Saturday, November 15, 2008

പുരുഷ ഗര്‍ഭിണി

അമേരിക്ക: `പുരുഷ ഗര്‍ഭിണി' രണ്ടാമത്തെ
പ്രസവത്തിനു തയ്യാറെടുക്കുന്നു


വാഷിങ്‌ടണ്‍: കഴിഞ്ഞ ജൂണില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി ലോകത്തെ അതിശയിപ്പിച്ച അമേരിക്കക്കാരന്‍ തോമസ്‌ ബീറ്റി അടുത്ത കുഞ്ഞിനായി കാത്തിരിക്കുന്നു. എ.ബി.സി ന്യൂസിന്‌ നല്‍കിയ അഭിമുഖത്തിലാണു 34കാരനായ ബീറ്റി പ്രഖ്യാപനം നടത്തിയത്‌. പെണ്ണായി ജനിച്ച ബീറ്റി ലിംഗമാറ്റ ശസ്‌ത്രക്രിയ വഴിയാണു പുരുഷനായത്‌. എന്നാല്‍, സത്രീ പ്രത്യുല്‍പ്പാദനാവയവങ്ങള്‍ ബീറ്റി നിലനിര്‍ത്തിയിരുന്നു. അടുത്ത പ്രസവം ജൂണില്‍ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോവുന്നെന്നും ബീറ്റി പറഞ്ഞു.
ഹവായിയില്‍ ജനിച്ച ട്രേസി ലഗോന്‍ഡിനാണ്‌ 20ാമത്തെ വയസ്സില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ വഴി തോമസ്‌ ബീറ്റി ആയത്‌. നാലുവര്‍ഷം മുമ്പു നാന്‍സി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത ബീറ്റി വേറൊരാളില്‍ നിന്നു ബീജം ദാനമായി സ്വീകരിച്ചാണു ഗര്‍ഭം ധരിച്ചത്‌. ആദ്യ പ്രസവം സാധാരണരീതിയിലായിരുന്നു.

Wednesday, November 12, 2008

എവിടെയെനിക്കു ജീവിതം...?

മറ്റുള്ളവര്‍ക്ക്‌ ജീവിതം സമ്മാനിക്കാനുള്ള ബദ്ധപ്പാടില്‍ സ്വന്തം കാര്യങ്ങള്‍ മറന്നു പോകുന്ന തമാശ.. ഗള്‍ഫില്‍ പാതിയോളം പേരുടെ ഭൂമിശാസ്‌ത്രമിതാകുന്നു. രക്തസമ്മര്‍ദ്ധമില്ലാത്തവര്‍ ചുരുക്കം. മെലിഞ്ഞവര്‍ തടിക്കുന്നു, നരക്കുന്നു, കഷണ്ടി കയറുന്നു, കുടവയറന്‍മാരാകുന്നു. പുറമേ കാണുന്നവര്‍ക്കിത്‌ ഗള്‍ഫിന്റെ സമ്പന്നത, പദവി. മുഴുവന്‍ രോഗമാണിതില്‍. കേരളീയ ബലഹീനതയുടെ എല്ലിനും തോലിനും മേലുള്ള വച്ചുകെട്ടലുകള്‍.
നാളെ നാട്ടില്‍ പോയി സുഖമായി ജീവിക്കാമെന്നാണ്‌ ഓരോ ഗള്‍ഫുകാരന്റെയും സ്വപ്‌നം. ഇന്നില്ലാത്തവന്‌ എന്ത്‌ നാളെ. നാളെ നാളെ എന്ന്‌ നീട്ടി പത്തിരുപത്‌ വര്‍ഷക്കാലം ജീവിതത്തിന്റെ വസന്തം മുഴുവന്‍ ഗള്‍ഫില്‍ ഹോമിച്ച അവനെന്താണ്‌ നേടുന്നത്‌? രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമല്ലാതെ...
നാളെ ജീവിക്കാം എന്ന സ്വപ്‌നവുമായി, ഗള്‍ഫില്‍ കഴിയുന്നവന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നത്‌ ജീവിതത്തിന്റെ പച്ചപ്പുകളോ ഒറ്റപ്പെട്ടവന്റെ വ്യഥകളോ...? നാല്‍പ്പതാം വയസ്സില്‍ ഗള്‍ഫിനോട്‌ വിടപറഞ്ഞ്‌ നാട്ടിലെത്തിയവര്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ഗള്‍ഫിലേക്കു തന്നെ തിരിച്ചു വരുന്ന ഫലിതം.
വര്‍ങ്ങളോളം ഗള്‍ഫില്‍ കഴിഞ്ഞതിന്റെ മിച്ചം സ്വന്തം പേരിലൊരു കോണ്‍ക്രീറ്റ്‌ കൊട്ടാരം മാത്രം. വയസ്സു കാലത്ത്‌ കോണ്‍ക്രീറ്റ്‌ കൊട്ടാരത്തില്‍ മലര്‍ന്നു കിടന്ന്‌ പൊള്ളുന്ന ചൂട്‌ ഏറ്റുവാങ്ങി അയാള്‍ ചോദിക്കുന്നു..
എവിടെയെനിക്ക്‌ ജീവിതം....?
അത്‌ കേള്‍ക്കാന്‍, അതിന്റെ തീക്ഷ്‌ണതയേറ്റു വാങ്ങി പകരം മനസ്സില്‍ സ്‌നേഹത്തിന്റെ അമൃത്‌ പൊഴിക്കാന്‍ മക്കളുണ്ടാവുമോ അരികില്‍...?
ഒരു പക്ഷേ ഭാര്യയുണ്ടായേക്കാം, ദീര്‍ഘനിശ്വസമുതിര്‍ത്തു കൊണ്ട്‌ ഒരു തൂവല്‍ സ്‌പര്‍ശത്തിന്റെ സാന്ത്വനവുമായി... ആ നേരം ഭര്‍ത്താവിനോടായി അവരും മൂകമായി ചോദിക്കും..
ഇക്കണ്ട കാലം മുഴുക്കെ നിങ്ങളുടെ ഭാര്യയായി കഴിഞ്ഞിട്ട്‌ നിങ്ങളെന്താണെനിക്കു തന്നത്‌..? കണ്ണീരില്‍ കുതിര്‍ന്ന കുറേ അക്ഷരങ്ങളല്ലാതെ...?

