Sunday, December 18, 2011

ചിലര്‍ കണ്ണടച്ചാല്‍ ഇരുട്ടാവുമോ?


മുസ്ലിം പിന്നാക്ക ശാക്തീകരണശ്രമങ്ങളില്‍ പുതുവഴികള്‍ തീര്‍ക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹിസമ്മേളനത്തിനു മാധ്യമങ്ങളുടെ പതിവു തമസ്കരണത്തില്‍നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷപ്പെടാനായി എന്നതു ശുഭസൂചനകള്‍ നല്‍കുന്നു. രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച് പലതുകൊണ്ടും പ്രസിദ്ധിയോ കുപ്രസിദ്ധിയോ നേടിയ രാംലീലാമൈതാനിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനായിരങ്ങളെത്തിയ സാമൂഹികനീതിസമ്മേളനത്തോട് ഒരു ചെറുവിഭാഗം മാധ്യമങ്ങളെങ്കിലും നീതിപുലര്‍ത്താന്‍ ശ്രമിച്ചു എന്നതു ജനകീയപോരാട്ടങ്ങളെ എന്നും മറയ്ക്കു പിന്നില്‍ നിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നതിന്റെ ഉദാഹരണം കൂടിയാണ്.




ഇംഗ്ളീഷ്പത്രങ്ങളില്‍ സമ്മേളനവാര്‍ത്ത ഏറ്റവും നന്നായി റിപോര്‍ട്ട് ചെയ്തത് ഹിന്ദുവാണ്. അഞ്ചു കോളത്തില്‍ സമ്മേളനസന്ദേശം ഏറക്കുറേ ഉള്‍ക്കൊള്ളുന്ന തരത്തിലായിരുന്നു റിപോര്‍ട്ട്. 'മുസ്്ലിംകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യംതേടി പോപുലര്‍ ഫ്രണ്ട്' എന്നായിരുന്നു ഹിന്ദുവിന്റെ തലക്കെട്ട്.
അതേസമയം, സംഘപരിവാരദുര്‍ഭൂതം ആവേശിച്ച ചില ഇംഗ്ളീഷ്മാധ്യമങ്ങള്‍ പതിവുസ്വഭാവം കാട്ടാന്‍ മറന്നില്ല. 'സിമിബന്ധമുള്ള പോപുലര്‍ ഫ്രണ്ടിന്റെ സമ്മേളനം ഇന്ന്'- പഴക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള ദി പയനിയര്‍ എന്ന ഇംഗ്ളീഷ്പത്രം സമ്മേളനത്തിന്റെ ഒന്നാംദിവസം നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. നാടന്‍ബോംബുകളും ഐ.ഇ.ഡികളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഇവരെന്നാണ് ഇന്റലിജന്‍സിന്റെ രഹസ്യവിവരമെന്നു തുടര്‍ന്നു പറയുന്നു. തലസ്ഥാനത്ത് ഇതാ ഭീകരന്മാര്‍ ഒരുമിച്ചുകൂടാന്‍ പോവുന്നു എന്ന മുന്നറിയിപ്പാണു വാര്‍ത്ത നല്‍കുന്നത്. ഇത്ര കൃത്യമായ വിവരം ലഭിച്ചിട്ടും സുരക്ഷാവിഭാഗങ്ങള്‍ സമ്മേളനത്തിനു നേരെ കണ്ണടയ്ക്കുന്നു എന്ന സങ്കടവും പയനിയറിനുണ്ട്. പത്രത്തിനു നൂറുവര്‍ഷത്തിലേറെ പ്രായമുണ്െടങ്കിലും വിവരത്തിന്റെ കാര്യത്തില്‍ ഒന്നാം ക്ളാസുകാരന്റെ അടുത്തുപോലും എത്തില്ലെന്നു വാര്‍ത്തയിലെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ തെളിയിക്കുന്നു. ജംഇയ്യത്ത് അഹ്്ലെ ഹദീസ്, ഹിസ്ബുത്തഹ്രീര്‍, പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി എന്നിവ ചേര്‍ന്ന് 2006ല്‍ രൂപീകരിച്ചതാണ് പോപുലര്‍ ഫ്രണ്െടന്നാണ് പത്രം തട്ടിവിടുന്നത്. അബ്്ദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ ഇപ്പോഴും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയെന്ന സാമാന്യവിവരം പോലുമില്ലാത്തയാളാണു വാര്‍ത്തയെഴുതുന്നതെന്നു സാരം.
 

