Sunday, September 28, 2008

കിഷിലെ പെരുന്നാള്‍

വീണ്ടുമൊരു പെരുന്നാളുകൂടി കടന്നുവരുന്നു. രണ്ടുദിവസത്തെ ലീവുണ്ട്‌. വേണമെങ്കില്‍ ഒക്ടോബറിലെ മറ്റ്‌ ലീവുകള്‍ കൂടി കൂട്ടി നാലഞ്ച്‌ ദിവസം നാട്ടില്‍ നില്‍ക്കാം. നാടെന്ന്‌ പറഞ്ഞാല്‍ ഒത്തരി ദൂരെയൊന്നുമല്ല. കോഴിക്കോട്‌ നിന്ന്‌ കാസര്‍കോഡേക്ക്‌ യാത്ര ചെയ്യണം. എങ്കിലും തോന്നുമ്പോള്‍ ഓടിപ്പോകാന്‍ പറ്റില്ലെങ്കില്‍ അതും ഒരു ദൂരം തന്നെ. കെട്ടിയോള്‍ക്കും കുട്ടിക്കുമൊക്കെ കഴിഞ്ഞ അവധിക്ക്‌ നാട്ടില്‍ പോയപ്പള്‍ തന്നെ പുത്തനുടുപ്പുകള്‍ വാങ്ങിക്കൊടുത്തത്‌ കൊണ്ട്‌ ആ ടെന്‍ഷന്‍ ഇല്ല. 


ഇവിടെ മെസ്സിലെ ഭക്ഷണം തിന്നു മടുത്തു. നാട്ടിലെ പെരുന്നാള്‍ ബിരിയാണിയുടെ സുഖം ഇപ്പഴേ നാവിലൂറുന്നു. പലതും ഓര്‍ത്തപ്പഴാണ്‌ നാലഞ്ച്‌ വര്‍ഷം മുമ്പ്‌ ചുട്ടമീനും ഉള്ളിയും തിന്ന്‌, മൂന്നൂദിവസം മുമ്പ്‌ അലക്കിയ കുപ്പായവുമിട്ട്‌ പെരുന്നാളാഘോഷിക്കേണ്ടി വന്ന കഥ മനസ്സിലേക്കോടിയെത്തിയത്‌. 


ജീവിതത്തിന്റെ കറക്കത്തിനിടയില്‍ മനസ്സില്ലാ മനസ്സോടെയാണ്‌ ഗള്‍ഫിലെത്തിയത്‌. ദുബായിലായിരുന്നു ലാന്റിങ്‌. എന്റെ ജാതകം നല്ലതായതു കൊണ്ട്‌ ഗള്‍ഫില്‍ കാലുകുത്തിയ ഉടനെ വാപ്പാന്റെ ജോലി പോയി, എക്‌സ്‌ ഗള്‍ഫായി നാട്ടിലേക്കു മടങ്ങി. കറങ്ങിത്തിരിഞ്ഞ്‌ അബൂദാബിയിലെത്തി. അവിടെ ഒരു ഇന്റര്‍നെറ്റ്‌ കഫേയിലിരിക്കെയാണ്‌ ഇംഗ്ലീഷ്‌ വല്ല്യ പിടിയില്ലാത്ത ഒരു അറബിയെ പരിചയപ്പെട്ടത്‌. മൂപ്പര്‍ക്ക്‌ അടുത്തു തന്നെ ഒരു ഇന്റര്‍നെറ്റ്‌ കഫേ തുടങ്ങാന്‍ പരിപാടിയുണ്ട്‌. ഒരാളെ വേണം. ദേ ഞാന്‍ റെഡി. കഫേ ഉടമയായ എന്റെ സുഹൃത്തിന്‌ അറബിയെ നേരത്തേ പരിചയമുണ്ടായിരുന്നു. ഞാന്‍ ഭയങ്കര കമ്പ്യൂട്ടര്‍ പ്രഫഷനലാണൈന്ന്‌ അവന്‍ വച്ചുകാച്ചുകയും കൂടി ചെയ്‌തതോടെ അറബി വീണു. 


ഏതായാലും അറബിയുടെ കഫേ ഒന്നു കാണാമെന്നു കരുതി മൂപ്പരുടെ വണ്ടിയില്‍തന്നെ ഇറങ്ങിപ്പുറപ്പെട്ടു. കുറച്ചങ്ങു പോയപ്പോഴാണ്‌ വേണ്ടിയിരുന്നില്ല എന്നുതോന്നിയത്‌. പത്ത്‌ മൂന്നൂറ്‌ കിലോമീറ്റര്‍ ദൂരെ മരൂഭൂമിയിലാണ്‌ കഫെ. 95 ശതമാനവും അറബികളാണ്‌ അതിനു ചുറ്റും. ഇത്ര ദൂരെയാവുമെന്ന്‌ ഞാനും കരുതിയില്ല. ഏതായാലും ഉള്ളതു കൊണ്ട്‌ ഓണം. എത്ര കാലമാ ബന്ധുക്കളെ ബുദ്ധിമുട്ടിച്ച്‌ ഓസിനു കഴിയുക. 1500 ദിര്‍ഹം ശമ്പളത്തിന്‌ മൂപ്പരുടെ കീഴില്‍ ജോലിക്ക്‌ ചേര്‍ന്നു. റമദാന്‍ തുടങ്ങിയതും എന്റെ വിസയുടെ കാലാവധി കഴിഞ്ഞതും ഒന്നിച്ചായിരുന്നു. 


അറബി നാളെ നാളെ എന്നു പറഞ്ഞ്‌ നീട്ടിക്കൊണ്ടു പോയി. അവസാനം വിളിച്ചാല്‍ ഫോണെടുക്കാതായി. ഈ ചങ്ങാതിമാരെ നോമ്പായിക്കഴിഞ്ഞാല്‍പ്പിന്നെ ഒന്നിനും കിട്ടില്ല. പകല്‍ ഉറക്കവും രാത്രി ടെന്റുകളില്‍ കഹ്‌വയും ഹുക്കയുമൊക്കെയായി ബഡായി പറച്ചിലും. വിസാ കാലാവധി തീര്‍ന്ന്‌ അഞ്ചാറ്‌ ദിവസം കഴിഞ്ഞപ്പോള്‍ ഇനിയും നിന്നാല്‍ ഫൈന്‍ കൊടുത്തു മുടിയും എന്നു മനസ്സിലാക്കി കിഷിലേക്ക്‌ യാത്ര പുറപ്പെട്ടു. വിമാനത്താവളത്തില്‍ കെട്ടിവെക്കേണ്ട തുകയും വിമാനക്കാശുമൊക്കെ ഒപ്പിക്കാനുള്ള പെടാപ്പാടില്‍ നേരം കുറെ പോയി. ദുബയിലെ എയര്‍പോര്‍ട്ടിലെത്തിയപ്പോഴേക്കും പരിശോധനയൊക്കെ കഴിഞ്ഞ്‌ എല്ലാവരും വിമാനത്തില്‍ കയറിക്കഴിഞ്ഞിരുന്നു. ഒരു ജീവനക്കാരി മാത്രം ബാക്കിയുണ്ട്‌. ആ ഇറാന്‍ സുന്ദരി ഫയലും മടക്കി പോകാന്‍ നില്‍ക്കുമ്പോഴാണ്‌ ഞാന്‍ ഓടിക്കിതച്ചെത്തിയത്‌. എനിക്കുമുമ്പേ വന്ന ഒന്നുരണ്ടുപേരെ അവര്‍ മടക്കിയയച്ചിരുന്നു. ഇനി ഒരു രക്ഷയുമില്ലെന്ന്‌ എന്നോടും പറഞ്ഞു. പടച്ചോനേ ഒരു ദിവസംകൂടി നിന്നാല്‍ 100 ദിര്‍ഹം കൂടി ഫൈനാവും. ദുബായില്‍ തങ്ങാനുള്ള ഇടം കണ്ടെത്തണം. ആകെ പുലിവാലാവും. നോമ്പും നോറ്റ്‌ അതിരാവിലെ പുറപ്പെട്ട്‌ ഇത്രേം എത്തിയതാണെന്ന്‌ കാലുപിടിച്ചു പറഞ്ഞപ്പോ സുന്ദരിയുടെ മനസ്സലിഞ്ഞു. ഇനി എന്റെ സൗന്ദര്യം കണ്ടിട്ടാണോ ആവോ..? 


വയര്‍ലസ്‌ വഴി വിമാനത്തിലെ പൈലറ്റുമായി ബന്ധപ്പെട്ടു. ആളുകളെ കയറ്റി സൈഡിലേക്കു മാറ്റിയിട്ടിരുന്ന ബസ്‌ വീണ്ടും വന്നു. കുറച്ചുനിമിഷത്തേക്കെങ്കിലും ഞാനൊരു വി.ഐ.പിയായി. ആരാണ്‌ ഈ തനിയെ വരുന്ന മഹാനെന്ന്‌ എല്ലാരും നോക്കുന്നുണ്ട്‌. അവരുടെ ധാരണ മാറ്റേണ്ടെന്നു കരുതി സുന്ദരിയോട്‌ മുറി ഇംഗ്ലീഷില്‍ എന്തൊക്കെയോ ചോദിച്ചു കൊണ്ടാണ്‌ വിമാനത്തിലേക്ക്‌ കയറിയത്‌. നമ്മുടെ സ്‌റ്റേറ്റ്‌ ബസ്സിന്റെ വലുപ്പമേയുള്ളു കിഷ്‌ വിമാനത്തിന്‌. എ.സിയില്ലാത്ത വിമാനത്തില്‍ തണുപ്പിക്കാന്‍ വേണ്ടി എന്തോ പുകപോലുള്ള സാധനം കൊണ്ടു വന്ന്‌ അടിച്ചുകയറ്റുകയാണ്‌ ചെയ്‌തത്‌. വാതില്‍ തനിയെ അടയില്ല. പോകുന്ന പോക്കില്‍ ബസ്സിന്റെ വാതിലൊക്കെ അടയുന്ന പോലെ വായുമര്‍ദ്ദത്തില്‍ പിടിച്ചുവലിച്ചാണ്‌ വാതിലടക്കുന്നത്‌. പടച്ചോനെ ഇതങ്ങെത്തുമോ...? കുറച്ചങ്ങ്‌ പൊങ്ങിയപ്പോള്‍ ഇത്‌ കുലുങ്ങാനും ആടാനുമൊക്കെ തുടങ്ങി. നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ ഒരുനിമിഷം ഓര്‍ത്തു. എന്റെ പരിഭ്രമം കണ്ട്‌ അടുത്തിരുന്ന സര്‍ദാരി ചിരിച്ചു കൊണ്ട്‌ ആദ്യമായിട്ടാണോ എന്നു ചോദിച്ചു. സര്‍ദാരി അത്‌ ആറാം തവണയാണത്രെ കിഷില്‍ പോവുന്നത്‌. അത്‌ കൊണ്ട്‌ മൂപ്പര്‍ക്ക്‌ കുലുക്കമൊന്നുമില്ല. 
25 മിനിറ്റ്‌ കൊണ്ട്‌ യാത്ര കഴിഞ്ഞുകിട്ടി. ഹോട്ടല്‍ അല്‍ഫറാബിയിലേക്കുള്ള ബസ്‌ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വിമനത്തിലുണ്ടായിരുന്ന ഫിലിപ്പീനി പെണ്ണുങ്ങള്‍ക്കൊക്കെ ശരീരം മറക്കാന്‍ പര്‍ദ നല്‍കി. ഇറാനില്‍ ശരീരം പൂര്‍ണമായി മറക്കാതെ പെണ്ണുങ്ങള്‍ക്ക്‌ പൊതുസ്ഥലത്തിറങാന്‍ പാടില്ല. ഫിലിപ്പീനി പെണ്ണുങ്ങളാണെങ്കില്‍ ശരീരം ഒട്ടുമുക്കാലും കാണിച്ചാണ്‌ നടക്കുന്നത്‌. 