Wednesday, November 5, 2008

ഞാന്‍ മുസ്‌്‌ലിം

സച്ചിതാനന്ദന്‍

രണ്ടു കുറി കുഞ്ഞാലി
ഒരു കുറി അബ്ദുല്‍ റഹ്‌്‌മാന്‍
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍കുട്ടിയില്‍ മുഴങ്ങിപ്പെയ്‌തവന്‍
'ക്രൂരമുഹമ്മദ'രുടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാര്‍ നാടകങ്ങളില്‍
നല്ലവനായ അയല്‍ക്കാരന്‍
'ഒറ്റക്കണ്ണനും' 'എട്ടുകാലിയും'
'മുങ്ങാങ്കോഴി'യുമായി ഞാന്‍
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടുവന്ന അബ്ദുവിന്റെ പകയും
പൂക്കോയ തങ്ങളുടെ പ്രതാപവുമായി
എന്റെ വീടര്‍ ഉമ്മാച്ചുവും പാത്തുമ്മയുമായി
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു

ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍
സ്വരൂപമാകെ മാറിയിരിക്കുന്നു
തൊപ്പിക്ക്‌ പകരം 'കുഫിയ്യ'
കത്തിക്കു പകരം തോക്ക്‌
കളസം നിറയെ ചോര
ഖല്‍ബിരുന്നിടത്ത്‌ മിടിക്കുന്ന ബോംബ്‌
കുടിക്കുന്നത്‌ 'ഖഗ്‌വ'
വായിക്കുന്നത്‌ ഇടത്തോട്ട്‌
പുതിയ ചെല്ലപ്പേര്‌ 'ഭീകരവാദി'
ഇന്നാട്ടില്‍ പിറന്നുപോയി
ഖബര്‍ ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള്‍ വീടുകിട്ടാത്ത യത്തീം
ആര്‍ക്കുമെന്നെ തുറുങ്കിലയക്കാം
എറ്റുമുട്ടലിലെന്ന്‌ പാടി കൊല്ലാം
തെളിവൊന്നു മതി: എന്റെ പേര്‌
ആ 'നല്ല മനിസ'നാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം?
'ഇഷ്‌കി'നെക്കുറിച്ചുള്ള ഒരു ഗസലിനകത്ത്‌
വെറുമൊരു 'ഖയാലായി' മാറാനെങ്കിലും

കുഴിച്ചു മൂടിക്കോളൂ ഒപ്പനയും
കോല്‍ക്കളിയും ദഫ്‌മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും
മിനാരങ്ങളും
കത്തിച്ചുകളഞ്ഞോളൂ മന്ത്രവിരിപ്പുകളും
വര്‍ണ്ണചിത്രങ്ങളും
തിരിച്ചുതരൂ എനിക്കെന്റെ മുഖം മാത്രം
എല്ലാ മനുഷ്യരെയും പോലെ
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്‌നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന
എന്റെ മുഖം മാത്രം