തലസ്ഥാനനഗരിയില്‍ എന്തോ അട്ടിമറി പ്രതീക്ഷിച്ചു കാത്തുനിന്ന പത്രം 27ാം തിയ്യതിയിലെ പൊതുസമ്മേളനത്തിലെ ജനസാഗരം കണ്ട് അന്തംവിട്ടു. ഒരു ഉറുമ്പിനുപോലും നോവേല്‍പ്പിക്കാതെ, ഡല്‍ഹിയിലെ ജനജീവിതത്തിന് ഒട്ടും തടസ്സം സൃഷ്ടിക്കാതെ, അച്ചടക്കത്തിനു മഹിതമാതൃക സൃഷ്ടിച്ച് സമാപിച്ച സമ്മേളനം പത്രത്തിന്റെ തലക്കെട്ടിനെത്തന്നെ മാറ്റിമറിച്ചു. 'പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹികനീതിസമ്മേളനത്തിനു വന്‍ പിന്തുണ' എന്നായിരുന്നു പിറ്റേന്നത്തെ വാര്‍ത്തയിലെ തലവാക്യം. സിമിബന്ധമുള്ള പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹികനീതിക്കുവേണ്ടിയുള്ള
പോരാട്ടത്തിനു രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു എന്നും സമ്മേളനത്തിലേക്കു വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ ഒഴുകിയെത്തിയെന്നും തുടര്‍ന്നു പറയുന്നു.
മൂന്നു കോളത്തില്‍, മുലായം സിങിന്റെ ഫോട്ടോസഹിതം നല്‍കിയ വാര്‍ത്ത പക്ഷേ, ആദ്യ ഖണ്ഡിക കഴിയുമ്പോള്‍ പതിവുസ്വഭാവം കാട്ടുന്നു. ഇല്ലാത്ത ഇന്റലിജന്‍സ് റിപോര്‍ട്ടും സൂചനകളും സംശയങ്ങളുമൊക്കെയാണു ബാക്കി ഭാഗങ്ങളില്‍.
കൈവെട്ട് കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ പോപുലര്‍ ഫ്രണ്ട് അതിന്റെ തീവ്രസ്വഭാവം കുടഞ്ഞുകളയാന്‍ ശ്രമിക്കുന്നു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ കണ്െടത്തല്‍. ഇത്രയും കാലം തീവ്രവാദപരിപാടികളുമായി നടന്നിരുന്ന സംഘടന ഇതാ ആദ്യമായി ഒരു സാമൂഹികവിഷയം ഏറ്റെടുക്കുന്നു എന്ന മട്ടിലാണു വാര്‍ത്ത. എന്നാല്‍, വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് സംഘടന മുന്നോട്ടുനീങ്ങിയതെന്ന കാര്യം പത്രം മനപ്പൂര്‍വം മറച്ചുവയ്ക്കുന്നു. പൌരത്വനിഷേധത്തിനെതിരേ, കരിനിയമങ്ങള്‍ക്കെതിരേ, സംവരണവിഷയങ്ങളില്‍, ദലിത് പീഡനങ്ങള്‍ക്കെതിരേ എന്നിങ്ങനെ സംഘടന ഏറ്റെടുത്ത സാമൂഹികവിഷയങ്ങള്‍ നിരവധിയാണ്. ഇതിനോടു മുഖംതിരിഞ്ഞുനിന്നുകൊണ്ടാണ് സംഘടനയ്ക്കു യാതൊരു പങ്കുമില്ലാത്ത കൈവെട്ട് വിഷയത്തെ സമ്മേളനവുമായി കൂട്ടിക്കെട്ടാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ശ്രമിക്കുന്നത്.

മലയാളപത്രങ്ങളില്‍ മാധ്യമവും മംഗളവും മാന്യമായ പരിഗണന നല്‍കിയപ്പോള്‍ മറ്റു പത്രങ്ങള്‍ ചെറു റിപോര്‍ട്ടുകളിലൊതുക്കി. മാതൃഭൂമിയുടെയും മനോരമയുടെയും ഡല്‍ഹി എഡിഷന്‍ സമ്മേളനത്തിനു മോശമല്ലാത്ത കവറേജ് നല്‍കിയിരുന്നു.
ചന്ദ്രികയിലെ വാര്‍ത്ത ഒറ്റക്കോളത്തില്‍ ഒതുങ്ങി. തലസ്ഥാനത്ത് ഒരു സാമൂഹികവിഷയം ഉയര്‍ത്തിപ്പിടിച്ചു മുസ്്ലിംകള്‍ നടത്തിയ ഏറ്റവും വലിയ സമ്മേളനമായിരുന്നിട്ടുപോലും മുസ്ലിംപത്രങ്ങളായ സിറാജും വര്‍ത്തമാനവും അങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ല.

ആര്‍.എസ്.എസ്. പിന്തുണയോടെയുള്ള അന്നാ ഹസാരെയുടെ നാടകത്തിന് ഇതേ രാംലീലാമൈതാനിയില്‍ 24 മണിക്കൂറും ലൈവ് നല്‍കിയ ദേശീയചാനലുകള്‍ ഇന്ത്യയിലെ 80 ശതമാനത്തിലധികം വരുന്ന അടിസ്ഥാനവര്‍ഗത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരാഹ്വാനത്തിനു നേരെ ഒട്ടകപ്പക്ഷിനയമാണു സ്വീകരിച്ചത്. അന്നാ ഹസാരെയുടെ സമരത്തിനു സാമൂഹികനീതിസമ്മേളനത്തിന്റെ പകുതിപോലും ജനങ്ങളുണ്ടായിരുന്നില്ല എന്നിരിക്കെ ഇന്ത്യ മുഴുവന്‍ അന്നയ്ക്കു പിന്നാലെ എന്ന മട്ടിലായിരുന്നു ചാനലുകള്‍.
ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികള്‍ എത്തിയ പോപുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ രാജസ്ഥാന്‍, ഹരിയാന, പശ്ചിമബംഗാള്‍, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു തികച്ചും സാധാരണക്കാരായ ആളുകളാണ് ഒഴുകിയെത്തിയത്. അവരില്‍ കര്‍ഷകരും റിക്ഷവലിക്കാരും ചുമട്ടുതൊഴിലാളികളുമൊക്കെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാവണം, എന്നും മധ്യവര്‍ഗതാല്‍പ്പര്യങ്ങളോടൊപ്പം നിന്നിരുന്ന ദേശീയചാനലുകള്‍ സമ്മേളനത്തിനു നേരെ കണ്ണടച്ചിരുട്ടാക്കാനുള്ള ശ്രമം നടത്തിയത്. 
 
 
അതേസമയം, ഏഷ്യാനെറ്റ്, ജീവന്‍ ടി.വി. പോലുള്ള മലയാളം ചാനലുകളും ഇ.ടി.വി, സീ സലാം തുടങ്ങിയ ഉര്‍ദു ചാനലുകളും അല്‍പ്പമെങ്കിലും പരിഗണന നല്‍കാന്‍ തയ്യാറായി.
മാധ്യമങ്ങളുടെ പതിവ് തമസ്കരണത്തില്‍നിന്നു പാഠമുള്‍ക്കൊണ്ട സംഘാടകര്‍ ബദല്‍ മാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തെയും പരിപാടികള്‍ ഇന്റര്‍നെറ്റില്‍ ലൈവ് ആയി സംപ്രേഷണം ചെയ്തു സമ്മേളനസന്ദേശം പരമാവധി ജനങ്ങളിലെത്തിക്കാനുള്ള ശ്രമം വിജയംകണ്ടു. പോപുലര്‍ ഫ്രണ്ട് വെബ്സൈറ്റ് വഴി സംപ്രേഷണം ചെയ്ത പരിപാടിക്ക് രണ്ടുദിവസംകൊണ്ട് ഒരുലക്ഷത്തി പതിനായിരത്തോളം ഹിറ്റുകളാണു ലഭിച്ചത്. ഫെയ്സ്ബുക്ക് വഴിയും യൂട്യൂബ് വഴിയും പ്രചരിച്ച സമ്മേളനവീഡിയോകള്‍ പതിനായിരങ്ങളാണു കണ്ടത്. ടു സര്‍ക്കിള്‍സ്, ഇന്ത്യന്‍ മുസ്്ലിം ഒബ്്സര്‍വര്‍, ദി ഇന്ത്യന്‍ ഹെറാള്‍ഡ്, സിയാസത് തുടങ്ങിയ ഇന്റര്‍നെറ്റ് മാധ്യമങ്ങളും സമ്മേളനത്തിനു പിന്തുണ നല്‍കി.
 