കൗണ്ടറില്‍ ഫോം പൂരിപ്പിച്ചു നല്‍കിയതോടെ റൂം ശരിയായി. റൂമില്‍ എന്നപ്പോലെ ഹതഭാഗ്യരായ മറ്റ്‌ ഏഴുപേര്‍ കൂടിയുണ്ട്‌. ഒരു ആന്ധ്രക്കാരന്‍, രണ്ടു തമിഴന്‍മാര്‍. ബാക്കി മലയാളികളും. റൂമിലെ ടി.വിയില്‍ ഒരു ചാനലില്‍ വിസ വന്നവരുടെ പേരു വിരങ്ങള്‍ മിന്നിമറയും. ആന്ധ്രാക്കാരന്‍ 24 മണിക്കൂറും അതും നോക്കിയിരിപ്പാണ്‌. തമിഴന്‍മാര്‍ക്കാണെങ്കില്‍ ഏതോ ചാനലിലുള്ള രജനീകാന്തിന്റെ പടം കാണണം. ബഹളം സഹിക്കാതെ ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. ഏതാനും വാര നടന്നാല്‍ കടല്‍ക്കരയിലെത്താം. പതിയെ കാറ്റുകൊണ്ടു നടന്നു. വഴിയില്‍ ഹുക്കവലിക്കാനുള്ള കൊച്ചുകൊച്ചുകുടിലുകള്‍. പലതിലും പെണ്ണുങ്ങടക്കം ഇരുന്നു വലിക്കുന്നുണ്ട്‌. കൂട്ടത്തില്‍ ഇരകളെത്തേടുന്ന ഒന്ന്‌ രണ്ട്‌ സുദാനിപ്പെണ്ണുങ്ങളുമുണ്ട്‌. അക്കഥ പിന്നീടാരോ പറഞ്ഞാണറിഞ്ഞത്‌. 


 അവിടെയും പെണ്‍വാണിഭത്തിന്റെയും മദ്യവില്‍പ്പനയുടെയും പ്രധാന ഏജന്റുമാര്‍ മലയാളികള്‍ തന്നെ. വിസ മാറ്റാന്‍ വന്നു കുടുങ്ങിപ്പോയ കോഴിക്കോടുകാരന്‍ ഹനീഫയും തൃശൂര്‍ക്കാരന്‍ അച്ചായനും. കശുമാവില്‍ നിന്ന്‌ വാറ്റിയെടുക്കുന്ന ചാരായമാണ്‌ വില്‍ക്കുന്നത്‌. പോലിസിന്റെ കണ്ണുവെട്ടിച്ച്‌ ഇവന്മാര്‍ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു എന്നു ഞാനല്‍ഭുതപ്പെട്ടു. 
രണ്ടുദിവസം കൊണ്ട്‌ വിസയും റെഡിയാക്കി തിരിച്ചു വിമാനം കയറാമെന്നു കരുതി വന്ന എനിക്ക്‌ ആഴ്‌ചയൊന്നായിട്ടും സംഗതി ഒത്തില്ല. ഞാനിപ്പോഴും യു.എ.ഇയില്‍ത്തന്നെയുണ്ട്‌, പിന്നെയെങ്ങനെ വിസയനുവദിക്കും എന്നാണ്‌ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി. ഏതോ കാട്ടറബി കാട്ടിയ കൊലച്ചതി. യു.എ.ഇ വിട്ടപ്പോള്‍ കമ്പ്യൂട്ടറില്‍ അത്‌ രേഖപ്പെടുത്തിക്കാണില്ല. 
ദിവസം 10 കഴിഞ്ഞു. എന്റെ പ്രതീക്ഷയൊക്കെ മങ്ങിത്തുടങ്ങി. കൈയിലുണ്ടായിരുന്ന കാശ്‌ തീര്‍ന്നു. ഒന്നുരണ്ടുപ്രാവശ്യം എക്‌സ്‌ചേഞ്ച്‌ വഴി ബന്ധുക്കളില്‍ നിന്ന കാശ്‌ വരുത്തി. എത്രയെന്നു വച്ച്‌ അവരെയൊക്കെ ബുദ്ധിമുട്ടിക്കും. 


ഫറാബി ഹോട്ടലിലെ റിസപ്‌ഷനരികിലെ ചായക്കടയിലുള്ള അലിയെന്ന പേരുള്ള ഇറാനിപ്പയ്യനെ കമ്പനിയാക്കി. എന്റെ കദന കഥ കേട്ട്‌ രാവിലെയും വൈകുന്നേരവും ഫ്രീയായി ചായ ഓഫര്‍ ചെയ്‌തു. കിട്ടിയതാവട്ടെ എന്നു ഞാനും കരുതി. അവന്‍ കുറച്ച്‌ പാഴ്‌സി വാക്കുകളൊക്കെ എനിക്കു പഠിപ്പിച്ചുതന്നു. അത്‌ വച്ച്‌ കടല്‍പ്പാലത്തില്‍ ചൂണ്ടയിട്ടു മീന്‍പിടിക്കുന്ന ഇറാനികളുമായി മുട്ടിനോക്കി. അവര്‍ എന്നെ കൂടെക്കൂട്ടി. രാത്രി വൈകുവോളം കടല്‍പ്പാലത്തില്‍ അവരുടെ കൂടെയിരിക്കും. കിട്ടുന്ന മീന്‍ ചുട്ടുതിന്നും. കൂടെ ഉള്ളിയും പേരറിയാത്ത എന്തോ ചില ഇലകളും. 


അതിനിടയില്‍ റൂമില്‍ കൂട്ടുകാര്‍ പലരും മാറിവന്നു. താമസം ഫറാബിയില്‍ നിന്ന്‌ ചെലവ്‌ കുറഞ്ഞ മറ്റൊരിടത്തേക്കു മാറ്റി. നന്നായി ഖുര്‍ആന്‍ ഓതാവുന്ന യമനിയെ കൂട്ട്‌ പിടിച്ച്‌ രാത്രി തറാവീഹ്‌ നമസ്‌കരിക്കും. മൂപ്പരും ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ തിന്നാന്‍ വാങ്ങിത്തരും. 
കിഷിലെത്തിയതിന്റെ 14ാം നാള്‍ പെരുന്നാള്‍ വന്നു. കൈയിലുണ്ടായിരുന്ന പഴയ സോണി എറിക്‌സണ്‍ മൊബൈല്‍ രണ്ടാം നാള്‍തന്നെ ബാറ്ററി തീര്‍ന്ന്‌ ചത്തിരുന്നു. അതൊരു കണക്കിനു നന്നായി. അവിടെ ഇന്‍കമിങ്‌ കോളിനും വേണം രണ്ട്‌ ദിര്‍ഹം റോമിങ്‌ ചാര്‍ജ്‌. ചിലപ്പോള്‍ റൂമിലെ നമ്പറിലേക്ക്‌ നാട്ടില്‍ നിന്ന്‌ ആരെങ്കിലുമൊക്കെ വിളിക്കും. അപ്പോഴൊന്നും ഞാന്‍ റൂമിലുണ്ടാവില്ല. എന്റെ സങ്കടം കേള്‍പ്പിച്ച്‌ അവരെക്കൂടി വിഷമിപ്പിക്കേണ്ടല്ലോ എന്നുകരുതി ഞാന്‍ മിക്കവാറും റൂമിലിരിക്കാറുമില്ല. 


രണ്ടുദിവസം കൊണ്ട്‌ വരാമെന്നു കരുതിയതിനാല്‍ രണ്ടുജോഡി ഡ്രസ്‌ മാത്രമേ കരുതിയിരുന്നുള്ളു. പെരുന്നാളിനിടാമെന്നു കരുതി അതിലൊന്ന്‌ അലക്കി പുറത്തെ അയയില്‍ ഉണക്കാനിട്ടു. രാവിലെ ചെന്നുനോക്കിപ്പോള്‍ കാറ്റത്ത്‌ താഴെ വീണ ഷര്‍ട്ടില്‍ ആരോ കേറി ചവിട്ടി ആകെ നാശമാക്കിയിരിക്കുന്നു. മൂന്ന്‌ ദിവസം ഇട്ട്‌ മുഷിഞ്ഞ ഷര്‍ട്ടതന്നെ വീണ്ടും എടുത്തിട്ട്‌ പള്ളിയിലേക്കു പോയി. കൂടെവന്നവര്‍ പള്ളിയില്‍ നിന്നിറങ്ങി ബിരിയാണി കഴിക്കാന്‍ പ്ലാനിടുന്നുണ്ടായിരുന്നു. ഇനിയും നാണംകെടേണ്ടല്ലോ എന്നുകരുതി പള്ളിയില്‍ നിന്നിറങ്ങിയ ഉടനെ ഞാന്‍ മുങ്ങി. അലിയുടെ കടയില്‍ച്ചെന്നപ്പോള്‍ ചായയും കേക്കും തന്നു. കുറെ പച്ചവെള്ളവും കുടിച്ച്‌ ഉച്ചവരെ കിടന്നുറങ്ങി.


