വം ചോദ്യം ചെയ്യാം. അതിര്‍ത്തിയില്‍ കൊണ്ടുപോയി തള്ളാം.
ഇതിന്റെ നാല്‍പ്പതിരട്ടിയോളം നീപ്പാളികള്‍ ഇന്ത്യയിലേക്കു കുടിയേറുകയും ഇവിടെ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അതൊരിക്കലും ഇന്ത്യക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നില്ല. അപ്പോള്‍  ഇന്ത്യന്‍ മുസ്‌ലിംകള്‍ വലിഞ്ഞു കയറി വന്നവരാണ് എന്ന് എല്ലാവരെയും ഓര്‍മപ്പെടുത്താനുള്ള ഒരു ഒഴികഴിവു മാത്രമാണ് അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ഈ ബഹളം മുഴുവനെന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201207111102715254

Monday, February 27, 2012

ആ നിലവിളി കേള്‍ക്കാതിരിക്കുമോ?


2002 ഫെബ്രുവരി 27. സമയം രാവിലെ 7.43. അയോധ്യയില്‍നിന്നു മടങ്ങുന്ന കര്‍സേവകരെയുംകൊണ്ട് സബര്‍മതി എക്‌സ്പ്രസ് ഗോധ്ര റെയില്‍വേസ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ചു. അഞ്ചുമണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിയുടെ ചൂളംവിളിയില്‍ മരണത്തിന്റെ ശബ്ദമുണ്ടായിരുന്നു. ഗുജറാത്തെന്ന ഹിന്ദുത്വപരീക്ഷണശാലയിലെ ഏതോ നികൃഷ്ടമായ തലകളില്‍ രൂപംകൊണ്ട ഹീനപദ്ധതിയുടെ വിസില്‍മുഴക്കം കൂടിയായിരുന്നു ആ ചൂളംവിളി.
എസ് 6 ബോഗിയില്‍ ആളിപ്പടര്‍ന്ന തീ ഒരു വംശത്തെ മുഴുവന്‍ ഇല്ലായ്മചെയ്യുന്ന രീതിയിലേക്ക് ആളിപ്പടരാന്‍ അധികസമയം വേണ്ടിവന്നില്ല. ഏതു ക്രിയയ്ക്കും പ്രതിക്രിയയുമുണ്ടാവുമെന്ന നരേന്ദ്രമോഡിയുടെ ആക്രോശത്തിനിടയില്‍ മതേതരശബ്ദങ്ങള്‍പോലും വിറങ്ങലിച്ചുനിന്നു. സബര്‍മതി എക്‌സ്പ്രസില്‍ കര്‍സേവകര്‍ മടങ്ങിവരുന്നു എന്ന വിവരം സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തിനുപോലും അറിവുണ്ടായില്ലെന്നിരിക്കെ 5 മണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിക്കു മുന്‍കൂട്ടി ഗൂഢാലോചന നടത്തി എങ്ങനെ തീവയ്ക്കും എന്ന സാമാന്യയുക്തിയൊന്നും ആരെയും അലോസരപ്പെടുത്തിയില്ല. അപ്പോഴേക്കും സമുദായത്തിലെ ക്ഷമാപണസാഹിത്യക്കാര്‍ പതിവുപോലെ ഭീകരതാവിരുദ്ധ പ്രചാരണമാരംഭിച്ചുകഴിഞ്ഞിരുന്നു.

സമാധാനത്തിന്റെയും അഹിംസയുടെയും അമരക്കാരനായ മഹാത്മാഗാന്ധിയെ അദ്ദേഹത്തിന്റെ നാട്ടില്‍ത്തന്നെ പരാജയപ്പെടുത്തുന്നതില്‍ സംഘപരിവാരം വിജയംകണ്ട ദിനങ്ങളായിരുന്നു പിന്നീട്.
ത്രിശൂലത്തേക്കാള്‍ മൂര്‍ച്ചയേറിയതാണു പേനകളെന്നു തെളിയിക്കപ്പെട്ട നാളുകള്‍. മഞ്ഞപ്പത്രങ്ങളുടെ നിറം കടുത്തു കാവിയായി മാറി. നീറോ വീണ വായിച്ചുകൊണ്ടിരിക്കെ ഗുജറാത്തിലെ 25 ജില്ലകളില്‍ 19ഉം കത്തിയെരിഞ്ഞു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 2500ഓളം പച്ച ജീവനുകള്‍ നിലവിളികളായി ഒടുങ്ങി. ലോഡ് കണക്കിനു ഗാസ് സിലിണ്ടറുകളും മൃതദേഹങ്ങള്‍ ചാരമാക്കാന്‍ ഉപയോഗിച്ച വെളുത്ത പൊടിയും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. ബെസ്റ്റ് ബേക്കറി ഒഴിച്ച് കലാപത്തിലെ മിക്ക സംഭവങ്ങളും നടന്നതു പകല്‍വെളിച്ചത്തില്‍. മാനംകെടുത്തിയ ശേഷം കൊല്ലുക-അതായിരുന്നു രീതി. ഇതില്‍ സ്‌കോര്‍ ചെയ്തവര്‍ക്കു റിവാര്‍ഡ് വരെ ലഭിച്ചതായി ടെഹല്‍കയുടെ ഓപറേഷന്‍കളങ്ക് ലോകത്തോടു വിളിച്ചുപറഞ്ഞു. 1,200ല്‍ അധികം ഹൈവേ ഹോട്ടലുകള്‍, 23,000 വീടുകള്‍, 350 വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍, 12,000 തെരുവുകച്ചവടശാലകള്‍-തിരഞ്ഞുപിടിച്ചു നശിപ്പിക്കപ്പെട്ടവയുടെ പട്ടിക നീളുന്നു. 270 മസ്ജിദുകളും ദര്‍ഗകളും ഒരുപിടി ചാരമായി. ഫെബ്രുവരി 28നും മാര്‍ച്ച് ഒന്നിനും പ്രഖ്യാപിക്കപ്പെട്ട ബന്ദ് എല്ലാറ്റിനും സൗകര്യമൊരുക്കി. ഹിന്ദുത്വര്‍തന്നെ ആസൂത്രണം നടത്തിയതെന്നു കരുതുന്ന ഗോധ്രദുരന്തത്തിന്റെ പേരില്‍ മുസ്‌ലിംചെറുപ്പക്കാര്‍ ജയിലില്‍ കിടക്കുമ്പോള്‍ കലാപവും ബലാല്‍സംഗങ്ങളും കൊള്ളിവയ്പും നടത്തിയ കൊടുംക്രിമിനലുകള്‍ പുറത്തുവിലസുന്നു. എല്ലാറ്റിനും നേതൃത്വം കൊടുത്ത വൈബ്രന്റ് ഗുജറാത്തിന്റെ മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രിക്കസേരയിലേക്കു കണ്ണുംനട്ടിരിക്കുന്നു.

പതിവു കലാപങ്ങളില്‍നിന്നു വ്യത്യസ്തമായി ക്രൂരതയുടെ ആധിക്യം കൊണ്ട് മനസ്സു മരവിപ്പിക്കുന്നതായിരുന്നു ഗുജറാത്ത് വംശഹത്യയിലെ സംഭവങ്ങളോരോന്നും. കുറ്റിച്ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ രണ്ടു കുഞ്ഞുങ്ങളെ നെഞ്ചടക്കിപ്പിടിച്ചു പാത്തിരിക്കുന്ന ഒരമ്മ. അവര്‍ കാണ്‍കെ മൂത്തമകള്‍ നൃശംസമാംവിധം വേട്ടയാടപ്പെടുന്നു. വസ്ത്രാക്ഷേപത്തിനും കൂട്ട ബലാല്‍സംഗത്തിനുമൊടുവില്‍ മാറിടങ്ങള്‍ അറുക്കപ്പെട്ട അവളെ തീയിലേക്കെറിയുന്നു.  ഒച്ചയിട്ടാല്‍ താനും മറ്റു രണ്ടു മക്കളുംകൂടി മരണവായിലെത്തും. മരണം തിരഞ്ഞെടുക്കണോ, അതോ ഒരു ചെറുപ്രതിഷേധം പോലുമില്ലാതെ മകള്‍ അരുകൊലചെയ്യപ്പെടണോ എന്നാലോചിക്കേണ്ടിവന്ന  ആ അമ്മയുടെ ദാരുണാവസ്ഥ ഏതു കഠിനഹൃദയനെയും കിടിലംകൊള്ളിക്കുന്നതായിരുന്നു. ആ കാലങ്ങളില്‍ മറ്റുള്ളവരെ കാണുമ്പോഴെല്ലാം 'ഒരു അമ്മയാണെന്നു പറയാന്‍ എനിക്കു ലജ്ജ തോന്നുന്നു' എന്നവര്‍ കരഞ്ഞുപറയുമായിരുന്നു.

അഞ്ചുമാസം പ്രായമായൊരു കുഞ്ഞിനെ ഉള്ളിലും മൂന്നുവയസ്സുള്ള കുഞ്ഞിനെ ഒക്കത്തും ഏറ്റിയൊരമ്മ അക്രമിക്കൂട്ടങ്ങളുടെ പിടിയില്‍നിന്നു രക്ഷതേടി സ്വന്തം ഗ്രാമത്തില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയൊരിടത്ത് അഭയംതേടുന്നു. അവിടെനിന്നു നേരം പുലരെ ഇറക്കിവിട്ടതോടെ മറ്റൊരു ആദിവാസിഗ്രാമത്തിലേക്ക്. ഇക്കുറി ഭാഗ്യം കൂടെനിന്നില്ല. പിടിക്കപ്പെട്ട ഉടനെ മകളെ അക്രമിക്കൂട്ടം വധിച്ചു. കൂട്ടബലാല്‍സംഗത്തിനൊടുവില്‍ മരിച്ചെന്നു കരുതി അവളെ വഴിയില്‍ ഇട്ടേച്ചുപോവുകയും ചെയ്തു. എങ്കിലും ആ അമ്മ ജീവിച്ചു, ഉള്ളില്‍ വളര്‍ന്ന ആ കുഞ്ഞും.
ഹിന്ദുത്വപ്രത്യയശാസ്ത്രവും ഉദാരവല്‍ക്കരണവും മത്തുപിടിപ്പിച്ച ഗുജറാത്തിലെ മധ്യവര്‍ഗത്തിന്റെ ചട്ടുകങ്ങളായി ദലിതുകളും ആദിവാസികളും മാറിയപ്പോള്‍ തുകല്‍വ്യവസായരംഗത്തും വസ്ത്രവ്യാപാര രംഗത്തും ആധിപത്യമുറപ്പിച്ചിരുന്ന മേല്‍ത്തട്ട് മുസ്‌ലിംകള്‍ മുതല്‍ ചേരികളിലെ ചാളകളിലൊതുങ്ങിയിരുന്ന അരപ്പട്ടിണിക്കാര്‍ വരെ ഉടുതുണിക്കു മറുതുണിയില്ലാതെ പലായനം ചെയ്തപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം വെറും നോക്കുകുത്തിയായി നിന്നു.

2011 ഫെബ്രുവരി 22ന് ജഡ്ജി പി. ആര്‍. പട്ടേല്‍ ഗോധ്ര ദുരന്തക്കേസിന്റെ വിധി പ്രഖ്യാപിച്ചു. 63 പേരെ വെറുതെവിടുകയും 31 പേരേ കുറ്റക്കാരായി പ്രഖ്യാപിക്കുകയും ചെയ്തു. തെളിവുകള്‍ മുഴുവന്‍ ഹിന്ദുത്വരിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നിരിക്കേയാണ് 31 മുസ്‌ലിംകളുടെ തലയില്‍ കുറ്റം കെട്ടിവച്ചത്. പക്ഷേ, അപ്പോഴും വര്‍ഗീയമായ മാനസികാവസ്ഥ സൃഷ്ടിക്കല്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, സുപ്രധാനമായ രേഖകള്‍ നശിപ്പിക്കല്‍, സംഘപരിവാര അംഗങ്ങളെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കല്‍, വംശഹത്യ നടന്ന ദിവസങ്ങളില്‍ മന്ത്രിമാരെ നിയമവിരുദ്ധമായ പോലിസ് കണ്‍ട്രോള്‍ റൂമുകളിലേക്കു നിയോഗിച്ചത്, നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ പീഡിപ്പിച്ചത് എന്നു തുടങ്ങി ഒരു നൂറു കാര്യങ്ങളില്‍ പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) കുറ്റക്കാരായി ചൂണ്ടിക്കാട്ടിയ മോഡി ഉള്‍പ്പെടെയുള്ളവര്‍ പുറത്തു വിലസുന്നുണ്ടായിരുന്നു.

നഗരസഭക്കാര്‍ തെരുവുനായ്ക്കളെ പിടികൂടുകയും പുലര്‍കാലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ക്കുന്ന ചേരികള്‍ക്കരികില്‍ തുറന്നുവിടുകയും ചെയ്യുന്ന ഒരു നാട്ടില്‍ എന്തുതരം നീതിയാണു നമുക്കു സ്വപ്നം കാണാനാവുക? ഈ ഭ്രാന്തിനെ ചെറുക്കാനൊക്കുമെന്ന പ്രതീക്ഷയുടെ രശ്മികള്‍ നാള്‍ക്കുനാള്‍  മങ്ങുമ്പോഴും പൊരുതിനില്‍ക്കാന്‍ ദൃഢനിശ്ചയം ചെയ്ത കുറച്ചു ജീവിതങ്ങളുടെ ആവേശമാണ് എല്ലാ പ്രതീക്ഷകളെയും കാത്തുപോരുന്നത്.

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ചുട്ടുകൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി. ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സകിയാ ജഫ്രി, ഹിന്ദുത്വരുടെ ക്രൂരമായ ബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനു, ഗുജറാത്തിലെ മുതിര്‍ന്ന ഐ.പി.എസ്. ഓഫിസറായ സഞ്ജീവ് ഭട്ട്, ടീസ്ത സെറ്റല്‍വാദിനെപ്പോള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍. മനസ്സിന്റെ സ്ഥൈര്യവും നന്മയും അവസാനിച്ചിട്ടില്ലാത്തവര്‍ ഇനിയും നാട്ടില്‍ ശേഷിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്നത് ഇവരൊക്കെയാണ്. ഉമ്മയെ കണ്‍മുന്നിലിട്ടു ബലാല്‍സംഗം ചെയ്യുന്നതും മൂന്നുവയസ്സായ മകളെ വെട്ടിക്കൊല്ലുന്നതും നോക്കിനില്‍ക്കേണ്ടി വന്ന ബില്‍ക്കീസ് അഞ്ചുമാസം ഗര്‍ഭിണിയായിരിക്കേ ആ നരാധമക്കൂട്ടത്തിന്റെ ബലാല്‍സംഗത്തിനുമിരയായി. ജീവച്ഛവമായിട്ടും അടുത്തുള്ള പോലിസ്‌സ്‌റ്റേഷനില്‍ ചെന്നു പരാതി നല്‍കാന്‍ ബില്‍ക്കീസ് കാട്ടിയ ധൈര്യം അക്രമികള്‍ക്കുമുന്നില്‍ കൈകൂപ്പിനിന്ന കുത്ബുദ്ദീന്‍മാര്‍ക്കിടയില്‍ അപൂര്‍വതകളില്‍ അപൂര്‍വതയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പോലിസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും 2007 ജനുവരി 18നു മുംബൈ കോടതി 12 പേരെ കുറ്റക്കാരായി വിധിക്കുകയും 11 പേര്‍ക്കു ജീവപര്യന്തം തടവു വിധിക്കുകയും ചെയ്തപ്പോള്‍ ബില്‍ക്കീസിന്റെ യുദ്ധം ജയിക്കുകയായിരുന്നു.

സകിയാ ജഫ്രിയുടെ ഹരജിയില്‍ മോഡിയുടെ കലാപത്തിലെ പങ്കന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ആര്‍. കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഇടയ്‌ക്കെപ്പോഴോ മോഡിപക്ഷത്തേക്കു ചായുന്നതു കണ്ടപ്പോഴും ഒരു ചെറുസംഘമെങ്കിലും പ്രതീക്ഷ കൈവിടാന്‍ തയ്യാറായിട്ടില്ല. മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍ പറഞ്ഞതുപോലെ, എവിടെയോ നടക്കുന്ന അനീതി എങ്ങുമുള്ള നീതിക്കു ഭീഷണി സൃഷ്ടിക്കുമെന്ന് അവര്‍ കരുതുന്നു. അഗ്‌നിനാളങ്ങള്‍ നക്കിയെടുക്കുമ്പോള്‍ ഗുജറാത്തിന്റെ തെരുവോരങ്ങളില്‍ നിന്നുയര്‍ന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളി നീതിബോധമുള്ളവരുടെ കാതുകളെ ഇന്നും കിടിലംകൊള്ളിക്കുകയാണ്. ചോരക്കറ പുരണ്ട മോഡിയുടെ കൈകളില്‍ വിലങ്ങുവീഴുന്ന ഒരു നാള്‍ വരുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

ആയിരക്കണക്കിനാളുകളെ കുരുതിച്ചോരയില്‍ മുക്കിയ വംശഹത്യയുടെ അംബാസഡര്‍മാരായി ഒരു മുഖ്യമന്ത്രിയും പരിവാരവും ഇന്നും നെഞ്ചുവിരിച്ചുനടക്കുമ്പോള്‍ മറന്നുകളയേണ്ട ഒരു ദുരന്തമായി ഗുജറാത്ത് വിട്ടുകളയാന്‍ മനുഷ്യസ്‌നേഹികള്‍ക്കാവില്ല. അതിനാല്‍ത്തന്നെ വംശഹത്യയുടെ പത്താം വര്‍ഷമാണിതെന്ന് ഓര്‍മിപ്പിക്കാനും ഇരകളുടെ നീതിക്കുവേണ്ടി വീണ്ടും വീണ്ടും ശബ്ദമുയര്‍ത്താനും ഗുജറാത്തിലുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് പോലുള്ള സംഘടനകള്‍.      

തേജസ് ദൈ്വവാരിക (2012 ഫെബ്രുവരി 15-28)

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201119221606874