Wednesday, October 29, 2008

സച്ചിദാനന്ദന്റെ ഇ-മെയില്‍ വിലാസം റാഞ്ചി

ന്യൂഡല്‍ഹി: പ്രശസ്‌ത മലയാള കവിയും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുന്‍ സെക്രട്ടറിയുമായ കെ സച്ചിദാനന്ദന്റെ ഇ-മെയില്‍ വിലാസം ഇന്റര്‍നെറ്റ്‌ തട്ടിപ്പുകാര്‍ റാഞ്ചി. ഇന്നലെ രാവിലെ കവിയുടെ ഡല്‍ഹിയിലും കേരളത്തിലുമുള്ള നിരവധി സുഹൃത്തുക്കള്‍ക്ക്‌ അദ്ദേഹത്തിന്റെ ഹോട്ട്‌മെയില്‍ വിലാസത്തില്‍ നിന്നു വന്ന കത്ത്‌ പലരെയും പരിഭ്രമിപ്പിച്ചു. താന്‍ ഇംഗ്ലണ്ടില്‍ വംശീയവിരുദ്ധ-എയ്‌ഡ്‌സ്‌ വിരുദ്ധ സെമിനാറിനു വന്നതാണെന്നും ഹോട്ടലില്‍ വച്ച്‌ തന്റെ പേഴ്‌സ്‌ നഷ്ടമായെന്നും ഹോട്ടല്‍ ബില്ലും മറ്റും അടയ്‌ക്കാനായി അടിയന്തരമായി 7500 ഡോളര്‍ അയക്കണമെന്നുമാണ്‌ സന്ദേശത്തില്‍ പറഞ്ഞത്‌. സഹായിക്കാന്‍ തയ്യാറുള്ള സുഹൃത്തുക്കള്‍ വിവരം ഉടന്‍ അറിയിക്കണമെന്നും `വെസ്റ്റേണ്‍ യൂനിയന്‍' വഴി പണമയച്ചാല്‍ മതിയെന്നും സന്ദേശത്തിലുണ്ടായിരുന്നു.
തട്ടിപ്പു നടന്ന വിവരം ബോധ്യമായതായി സച്ചിദാനന്ദന്‍ പറഞ്ഞു. സന്ദേശം കണ്ട പല സുഹൃത്തുക്കളും വിളിച്ച്‌ വിവരമന്വേഷിച്ചിരുന്നു. താന്‍ ഡല്‍ഹിയില്‍ തന്നെയുണ്ടെന്നും മൂന്നു ദിവസമായി ഏഷ്യ-പസഫിക്‌ സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം സുഹൃത്തുക്കളെ മുഴുവന്‍ അറിയിക്കുകയായിരുന്നു. ഹോട്ട്‌മെയില്‍ അക്കൗണ്ടില്‍ നേരത്തെ വന്ന ഒരു സന്ദേശത്തിനു മറുപടി നല്‍കുക വഴിയാണ്‌ തന്റെ വിലാസം തട്ടിപ്പുകാരുടെ കൈയില്‍ പെടാനിടയായതെന്ന്‌ അദ്ദേഹം പറഞ്ഞു.  

Tuesday, October 28, 2008

മത്തായിയുടെ വചനങ്ങള്‍

നിക്കറിന്റെ പോക്കറ്റില്‍ മദ്യക്കുപ്പിയുമായി പോകുന്നതിനിടെ മത്തായി കല്ലില്‍ത്തട്ടി വീണു. കാലില്‍ എന്തോ ഒലിക്കുന്നതു കണ്ട മത്തായി ദൈവത്തിനോട്‌: ''ദൈവമേ, ഒലിക്കുന്നതു രക്തമായിരിക്കേണമേ.''
മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു മത്തായിയെ പോലിസ്‌ പിടിച്ചു. നന്നായി വിരട്ടിയ ശേഷം എസ്‌.ഐ പറഞ്ഞു: '' നിന്റെ മുഖം ഇനി കാണാന്‍ ഇടവരരുത്‌''. മത്തായിയുടെ മറുപടി: ''നടക്കില്ല സാറേ, നമ്മള്‍ ഒരേ ഷാപ്പിലെ പറ്റുകാരാ''.
മത്തായി മദ്യപിക്കുന്നതിനിടെ ഈച്ച മദ്യത്തില്‍ വീണു. മത്തായി അതിനെ വിരലിലെടുത്ത്‌ ആക്രോശിച്ചു: '' തുപ്പെടാ ഈച്ചേ, കുടിച്ചതു തുപ്പെടാ''
മത്തായിയെ ഭാര്യ ഷാപ്പിലെത്തി പിടികൂടി. ഭര്‍ത്താവ്‌ കുടിച്ചു കൊണ്ടിരുന്ന സാധനം ഒന്നു രുചിച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു: '' ഈ വൃത്തികെട്ട സാധനം എന്തിനാ മനുഷ്യാ കുടിക്കുന്നത്‌''. മത്തായി: '' ഞാന്‍ ഒറ്റയ്‌ക്കു സുഖിക്കുന്നെന്നല്ലായിരുന്നോടീ നിന്റെ പരാതി, അതിപ്പോള്‍ തീര്‍ന്നല്ലോ''.
പാതിരാത്രിയില്‍ കുടിച്ചു ലക്കില്ലാതെ വരുന്ന മത്തായിയെ പേടിപ്പിക്കാന്‍ ഭാര്യ യക്ഷിയുടെ വേഷം കെട്ടി. മത്തായി വന്നതും മുമ്പോട്ടു ചാടിക്കൊണ്ട്‌ പറഞ്ഞു: '' ഞാനാ രക്ത യക്ഷി, രാത്രി വൈകി വരുന്നവര്‍ എനിക്കുള്ളതാ''
മത്തായി: ''ഗ്ലാഡ്‌ റ്റു മീറ്റ്‌ യു.. നിന്റെ ചേച്ചിയേയാ ഞാന്‍ കെട്ടിയിരിക്കുന്നത്‌''
അച്ചന്‍ മത്തായിയോട്‌: ''മത്തായീ, നീ കുടിച്ചിട്ടാണോ പള്ളിയില്‍ വന്നത്‌?''
മത്തായി: ''വെള്ളം മാത്രമേ കുടിച്ചുള്ളൂ അച്ചോ''
അച്ചന്‍: '' പിന്നെന്താ നിന്നെ മദ്യം മണക്കുന്നത്‌?''
മത്തായി: '' ദൈവമേ അങ്ങ്‌ വെള്ളം വീണ്ടും വീഞ്ഞാക്കിയോ?''
മത്തായി ദിവസവും മൂന്നു കുപ്പി മദ്യം ഒരുമിച്ചു വാങ്ങിയ ശേഷമാണ്‌ അടി തുടങ്ങുന്നത്‌. ബാര്‍ അറ്റന്റര്‍ കാര്യം തിരക്കി. ''മൂന്നു കുപ്പിയില്‍ ഒന്നെനിക്കും, മറ്റ്‌ രണ്ടെണ്ണം ഗള്‍ഫിലുള്ള എന്റെ സഹോദരന്മാര്‍ക്കും വേണ്ടിയാ ഞാന്‍ കുടിക്കുന്നത്‌''
ഓരോ കുപ്പിയില്‍ നിന്നും മാറിമാറി കുപ്പിയില്‍ വീഴ്‌ത്തിയായിരുന്നു മത്തായിയുടെ സുരപാനം. ഒരു ദിവസം മൂന്നിനു പകരം രണ്ടു കുപ്പി മാത്രമാണ്‌ മത്തായി വാങ്ങിയത്‌. ബാര്‍ അറ്റന്റര്‍ പറഞ്ഞു: '' അങ്ങയുടെ ഒരു സഹോദരന്‍ മരിച്ചുപോയല്ലേ? എന്റെ അനുശോചനം''
മത്തായിയുടെ മറുപടി:'' ആരും മരിച്ചിട്ടില്ല, ഞാന്‍ കുടിനിര്‍ത്തി, പക്ഷേ അനിയന്‍മാര്‍ നിര്‍ത്തിയിട്ടില്ല'' 