 ഉണര്‍ന്ന്‌ നേരെ കടല്‍ക്കരയിലേക്കാണ്‌ നടന്നത്‌. പതിവ്‌ മീന്‍ പിടിത്തക്കാര്‍ അവിടെയുണ്ട്‌. അന്ന്‌ വലിയ മീന്‍കിട്ടി. എല്ലാരുടെയും മുഖത്ത്‌ പെരുന്നാള്‍പ്പിറ കണ്ട സന്തോഷം. വിശന്നുകാളിയ വയറിന്‌ നന്നായി ചുട്ടെടുത്ത മീന്‍ ബിരിയാണിയേക്കാള്‍ രുചികരമായി തോന്നി. സ്‌നേഹത്തോടെ ചായയും കേക്കും തന്ന അലിയും മീന്‍ ചുട്ടുതന്ന മീന്‍പിടിത്തക്കാരും ഇന്നും അവിടെയൊക്കെ ഉണ്ടാവുമോ... പെരുന്നാള്‍ ദിനത്തില്‍ വലിയ മീനിനെ സമ്മാനിച്ച അല്ലാഹുവിന്‌ സ്‌തുതി.... നല്ല മനസ്സകള്‍ക്ക്‌ ഭൂമിയില്‍ സമാധാനം... എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ 

Friday, September 26, 2008

കോപ്പിയടിക്കരുത്

ചോദ്യങ്ങള്‍: (ആരും കോപ്പിയടിക്കരുത്)

1. നീ പോ മോനേ ______
a) ഗോപാലാ
b) ദാമോദരാ
c) ദിനേശാ

2. ____ ഗിരി ഗിരി

a) വിജയഗിരി
b) വിനാഗിരി
c) സവാരി

3. ശംഭോ ____ ദേവാ
a) കാമ
b) വാമ
c) മഹാ

4. കണ്ണന്റെ മുന്പിലും പിന്നിലും ഉള്ളത് എന്ത്?
a) റെസ്റ്റ്
b) നെസ്റ്റ്
c) ബെസ്റ്റ്

5. ആലിപ്പഴം പെറുക്കാന്‍ _____ നിവര്‍ത്തി
a)പോപ്പിക്കുട
b)ഇരിഞ്ഞാലക്കുട
c)പീലിക്കുട

6. ആരേയും ____ ഗായകനാക്കും
a) മുസ്തഫ
b) സൈതാലി
c) ഭാവ

7. യെവന്‍ ഒരു ____ ആണ്‌
a) നാറി
b) പുലി
c) കൂലി

8. വാതാ ___ ഗണപതിം ഭജേ. ഇവിടെ ഗണപതിയുടെ ഇനീഷ്യല്‍ എന്താണ്?
)P
)Q
)R

9. ഹെന്റെ _____ അമ്മച്ചിയാണേ സത്യം. ഇവിടെ ജഗതി ശ്രീകുമാര്‍ സൂചിപ്പിച്ചത് ആരെ?
a) ശബരിമല അമ്മച്ചി
b) അമ്മയുടെ അമ്മ
c) മുടിപ്പുര അമ്മച്ചി

10. സൈനബയുടെ മുന്നില്‍ ഉള്ളത് എന്ത്?
a) ആ
b) ഈ
c) ഓകടപ്പാട്‌: പ്രിയേഷിന്റെ സ്‌ക്രാപ്പ്‌ (ഇതിന്റെ യഥാര്‍ത്ഥ അവകാശി പ്രിയേഷ്‌ തന്നെയാണോ എന്നകാര്യം ഉറപ്പില്ല) 

അമ്മ

Thursday, September 25, 2008

വീഴ്‌ചയില്‍ നിന്ന്‌ രക്ഷിക്കാന്‍ ബാഗ്‌

വൃദ്ധരായ ആളുകള്‍ വീണ്‌ പരിക്കേല്‍ക്കുന്നത്‌ തടയാന്‍ പ്രത്യേക എയര്‍ബാഗ്‌ ജാപ്പനീസ്‌ കമ്പനി വികസിപ്പിച്ചെടുത്തു. ആള്‍ താഴെ വീഴുന്നതായ സൂചന ലഭിച്ചാല്‍ ശരീരത്തിനു ചുറ്റുമായി കെട്ടിവയ്‌ക്കാവുന്ന ബാഗിന്റെ അറകളില്‍ 0.1 സെക്കന്റിനുള്ളില്‍ വായു നിറയും. രണ്ടു വായു അറകളുള്ള ഉല്‍പ്പന്നം താഴെ വീഴുന്നയാള്‍ക്ക്‌ കുഷ്യനില്‍ വീഴുന്ന പ്രതീതി നല്‍കും. ഒരു വായു അറ തല ഭാഗത്തും മറ്റൊന്ന്‌ അരയുടെ ഭാഗത്തുമാണ്‌ വീര്‍ക്കുക. എന്നാല്‍, ഇതിന്റെ പ്രധാന കുഴപ്പം പിറകോട്ട്‌ വീഴുന്നതില്‍ നിന്ന്‌ മാത്രമേ സംരക്ഷണം നല്‍കൂ എന്നതാണ്‌.
ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷനല്‍ ഹോം കെയര്‍ ആന്റ്‌ റീഹാബിലിറ്റേഷന്‍ പ്രദര്‍ശനത്തില്‍ ബാഗ്‌ പുറത്തിറക്കി. അപസ്‌മാര രോഗമുള്ള വൃദ്ധരെ ഉദ്ദേശിച്ചാണ്‌ ഇത്‌ പ്രധാനമായും പുറത്തിറക്കിയിരിക്കുന്നതെന്ന്‌ നിര്‍മാതാക്കളായ പ്രോപിന്റെ പ്രസിഡന്റ്‌ മിസ്‌തുയ ഉഷിഡ പറഞ്ഞു. 1.1 കിലോഗ്രാം തൂക്കം വരുന്ന എയര്‍ബാഗിന്റെ വില 1400 ഡോളറാണ്‌.
ജപ്പാനില്‍ 65 വയസ്സിന്‌ മുകളിലുള്ള മൂന്ന്‌ കോടി ജനങ്ങളുണ്ട്‌. ഇവരെ ലക്ഷ്യംവച്ച്‌ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്‌.

Wednesday, September 24, 2008

വെള്ളക്കരം

ആതിഫിനെയും സാജിദിനെയും പോലിസ്‌ താഴേക്കു വലിച്ചിഴച്ച്‌ കൊണ്ടുവന്ന്‌ വെടിവച്ചുകൊന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍

കെ എ സലിം
ന്യൂഡല്‍ഹി: ജാമിഅ നഗര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആതിഫ്‌ അമീനെയും മുഹമ്മദ്‌ സാജിദിനെയും താമസിക്കുന്ന മുറിയില്‍ നിന്ന്‌ പോലിസ്‌ പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നശേഷം വെടിവച്ചുകൊന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍.
കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ്‌ ശര്‍മ നേരിട്ടാണ്‌ ഇരുവരെയും വെടിവച്ചുകൊന്നത്‌. കൊല്ലുന്നതിന്‌ മുമ്പ്‌ ഇവരെ മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്‌തു. ശേഷം മൃതദേഹം പൊതിഞ്ഞുകെട്ടി ഫ്‌ളാറ്റിനുള്ളില്‍ കൊണ്ടിടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
സാക്ഷികളുടെ പേരു വെളിപ്പെടുത്താതെ മെയില്‍ ടുഡേ ദിനപത്രമാണ്‌ പോലിസ്‌ നുണകളെ പൊളിക്കുന്ന സാക്ഷിവിവരണങ്ങള്‍ പുറത്തുവിട്ടത്‌.
സ്‌പെഷ്യല്‍ സെല്ലിലെ സബ്‌ ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദറാണ്‌ ആദ്യം ആതിഫും സാജിദും താമസിക്കുന്ന എല്‍-18 ഫ്‌ളാറ്റിന്റെ നാലാംനിലയിലെത്തിയത്‌. മൊബൈല്‍ ഫോണ്‍ കമ്പനി എക്‌സിക്യൂട്ടീവിന്റെ വേഷത്തിലായിരുന്നു ഇയാള്‍. ആതിഫിന്റെ മുറിയുടെ വാതിലില്‍ത്തട്ടിയപ്പോള്‍ പുറത്തുവന്നവരുമായി ഇയാള്‍ വാക്കുതര്‍ക്കമുണ്ടാക്കി. ബഹളം കേട്ട്‌ അടുത്ത ഫ്‌ളാറ്റിലുള്ളവര്‍ പുറത്തിറങ്ങിനോക്കി. തര്‍ക്കം തുടങ്ങിയ ഉടനെ കോണിപ്പടിക്കു താഴെയുണ്ടായിരുന്ന പോലിസുകാര്‍ മുകളിലേക്കു കുതിച്ചു.
ആരുടെയും കൈയില്‍ ആയുധങ്ങളുണ്ടായില്ലെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. സായുധ ചെറുത്തുനില്‍പ്പ്‌ പ്രതീക്ഷിച്ചായിരുന്നില്ല ഇവരുടെ വരവെന്നു വ്യക്തം. ഈ പോലിസുകാരിലൊരാള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ്‌ ശര്‍മയായിരുന്നുവെന്ന്‌ ടി.വി ചിത്രങ്ങളില്‍ നിന്നു വ്യക്തമായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
പുറത്തുവന്ന മറ്റു ഫ്‌ളാറ്റുകാരോട്‌ അകത്തുപോവാനും വാതിലും ജനലും അടച്ചിടാനും ശര്‍മ അലറി. അല്ലെങ്കില്‍ വെടിയേല്‍ക്കുമെന്നായിരുന്നു ശര്‍മയുടെ മുന്നറിയിപ്പ്‌. വീട്ടുകാരെല്ലാം ഈ ഉത്തരവനുസരിച്ചു ഫ്‌ളാറ്റുകളുടെ വാതിലുകളും ജനലുകളും അടച്ചിട്ട്‌ അകത്തിരുന്നു. ആതിഫിന്റെ ഫ്‌ളാറ്റിലേക്ക്‌ കാണാവുന്ന ചെറിയ ബാത്ത്‌റൂം ജനലിലൂടെയാണു ദൃക്‌സാക്ഷികള്‍ പിന്നീട്‌ നടന്നതെന്താണെന്നു കാണുന്നത്‌.
മുറിയില്‍ ആതിഫും സാജിദും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഇരുവരെയും ശര്‍മയും സംഘവും കോണിപ്പടിയിലൂടെ താഴേക്കു വലിച്ചിഴച്ചു. ഇരുവരും നിരായുധരും പേടിച്ചരണ്ടവരുമായിരുന്നു.
താഴെ എന്തു നടന്നുവെന്നു കാണാനാവുമായിരുന്നില്ല. എന്നാല്‍, പോലിസുകാര്‍ ഇരുവരെയും അസഭ്യം പറയുന്നതു കേള്‍ക്കാമായിരുന്നു. തുടര്‍ന്നു വെടിശബ്ദം കേട്ടു. ഒരു പോലിസുകാരന്‍ അലറുന്ന ശബ്ദവും- `സാഹബ്‌ കോ ഗോലി ലഗ്‌ ഗയി' (ബോസിന്‌ വെടി കൊണ്ടു). കുറച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ വെടിശബ്ദം കേട്ടു.
അല്‍പ്പനേരം കൂടി കഴിഞ്ഞപ്പോള്‍ ദൃക്‌സാക്ഷികള്‍ക്കു പോലിസിനെ കാണാനായി. അവര്‍ രണ്ടു മൃതദേഹങ്ങള്‍ മുകളിലേക്കു വലിച്ചിഴച്ചു കൊണ്ടുവരുകയായിരുന്നു. മൃതദേഹങ്ങള്‍ തുണിയില്‍ പൊതിഞ്ഞിരുന്നു. അതേസമയം തന്നെ സബ്‌ ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദറും മറ്റൊരു പോലിസുകാരനും ശര്‍മയെ താങ്ങിയെടുത്തു കൊണ്ടുപോവുന്നത്‌ കണ്ടു. അല്‍പ്പസമയത്തിനകം രണ്ടു മൃതദേഹങ്ങളും പോലിസ്‌ വാനില്‍ക്കയറ്റി കൊണ്ടുപോയി.
ഇതോടൊപ്പം മൂന്നു യുവാക്കളെയും പിടിച്ചുകൊണ്ടു പോലിസുകാര്‍ എത്തി. അവരിലൊരാള്‍ ഇപ്പോള്‍ പോലിസിന്റെ കസ്‌റ്റഡിയിലുള്ള മുഹമ്മദ്‌ സെയ്‌ഫായിരുന്നു. ഇവരെ എവിടെനിന്നാണ്‌ കൊണ്ടുവന്നതെന്നു ദൃക്‌സാക്ഷികള്‍ക്കു വ്യക്തമായില്ല. പോലിസ്‌ പറയുന്നതുപോലെ ഇവര്‍ തീവ്രവാദികളായിരുന്നെങ്കില്‍ എന്തുകൊണ്ട്‌ പോലിസുകാരെ കണ്ടപ്പോള്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നാണ്‌ ദൃക്‌സാക്ഷികള്‍ ചോദിക്കുന്നത്‌.

കൊല്ലുന്നതിനു മുമ്പ്‌ യുവാക്കളെ പോലിസ്‌ മര്‍ദ്ദിച്ചു
ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നതിനു മുമ്പ്‌ ആതിഫിനെയും സാജിദിനെയും പോലിസ്‌ മര്‍ദ്ദിച്ചിരുന്നുവെന്നു വ്യക്തമായി. ഇരുവരെയും ബലമായി പിടിച്ചു നാലാംനിലയില്‍ നിന്നു താഴേക്ക്‌ കൊണ്ടുപോയി വെടിവച്ചു കൊന്നുവെന്ന ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നതാണു മൃതദേഹം പോസ്‌മോര്‍ട്ടം നടത്തിയ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ നല്‍കുന്ന വിവരം. ഇരുവരുടെയും മൃതദേഹത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളും ആന്തരിക മുറിവുകളുമുണ്ടായിരുന്നതായി ഡോക്ടര്‍ വെളിപ്പെടുത്തി.
മല്‍പ്പിടിത്തത്തില്‍ സംഭവിക്കുന്നതോ ശക്തമായ ഇടിയേറ്റതിനാലോ സംഭവിക്കാവുന്നതു പോലുള്ള മുറിവുകളായിരുന്നു അത്‌. വയറ്റില്‍ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു. ഏതെങ്കിലും ആയുധം കൊണ്ട്‌ ഇടിച്ചാലും ഇത്തരത്തിലുള്ള മുറിവുകളുണ്ടാവാന്‍ സാധ്യതയുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു. അല്ലെങ്കില്‍ ബൂട്ട്‌ കൊണ്ടു ശക്തമായി തൊഴിക്കുന്നതുപോലെ ശരീരത്തിലേക്കു ശക്തമായി അമര്‍ന്നതായാലും മതി. ഒരു മൃതദേഹത്തിന്റെ കാലില്‍ ഏതെങ്കിലും ആയുധം കൊണ്ടടിച്ച പോലെ മുറിവുകളുണ്ടായിരുന്നു.
പോലിസും കൊല്ലപ്പെട്ടവരും തമ്മില്‍ മല്‍പ്പിടിത്തമുണ്ടായെന്നും ഇതില്‍ നിന്ന്‌ ഇത്‌ അനുമാനിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. തലയ്‌ക്കു വെടിയേറ്റാണു സാജിദ്‌ കൊല്ലപ്പെട്ടിരിക്കുന്നത്‌. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള പോലിസിന്റെ ഭാഷ്യത്തെ അപ്പാടെ തള്ളിക്കളയുന്നതാണു ഡോക്ടര്‍മാരുടെ ഈ വെളിപ്പെടുത്തലുകള്‍. 

തേജസ്‌: 25-09-08 

സ്‌ഫോടനം നടക്കുമ്പോള്‍ സാഖിബ്‌ പരീക്ഷാഹാളില്‍


കെ എ സലിം
ന്യൂഡല്‍ഹി: അഹ്‌മദാബാദ്‌ സ്‌ഫോടനത്തിനു സഹായം നല്‍കിയെന്ന്‌ ഡല്‍ഹി പോലിസ്‌ ആരോപിക്കുന്ന സാഖിബ്‌ നിസാര്‍ സ്‌ഫോടനം നടന്ന ദിവസം ഡല്‍ഹിയില്‍ എം.ബി.എ പരീക്ഷ എഴുതുകയായിരുന്നുവെന്നു വ്യക്തമായി.


23കാരനായ നിസാര്‍ ജൂലൈ 23 മുതല്‍ 28 വരെ നടന്ന എല്ലാ പരീക്ഷയ്‌ക്കും ഹാജരായിരുന്നുവെന്നു രേഖകള്‍ വ്യക്തമാക്കുന്നു. ജൂലൈ 26നാണ്‌ അഹ്‌മദാബാദ്‌ സ്‌ഫോടനം നടന്നത്‌. സാഖിബ്‌ എല്ലാ പരീക്ഷയും എഴുതിയിരുന്നുവെന്നു തെളിയിക്കുന്ന ഹാജര്‍പ്പട്ടിക ഉള്‍പ്പെടെയുള്ള രേഖകള്‍ സാഖിബിന്റെ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്കു കൈമാറി.
ഡല്‍ഹി, അഹ്‌മദാബാദ്‌ സ്‌ഫോടനങ്ങള്‍ക്കു സഹായം ചെയ്‌തുവെന്ന കുറ്റത്തിന്‌ കഴിഞ്ഞ ഞായറാഴ്‌ച രാവിലെയാണു സാഖിബിനെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പോലിസ്‌ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ആതിഫ്‌ തന്റെ സുഹൃത്താണെന്നും അവന്‍ തീവ്രവാദിയല്ലെന്നും ഹെഡ്‌ലൈന്‍സ്‌ ടുഡേ ചാനലിന്‌ അഭിമുഖം നല്‍കിയതിനു തൊട്ടുടനെയായിരുന്നു അറസ്റ്റ്‌.
എം.ബി.എ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ സാഖിബ്‌ നെഹ്‌റു പ്ലേസിലെ ഒരു റിക്രൂട്ടിങ്‌ കമ്പനിയില്‍ ടാലന്റ്‌ പി.ആര്‍.ഒ ആയി ജോലിയും ചെയ്‌തിരുന്നു. കൊല്ലപ്പെട്ട ആതിഫിനും അറസ്റ്റിലായ ഷക്കീലിനുമൊപ്പം ജൂലൈ 12, 13 തിയ്യതികളില്‍ സാഖിബ്‌ അഹ്‌മദാബാദ്‌ സന്ദര്‍ശിക്കുകയും ബോംബ്‌ വയ്‌ക്കാന്‍ സഹായം ചെയ്യുകയും ചെയ്‌തുവെന്നാണ്‌ അറസ്റ്റ്‌ ചെയ്‌ത ശേഷം പോലിസ്‌ മാധ്യമങ്ങളോടു പറഞ്ഞത്‌.


സിക്കിം മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയില്‍ വിദൂരപഠന സംവിധാനം വഴി എം.ബി.എ പഠിക്കുന്ന സാഖിബ്‌ ഈ സമയത്തെല്ലാം തിരക്കിട്ട പഠനത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ``എന്റെ മകന്‍ രാവിലെ ഓഫിസില്‍പ്പോവും. വൈകീട്ട്‌ ജിംനേഷ്യത്തിലും. രാത്രി പഠിക്കും. കഠിനാധ്വാനിയാണ്‌ അവന്‍''- സാഖിബിന്റെ പിതാവ്‌ നിസാര്‍ അഹ്‌മദ്‌ അസ്‌മി പറയുന്നു.
ഇക്കണോമിക്‌സില്‍ മിടുക്കനായ വിദ്യാര്‍ഥിയെന്ന നിലയില്‍ ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റിയുടെ സ്വര്‍ണമെഡല്‍ ജേതാവായ സാഖിബ്‌, പ്രമുഖ കമ്മ്യൂണിറ്റി വെബ്‌സൈറ്റായ ഓര്‍ക്കുട്ട്‌ വഴി പതിവായി സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നു.
63 സുഹൃത്തുക്കളാണ്‌ സാഖിബിന്‌ ഓര്‍ക്കുട്ടിലുണ്ടായിരുന്നത്‌. ഇതില്‍ ഒമ്പത്‌ പെണ്‍കുട്ടികളടക്കം 29 പേര്‍ ഹിന്ദുക്കളാണ്‌.
പോലിസിന്റെ വാദമനുസരിച്ച്‌, അഹ്‌മദാബാദില്‍ പൊട്ടിയ 22ഉം സൂറത്തിലെ മരത്തിലും മറ്റുമായി കെട്ടിത്തൂക്കിയ 28ഉം അടക്കം 50 ബോംബുകള്‍ സ്ഥാപിച്ചത്‌, അതിനുപയോഗിച്ചുവെന്നു പോലിസ്‌ പറയുന്ന നാല്‌ കാറുകള്‍ മുംബൈയില്‍ നിന്നു മോഷ്ടിച്ച്‌ ഗുജറാത്തിലെത്തിച്ചത്‌, മൂന്നു സൈക്കിളുകള്‍ വാങ്ങിയത്‌, ബോംബുകള്‍ എത്തിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കിയത്‌- എല്ലാം ചെയ്‌തത്‌ സാഖിബ്‌. അതും ഡല്‍ഹിയിലെ പരീക്ഷാഹാളിലും വാടകമുറിയിലും വച്ച്‌!
മകന്‍ അറസ്റ്റിലായ വാര്‍ത്തയറിഞ്ഞതു മുതല്‍ ഉമ്മ അഅ്‌സംഗഡിലെ വീട്ടില്‍ തളര്‍ന്നുകിടപ്പാണ്‌. അവിടെ ആരും ശരിയാംവണ്ണം ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്ന്‌ സാഖിബിന്റെ അനുജന്‍ ശാരിഖ്‌ പറഞ്ഞു. ``സ്‌നേഹസമ്പന്നനായ എന്റെ ജ്യേഷ്‌ഠന്‌ 23 വയസ്സ്‌ തികയുന്ന ദിവസം പോലിസ്‌ നല്‍കിയ ജന്മദിനസമ്മാനമാണോ ഇത്‌''- ശാരിഖ്‌ ചോദിക്കുന്നു.

തേജസ്‌: 24-09-08 

Tuesday, September 23, 2008

ശബരീനാഥ്‌: കാട്ടില്‍ ഫോര്‍ യു


കടപ്പാട്‌: ബാലരമ 

Monday, September 22, 2008

ശര്‍മയ്‌ക്ക്‌ വെടിയേറ്റത്‌ എവിടെ? കള്ളം പറയാത്ത ചിത്രം

ന്യൂഡല്‍ഹി: ജാമിഅ നഗര്‍ ഏറ്റുമുട്ടലില്‍ ഏറ്റുമുട്ടല്‍ വീരന്‍ മോഹന്‍ചന്ദ്‌ ശര്‍മ മരിച്ചത്‌ ആരുടെ വെടിയേറ്റ്‌? കുര്‍ത്ത ധരിച്ച്‌ സ്വകാര്യ കമ്പനിയുടെ എക്‌സിക്യൂട്ടീവെന്ന വ്യാജേന തീവ്രവാദികള്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ വാതിലില്‍ മുട്ടിയ ശര്‍മയെ വാതില്‍ തുറന്ന്‌ പെട്ടെന്ന്‌ വെടിവെച്ചന്ന പോലിസ്‌ഭാഷ്യത്തെ അപ്പാടെ പൊളിച്ചുകളയുന്നതാണ്‌ പോലിസ്‌ തന്നെ പുറത്തുവിട്ട ഈ ചിത്രം.
വെടിയേറ്റ ശര്‍മയെ സഹപ്രവര്‍ത്തകര്‍ താങ്ങി നടത്തി പുറത്തേക്കു കൊണ്ടുവരുന്നതാണ്‌ ചിത്രത്തില്‍. എന്നാല്‍, ശര്‍മയുടെ മുന്‍ഭാഗത്തെവിടെയും വെടിയേറ്റിട്ടില്ലെന്ന്‌ ചിത്രത്തില്‍ നിന്നു വ്യക്തമാവും. വാതില്‍ തുറന്ന്‌ പെട്ടെന്ന്‌ വെടിവച്ചാല്‍ മുന്‍വശത്തായിരിക്കും വെടിയേല്‍ക്കുക. വെളുത്ത ഷര്‍ട്ട്‌ ധരിച്ച ശര്‍മയുടെ മുന്‍വശത്ത്‌ വെടിയേറ്റതിന്റെ അടയാളമോ ചോരപ്പാടുകളോ ഇല്ല. അതേസമയം, ശര്‍മയുടെ ഇടതുകൈ താങ്ങുന്ന സഹായിയുടെ ഷര്‍ട്ടില്‍ പുരണ്ട ചോരക്കറയില്‍ നിന്നു വ്യക്തമാവുന്നത്‌ ശര്‍മയ്‌ക്കു പിറകില്‍ നിന്നു ചോരയൊലിക്കുന്നുണ്ടെന്നാണ്‌. അങ്ങനെയെങ്കില്‍ ശര്‍മയ്‌ക്ക്‌ പിന്നില്‍നിന്നായിരിക്കും വെടിയേറ്റത്‌. അതു സഹപ്രവര്‍ത്തകരുടെ തോക്കില്‍ നിന്നുതന്നെയായിരിക്കുകയും ചെയ്യും. സഹപ്രവര്‍ത്തകരല്ലാതെ മറ്റാരും ശര്‍മയുടെ പിന്നിലുണ്ടായിരുന്നില്ല.
പോലിസ്‌ പറയുന്നതുപോലെ ശര്‍മ കുര്‍ത്തയല്ല ധരിച്ചിരിക്കുന്നത്‌. കടും നീലനിറത്തിലുള്ള പാന്റ്‌സും വെളുത്ത ഷര്‍ട്ടുമാണ്‌. പോലിസിലെ കുടിപ്പകയാവാം ശര്‍മയുടെ മരണത്തിനും പിന്നിലെന്ന സംശയം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഡല്‍ഹി പോലിസ്‌ സ്‌പെഷ്യല്‍ സെല്ലിനു നേതൃത്വം നല്‍കുന്ന കര്‍ണാല്‍സിങും ശര്‍മയുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ലെന്നും ചില മാഫിയാസംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ ഇടഞ്ഞിരുന്നതായും റിപോര്‍ട്ടുണ്ട്‌. 

തേജസ്‌: 22-09-08 

Wednesday, September 17, 2008

സ്‌ഫോടനക്കേസുകളും കാര്യക്ഷമതയും

ഇന്ത്യയിലെ പോലിസുദ്യോഗസ്ഥരുടെ കാര്യക്ഷമതയെപ്പറ്റി ഒരു കഥയുണ്ട്‌: ചെന്നൈയില്‍ നിന്ന്‌ ഒരു പിടികിട്ടാപ്പുള്ളി ബാംഗ്ലൂരിലേക്കു കടന്നതായി പോലിസിനു സംശയം. ചെന്നൈ പോലിസ്‌ അയാളുടെ പത്തു പോസുകളിലുള്ള ചിത്രങ്ങള്‍ ബാംഗ്ലൂരിലേക്കയച്ചു. രാത്രിയായപ്പോഴാണ്‌ അയാളെ ചെന്നൈയില്‍ നിന്നു തന്നെ പിടികിട്ടിയത്‌. ബാംഗ്ലൂരിലേക്കു വിവരമറിയിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ- ഇനി പറഞ്ഞിട്ടു കാര്യമില്ല. അയച്ചുതന്ന പടങ്ങളില്‍ കാണുന്ന പത്തുപേരില്‍ ആറുപേരെയും പിടികൂടിക്കഴിഞ്ഞു. നാലുപേര്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു!
ഇതേ `കാര്യക്ഷമത' തന്നെയാണ്‌ ഇപ്പോള്‍ സ്‌ഫോടനക്കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരിലും കാണാനുള്ളതെന്ന്‌ പറയുന്നതു തമാശയല്ല, സങ്കടവര്‍ത്തമാനമാണ്‌. ജയ്‌പൂരിലും അഹ്‌മദാബാദിലും സൂറത്തിലും സ്‌ഫോടനമുണ്ടായപ്പോള്‍ പിറ്റേദിവസം തന്നെ പോലിസ്‌ കുറ്റവാളികളെ ഫിക്‌സ്‌ ചെയ്‌തു. അധികൃതരുടെ പക്കല്‍ സാക്ഷികളുണ്ട്‌, രേഖാചിത്രങ്ങളുണ്ട്‌; പിടികൂടിക്കഴിഞ്ഞാല്‍ നാര്‍കോ അനാലിസിസും പോളിഗ്രാഫുമുണ്ട്‌. സ്‌ഫോടനപരമ്പരകള്‍ കഴിഞ്ഞു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റവാളികളെ പിടികൂടാനുള്ള കാര്യക്ഷമത ഏതാണ്ടെല്ലാ കേസുകളിലും അന്വേഷണോദ്യോഗസ്ഥര്‍ കാണിക്കാറുണ്ട്‌. പക്ഷേ, പിറ്റേന്നു വേറൊരിടത്തു സ്‌ഫോടനം നടക്കുന്നു. ഇതേ കാര്യക്ഷമതയോടെ അവിടെയും പ്രതികളെ പിടികൂടുന്നു. എത്ര എളുപ്പം!
ഈ അപഹാസ്യതയില്‍ മനംമടുത്താവണം യു.പി.എയിലെ ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ നേതാവും റെയില്‍വേ മന്ത്രിയുമായ ലാലുപ്രസാദ്‌ യാദവ്‌ ആഭ്യന്തരവകുപ്പിന്റെ അന്വേഷണപ്രക്രിയയെയും രീതിയെയും വിമര്‍ശിച്ചത്‌. ബോംബ്‌ സ്‌ഫോടനം നടന്നു ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറ്റവാളികളെ പിടികൂടുന്നവര്‍ എന്തുകൊണ്ട്‌ അതു തടയാന്‍ കാര്യശേഷി കാണിക്കുന്നില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ചോദ്യം. കാര്യശേഷി തട്ടിപ്പാണെന്ന സൂചന പ്രസ്‌താവനയിലുണ്ട്‌. നേരത്തേതന്നെ പ്രതികളാരെന്നു നിശ്ചയിക്കുകയും അവരെ പിടികൂടിയെന്നു വരുത്തി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയുമാണ്‌ മുറ. മാത്രവുമല്ല, കാര്യക്ഷമതയുടെ പേരില്‍ പാരിതോഷികങ്ങളും ഉദ്യോഗക്കയറ്റവും പോലും സംഘടിപ്പിച്ചേക്കാം അന്വേഷണോദ്യോഗസ്ഥര്‍. ഈ കാര്യക്ഷമതയുമായാണ്‌ ഇനിയും പോക്കെങ്കില്‍ കാര്യങ്ങള്‍ എവിടെയെത്തുമെന്നു കണ്ടറിയണം. ഭീകരവാദികളെ കണ്ടെത്തുന്നതിന്റെ നൂറിലൊരംശമെങ്കിലും കാര്യശേഷി ഭീകരപ്രവര്‍ത്തനം തടയുന്നതില്‍ പ്രകടമാക്കിക്കൂടേ?
ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യാരാജ്യത്തു വ്യാപകമാണ്‌ എന്നതിനോടു ചേര്‍ത്തുവായിക്കണമിത്‌. സ്‌ഫോടനക്കേസുകളുടെ അന്വേഷണത്തില്‍ ഈ ഭീകരതയുടെ കരാളമുഖമാണു പ്രകടമാവുന്നത്‌. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സ്‌ഫോടനക്കേസ്‌ പ്രതികളെ പോട്ട ഉപയോഗിച്ചു കൈകാര്യം ചെയ്യുമെന്ന്‌ എല്‍ കെ അഡ്വാനി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ഉദ്യോഗസ്ഥരുടെ തന്നിഷ്ടത്തിനനുസരിച്ചു നിരപരാധികള്‍ ജാമ്യം പോലും കിട്ടാതെ നരകിക്കുകയാവും അതിന്റെ ഫലം എന്ന വസ്‌തുതയിലേക്കാണ്‌ ഈ പരാമര്‍ശത്തിന്റെ സൂചന. ഭീകരവാദവും അതുമൂലമുള്ള പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇത്തരം പ്രവര്‍ത്തനരീതികളല്ല വേണ്ടതെന്ന്‌ എപ്പോഴാണാവോ അധികൃതര്‍ തിരിച്ചറിയുക?

തേജസ്‌: 17-09-08

Wednesday, September 10, 2008

മൈലാഞ്ചിച്ചെടി പറഞ്ഞത്‌
ഒരിളം കാറ്റുപോലുമില്ലാതെ
പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടി
തലയാട്ടുന്നതെന്താണ്‌
അതെന്നോടെന്തോ പറയുന്നുണ്ടോ

ഓ.. ഉമ്മാന്റെ ഖബറിനു മുകളിലാണാച്ചെടി
നശിച്ചു നാറാണക്കല്ലെടുത്ത
ഈ മകനെ ഉമ്മ ആശ്വസിപ്പിക്കയാവുമോ

അല്ലെങ്കിലും ഉമ്മയങ്ങനെയാണ്‌
സ്‌നേഹിക്കാനേ അറിയൂ

ഉമ്മാന്റെ ആദ്യത്തെക്കനിയായിരുന്നു ഞാന്‍
എന്തൊരു സ്‌നേഹമായിരുന്നെന്നോട്‌
ഉണ്ണാനും ഉടുക്കാനും കിടക്കാനും ഉമ്മ വേണം
വളര്‍ന്നപ്പോഴും പൊടി മീശ വന്നപ്പോഴും
അതങ്ങനെത്തന്നെയായിരുന്നു

പിന്നീടെപ്പോഴാണുമ്മയെനിക്കന്യയായത്‌
സുന്ദരിയായ പെണ്ണിനെക്കിട്ടിയപ്പോള്‍?
സ്വന്തമായ്‌ രണ്ടു കണ്‍മണികള്‍ പിറന്നപ്പോള്‍..?
ചുക്കിച്ചുളിഞ്ഞ്‌ ഒന്നിനും വയ്യാതെ
ഭാരമായി മാറിയപ്പോള്‍..?

ആശുപത്രിയിലേക്കെന്നും പറഞ്ഞ്‌
കാറില്‍ കയറ്റിയ ഉമ്മയെ
കൊണ്ടുതള്ളിയത്‌
ഏതോ വൃദ്ധസദനത്തില്‍

പാവം മരിക്കാന്‍ നേരത്തും
അവസാനം പറഞ്ഞ പേര്‌ എന്റേതാണത്രെ

കെട്ടിയ പെണ്ണ്‌ വേലി ചാടിയതെപ്പോഴാണ്‌..?
ഉറുമ്പരിക്കാതെ പേനരിക്കാതെ വളര്‍ത്തിയ കുട്ടികള്‍
എന്നെ ചവിട്ടിപ്പുറത്താക്കിയതെന്തിനാണ്‌?

ഒരു നേരത്തേ അന്നത്തിനായ്‌
വീടായ വീടുമുഴുവനും
റോഡായ റോഡുമുഴുവനും തെണ്ടി
ഒടുക്കം ഉച്ചവെയിലില്‍ തളര്‍ന്നു മയങ്ങുമ്പോഴും
ഉമ്മ പുഞ്ചിരിച്ചെത്താറുണ്ട്‌.

ഇപ്പോള്‍,
മൈലാഞ്ചിച്ചെടി
എന്നെ വിളിക്കുന്നതെങ്ങോട്ടാണ്‌?

എനിക്കറിയാം
ഉമ്മക്ക്‌ സഹിക്കാവുന്നതിലപ്പുറമാണീ
മകന്റെ ദുര്യോഗം

ഉമ്മാ ഞാനും വരുന്നു
ഉമ്മാന്റെയരികിലേക്ക്‌
ആ മടിയില്‍
ഒരിക്കല്‍ക്കൂടി തലചായ്‌ച്ചെനിക്കുറങ്ങണം

Tuesday, September 9, 2008

ക്ലൂ

എന്തിനും ക്ലൂ ചോദിക്കുന്ന ക്വിസ്‌ ടൈമുകളുടെ കാലം
അധ്യാപകന്‍: അച്ഛന്റെ പേരെന്താ..?
വിദ്യാര്‍ഥി: സര്‍ ഒരു ക്ലൂ
അധ്യാപകന്‍: നിന്റെ അമ്മയുടെ ഭര്‍ത്താവിന്റെ പേര്‌...?
വിദ്യാര്‍ഥി: വണ്‍മോര്‍ ക്ലൂ പ്ലീസ്‌
അധ്യാപകന്‍: പെറ്റ തള്ളയുടെ പേര്‌ പറയെടോ
വിദ്യാര്‍ഥി: ടഫ്‌ ക്വസ്റ്റ്യന്‍... പാസ്‌

കെ.എഫ്‌.സി പാചകവിധി രഹസ്യകേന്ദ്രത്തിലേക്കു മാറ്റി

കെന്റകി ഫ്രൈഡ്‌ ചിക്കന്‍ കമ്പനിയുടെ വ്യാപാരരഹസ്യങ്ങളിലൊന്നായ ഒറിജിനല്‍ റെസിപ്‌ ചിക്കന്റെ പാചകവിധി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി. കേണല്‍ ഹാര്‍ലാന്റ്‌ സാന്‍ഡേഴ്‌സ്‌ സ്വന്തം കൈപ്പടയിലെഴുതിയ 11 സസ്യങ്ങളും മസാലയും ചേര്‍ത്തുള്ള ചിക്കന്‍ വിഭവത്തിന്റെ പാചകവിധിയാണ്‌ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയത്‌. കാലപ്പഴക്കം കൊണ്ട്‌ നിറം മങ്ങിയ പാചകക്കുറിപ്പ്‌ പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ്‌ സ്ഥലം മാറ്റുന്നത്‌.
അതീവസുരക്ഷയുണ്ടായിരുന്നെങ്കിലും ആശങ്കയോടെയാണ്‌ സ്ഥലംമാറ്റം നടന്നതെന്നു കെ.എഫ്‌.സി പ്രസിഡന്റ്‌ റോജര്‍ ഈറ്റണ്‍ പറഞ്ഞു. കെ.എഫ്‌.സി ശൃംഖലയുടെ വിജയരഹസ്യമായ 68 വര്‍ഷം പഴക്കമുള്ള ഈ പാചകക്കൂട്ട്‌ ഒരു സമയം കമ്പനിയിലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അറിയൂ. ഇവരുടെ പേരുവിവരങ്ങള്‍ കമ്പനി പുറത്തുവിടുകയില്ല. കൂട്ടുകള്‍ നിര്‍മിക്കുന്നതും ചേര്‍ക്കുന്നതും വ്യത്യസ്‌ത വിഭാഗമായതിനാല്‍ പാചകവിധിയുടെ ഏതെങ്കിലും ഒരു ഭാഗം മാത്രമേ അവര്‍ക്കു ലഭ്യമാവൂ.
20 വര്‍ഷമായി കമ്പനി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിനകത്ത്‌ പ്രത്യേക കാബിനറ്റിലാണ്‌ പാചകവിധി സൂക്ഷിച്ചിരുന്നത്‌. കാബിനറ്റില്‍ എത്തണമെങ്കില്‍ ആദ്യം ഒരു പ്രത്യേക അറ തുറക്കുകയും പിന്നീട്‌ കാബിനറ്റ്‌ ഡോറിന്റെ മൂന്നു പൂട്ടുകള്‍ തുറക്കുകയും വേണം. പാചകക്കൂട്ടുകളും പ്രത്യേക രഹസ്യഅറയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.
പലരും കെ.എഫ്‌.സിയുടെ പാചകക്കൂട്ട്‌ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. ചിലപ്പോഴൊക്കെ സാന്‍ഡേഴ്‌സിന്റെ ഒറിജിനല്‍ പാചകക്കുറിപ്പിന്റെ കോപ്പി കിട്ടിയതായി പലരും അവകാശപ്പെടുകയും ചെയ്‌തിരുന്നു. 1940ല്‍ തെക്കുകിഴക്കന്‍ കെന്റക്കിയിലുള്ള തന്റെ കൊച്ചു റസ്‌റ്റോറന്റില്‍ വച്ചാണ്‌ സാന്‍ഡേഴ്‌സ്‌ ഫോര്‍മുല വികസിപ്പിച്ചെടുത്തത്‌.
ഇതുപയോഗിച്ച്‌ 1950ലാണ്‌ കെ.എഫ്‌.സി ശൃംഖലയ്‌ക്കു തുടക്കമിട്ടത്‌. സാന്‍ഡേഴ്‌സ്‌ 1980ല്‍ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോര്‍മുലയാണ്‌ ഇന്നും കെ.എഫ്‌.സിയുടെ വിജയരഹസ്യം.

വാല്‍ക്കഷണം:
കെ.എഫ്‌.സിക്ക്‌ ലോകമൊട്ടാകെ 14,892 സ്ഥലങ്ങളില്‍ ഔട്ട്‌ലെറ്റുകളുണ്ട്‌. ചൈനയിലാണ്‌ കെ.എഫ്‌.സി ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നത്‌. അതേസമയം, സ്വന്തം തട്ടകമായ അമേരിക്കയില്‍ കെ.എഫ്‌.സി വെല്ലുവിളി നേരിടുകയാണ്‌. കെ.എഫ്‌.സി വിഭവങ്ങള്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉയര്‍ത്തുന്നതായി മനസ്സിലാക്കിയതാണ്‌ ഇതിനു കാരണം. കെ.എഫ്‌.സിയുടെ ചിക്കന്‍ ഹലാല്‍ (ഇസ്‌ലാമികമായി അനുവദനീയം) അല്ലെന്ന്‌ അവരുടെ വെബ്‌സൈറ്റില്‍ തന്നെ പറയുന്നുണ്ടെങ്കിലും മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും അവ ചൂടപ്പംപോലെ വിറ്റഴിയുന്നുണ്ട്‌.

Friday, September 5, 2008

ബില്ലില്ലാത്ത ടെലിഫോണ്‍

കംപ്യൂട്ടര്‍ ഇല്ലാതെ ഇന്റര്‍നെറ്റ്‌ വഴി സൗജന്യ ടെലിഫോണ്‍ സംഭാഷണം നടത്താവുന്ന ഉപകരണവുമായി സ്‌കൈപ്പ്‌ വരുന്നു. ലോകത്തെവിടെയുമുള്ള മറ്റ്‌ സ്‌കൈപ്പ്‌ ഉപയോക്താക്കളുമായി സൗജന്യ വോയ്‌സ്‌, വീഡിയോ കോളുകള്‍ നടത്താന്‍ സൗകര്യമൊരുക്കുന്ന സൗജന്യ സോഫ്‌റ്റ്‌വെയറാണ്‌ സ്‌കൈപ്പ്‌. കൂടാതെ സ്‌കൈപ്പില്‍ നിന്ന്‌ ചെറിയ ചെലവില്‍ ലാന്റ്‌ ലൈനിലേക്കും മൊബൈലിലേക്കും വിളിക്കാം. നിലവില്‍ സ്‌കൈപ്പിന്‌ 30.90 കോടി ഉപയോക്താക്കളുണ്ടെന്നാണ്‌ കണക്ക്‌. സ്‌കൈപ്പിന്റെ പ്രധാന പോരായ്‌മ ഉപയോഗിക്കണമെങ്കില്‍ മൈക്രോഫോണും ഹെഡ്‌സെറ്റും പിടിപ്പിച്ച കംപ്യൂട്ടര്‍ വേണമെന്നതായിരുന്നു. അതൊഴിവാക്കുകയാണ്‌ സ്‌കൈപ്പിന്റെ പുതിയ ഉപകരണം. കോഡ്‌ലസ്‌, ലാന്റ്‌ലൈന്‍, മൊബൈല്‍ രൂപത്തിലുള്ള മോഡലുകള്‍ ലഭ്യമാണ്‌. ഈ ഉപകരണം ബ്രോഡ്‌ബാന്റ്‌ ഇന്റര്‍നെറ്റുമായി കണക്ട്‌ ചെയ്‌ത്‌ സ്‌കൈപ്പ്‌ അക്കൗണ്ടിന്റെ യൂസര്‍നെയിമും പാസ്‌വേഡും ടൈപ്പ്‌ ചെയ്‌താല്‍ നേരത്തേയുള്ള സ്‌കൈപ്പ്‌ കോണ്‍ടാക്ടുകളെല്ലാം ഫോണില്‍ ലിസ്‌റ്റ്‌ ചെയ്യും. പക്ഷേ, സ്‌കൈപ്പ്‌ അക്കൗണ്ട്‌ ഉണ്ടാക്കാനും കോണ്‍ടാക്ടുകള്‍ ചേര്‍ക്കാനും കംപ്യൂട്ടര്‍ തന്നെ വേണം. മൊബൈല്‍ ഫോ ണ്‍ പോലെ സ്‌കൈപ്പ്‌ അക്കൗണ്ട്‌ തുറക്കാന്‍ തിരിച്ചറിയല്‍ രേഖകളുടെ ആവശ്യമില്ല. സ്‌കൈപ്പ്‌ കോളുകള്‍ എന്‍ക്രിപ്‌റ്റഡ്‌ ആയതിനാല്‍ നിയമപരമായോ അല്ലാതെയോ നിങ്ങളുടെ സംഭാഷണം നിരീക്ഷിക്കാന്‍ നിലവില്‍ യാതൊരു വഴിയുമില്ല. കോളിന്റെ ഇരുതലയ്‌ക്കലുമുള്ള ആളുകള്‍ ബ്രോഡ്‌ബാന്റ്‌ വഴി സ്‌കൈപ്പില്‍ ലോഗിന്‍ ചെയ്‌തിരിക്കണമെന്നതിനാല്‍ അത്യാവശ്യ കോളുകള്‍ക്ക്‌ ഉപയോഗിക്കാന്‍ സ്‌കൈപ്പ്‌ പ്രയോജനപ്പെടില്ല. ഇനി സ്‌കൈപ്പ്‌ ഉപയോഗിച്ച്‌ സാധാരണ ഫോണിലേക്കോ ലാന്റ്‌ ലൈനിലേക്കോ വിളിക്കണമെന്നുണ്ടെങ്കില്‍ സ്‌കൈപ്പ്‌ ഔട്ട്‌ എന്ന സേവനം ഉപയോഗിക്കാം. സ്‌കൈപ്പ്‌ ഇന്‍ ഉപയോഗപ്പെടുത്തി ഫോണില്‍ നിന്നു നിങ്ങളുടെ സ്‌കൈപ്പ്‌ നമ്പറില്‍ കോള്‍ സ്വീകരിക്കാനും സാധിക്കും. ഈ രണ്ട്‌ സേവനങ്ങള്‍ക്കും തുക മുടക്കണം. എന്നാല്‍, ഈ തുക സാധാരണ ഫോണിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ തുച്ഛമാണ്‌. ഉദാഹരണത്തിന്‌ സ്‌കൈപ്പ്‌ ഇന്‍ ഉപയോഗിച്ച്‌ നിങ്ങളെ വിളിക്കുന്നയാള്‍ ഒരു ലോക്കല്‍ നമ്പറിലേക്കാണു വിളിക്കുന്നത്‌. ഇത്‌ ഇന്റര്‍നെറ്റ്‌ വഴി നിങ്ങളുടെ സ്‌കൈപ്പ്‌ നമ്പറിലേക്കെത്തുന്നു. നിര്‍ഭാഗ്യവശാല്‍ 21 രാജ്യങ്ങളില്‍ മാത്രമേ ഇപ്പോള്‍ സ്‌കൈപ്പ്‌ ഇന്‍ സേവനം ലഭിക്കുന്നുള്ളൂ. ഇന്ത്യയും ലഭിക്കാത്തവയുടെ കൂട്ടത്തില്‍പ്പെടും. എന്നാല്‍, ഇന്റര്‍നെറ്റ്‌ ടെലിഫോണിനുള്ള നിയന്ത്രണം എടുത്തുകളയാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ തീരുമാനമെടുത്തിരിക്കെ ഇതിനു മാറ്റമുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്‌.
മൂന്നാംതലമുറ മൊബൈലുകളില്‍ സ്‌കൈപ്പ്‌ ഉപയോഗം സാധ്യമാക്കുന്ന ചില സോഫ്‌റ്റ്‌വെയറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. www.fring.com ല്‍ ഇത്തരം സോഫ്‌റ്റ്‌വെയര്‍ ലഭ്യമാണ്‌. മൂന്നാംതലമുറ മൊബൈല്‍ സൗകര്യങ്ങള്‍ ഇന്ത്യയില്‍ പൂര്‍ണമായും ലഭ്യമായാല്‍ ഇതിന്റെ സാധ്യതകള്‍ അപാരമാണ്‌.


കടപ്പാട്‌: വെബ്‌്‌ലോകം

ഗൂഗ്‌ള്‍ ക്രോം ജനപ്രിയമാവുന്നു

ഗൂഗ്‌ള്‍ സെര്‍ച്ച്‌ എന്‍ജിന്‍, ജിമെയില്‍, ഓര്‍ക്കുട്ട്‌, ബ്ലോഗ്‌ സ്‌പോട്ട്‌ തുടങ്ങി ഹിറ്റായ ഗൂഗ്‌ള്‍ ഉല്‍പ്പന്നങ്ങള്‍ക്കു പിന്നാലെ ഒടുവിലിതാ ഗൂഗ്‌ള്‍ ബ്രൗസറും. ക്രോം എന്നു പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ഇന്റര്‍നെറ്റന്മാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. വേഗവും മനോഹാരിതയും ഒത്തുചേര്‍ന്ന ക്രോമിന്റെ ബീറ്റവേര്‍ഷന്‍ ഇവിടെ ഡൗണ്‍ലോഡ്‌ ചെയ്യാം. 100 രാജ്യങ്ങളില്‍ 43 ഭാഷകളില്‍ ഇപ്പോള്‍ ക്രോം ലഭ്യമാണ്‌.
മൈക്രോസോഫ്‌റ്റിന്‌ പാരയായേക്കാവുന്ന ക്രോമിന്റെ സവിശേഷതകള്‍ പലതുണ്ട്‌. ഒംനിബോക്‌സ്‌ എന്നറിയപ്പെടുന്ന സംവിധാനം ക്രോമിന്റെ അഡ്രസ്‌ ബാറില്‍ സംവിധാനം ചെയ്‌തിട്ടുള്ളതിനാല്‍ സെര്‍ച്ച്‌ ചെയ്യേണ്ട വാക്കുകളും അഡ്രസ്‌ ബാറില്‍ നല്‍കാം. ടൈപ്പ്‌ ചെയ്യുന്നതിനനുസരിച്ച്‌ ചില വാക്കുകള്‍ ക്രോം തന്നെ നിര്‍ദേശിക്കുകയും ചെയ്യും. ഏറ്റവും അവസാനം സന്ദര്‍ശിച്ച സൈറ്റുകളുടെ തമ്പ്‌നെയില്‍ വ്യൂ ക്രോം തുറക്കുമ്പോള്‍തന്നെ കാണാമെന്നത്‌ ഒരു പ്രധാന വിശേഷമാണ്‌. അഡ്രസ്‌ ബാറിനു മുകളില്‍ പ്രത്യക്ഷപ്പെടുന്ന ക്രോമിലെ ടാബുകള്‍ പുറത്തേക്ക്‌ ഡ്രാഗ്‌ ചെയ്‌ത്‌ പുതിയ വിന്‍ഡോകള്‍ ഉണ്ടാക്കാം. മറ്റ്‌ ടാബുകള്‍ ഒരു വിന്‍ഡോയിലേക്ക്‌ അറേഞ്ച്‌ ചെയ്യുകയുമാവാം. ഓരോ ടാബുകളും സ്വതന്ത്രമാണെന്നതിനാല്‍ ഏതെങ്കിലുമൊരു സൈറ്റ്‌ ക്രാഷ്‌ ആയാലും മറ്റ്‌ സൈറ്റുകളെ ബാധിക്കില്ല. ഓഫിസില്‍ മേലധികാരി അറിയാതെ ബ്രൗസ്‌ ചെയ്യണമെന്നുള്ളവര്‍ക്ക്‌ ശിരീഴിശീേ മോഡ്‌ ഉപയോഗിക്കാം. ഈ മോഡില്‍ ബ്രൗസ്‌ ചെയ്യുമ്പോള്‍ ബ്രൗസിങ്‌ ഹിസ്‌റ്ററിയോ കുക്കി ഫയലുകളോ സ്‌റ്റോര്‍ ചെയ്യാത്തതിനാല്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിച്ചു എന്ന്‌ മറ്റുള്ളവര്‍ക്ക്‌ അറിയാന്‍ കഴിയില്ല. ഫയര്‍ഫോക്‌സിലും ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിലും സേവ്‌ ചെയ്‌തിട്ടുള്ള ബുക്ക്‌മാര്‍ക്കുകള്‍ ഇംപോര്‍ട്ട്‌ ചെയ്യാനുള്ള സംവിധാനവുമുണ്ട്‌.
യൂനികോഡിലുള്ള മലയാളം സൈറ്റുകള്‍ നന്നായി വായിക്കാന്‍ സാധിക്കുന്നു എന്നത്‌ ക്രോമിന്റെ സവിശേഷതയാണ്‌. വിന്‍ഡോസിലെ ഡിഫോള്‍ട്ട്‌ മലയാളം ഫോണ്ടായ കാര്‍ത്തികയാണ്‌ ക്രോം ഉപയോഗിക്കുന്നത്‌. കുറേക്കൂടി ഭംഗിയായി മലയാളം ലഭിക്കാന്‍ ക്രോം വിന്‍ഡോയുടെ വലത്തേ അറ്റത്തുള്ള ഓപ്‌ഷന്‍സില്‍ പോയി മൈനര്‍ ട്വീക്‌സ്‌ ടാബിനു താഴെ ചെയ്‌ഞ്ച്‌ ഫോണ്ട്‌ ആന്റ്‌ ലാംഗ്വേജ്‌ സെറ്റിങ്‌സില്‍ ക്ലിക്ക്‌ ചെയ്‌ത്‌ ഫോണ്ട്‌ അഞ്ചലി ഓള്‍ഡ്‌ ലിപിയാക്കി മാറ്റുക. ശേഷം ഡിഫോള്‍ട്ട്‌ എന്‍കോഡിങ്‌ Unicode (UTF-8) ആക്കണം. ലാംഗ്വേജസ്‌ ടാബില്‍ പോയി മലയാളം ആഡ്‌ ചെയ്‌തു കൊടുക്കുക. ഒരുവിധം മലയാളം ഫോണ്ട്‌ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടും.


ക്രോമില്‍ ഏറ്റവും മുകളിലുള്ള ബ്ലൂ ബാറില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌താല്‍ ടാസ്‌ക്‌ മാനേജര്‍ ലഭിക്കും. അവിടെ ക്ലിക്ക്‌ ചെയ്‌താല്‍ ക്രോം ഉപയോഗിക്കുന്ന മെമ്മറി ടാബ്‌ തിരിച്ചറിയാന്‍ സാധിക്കും. ഏതെങ്കിലും ടാബ്‌ ഹാങ്‌ ആയാല്‍ ഈ ടാസ്‌ക്‌ മാനേജര്‍ എടുത്ത്‌ മറ്റുള്ളവയെ ബാധിക്കാതെ ക്ലോസ്‌ ചെയ്യാന്‍ സൗകര്യമാണ്‌. താരതമ്യം ചെയ്യുമ്പോള്‍ ഫയര്‍ഫോക്‌സിനേക്കാളും മെമ്മറി ഉപയോഗം കുറവാണ്‌ ക്രോമിന്‌.
ഓട്ടോമാറ്റിക്‌ ഡൗണ്‍ലോഡ്‌ സെറ്റ്‌ ചെയ്‌തിട്ടുള്ള ഫയലുകള്‍ നമ്മുടെ അനുമതി കൂടാതെ സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡാവുന്നു എന്നത്‌ ഒരു പ്രധാന സുരക്ഷാപ്രശ്‌നമാണ്‌. ഡൗണ്‍ലോഡ്‌ ചെയ്‌ത ഫയല്‍ ക്രോമിന്റെ താഴെ ഇടത്തേ അറ്റത്തു കാണാം. തുറക്കും മുമ്പ്‌ നിങ്ങള്‍ ഉദ്ദേശപൂര്‍വം ഡൗണ്‍ലോഡ്‌ ചെയ്‌തതു തന്നെയാണെന്ന്‌ ഉറപ്പുവരുത്തുക. ബീറ്റ വേര്‍ഷന്‍ ആയതുകൊണ്ട്‌ ഇത്തരത്തിലുള്ള മറ്റ്‌ പ്രശ്‌നങ്ങളും കണ്ടേക്കാം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച്‌ സമ്പൂര്‍ണ പതിപ്പ്‌ പുറത്തിറങ്ങുമ്പോള്‍ ക്രോം ഒരു കിടിലന്‍ ബ്രൗസര്‍ തന്നെയായിരിക്കുമെന്നു പ്രതീക്ഷിക്കാം.

Tuesday, September 2, 2008

ഗൂഗ്‌ള്‍ സ്വന്തം ബ്രൗസറുമായി വരുന്നു

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും വെല്ലുവിളിയുയര്‍ത്തി പുതിയ ഓപണ്‍ സോഴ്‌സ്‌ ബ്രൗസറുമായി ഇന്റര്‍നെറ്റ്‌ കമ്പനി ഗൂഗ്‌ള്‍ വരുന്നു. ഗ്രാഫിക്‌സിനെയും മള്‍ട്ടിമീഡിയയെയും കൂടുതല്‍ ആശ്രയിക്കുന്ന പുതിയ തലമുറയിലെ വെബ്‌ അപ്ലിക്കേഷനുകളെ നന്നായി കൈകാര്യം ചെയ്യാവുന്ന ലളിതവും വേഗ?മേറിയതുമായ ബ്രൗസറാണ്‌ ഗൂഗ്‌ള്‍ പുറത്തിറക്കുന്നത്‌.
`ക്രോം' എന്ന്‌ പേരിട്ടിരിക്കുന്ന ബ്രൗസറിന്റെ പരീക്ഷണാര്‍ഥമുള്ള പതിപ്പ്‌ 100 രാജ്യങ്ങളില്‍ ഇന്നലെ പുറത്തിറക്കി. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പാണ്‌ ഇറങ്ങിയിരിക്കുന്നത്‌. മാക്‌, ലിനക്‌സ്‌ പതിപ്പുകള്‍ വരാനിരിക്കുന്നതേയുള്ളൂ. പരമ്പരാഗത ഡസ്‌ക്‌ടോപ്പ്‌ അപ്ലിക്കേഷനുകളെ വെല്ലുവിളിക്കുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളുമായി മുന്നോട്ടുപോവാന്‍ പുതിയ ബ്രൗസര്‍ ഗൂഗ്‌ളിനെ സഹായിക്കും. ഡോക്യുമെന്റ്‌സ്‌, പികാസ, മാപ്‌സ്‌ തുടങ്ങിയ അപ്ലിക്കേഷനുകള്‍ ഇപ്പോള്‍ തന്നെ ഗൂഗ്‌ളിന്റേതായുണ്ട്‌.
പേഴ്‌സണല്‍ കംപ്യൂട്ടര്‍ രംഗത്ത്‌ മൈക്രോസോഫ്‌റ്റിന്‌ തിരിച്ചടിയാണ്‌ ഗൂഗ്‌ളിന്റെ ക്രോം ബ്രൗസര്‍. മൈക്രോസോഫ്‌റ്റിന്റെ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററാണ്‌ ബ്രൗസര്‍ വിപണിയുടെ 80 ശതമാനവും കൈയടക്കിയിരിക്കുന്നത്‌.

പട്ടാപ്പകല്‍ ബലാല്‍സംഗം