Saturday, November 15, 2008

പുരുഷ ഗര്‍ഭിണി

അമേരിക്ക: `പുരുഷ ഗര്‍ഭിണി' രണ്ടാമത്തെ
പ്രസവത്തിനു തയ്യാറെടുക്കുന്നു


വാഷിങ്‌ടണ്‍: കഴിഞ്ഞ ജൂണില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി ലോകത്തെ അതിശയിപ്പിച്ച അമേരിക്കക്കാരന്‍ തോമസ്‌ ബീറ്റി അടുത്ത കുഞ്ഞിനായി കാത്തിരിക്കുന്നു. എ.ബി.സി ന്യൂസിന്‌ നല്‍കിയ അഭിമുഖത്തിലാണു 34കാരനായ ബീറ്റി പ്രഖ്യാപനം നടത്തിയത്‌. പെണ്ണായി ജനിച്ച ബീറ്റി ലിംഗമാറ്റ ശസ്‌ത്രക്രിയ വഴിയാണു പുരുഷനായത്‌. എന്നാല്‍, സത്രീ പ്രത്യുല്‍പ്പാദനാവയവങ്ങള്‍ ബീറ്റി നിലനിര്‍ത്തിയിരുന്നു. അടുത്ത പ്രസവം ജൂണില്‍ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോവുന്നെന്നും ബീറ്റി പറഞ്ഞു.
ഹവായിയില്‍ ജനിച്ച ട്രേസി ലഗോന്‍ഡിനാണ്‌ 20ാമത്തെ വയസ്സില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ വഴി തോമസ്‌ ബീറ്റി ആയത്‌. നാലുവര്‍ഷം മുമ്പു നാന്‍സി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത ബീറ്റി വേറൊരാളില്‍ നിന്നു ബീജം ദാനമായി സ്വീകരിച്ചാണു ഗര്‍ഭം ധരിച്ചത്‌. ആദ്യ പ്രസവം സാധാരണരീതിയിലായിരുന്നു.

Wednesday, November 12, 2008

എവിടെയെനിക്കു ജീവിതം...?

മറ്റുള്ളവര്‍ക്ക്‌ ജീവിതം സമ്മാനിക്കാനുള്ള ബദ്ധപ്പാടില്‍ സ്വന്തം കാര്യങ്ങള്‍ മറന്നു പോകുന്ന തമാശ.. ഗള്‍ഫില്‍ പാതിയോളം പേരുടെ ഭൂമിശാസ്‌ത്രമിതാകുന്നു. രക്തസമ്മര്‍ദ്ധമില്ലാത്തവര്‍ ചുരുക്കം. മെലിഞ്ഞവര്‍ തടിക്കുന്നു, നരക്കുന്നു, കഷണ്ടി കയറുന്നു, കുടവയറന്‍മാരാകുന്നു. പുറമേ കാണുന്നവര്‍ക്കിത്‌ ഗള്‍ഫിന്റെ സമ്പന്നത, പദവി. മുഴുവന്‍ രോഗമാണിതില്‍. കേരളീയ ബലഹീനതയുടെ എല്ലിനും തോലിനും മേലുള്ള വച്ചുകെട്ടലുകള്‍.
നാളെ നാട്ടില്‍ പോയി സുഖമായി ജീവിക്കാമെന്നാണ്‌ ഓരോ ഗള്‍ഫുകാരന്റെയും സ്വപ്‌നം. ഇന്നില്ലാത്തവന്‌ എന്ത്‌ നാളെ. നാളെ നാളെ എന്ന്‌ നീട്ടി പത്തിരുപത്‌ വര്‍ഷക്കാലം ജീവിതത്തിന്റെ വസന്തം മുഴുവന്‍ ഗള്‍ഫില്‍ ഹോമിച്ച അവനെന്താണ്‌ നേടുന്നത്‌? രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമല്ലാതെ...
നാളെ ജീവിക്കാം എന്ന സ്വപ്‌നവുമായി, ഗള്‍ഫില്‍ കഴിയുന്നവന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നത്‌ ജീവിതത്തിന്റെ പച്ചപ്പുകളോ ഒറ്റപ്പെട്ടവന്റെ വ്യഥകളോ...? നാല്‍പ്പതാം വയസ്സില്‍ ഗള്‍ഫിനോട്‌ വിടപറഞ്ഞ്‌ നാട്ടിലെത്തിയവര്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ഗള്‍ഫിലേക്കു തന്നെ തിരിച്ചു വരുന്ന ഫലിതം.
വര്‍ങ്ങളോളം ഗള്‍ഫില്‍ കഴിഞ്ഞതിന്റെ മിച്ചം സ്വന്തം പേരിലൊരു കോണ്‍ക്രീറ്റ്‌ കൊട്ടാരം മാത്രം. വയസ്സു കാലത്ത്‌ കോണ്‍ക്രീറ്റ്‌ കൊട്ടാരത്തില്‍ മലര്‍ന്നു കിടന്ന്‌ പൊള്ളുന്ന ചൂട്‌ ഏറ്റുവാങ്ങി അയാള്‍ ചോദിക്കുന്നു..
എവിടെയെനിക്ക്‌ ജീവിതം....?
അത്‌ കേള്‍ക്കാന്‍, അതിന്റെ തീക്ഷ്‌ണതയേറ്റു വാങ്ങി പകരം മനസ്സില്‍ സ്‌നേഹത്തിന്റെ അമൃത്‌ പൊഴിക്കാന്‍ മക്കളുണ്ടാവുമോ അരികില്‍...?
ഒരു പക്ഷേ ഭാര്യയുണ്ടായേക്കാം, ദീര്‍ഘനിശ്വസമുതിര്‍ത്തു കൊണ്ട്‌ ഒരു തൂവല്‍ സ്‌പര്‍ശത്തിന്റെ സാന്ത്വനവുമായി... ആ നേരം ഭര്‍ത്താവിനോടായി അവരും മൂകമായി ചോദിക്കും..
ഇക്കണ്ട കാലം മുഴുക്കെ നിങ്ങളുടെ ഭാര്യയായി കഴിഞ്ഞിട്ട്‌ നിങ്ങളെന്താണെനിക്കു തന്നത്‌..? കണ്ണീരില്‍ കുതിര്‍ന്ന കുറേ അക്ഷരങ്ങളല്ലാതെ...?

Wednesday, November 5, 2008

ഞാന്‍ മുസ്‌്‌ലിം

സച്ചിതാനന്ദന്‍

രണ്ടു കുറി കുഞ്ഞാലി
ഒരു കുറി അബ്ദുല്‍ റഹ്‌്‌മാന്‍
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍കുട്ടിയില്‍ മുഴങ്ങിപ്പെയ്‌തവന്‍
'ക്രൂരമുഹമ്മദ'രുടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാര്‍ നാടകങ്ങളില്‍
നല്ലവനായ അയല്‍ക്കാരന്‍
'ഒറ്റക്കണ്ണനും' 'എട്ടുകാലിയും'
'മുങ്ങാങ്കോഴി'യുമായി ഞാന്‍
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടുവന്ന അബ്ദുവിന്റെ പകയും
പൂക്കോയ തങ്ങളുടെ പ്രതാപവുമായി
എന്റെ വീടര്‍ ഉമ്മാച്ചുവും പാത്തുമ്മയുമായി
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു

ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍
സ്വരൂപമാകെ മാറിയിരിക്കുന്നു
തൊപ്പിക്ക്‌ പകരം 'കുഫിയ്യ'
കത്തിക്കു പകരം തോക്ക്‌
കളസം നിറയെ ചോര
ഖല്‍ബിരുന്നിടത്ത്‌ മിടിക്കുന്ന ബോംബ്‌
കുടിക്കുന്നത്‌ 'ഖഗ്‌വ'
വായിക്കുന്നത്‌ ഇടത്തോട്ട്‌
പുതിയ ചെല്ലപ്പേര്‌ 'ഭീകരവാദി'
ഇന്നാട്ടില്‍ പിറന്നുപോയി
ഖബര്‍ ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള്‍ വീടുകിട്ടാത്ത യത്തീം
ആര്‍ക്കുമെന്നെ തുറുങ്കിലയക്കാം
എറ്റുമുട്ടലിലെന്ന്‌ പാടി കൊല്ലാം
തെളിവൊന്നു മതി: എന്റെ പേര്‌
ആ 'നല്ല മനിസ'നാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം?
'ഇഷ്‌കി'നെക്കുറിച്ചുള്ള ഒരു ഗസലിനകത്ത്‌
വെറുമൊരു 'ഖയാലായി' മാറാനെങ്കിലും

കുഴിച്ചു മൂടിക്കോളൂ ഒപ്പനയും
കോല്‍ക്കളിയും ദഫ്‌മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും
മിനാരങ്ങളും
കത്തിച്ചുകളഞ്ഞോളൂ മന്ത്രവിരിപ്പുകളും
വര്‍ണ്ണചിത്രങ്ങളും
തിരിച്ചുതരൂ എനിക്കെന്റെ മുഖം മാത്രം
എല്ലാ മനുഷ്യരെയും പോലെ
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്‌നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന
എന്റെ മുഖം മാത്രം