Wednesday, October 22, 2008

നിങ്ങള്‍ക്ക്‌ പ്രേമിച്ചാല്‍ മതി..

നിങ്ങള്‍ക്ക്‌ പ്രേമിച്ചാല്‍ മതി, അനുഭവിക്കേണ്ടത്‌ പാവം കുഞ്ഞുങ്ങളല്ലേ... 

Tuesday, October 21, 2008

കീബോര്‍ഡില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താം

കംപ്യൂട്ടറില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ പുതുവഴികള്‍ തേടിക്കൊണ്ടിരിക്കെ പുതിയൊരു ഭീഷണി കൂടി നിങ്ങളെ കാത്തിരിക്കുന്നു. ഇതുവരെ നെറ്റ്‌വര്‍ക്ക്‌ വഴിയാണ്‌ ഒട്ടുമിക്ക വിവരങ്ങളും ചോര്‍ത്തിയിരുന്നതെങ്കില്‍ ഇനി കംപ്യൂട്ടര്‍ കീബോര്‍ഡാണ്‌ വില്ലനാവാന്‍ പോവുന്നത്‌. കീ അമര്‍ത്തുമ്പോള്‍ പുറത്തുവിടുന്ന ഇലക്ട്രോ മാഗ്‌നറ്റിക്‌ സിഗ്‌നലുകള്‍ പിടിച്ചെടുത്ത്‌ ടൈപ്പ്‌ ചെയ്യുന്നതെന്താണെന്നു കണ്ടെത്താന്‍ സാധിക്കുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. സ്വിസ്‌ ഗവേഷകരാണ്‌ ഈ സംവിധാനം വികസിപ്പിച്ചെടുത്തത്‌.
ഗവേഷണ വിദ്യാര്‍ഥികളായ മാര്‍ട്ടിന്‍ വോഗ്‌നോക്‌സും സില്‍വൈന്‍ പാസിനിയുമാണ്‌ പുതിയ കണ്ടെത്തലിനു പിന്നില്‍. കംപ്യൂട്ടറുമായി പി.എസ്‌/2 വഴിയോ യു.എസ്‌.ബി വഴിയോ കണക്ട്‌ ചെയ്‌ത 11 തരം കീബോര്‍ഡുകളില്‍ ഇവര്‍ പരീക്ഷണം നടത്തി. ലാപ്‌ടോപിനോടൊപ്പം വരുന്ന കീബോര്‍ഡുകളിലും വിവരം ചോര്‍ത്താനുള്ള വിദ്യ വിജയിച്ചതായി ഗവേഷകര്‍ പറഞ്ഞു. 20 മീറ്റര്‍ അകലെ നിന്നുവരെ സിഗ്‌നല്‍ പിടിച്ചെടുക്കാന്‍ സാധിക്കുമത്രേ. 

Tuesday, October 14, 2008

ഡെത്ത്‌ മാനേജ്‌മെന്റ്‌

( ഒരു മരണവീട്ടിലെ സംഭാഷണത്തില്‍ നിന്ന്‌)
ചോദ്യം: ചേട്ടത്തിയുടെ മക്കളൊക്കെ അമേരിക്കയില്‍ നിന്ന്‌ എത്തിയോ?
ഉത്തരം: ഇല്ല, ആരും വരില്ലെന്ന്‌ അറിയിച്ചിട്ടുണ്ട്‌.
ചോ: പിന്നെയാരാ അടുത്തിരുന്ന്‌ കരയുന്ന സ്‌ത്രീകളൊക്കെ
ഉ: അത്‌ 'ഓള്‍വേയ്‌സ്‌' ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയുടെ സ്റ്റാഫാണ്‌. ഈ പ്രോഗ്രാം ഞങ്ങളാണ്‌ നടത്തുന്നത്‌.
ചോ: പ്രോഗ്രാമോ?
ഉ: അതേ സര്‍, വിവാഹവും മരണവുമടക്കം ആളുകൂടുന്ന എല്ലാ ചടങ്ങും ഞങ്ങള്‍ക്ക്‌ പ്രോഗ്രാമാണ്‌. പ്രോഗ്രാം കളര്‍ഫുള്ളാക്കാന്‍ എത്രപേരെ വേണമെങ്കിലും ഇറക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിയും. ഇവിടെയിപ്പോള്‍ നൂറുപേരെ ഇറക്കിയിട്ടുണ്ട്‌.
ചോ: ആരാണ്‌ നിങ്ങളെ ഇത്‌ ഏല്‍പ്പിച്ചത്‌
ഉ: അവരുടെ മക്കളാണ്‌ സര്‍. അമേരിക്കയില്‍ നിന്ന്‌ ഇന്റര്‍നെറ്റ്‌ വഴി കഴിഞ്ഞ വര്‍ഷമാണ്‌ അവര്‍ ഞങ്ങളുടെ സേവനത്തിന്‌ രജിസ്റ്റര്‍ ചെയ്‌തത്‌.
ചോ: കഴിഞ്ഞ വര്‍ഷം അതിന്‌ ചേട്ടത്തിക്ക്‌ അസുഖമൊന്നുമുണ്ടായിരുന്നില്ലല്ലോ?
ഉ: ഉണ്ടാവണമെന്നില്ല സര്‍. 60 വയസ്സുകഴിഞ്ഞവരെയൊക്കെ നേരത്തേ ബുക്ക്‌ ചെയ്യുന്നതാണ്‌ നല്ലത്‌. ഇതിപ്പോ ഞങ്ങള്‍ക്ക്‌ നന്നായി ഓര്‍ഗനൈസ്‌ ചെയ്യാനുള്ള സമയം കിട്ടി.
ചോ: എന്തൊക്കെയാണ്‌ നിങ്ങള്‍ ചെയ്യുന്നത്‌?
ഉ: വിവരമറിഞ്ഞയുടന്‍ തന്നെ ഞങ്ങള്‍ മൊബൈല്‍ മോര്‍ച്ചറി എത്തിച്ചു. മരണവിവരം അറിയിക്കാന്‍ അമ്പതോളം ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നാട്ടിലെങ്ങും സ്ഥാപിച്ചു. പന്തല്‍, വീഡിയോ കവറേജ്‌, ഫോട്ടോ, മൈക്ക്‌, കരയാനും മറ്റുമുള്ള ആളുകള്‍ ഇതൊക്കെ ഞങ്ങള്‍ ഏര്‍പ്പാട്‌ ചെയ്യുന്നതാണ്‌. ഒറ്റയ്‌ക്ക്‌ താമസിക്കുന്ന ഒരു വൃദ്ധ മരിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇത്രയും സൗകര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയുമോ സര്‍.
ചോ: അവരുടെ ഭാഗ്യം. ആട്ടെ, ഇനിയെന്താ അടുത്ത പരിപാടി?
ഉ: വിലാപയാത്രയാണ്‌ സര്‍, നൂറു കാറുകള്‍ ഏര്‍പ്പാട്‌ ചെയ്‌തിട്ടുണ്ട്‌.
ചോ: ഇതിനൊക്കെ വലിയ തുക ഫീസ്‌ വരില്ലേ?
ഉ: തുച്ഛം സര്‍. മൂന്നു പെണ്‍മക്കളും അവരുടെ ഫാമിലി മെമ്പേഴ്‌സും അമേരിക്കയില്‍ നിന്ന്‌ വന്നിട്ടുപോവാന്‍ കാശെത്രയാവും. അതിന്റെ നാലിലൊന്നുപോലും ഞങ്ങളുടെ ഫീസ്‌ വരില്ല. കഷ്ടപ്പാടുമില്ല. ഇന്റര്‍നെറ്റ്‌ വഴി ഈ പ്രോഗ്രാം അവര്‍ അമേരിക്കയില്‍ നിന്ന കണ്ടുകൊണ്ടിരിക്കുകയുമാണ്‌ സര്‍.
ചോ: നന്നായി, ചേട്ടത്തി തലചുറ്റി വീണ്‌ മരിച്ചപ്പോള്‍ തന്നെ നിങ്ങള്‍ എങ്ങനെ വിവരമറിഞ്ഞു?
ഉ: അതാണ്‌ സര്‍ ഞങ്ങളുടെ സര്‍വീസ്‌. രജിസ്‌റ്റര്‍ ചെയ്‌തതു മുതല്‍ ഈ വീട്‌ ഞങ്ങളുടെ നിരീക്ഷണത്തിലാണ്‌. ഇവിടെ ഒരീച്ച അനങ്ങിയാല്‍പ്പോലും ഞങ്ങള്‍ക്ക്‌ വിവരം ലഭിക്കും.
ചോ: അപ്പോള്‍ ചേട്ടത്തിയുടെ മരണത്തിനായി നിങ്ങള്‍ ഒരു വര്‍ഷമായി കാത്തിരിക്കുകയാണെന്നാണോ?
ഉ: സംശയമെന്ത്‌ സര്‍, ചേട്ടത്തിയെ മാത്രമല്ല, കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള നൂറുകണക്കിനാളുകളെ അവര്‍ പോലുമറിയാതെ ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്‌. (60 കഴിഞ്ഞ ചോദ്യകര്‍ത്താവ്‌ പിന്നീടൊന്നും ഉരിയാടാതെ സംഭ്രമിച്ച്‌ നാലുചുറ്റും നോക്കിക്കൊണ്ട്‌ സ്ഥലം വിട്ടു)
ഇമെയിലില്‍ കിട്ടിയത്‌ 

Sunday, October 12, 2008

കാഴ്‌ചപ്പാട്‌

ഒരുദിവസം പണമുള്ള കുടുംബത്തിലെ പിതാവ്‌ മകനെയും കൂട്ടി പാവപ്പെട്ടവര്‍ എങ്ങനെ ജീവിക്കുന്നു എന്നു കാട്ടിക്കൊടുക്കാന്‍ പുറപ്പെട്ടു. വളരെ ദരിദ്രരായ ഒരു കുടുംബത്തിന്റെ കൃഷിയിടത്തില്‍ അവര്‍ കുറച്ചുദിവസം ചെലവിട്ടു. തിരിച്ചു വരമ്പോള്‍ പിതാവ്‌ മകനോട്‌ ചോദിച്ചു.
എങ്ങനെയുണ്ടായിരുന്നു യാത്ര...
വളരെ നന്നായിരുന്നു അഛാ..
പാവങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നു നീ മനസ്സിലാക്കിയോ..?
ഉം.. മകന്‍ മൂളി.
പറയൂ.. എന്താണ്‌ നീ ഈ യാത്രയില്‍ നിന്ന്‌ മനസ്സിലാക്കിയത്‌ ? പിതാവ്‌ ചോദിച്ചു.
മകന്‍ പറഞ്ഞു
' നമുക്ക്‌ ഒരു നായയേയുള്ളു.. അവര്‍ക്ക്‌ നാല്‌ നായ്‌ക്കളുണ്ട്‌.
നമുക്ക്‌ തോട്ടത്തിന്റെ മധ്യത്തിലെത്തുന്ന ഒരു കുളമുണ്ട്‌. അവരുടെ അരുവിക്ക്‌ അറ്റമില്ല.
നമ്മുടെ തോട്ടത്തില്‍ വിദേശനിര്‍മിത വിളക്കുകളുണ്ട്‌, എന്നാല്‍ അവരുടെ രാത്രികള്‍ക്ക്‌ പ്രകാശം ചൊരിയുന്നത്‌ നക്ഷത്രങ്ങളാണ്‌.
നമുക്ക്‌ സേവ ചെയ്യാന്‍ വേലക്കാരുണ്ട്‌. അവര്‍ മറ്റുള്ളവരെ സേവിക്കുകയാണ്‌.
നമുക്ക്‌ വേണ്ട ഭക്ഷണം നാം വാങ്ങുന്നു. അവര്‍ അത്‌ സ്വന്തമായി വളര്‍ത്തിയുണ്ടാക്കുന്നു.
നമ്മുടെ സ്വത്ത്‌ സംരക്ഷിക്കാന്‍ മതിലുകളുണ്ട്‌. അവരെ സംരക്ഷിക്കാന്‍ സുഹൃത്തുക്കളും.'
മകന്റെ മറുപടികേട്ട്‌ പിതാവ്‌ സ്‌തബ്ധനായി നിന്നു.
മകന്‍ പറഞ്ഞു, ' നാം എത്ര ദരിദ്രരാണെന്നു മനസ്സിലാക്കിത്തന്നതിന്‌ നന്ദി അഛാ'

Friday, October 10, 2008

എന്നിട്ടും നിങ്ങളെന്നെ നിറമുള്ളവന്‍ എന്നു വിളിക്കുന്നു?

ഞാന്‍ ജനിച്ചപ്പോള്‍ കറുപ്പായിരുന്നു
വളര്‍ന്നപ്പോഴും കറുപ്പായിരുന്നു
സൂര്യപ്രകാശത്തിനു കീഴെയും കറുപ്പ്‌ തന്നെ
ഭയത്തിലും രോഗത്തിലും ഞാന്‍ കറുപ്പ്‌
ഒടുക്കം മരണത്തിലും എന്റെ നിറം കറുപ്പ്‌ തന്നെ

നിങ്ങള്‍ വെള്ളക്കാര്‍
ജനിച്ചപ്പോള്‍ പിങ്ക്‌ നിറം
വളര്‍ന്നപ്പോള്‍ വെളുപ്പ്‌
സൂര്യപ്രകാശത്തില്‍ നിങ്ങളുടെ നിറം ചുവപ്പ്‌
തണുപ്പില്‍ നീല
ഭയന്നപ്പോള്‍ മഞ്ഞയും രോഗത്തില്‍ പച്ചയും
ഒടുക്കം മരണത്തില്‍ നിങ്ങള്‍ ചാര നിറമായി

എന്നിട്ടും നിങ്ങളെന്നെ നിറമുള്ളവന്‍ എന്നു വിളിക്കുന്നു? 


When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black
And you white fellow
When you born, you pink

When you grow up, you white

When you go in sun, you red

When you cold, you blue

When you scared, you yellow

When you sick, you green

And when you die, you gray


And you calling me colored?
This poem was nominated by UN as the best poem of 2006,
Written by an African Kid
.

Sunday, September 28, 2008

കിഷിലെ പെരുന്നാള്‍

വീണ്ടുമൊരു പെരുന്നാളുകൂടി കടന്നുവരുന്നു. രണ്ടുദിവസത്തെ ലീവുണ്ട്‌. വേണമെങ്കില്‍ ഒക്ടോബറിലെ മറ്റ്‌ ലീവുകള്‍ കൂടി കൂട്ടി നാലഞ്ച്‌ ദിവസം നാട്ടില്‍ നില്‍ക്കാം. നാടെന്ന്‌ പറഞ്ഞാല്‍ ഒത്തരി ദൂരെയൊന്നുമല്ല. കോഴിക്കോട്‌ നിന്ന്‌ കാസര്‍കോഡേക്ക്‌ യാത്ര ചെയ്യണം. എങ്കിലും തോന്നുമ്പോള്‍ ഓടിപ്പോകാന്‍ പറ്റില്ലെങ്കില്‍ അതും ഒരു ദൂരം തന്നെ. കെട്ടിയോള്‍ക്കും കുട്ടിക്കുമൊക്കെ കഴിഞ്ഞ അവധിക്ക്‌ നാട്ടില്‍ പോയപ്പള്‍ തന്നെ പുത്തനുടുപ്പുകള്‍ വാങ്ങിക്കൊടുത്തത്‌ കൊണ്ട്‌ ആ ടെന്‍ഷന്‍ ഇല്ല. 


ഇവിടെ മെസ്സിലെ ഭക്ഷണം തിന്നു മടുത്തു. നാട്ടിലെ പെരുന്നാള്‍ ബിരിയാണിയുടെ സുഖം ഇപ്പഴേ നാവിലൂറുന്നു. പലതും ഓര്‍ത്തപ്പഴാണ്‌ നാലഞ്ച്‌ വര്‍ഷം മുമ്പ്‌ ചുട്ടമീനും ഉള്ളിയും തിന്ന്‌, മൂന്നൂദിവസം മുമ്പ്‌ അലക്കിയ കുപ്പായവുമിട്ട്‌ പെരുന്നാളാഘോഷിക്കേണ്ടി വന്ന കഥ മനസ്സിലേക്കോടിയെത്തിയത്‌. 


ജീവിതത്തിന്റെ കറക്കത്തിനിടയില്‍ മനസ്സില്ലാ മനസ്സോടെയാണ്‌ ഗള്‍ഫിലെത്തിയത്‌. ദുബായിലായിരുന്നു ലാന്റിങ്‌. എന്റെ ജാതകം നല്ലതായതു കൊണ്ട്‌ ഗള്‍ഫില്‍ കാലുകുത്തിയ ഉടനെ വാപ്പാന്റെ ജോലി പോയി, എക്‌സ്‌ ഗള്‍ഫായി നാട്ടിലേക്കു മടങ്ങി. കറങ്ങിത്തിരിഞ്ഞ്‌ അബൂദാബിയിലെത്തി. അവിടെ ഒരു ഇന്റര്‍നെറ്റ്‌ കഫേയിലിരിക്കെയാണ്‌ ഇംഗ്ലീഷ്‌ വല്ല്യ പിടിയില്ലാത്ത ഒരു അറബിയെ പരിചയപ്പെട്ടത്‌. മൂപ്പര്‍ക്ക്‌ അടുത്തു തന്നെ ഒരു ഇന്റര്‍നെറ്റ്‌ കഫേ തുടങ്ങാന്‍ പരിപാടിയുണ്ട്‌. ഒരാളെ വേണം. ദേ ഞാന്‍ റെഡി. കഫേ ഉടമയായ എന്റെ സുഹൃത്തിന്‌ അറബിയെ നേരത്തേ പരിചയമുണ്ടായിരുന്നു. ഞാന്‍ ഭയങ്കര കമ്പ്യൂട്ടര്‍ പ്രഫഷനലാണൈന്ന്‌ അവന്‍ വച്ചുകാച്ചുകയും കൂടി ചെയ്‌തതോടെ അറബി വീണു. 


ഏതായാലും അറബിയുടെ കഫേ ഒന്നു കാണാമെന്നു കരുതി മൂപ്പരുടെ വണ്ടിയില്‍തന്നെ ഇറങ്ങിപ്പുറപ്പെട്ടു. കുറച്ചങ്ങു പോയപ്പോഴാണ്‌ വേണ്ടിയിരുന്നില്ല എന്നുതോന്നിയത്‌. പത്ത്‌ മൂന്നൂറ്‌ കിലോമീറ്റര്‍ ദൂരെ മരൂഭൂമിയിലാണ്‌ കഫെ. 95 ശതമാനവും അറബികളാണ്‌ അതിനു ചുറ്റും. ഇത്ര ദൂരെയാവുമെന്ന്‌ ഞാനും കരുതിയില്ല. ഏതായാലും ഉള്ളതു കൊണ്ട്‌ ഓണം. എത്ര കാലമാ ബന്ധുക്കളെ ബുദ്ധിമുട്ടിച്ച്‌ ഓസിനു കഴിയുക. 1500 ദിര്‍ഹം ശമ്പളത്തിന്‌ മൂപ്പരുടെ കീഴില്‍ ജോലിക്ക്‌ ചേര്‍ന്നു. റമദാന്‍ തുടങ്ങിയതും എന്റെ വിസയുടെ കാലാവധി കഴിഞ്ഞതും ഒന്നിച്ചായിരുന്നു. 


അറബി നാളെ നാളെ എന്നു പറഞ്ഞ്‌ നീട്ടിക്കൊണ്ടു പോയി. അവസാനം വിളിച്ചാല്‍ ഫോണെടുക്കാതായി. ഈ ചങ്ങാതിമാരെ നോമ്പായിക്കഴിഞ്ഞാല്‍പ്പിന്നെ ഒന്നിനും കിട്ടില്ല. പകല്‍ ഉറക്കവും രാത്രി ടെന്റുകളില്‍ കഹ്‌വയും ഹുക്കയുമൊക്കെയായി ബഡായി പറച്ചിലും. വിസാ കാലാവധി തീര്‍ന്ന്‌ അഞ്ചാറ്‌ ദിവസം കഴിഞ്ഞപ്പോള്‍ ഇനിയും നിന്നാല്‍ ഫൈന്‍ കൊടുത്തു മുടിയും എന്നു മനസ്സിലാക്കി കിഷിലേക്ക്‌ യാത്ര പുറപ്പെട്ടു. വിമാനത്താവളത്തില്‍ കെട്ടിവെക്കേണ്ട തുകയും വിമാനക്കാശുമൊക്കെ ഒപ്പിക്കാനുള്ള പെടാപ്പാടില്‍ നേരം കുറെ പോയി. ദുബയിലെ എയര്‍പോര്‍ട്ടിലെത്തിയപ്പോഴേക്കും പരിശോധനയൊക്കെ കഴിഞ്ഞ്‌ എല്ലാവരും വിമാനത്തില്‍ കയറിക്കഴിഞ്ഞിരുന്നു. ഒരു ജീവനക്കാരി മാത്രം ബാക്കിയുണ്ട്‌. ആ ഇറാന്‍ സുന്ദരി ഫയലും മടക്കി പോകാന്‍ നില്‍ക്കുമ്പോഴാണ്‌ ഞാന്‍ ഓടിക്കിതച്ചെത്തിയത്‌. എനിക്കുമുമ്പേ വന്ന ഒന്നുരണ്ടുപേരെ അവര്‍ മടക്കിയയച്ചിരുന്നു. ഇനി ഒരു രക്ഷയുമില്ലെന്ന്‌ എന്നോടും പറഞ്ഞു. പടച്ചോനേ ഒരു ദിവസംകൂടി നിന്നാല്‍ 100 ദിര്‍ഹം കൂടി ഫൈനാവും. ദുബായില്‍ തങ്ങാനുള്ള ഇടം കണ്ടെത്തണം. ആകെ പുലിവാലാവും. നോമ്പും നോറ്റ്‌ അതിരാവിലെ പുറപ്പെട്ട്‌ ