Friday, June 20, 2008

വവ്വാലുകള്‍ കളിമണ്ണ്‌ തിന്നുന്നതെന്തിന്‌

കളിമണ്ണ്‌ അല്ലെങ്കില്‍ ചളി തിന്നുക എന്ന അസാധാരണ സ്വഭാവം ജന്തുലോകത്ത്‌ അത്ര അപൂര്‍വമല്ല. ചിംപാന്‍സികളും മലേറിയയെ പ്രതിരോധിക്കുന്നതിനു വേണ്ടി മനുഷ്യരില്‍ ചില ഗോത്രവര്‍ഗങ്ങളും കളിമണ്ണു തിന്നാറുണ്ട്‌. സാധാരണ ഭക്ഷ്യവസ്‌തുക്കളില്‍ നിന്ന്‌ ലഭിക്കാത്ത ലവണങ്ങള്‍ക്കു വേണ്ടിയാണ്‌ ജന്തുക്കള്‍, ജിയോഫാഗി എന്നു വിളിക്കുന്ന ഈ സ്വഭാവം പ്രകടിപ്പിക്കുന്നതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്‌. എന്നാല്‍, ഭക്ഷ്യവസ്‌തുക്കളിലടങ്ങിയിരിക്കുന്ന വിഷാംശം നിര്‍വീര്യമാക്കാനും ഈ വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ്‌ വവ്വാലുകളില്‍ നടത്തിയ പഠനം തെളിയിക്കുന്നത്‌. മനുഷ്യര്‍ പച്ചക്കറികളും ഫലവര്‍ഗങ്ങളും കഴിക്കുമ്പോള്‍ അതിന്റെ വിഷാംശം അടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയാണ്‌ ഉപയോഗിക്കാറ്‌. മൃഗങ്ങള്‍ കഴിക്കുന്ന പല പഴങ്ങളും ഇലകളും ഇത്തരം വിഷാംശങ്ങള്‍ അടങ്ങിയവയാണ്‌. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന ലവണങ്ങള്‍ ഇത്തരം വിഷവസ്‌തുക്കളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. വവ്വാലുകള്‍ ഓരോ രാത്രിയിലും വിഷമയമായ രാസവസ്‌തുക്കള്‍ അടങ്ങിയ നിരവധി പഴങ്ങളാണ്‌ അകത്താക്കുന്നത്‌. ഇത്തരം രാസവസ്‌തുക്കള്‍ കുഞ്ഞുവവ്വാലുകള്‍ക്കും ഗര്‍ഭത്തിലിരിക്കുന്നവയ്‌ക്കും വളരെയധികം ദോഷം ചെയ്യുമെന്നു കണ്ടെത്തിയിട്ടുണ്ട്‌. ആമസോണ്‍ മഴക്കാടുകളില്‍ ഒരുമാസം പഠനം നടത്തിയാണു ഗവേഷണസംഘം വവ്വാലുകളിലെ കളിമണ്ണു തീറ്റയുടെ രഹസ്യം കണ്ടെത്തിയത്‌. ആദ്യഘട്ടത്തില്‍, പന്നികളെയും മറ്റ്‌ വലിയ മൃഗങ്ങളെയും പോലെ ലവണങ്ങളുടെ കുറവ്‌ പരിഹരിക്കാനാണ്‌ വവ്വാലുകളും കളിമണ്ണു തിന്നുന്നതെന്നാണു കരുതിയിരുന്നത്‌. എന്നാല്‍, നിരന്തര പഠനത്തില്‍ മറ്റു ചില രഹസ്യങ്ങളും വെളിച്ചത്തുവന്നു. കളിമണ്ണു തിന്നുന്നതില്‍ ഭൂരിഭാഗവും പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളായിരുന്നു. പ്രാണികളെ ഭക്ഷിക്കുന്നവ വളരെ അപൂര്‍വമായെ കളിമണ്ണു തിന്നാനെത്തിയുള്ളൂ. പഴങ്ങള്‍ വളരെ ലവണഗുണമുള്ളവയാണെന്നിരിക്കെയാണ്‌ ഈ പ്രതിഭാസം. ഇതില്‍ നിന്നാണ്‌ വിഷാംശം നിര്‍വീര്യമാക്കുകയാണ്‌ വവ്വാലുകളുടെ ലക്ഷ്യമെന്ന്‌ മനസ്സിലാക്കിയത്‌. മാത്രമല്ല ചളിക്കളങ്ങള്‍ തേടിയെത്തിയവയില്‍ മിക്കവയും ഗര്‍ഭിണികളോ കൊച്ചുകുഞ്ഞുങ്ങള്‍ക്കു തീറ്റ കൊടുക്കുന്നവയോ ആയിരുന്നു. ആമസോണിലെ ഇന്ത്യന്‍ ഗോത്രവര്‍ഗക്കാര്‍ എന്ത്‌ ഉദ്ദേശ്യത്തിലാണോ കളിമണ്ണ്‌ തിന്നുന്നത്‌ അതുതന്നെയാണ്‌ വവ്വാലുകളുടെയും ഉദ്ദേശ്യമെന്ന്‌ ഗവേഷകനായ ക്രിസ്‌ത്യന്‍ വോയിറ്റ്‌ പറയുന്നു. ചില ഗോത്രവര്‍ഗക്കാര്‍ ഗര്‍ഭകാലത്തും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സമയത്തും കളിമണ്ണു തിന്നാറുണ്ട്‌. കണ്ടെത്തലിന്റെ വെളിച്ചത്തില്‍ കളിമണ്ണിന്റെ അപൂര്‍വ ഗുണങ്ങളെക്കുറിച്ച്‌ ഇനിയും ഒരുപാട്‌ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നാണു ഗവേഷകരുടെ പക്ഷം.

അമ്പിളിമാമനിലേക്കൊരു അമ്പെയ്‌ത്തു പരിശീലനം

ചന്ദ്രനിലേക്ക്‌ ഭൂമിയില്‍ നിന്ന്‌ അമ്പ്‌ എയ്‌തു പിടിപ്പിക്കുക. അമ്പിന്റെ അറ്റത്തു പിടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളില്‍ നിന്നു ഭൂമിയിലേക്ക്‌ സന്ദേശങ്ങള്‍ ലഭിക്കുക. കേള്‍ക്കുമ്പോള്‍ സ്‌റ്റീഫന്‍ സ്‌പില്‍ബര്‍ഗിന്റെ സയന്‍സ്‌ ഫിക്‌ഷന്‍ സിനിമയുടെ കഥപോലെ തോന്നുന്നുണ്ടോ? സംശയിക്കേണ്ട. സംഭവം സത്യമാവാന്‍ പോവുകയാണ്‌. പ്രഫസര്‍ സര്‍ മാര്‍ട്ടിന്‍ സ്വീറ്റിങും കൂടെയുള്ള ബ്രിട്ടനിലെ മറ്റു ശാസ്‌ത്രജ്ഞരും എന്‍ജിനീയര്‍മാരും അതിനുള്ള പരീക്ഷണത്തിലാണ്‌. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം അന്വേഷിക്കുകയും ഒരു ദിനം മനുഷ്യവാസം സാധ്യമാവുന്ന കണ്ടെത്തലുകള്‍ നടത്തുകയുമാണ്‌ സര്‍ മാര്‍ട്ടിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ചന്ദ്രനിലേക്കൊരു ഇന്റര്‍നെറ്റ്‌ ലിങ്ക്‌ സ്ഥാപിക്കാനും ലക്ഷ്യമുണ്ട്‌. നാളെ ഒരുപക്ഷേ മറുവശത്ത്‌ ചാറ്റ്‌ ചെയ്യുന്നയാളോട്‌ സ്ഥലം എവിടെയെന്നു ചോദിച്ചാല്‍ ചന്ദ്രനില്‍ എന്ന്‌ ഉത്തരം കേട്ടാല്‍ ഞെട്ടണ്ട. മൂണ്‍ലൈറ്റ്‌( മൂണ്‍ ലൈറ്റ്‌ വെയ്‌റ്റ്‌ ഇന്റീരിയര്‍ ആന്റ്‌ ടെലികോംസ്‌ എക്‌സ്‌െപരിമെന്റ്‌) എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിന്‌ ഫണ്ട്‌ കണ്ടെത്താനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സൗത്ത്‌ വെയില്‍സിലെ ഒരു സൈനിക കേന്ദ്രത്തില്‍ പ്രാഥമിക അമ്പെയ്‌ത്ത്‌ പരീക്ഷണവും നടന്നുകഴിഞ്ഞു. ചന്ദ്രനെ വലംവയ്‌ക്കുന്ന ഒരു ഉപഗ്രഹം സ്ഥാപിക്കുക, ശേഷം അതിവേഗമാര്‍ന്ന അമ്പുകള്‍ ചന്ദ്രോപരിതലത്തിലേക്ക്‌ തൊടുത്തുവിടുക. ഇതാണ്‌ പുതുമയാര്‍ന്ന ഈ പരീക്ഷണത്തില്‍ ഉദ്ദേശിക്കുന്നതെന്ന്‌ സര്‍ മാര്‍ട്ടിന്‍ വിവരിക്കുന്നു. മൂന്നോ നാലോ മീറ്റര്‍ ആഴത്തില്‍ റിഗോലിത്തില്‍( ചന്ദ്രോപരിതലം) തുളച്ചുകയറുന്ന അമ്പിന്റെ അറ്റത്ത്‌ പുറത്തേക്കു തള്ളിനില്‍ക്കുന്ന വിധത്തില്‍ ചെറു ആന്റിനയുണ്ടാവും. ഇതില്‍ നിന്നു വരുന്ന സിഗ്നലുകള്‍ വളരെ ശക്തികുറഞ്ഞതായതിനാല്‍ ഇവ പിടിച്ചെടുക്കാന്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഒരു ഉപഗ്രഹം വേണ്ടിവരും. ഈ ഉപഗ്രഹം പിടിച്ചെടുക്കുന്ന സന്ദേശങ്ങള്‍ ഭൂമിയിലേക്കയക്കും. തന്റെ സ്വപ്‌നപദ്ധതിയെക്കുറിച്ച്‌ സര്‍ മാര്‍ട്ടിന്‍ വിശദീകരിച്ചു. പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന സര്‍ മാര്‍ട്ടിന്‍ ചില്ലറക്കാരനല്ല. 2002ല്‍ ചെറുകിട ഉപഗ്രഹ എന്‍ജിനീയറിങ്‌ മേഖലയിലുള്ള സേവനത്തിനാണ്‌ അദ്ദേഹത്തിന്‌ സര്‍ പദവി കിട്ടിയത്‌. 22 വര്‍ഷം മുമ്പേ 100 പൗണ്ട്‌ പ്രാരംഭ ഫണ്ടില്‍ സര്‍റെ സാറ്റലൈറ്റ്‌ ടെക്‌നോളജി ലിമിറ്റഡ്‌ ആരംഭിച്ചതും ഇദ്ദേഹമാണ്‌. ലളിതമായി തുടങ്ങിയ സര്‍റെ സ്‌പേസ്‌ സെന്ററും അതിന്റെ വ്യാവസായിക ഘടകമായ എസ്‌.എസ്‌.ടി.എല്ലും മിനിയേച്ചര്‍ സാറ്റലൈറ്റ്‌ നിര്‍മാണത്തില്‍ ഇന്ന്‌ ലോകപ്രശസ്‌തമാണ്‌. ദീര്‍ഘകാലം ബ്രിട്ടന്റെ ബഹിരാകാശ മേഖലയുടെ അംബാസഡറായിരുന്ന സര്‍ മാര്‍ട്ടിന്‍ ഇപ്പോള്‍ തന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്‌ മൂണ്‍ലൈറ്റ്‌ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടിയാണ്‌. പദ്ധതി വിജയിക്കുകയാണെങ്കില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന പത്തോളം ചാന്ദ്ര ദൗത്യങ്ങള്‍ക്കു വേണ്ട സാങ്കേതികവിദ്യ ബ്രിട്ടന്‍ നല്‍കും. ബഹിരാകാശ ശാസ്‌ത്രജഞരുടെ ഭാവിയിലുള്ള ആശയവിനിമയ സംവിധാനത്തിന്റെ അടിത്തറ പാകുകയും ചെയ്യും. അടുത്ത ഇരുപതോ മുപ്പതോ വര്‍ഷത്തിനിടയില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാക്കുന്നതിന്റെ മുന്നൊരുക്കമായി ചന്ദ്രനില്‍ ഇന്റര്‍നെറ്റ്‌ രൂപത്തിലുള്ള കമ്മ്യൂണിക്കേഷന്‍ സംവിധാനം ഒരുക്കുകയാണ്‌ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്‌ സര്‍ മാര്‍ട്ടിന്‍ പറഞ്ഞു. തെര്‍മോമീറ്ററുകള്‍, മൈക്രോ സീസ്‌മോ മീറ്ററുകള്‍, ജിയോകെമിക്കല്‍ സെന്‍സറുകള്‍, എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ തുടങ്ങിയ ശാസ്‌ത്രീയ ഉപകരണങ്ങള്‍ ഘടിപ്പിച്ച അമ്പുകളാണ്‌ ചന്ദ്രനിലേക്ക്‌ തൊടുത്തുവിടുക. പ്രതിരോധ ഉപകരണ നിര്‍മാണക്കമ്പനിയായ ക്വിനെറ്റിക്‌, യൂനിവേഴ്‌സിറ്റി കോളജ്‌ ലണ്ടനിലെ മുള്ളാഡ്‌ സ്‌പേസ്‌ സയന്‍സ്‌ ലബോറട്ടറിയുമായി സഹകരിച്ചാണ്‌ ഉപകരണം നിര്‍മിക്കുന്നത്‌. പദ്ധതി തത്ത്വത്തില്‍ വിജയിക്കുമെന്നാണ്‌ ക്വിനെറ്റിക്‌സിലെ പെന്‍ഡൈന്‍ പരീക്ഷണകേന്ദ്രത്തില്‍ നിന്ന്‌ നടത്തിയ പ്രാഥമിക വിക്ഷേപണം തെളിയിക്കുന്നത്‌. 2013ഓടെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 10 കോടി പൗണ്ട്‌ ആണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌.

ജൈവ ഇന്ധനവും ഭക്ഷ്യപ്രതിസന്ധിയും

ജൈവ ഇന്ധനവും ഭക്ഷ്യപ്രതിസന്ധിയും
ജൈവ ഇന്ധനം, ഈയിടെ നടന്ന ഐക്യരാഷ്ട്രസഭാ ഭക്ഷ്യപ്രതിസന്ധി ഉച്ചകോടിയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്‌ക്കിടയാക്കിയിരുന്നു. ഒരുകാലത്ത്‌ ഹരിത ഇന്ധനമെന്ന്‌ എല്ലാവരും പാടിപ്പുകഴ്‌ത്തിയിരുന്ന ജൈവ ഇന്ധനം ലോകത്തിന്റെ അന്നം മുട്ടിക്കുന്ന വില്ലനാവുകയാണെന്നാണ്‌ ആരോപണം. കരിമ്പ്‌, ചോളം പോലുള്ള ധാന്യങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന, പെട്രോള്‍ പോലുള്ളവയ്‌ക്കു പകരമായി ഉപയോഗിക്കാവുന്ന എഥനോളാണ്‌ ജൈവ ഇന്ധനം. വന്‍ സബ്‌സിഡി നല്‍കി നിലനിര്‍ത്തുന്ന ജൈവ ഇന്ധന വ്യവസായം മനുഷ്യരുടെ വയര്‍ നിറയ്‌ക്കേണ്ട കൃഷിക്കളങ്ങളെ വാഹനങ്ങളുടെ ദാഹം തീര്‍ക്കാനുള്ള എണ്ണപ്പാടങ്ങളാക്കി മാറ്റുകയാണെന്നാണ്‌ ഇതിനെതിരായി പ്രചാരണം നടത്തുന്നവര്‍ വാദിക്കുന്നത്‌. ജൈവ ഇന്ധനത്തിന്റെ വളര്‍ച്ച ഭക്ഷ്യവിപണിയില്‍ കനത്ത ആഘാതങ്ങള്‍ സൃഷ്‌ടിക്കുന്നെന്ന്‌ അവര്‍ പറയുന്നു. ഫുഡ്‌ ആന്റ്‌ അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്‌.എ.ഒ) ഡയറക്ടര്‍ ജനറല്‍ ഷാക്ക്‌്‌ ദിയുഫ്‌ ഇതിനോടു യോജിക്കുന്നുമുണ്ട്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വര്‍ഷം 1,200 കോടിയോളം ഡോളര്‍ സബ്‌സിഡിയും നികുതിയിളവും ലഭിക്കുന്നതുമൂലം മനുഷ്യോപയോഗത്തിനുള്ള ദശലക്ഷക്കണക്കിന്‌ ടണ്‍ ധാന്യങ്ങളാണ്‌ വാഹനങ്ങളിലെ ഇന്ധനടാങ്കുകളിലേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുന്നത്‌. ഇതേ അഭിപ്രായമാണ്‌ സന്നദ്ധ സംഘടനയായ ഓക്‌സ്‌ഫാമിലെ ബാര്‍ബറ സ്‌റ്റോക്കിങിനും. ``ഒരു എസ്‌.യു.വി വാഹനത്തിനു വേണ്ട എഥനോള്‍ നിര്‍മിക്കാന്‍ ശരാശരി ഒരു മനുഷ്യനു തിന്നാനാവശ്യമായത്രയും ധാന്യം വേണം''- അവര്‍ പറഞ്ഞു.
ഏതായാലും 30 രാജ്യങ്ങളെ രാഷ്ട്രീയ അസ്ഥിരതയിലേക്കും ലക്ഷക്കണക്കിനാളുകളെ പട്ടിണിയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുന്നതിന്റെ യഥാര്‍ഥ കാരണക്കാര്‍ ആരാണെന്നതു തര്‍ക്കവിഷയമാണ്‌. ജൈവഇന്ധനവും ഇതില്‍ പങ്കുവഹിെച്ചന്ന്‌ എല്ലാവരും സമ്മതിക്കുന്നുണ്ടെങ്കിലും എത്രത്തോളം റോളുണ്ടെന്നതില്‍ മാത്രമാണു തര്‍ക്കം. മൂന്നുമുതല്‍ 30 ശതമാനം വരെ എന്ന്‌ വ്യത്യസ്‌ത കണക്കുകള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്‌. ജൈവ ഇന്ധനം ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന അമേരിക്കയും ബ്രസീലും യൂറോപ്യന്‍ യൂനിയനും കുതിച്ചുകയറുന്ന ഇന്ധനവിലയാണ്‌ പ്രധാന വില്ലനെന്നു വാദിക്കുന്നു. ബ്രസീലിലെ ഉഷ്‌ണമേഖലാ കാലാവസ്ഥ കരിമ്പുകൃഷിക്ക്‌ ഏറ്റവും അനുയോജ്യമാണ്‌. രാജ്യത്തെ ഗതാഗതമേഖലയിലെ 40 ശതമാനം ഇന്ധനവും കരിമ്പില്‍ നിന്നെടുക്കുന്ന എഥനോളാണു ജൈവ ഇന്ധനം ഭക്ഷ്യവിലവര്‍ധനയില്‍ രണ്ടോ മൂന്നോ ശതമാനം മാത്രമേ പങ്കു വഹിക്കുന്നുള്ളൂ എന്ന്‌, ചോളത്തില്‍ നിന്നുള്ള എഥനോള്‍ ഉല്‍പ്പാദനത്തിന്‌ വന്‍ സബ്‌സിഡി നല്‍കുന്ന അമേരിക്ക അവകാശപ്പെടുന്നു. ``ജൈവ ഇന്ധനവും ഒരു കാരണമാണെന്നതു ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, യഥാര്‍ഥ കാരണങ്ങള്‍ ഇന്ധനവിലയും അമിതോപഭോഗവും ധാന്യം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ താളംതെറ്റിയ കാലാവസ്ഥയുമാണ്‌''- അമേരിക്കന്‍ അഗ്രികള്‍ചര്‍ സെക്രട്ടറി എഡ്‌ ഷാഫര്‍ പറഞ്ഞു. ഇന്ത്യക്കാരും ചൈനക്കാരും തിന്നുമുടിക്കുന്നതു മൂലമാണ്‌ അരിക്കു വിലയേറിയതെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ ഈയിടെ തട്ടിവിട്ടത്‌ ഓര്‍ക്കുക. അതേസമയം, 2006 മുതല്‍ 2007 വരെയുള്ള ഭക്ഷ്യവില വര്‍ധന പഠനവിധേയമാക്കിയപ്പോള്‍ ജൈവ ഇന്ധനത്തിന്‌ അതില്‍ 30 ശതമാനത്തോളം പങ്കുണ്ടെന്നു മനസ്സിലാക്കാനായെന്ന്‌ വാഷിങ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫുഡ്‌ പോളിസി റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ വെളിപ്പെടുത്തല്‍ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ്‌.
``ചോളത്തിന്റെയും കരിമ്പിന്റെയും അതുപോലെ മറ്റു ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും കൃഷിക്കളങ്ങളില്‍ നിന്ന്‌ ഭക്ഷണവും വിത്തും കൊയ്‌തെടുക്കേണ്ടതിനുപകരം ഇന്ധനം കൊയ്യുന്നു എന്നതാണു നേര്‍ക്കുനേരെയുള്ള ഫലം. ചിലപ്പോള്‍ ലാഭംകൊതിച്ച്‌ നെല്ലും ഗോതമ്പും കൃഷിചെയ്യുന്നവര്‍ ജൈവ ഇന്ധനകൃഷിയിലേക്കു തിരിയുന്നു. ചോളത്തിന്റെ വില വര്‍ധിക്കുമ്പോള്‍ ആഫ്രിക്കപോലുള്ള പ്രദേശങ്ങളിലെ ദരിദ്രര്‍ അരിയിലേക്കു മാറുന്നു. ഇത്‌ അരിയുടെ വിലവര്‍ധനയ്‌ക്ക്‌ ഇടയാക്കുന്നു''- അമേരിക്കയിലെ ജൈവ ഇന്ധന വിദഗ്‌ധനായ മാര്‍ക്ക്‌ റോസ്‌ഗ്രന്റ്‌ വിശദീകരിച്ചു. ബ്രസീല്‍പോലുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവഇന്ധനത്തിന്‌ കാര്യക്ഷമതയെങ്കിലും അവകാശപ്പെടാനുണ്ട്‌. അമേരിക്കയ്‌ക്ക്‌ ആ ന്യായംപോലുമില്ല. ബ്രസീലില്‍ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന 5,200 കോടി ലിറ്റര്‍ എഥനോളില്‍ 1,900 കോടി ലിറ്ററും ഉല്‍പ്പാദിപ്പിക്കുന്നത്‌ കരിമ്പില്‍ നിന്നാണ്‌. 30 വര്‍ഷം മുമ്പ്‌ തുടങ്ങിയ ഈ വ്യവസായം വളരെയധികം വികാസംപ്രാപിച്ചിട്ടുണ്ട്‌. അതോടൊപ്പം ചെറുകിട ഗ്രാമീണ കര്‍ഷകര്‍ക്ക്‌ ബ്രസീല്‍ ഏര്‍പ്പെടുത്തിയ നികുതിയിളവ്‌, എഥനോളില്‍ നിന്നുള്ള ലാഭം കേന്ദ്രീകരിക്കപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. കരിമ്പില്‍ നിന്ന്‌ ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ഏറ്റവും കാര്യക്ഷമവും പെട്രോളിനേക്കാള്‍ 80 മുതല്‍ 90 ശതമാനംവരെ കുറവ്‌ കാര്‍ബണ്‍ ഉല്‍പ്പാദിപ്പിക്കുന്നതുമാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. അതേസമയം, അമേരിക്കപോലുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചോളത്തില്‍ നിന്നുള്ള എഥനോളിന്‌ കൂടുതല്‍ കാര്യക്ഷമത അവകാശപ്പെടാനില്ല. ധാരാളം രാസവളവും ഫോസില്‍ ഇന്ധനവും ഉപയോഗിച്ചു മാത്രമേ ചോളത്തില്‍ നിന്ന്‌ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാവൂ. ഫലത്തില്‍ ചോളത്തെ എഥനോളാക്കി മാറ്റുന്ന പ്രക്രിയക്കിടയില്‍ ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഊര്‍ജത്തെയും വന്‍തോതില്‍ ആശ്രയിക്കേണ്ടിവരുന്നു. ചോളത്തില്‍ നിന്നുള്ള എഥനോള്‍ പുറത്തുവിടുന്ന ഹരിതഗൃഹവാതകത്തിന്റെ അളവില്‍ ഫോസില്‍ ഇന്ധനത്തേക്കാള്‍ 10 മുതല്‍ 30 ശതമാനം വരെ മാത്രമേ കുറവുള്ളൂ. 2022 ഓടെ 3,500 കോടി ഗാലന്‍ ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനാണ്‌ അമേരിക്ക ലക്ഷ്യമിടുന്നത്‌. ഇപ്പോള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന 2,700 കോടി ലിറ്റര്‍ എഥനോളില്‍ ഓരോ ഗാലനും 50 സെന്റാണ്‌ അമേരിക്കന്‍ സര്‍ക്കാര്‍ സഹായമായി നല്‍കുന്നത്‌. കൃഷിക്കുള്ള സബ്‌സിഡിയും കൂടി ചേര്‍ത്താല്‍ വര്‍ഷം ഇത്‌ 600 കോടി ഡോളര്‍ വരും. ലോകത്തെ ഇന്ധനത്തില്‍ 25 ശതമാനവും കുടിച്ചുതീര്‍ക്കുന്ന അമേരിക്കന്‍ ജനതയുടെ ദുര തീര്‍ക്കാന്‍ ലോകത്ത്‌ ഇനിയും ഒരുപാടു കോടി ജനങ്ങളെ പട്ടിണിക്കിടേണ്ടിവരുമെന്നു സാരം. എണ്ണയ്‌ക്കായി നാടായ നാടുമുഴുവന്‍ വെട്ടിപ്പിടിച്ച്‌ പതിനായിരങ്ങളെ കൊന്നൊടുക്കുന്നതിനു പുറമെയാണിത്‌.