 
 
മഴ പെയ്തൊഴിഞ്ഞിട്ടും മരം പെയ്യുന്നു എന്നതുപോലെ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റെടുത്ത സാമൂഹികനീതിയുടെ സന്ദേശം ഒരു കുത്തകതാല്‍പ്പര്യത്തിനും തടസ്സപ്പെടുത്താനാവാത്ത വിധം ഇപ്പോഴും ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നു.

(2011 ഡിസംര്‍(15-31) ലക്കം തേജസ് ദൈ്വവാരികയില്‍ ഞാന്‍ എഴുതിയ ലേഖനം)

Thursday, July 7, 2011

സത്യസന്ധത കൊണ്ട് വ്യത്യസ്ഥമാകുന്ന ഒരു മലയാള സിനിമ



തീവ്ര വാദം, ബോംബെ സ്‌ഫോടന പശ്ചാത്തലം എന്നൊക്കെ കേട്ടപ്പോള്‍ ഒരു അന്‍വറോ, ദൈവ നാമത്തിലോ ഒക്കെയാണ് പ്രതീക്ഷിച്ചത്. ബോംബെ മാര്‍ച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കാലചക്രത്തിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള കറക്കവും സംഭവങ്ങളുടെ വേലിയേറ്റവും കൊണ്ട് കഥയുടെ പോക്കെങ്ങോട്ടാണെന്നറിയാതെ കണ്‍ഫ്യൂഷനായി ഇരുന്നെങ്കിലും ക്ലൈമാക്്‌സ് രംഗം കണ്ടപ്പോള്‍ അറിയാതെ കൈയടിച്ചു പോയി. മുസ്്‌ലിം തീവ്രവാദ വിഷയത്തില്‍ ഒരു മലയാള സിനിമക്ക് ഇത്രയൊക്കെ സത്യസന്ധത പുലര്‍ത്താനാവുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല.

1993 മാര്‍ച്ച് 12ന് ബോംബെയില്‍ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് ബാബു ജനാര്‍ദ്ദനന്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ കഥആരംഭിക്കുന്നത്. ഷാജഹാന്‍(ഉണ്ണി മുകുന്ദന്‍ എന്ന പുതുമുഖം) എന്ന മുസ്്‌ലിം ചെറുപ്പക്കാരന്‍ ഈ സ്‌ഫോടനക്കേസില്‍ പ്രതിയാകുന്നു. സാഹചര്യത്തെളിവുകളെല്ലാം അയാള്‍ക്ക് എതിരാണ്. അല്ലെങ്കില്‍ പോലിസ് അങ്ങനെ ആക്കുന്നു. സനാതന ഭട്ട്(മമ്മൂട്ടി) എന്ന പൂജാരിക്ക് അറിയാം ഷാജഹാന്‍ നിരപരാധിയാണെന്ന്. ഷാജഹാനെ രക്ഷിക്കാനുള്ള സനാതന ഭട്ടിന്റെ ശ്രമം  ഷാജഹാന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നിടത്താണ് അവസാനിക്കുന്നത്. ഇതോടെ സമീര്‍ എന്ന പുതിയ അവതാരം ജന്മമെടുക്കുന്നു. സനാതന ഭട്ട് മതംമാറിയാണ് സമീര്‍ ആകുന്നത്. ഷാജഹാന്റെ മരണത്തിന് അറിയാതെയെങ്കിലും കാരണക്കാരനായതിലുള്ള പാപപരിഹാരമെന്നോണം ഷാജഹാന്റെ സഹോദരിയായ ആബിദ(റോമ)യെ സമീര്‍ വിവാഹം കഴിക്കുന്നു. തുടര്‍ന്ന് ആബിദയുടെയും സമീറിന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവ പരമ്പരകളാണ് കഥാ തന്തു. മുംബൈ സ്‌ഫോടനത്തിന്റെ പിന്നില്‍ ആര് എന്നതിന് പകരം സ്‌ഫോടനം അതുമായി ഒരു ബന്ധവുമില്ലാത്ത ചില വ്യക്തികളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുരന്തമാണ് കഥയെ മുന്നോട്ടു നയിക്കുന്നത് എന്നതാണ് ഈ സിനിമയുടെ വ്യത്യസ്ഥത. സംഭവവുമായി വിദൂര ബന്ധം പോലുമില്ലാത്ത ഒരാള്‍ പോലും അയാളുടെ പേരിന്റെയോ അയാള്‍ വിശ്വസിക്കുന്ന മതത്തിന്റെയോ പേരില്‍ ഇരകളാക്കപ്പെടാമെന്ന സന്ദേശം ചിത്രം നല്‍കുന്നു.

അന്‍വര്‍ എന്ന ചിത്രം മലയാള മനസ്സുകളില്‍ സൃഷ്ടിച്ച അജീര്‍ണം മാറും മുമ്പ് ഇങ്ങനെയൊരു വഴിത്തിരിവ് മലയാള ചലച്ചിത്രലോകത്ത് അപ്രതീക്ഷിതമാണ്. അന്‍വറിലെ ചീത്ത മുസ്്‌ലിം പ്രതിനിധാനമായ ബാബുസേട്ടിനെ(ലാല്‍) മഅ്ദനിയുടെ പ്രതിഛായയിലാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നത്. ഒരു തെറ്റും ചെയ്യാതെ ഒമ്പതു വര്‍ഷം ജയിലഴികള്‍ക്കുള്ളില്‍ പീനമനുഭവിക്കപ്പെട്ടതൊന്നും അമല്‍ നീരദിനെപ്പോലുള്ള സംവിധായകന് മഅ്ദനിയെ പാപമോചിതനാക്കാന്‍ മതിയായിരുന്നില്ല. ജയില്‍വാസത്തിന് ശേഷം പുറത്തേക്ക് വരുന്ന സമദാനി എന്ന കഥാപാത്രം ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലുണ്ട്. ഒന്‍പത് വര്‍ഷത്തെ പീഡനത്തിന് ശേഷം നിരപരാധിയായ സമദാനി ഇന്ന പുറത്തിറങ്ങുകയാണ് എന്ന് വാര്‍ത്താവായനയിലൂടെ കേള്‍ക്കുന്ന ശബ്ദം സത്യത്തോട് ഒട്ടൊക്കെ നീതിപുലര്‍ത്തുന്നു. അവിടെയാണ് അന്‍വറും ബോംബെ മാര്‍ച്ച് 12ഉം വ്യത്യസ്ഥമാകുന്നതും. സമദാനിയോടൊപ്പം കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കിടക്കുന്നവരില്‍ മമ്മൂട്ടിയുടെ സമീറുമുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ ഉക്കടത്തേക്ക് ഫോണ്‍ ചെയ്തു എന്നതും പേര് സമീര്‍ ആയി എന്നതുമാണ് ഇയാള്‍ ഉള്ളിലാവാന്‍ കാരണം. ജയിലില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തനിക്ക് നഷ്ടപ്പെട്ട ഒമ്പത് വര്‍ഷം, തന്റെ കുടുംബ ജീവിതം ആര് മടക്കിത്തരുമെന്ന സമീറിന്റെ ചോദ്യം മലേഗാവ്, മക്കാമസ്്ജിദ്, അജ്മീര്‍ തുടങ്ങിയ കേസുകളില്‍ ജയിലഴികള്‍ക്കുള്ളില്‍ പീഡനമനുഭവിക്കപ്പെട്ട് പുറത്തിറങ്ങിയ മുസ്്‌ലിം ചെറുപ്പക്കാരുടേതും കൂടിയാണ്. മറ്റൊരു മുസ്്‌ലിം ചെറുപ്പക്കാരനെ കേസില്‍ അകത്തിടാന്‍ കാരണം സംഭവത്തിലുള്‍പ്പെട്ട ഏതോ ഒരാള്‍ക്ക് തന്റെ വിസിറ്റിങ് കാര്‍ഡ് നല്‍കി എന്നതാണ്.

ബോംബെയില്‍ ജോലി തേടിയെത്തുന്ന കംപ്യൂട്ടര്‍ വിദഗ്ധനായ ഷാജഹാനെ ചിലര്‍ ചതിയിലൂടെയാണ് സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തുന്നത്. ആന്ധ്രപ്രദേശിലെ പോച്ചംപള്ളി എന്ന ഗ്രാമത്തില്‍ ഒളിവില്‍ക്കഴിയുന്ന ഷാജഹാനെ നിരപരാധിയെന്ന് മനസ്സിലാക്കിയ ശേഷവും സൈന്യം വെടിവച്ചുകൊല്ലുന്നു. കശ്മീരിലെ ഏതോ സംഘടനയുടെ അനുയായി ആണ് ഷാജഹാന്‍ എന്ന ആരോപണം ഗുജറാത്തിലും മറ്റും നടക്കുന്ന പതിവ് ഏറ്റുമുട്ടല്‍ നാടകങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. ഷാജഹാന്റെ മരണത്തിന് ശേഷവും പോലിസ് അവന്റെ കുടുംബത്തെ നിരന്തരം വേട്ടയാടുന്നു. ഇതില്‍ മനംമടുത്ത ആബിദ പറയുന്നു: എന്റെ ഇക്ക മരിച്ചതെങ്ങനെയെന്ന് ഇപ്പോഴും ഞങ്ങള്‍ക്കറിയില്ല. പോലിസ് പറയുന്നത് വിശ്വാസത്തിലെടുത്ത് അവന്റെ മയ്യിത്ത് പോലും കാണേണ്ടെന്ന് ഉമ്മ പറഞ്ഞു. എന്നിട്ടും ഞങ്ങളെ വെറുതെ വിടാറായില്ലേ. കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച് കണ്ണൂരിലെ ഫയാസിന്റെ ഉമ്മയുടെ നിലവിളി ഇവിടെ അറിയാതെ കാതുകളില്‍ വന്നലക്കുന്നു. ഒരു ശരാശരി ഇന്ത്യന്‍ മുസ്്‌ലിമിന്റെ നിസ്സഹായത കൂടിയാണതെന്ന ബോധ്യം നമ്മെ ഭീതിപ്പെടുത്തുന്നു.

അതേ സമയം, മതസൗഹാര്‍ദ്ദമെന്നാല്‍ മുസ്്‌ലിം ഹിന്ദു യുവതിയെ പ്രേമിക്കുകയും, പള്ളി മുക്രിയുടെ മകള്‍ ഓണത്തിന് തിരുവാതിര കളിക്കുകയുമൊക്കെ ചെയ്യണമെന്ന പതിവ് വാര്‍പ്പുമാതൃകകള്‍ അരോചകമാവുന്നുണ്ട്.

ലാലിന്റെ കഥാപാത്രമാണ് ചിത്രത്തിന്റെ ആണിക്കല്ല്. സമീറിനോടൊപ്പം മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിലൊരാളായി ലാലിന്റെ(നിസാറെന്ന പേരില്‍) കഥാപാത്രവുമുണ്ട്. മുസ്്‌ലിംകള്‍ നേരിടുന്ന പീഡനത്തെക്കുറിച്ചും മറ്റും പറഞ്ഞ് സമീറിനെ എരി കയറ്റുന്ന ഇയാള്‍ ഞാന്‍ നിങ്ങള്‍ക്ക് ചില കാസറ്റുകള്‍ തരാം അതൊക്കെയൊന്നു കണ്ടുനോക്ക്, എന്നിട്ട് ഒരു തീരുമാനമെടുക്ക് എന്നും പറഞ്ഞുവയ്ക്കുന്നു. എന്നാല്‍, ഇയാളെ പിന്നീട് നാം കാണുന്നത് തമിഴ്‌നാട്ടിലെ ജയിലില്‍ സമീറിനെ ചോദ്യം ചെയ്യുന്നിടത്താണ്, അതും സൈനിക വേഷത്തില്‍. ഇയാള്‍ സൈന്യത്തിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. കഥയുടെ വഴിത്തിരിവുകളില്‍ സമീറിനെ ഉപേക്ഷിക്കുന്ന ആബിദ വേറെ കല്യാണം കഴിച്ച് പുതിയ ജീവിതം നയിക്കുന്നുണ്ട്. സ്വസ്ഥ ജീവിതം നയിക്കുന്ന അവരുടെയരികിലേക്ക് പാചക വാതകം വിതരണം ചെയ്യുന്ന ആളുടെ രൂപത്തില്‍ ലാല്‍ കഥാപാത്രം എത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. മുസ്്‌ലിംകളെ ഭീകരവാദത്തിന് പ്രേരിപ്പിച്ച് ചതിക്കുഴിയില്‍പ്പെടുത്തി വെടിവച്ച് കൊന്ന് പണവും പദവിയും നേടിയെടുക്കുന്ന ഐ.ബി ഉസ്്താദുമാരുടെ തനിപ്പകര്‍പ്പായ ഈ കഥാപാത്രം ആബിദയുടെ കുടുംബത്തെ(മുസ്്‌ലിം സമുദായത്തെ) ഒഴിയാബാധ പോലെ പിന്തുടരുന്നു എന്ന സൂചന നല്‍കുന്നു ഈ രംഗം.

പ്രേക്ഷകനെ കണ്‍ഫ്യൂഷനില്‍ നിര്‍ത്തുന്ന ചീട്ടുകള്‍ ഷഫിള്‍ ചെയ്യുന്നതു പോലുള്ള ചിത്രത്തിലെ കാലങ്ങളും സന്ദര്‍ഭങ്ങളും  കഥയിലെ കാലവ്യത്യാസത്തോട് യോജിക്കാത്ത കഥാപാത്രങ്ങളുടെ മേക്കപ്പിലെ അപാകതയും സന്ദര്‍ഭവുമായി യോജിച്ച് പോകാത്ത പാട്ടുകളുമൊക്കെക്കൂടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന നിലയില്‍ ബാബു ജനാര്‍ദ്ദനന് അപാകതകള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ടെങ്കിലും അവസാന രംഗത്തിലെ സത്യസന്ധത കൊണ്ട് മാത്രം അതൊക്കെ പൊറുത്തു കൊടുക്കാവുന്നതാണ്.

Thursday, June 30, 2011

പാകിസ്താനില്‍ കൊല്ലപ്പെടാന്‍ പ്രത്യേക കാരണങ്ങളൊന്നും വേണ്ട

സെയ്ദ് സലീം ഷഹ്്‌സാദ്
ഇസ്്‌ലാമാബാദ്: താലിബാന്‍ വേട്ടയുടെ പേരില്‍ പാകിസ്താനില്‍ നിയമവിരുദ്ധ കൊലകള്‍ പെരുകുന്നതായി റിപോര്‍ട്ട്. സര്‍ഫറാസ് ഷാ എന്ന ചെറുപ്പക്കാരനെ റെയ്‌ഞ്ചേര്‍സ് എന്ന പാക് അര്‍ധസൈനിക വിഭാഗം കഴിഞ്ഞ മാസം പകുതിയോടെ പട്ടാപ്പകല്‍ തൊട്ടടുത്ത് നിന്നാണ് വെടിവച്ച് കൊന്നത്. തങ്ങള്‍ക്ക് നേരെ വെടിവച്ചതിനെ തുടര്‍ന്ന് ഏറ്റമുട്ടലിലാണ് സര്‍ഫറാസ് കൊല്ലപ്പെട്ടതെന്ന് സൈനികര്‍ ആദ്യം വാദിച്ച് നോക്കിയെങ്കിലും സംഭവത്തിന്റെ വീഡിയോ പുറത്തവന്നതോട് കൂടി സത്യം വ്യക്തമായി. സര്‍ഫറാസ് സൈനികര്‍ക്ക് മുന്നില്‍ ജീവന് വേണ്ടി കെഞ്ചുന്നതും വെടിയേറ്റ് വഴിയില്‍ കിടന്ന് ചോരവാര്‍ന്നു മരിക്കുന്നതും പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്.
സെയ്ദ് സലീം ഷഹ്്‌സാദ് എന്ന പത്രപ്രവര്‍ത്തകന്റെ, വെടിയുണ്ടയേറ്റ് തുളഞ്ഞ ശരീരം കനാലില്‍ നിന്ന് ലഭിച്ച് ഒരാഴ്ച തികയും മുമ്പാണ് സര്‍ഫറാസ് കൊല്ലപ്പെട്ടത്. ഇസ്്‌ലാമാബാദിലെ ഒരു അതീവ സുരക്ഷാ മേഖലയില്‍ നിന്ന് മെയ് 27നാണ് ഷഹ്്‌സാദിനെ തട്ടിക്കൊണ്ടുപോയത്. ഷഹ്്‌സാദിന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിക്കുന്നു. ഐ.എസ്.ഐയുടെയും സൈന്യത്തിന്റെയും ഉള്ളുകള്ളികളെക്കുറിച്ച് തുറന്നെഴുതിയതാണ് ഷഹ്്‌സാദിന്റെ കൊലയ്ക്ക് പിന്നിലെന്ന് പറയപ്പെടുന്നു.
സര്‍ഫറാസ് ഷായുടെ കൊല ഒറ്റപ്പെട്ട സംഭവമല്ല. മെയില്‍ ക്വറ്റയിലെ ഖറോത്താബാദില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ അഞ്ച് ചെചന്‍കാരെയാണ് വെടിവച്ച് കൊന്നത്. അതിര്‍ത്തി കാക്കുന്ന ഫ്രോണ്ടിയര്‍ കോര്‍പ്്‌സിന്റെ ചെക് പോസ്റ്റിലേക്ക് കടന്നുവരികയായിരുന്നവരെയാണ് ഒരു കേണല്‍ ഉള്‍പ്പെടെയുള്ള  സൈനികര്‍ ചാവേറുകളെന്ന് ആരോപിച്ച് വെടിവച്ച്‌കൊന്നത്. എന്നാല്‍, ഇവര്‍ നിരായുധരായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഏഷ്യന്‍ ലീഗല്‍ റിസോഴ്‌സ് സെന്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ എട്ടുമാസത്തിനിടെ 120 പേരാണ് പാകിസ്താനില്‍ നിയമവിരുദ്ധമായി കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ട് പോകപ്പെടുകയോ കാണാതാവുകയോ ചെയ്തതിനെ പിന്നാലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. പര്‍വേസ് മുശര്‍റഫ് സ്ഥാനമൊഴിഞ്ഞതിനെ ശേഷം രാജ്യത്ത് ഒരു സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ അര്‍ഥപൂര്‍ണമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ആരെയെങ്കിലും കാണാതായതായി പരാതി കൊടുത്താല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലിസ് തയ്യാറാകുന്നില്ല. കാണാതാവലിനു പിന്നില്‍ ഇന്റലിജന്‍സ് വിഭാഗം ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം.
സ്വാത് ഉള്‍പ്പെടെയുള്ള വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ താലിബാന്‍ വേട്ടയുടെ പേരിലാണ് നിയമവിരുദ്ധ കൊലകള്‍ നടക്കുന്നത്. താലിബാനെ ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നതായി തോന്നുന്നവരെയൊക്കെ പ്രത്യേകിച്ച് തെളിവുകളൊന്നുമില്ലാതെ വെടിവച്ച് വീഴ്ത്തുകയാണ്. ഇതിനെതിരേ ശബ്ദിക്കുന്ന മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും സുരക്ഷാവിഭാഗത്തിന്റെ തോക്കിനിരയാവുന്നു. 2011ലെ ആദ്യ നാലു മാസം 25ഓളം മാധ്യമ, മനുഷ്യാവകാശപ്രവര്‍ത്തകും, വിദ്യാര്‍ഥികളുമാണ് കൊല്ലപ്പെട്ടത്. ഇവരില്‍ പലരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. മിക്കവരുടെയും മൃതദേഹങ്ങള്‍ വെടിയുണ്ടയേറ്റ് തുളഞ്ഞ നിലയിലാണ് പിന്നീട് കണ്ടെത്തിയത്.
മനുഷ്യാവകാശത്തിന്റെ മിശിഹാ ചമയുന്ന അമേരിക്കയ്ക്ക് ഈ സംഭവങ്ങളെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല. അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക നടപടികള്‍ക്ക് 2002നും 2010നും ഇടയില്‍ 8.881 ബില്യന്‍ ഡോളറാണ് അമേരിക്കന്‍ സഹായം ലഭിച്ചത്. അമേരിക്കയുടെ തന്നെ പൈലറ്റില്ലാ വിമാനങ്ങള്‍ പ്രദേശത്ത് നിരവധി നിയമവിരുദ്ധ കൊലകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പാക് സൈന്യത്തിന്റെ കാര്യത്തിലെങ്ങനെ ഇടപെടും. ഓരോ വീട്ടിലും ഓരോ താലിബാന്‍കാരുണ്ടാവുന്നു എന്നതാണ് ഇത്തരം നിയമവിരുദ്ധ കൊലകളുടെ അന്തിമഫലമെന്ന് പ്രവേദശവാസികള്‍ പറയുന്നു.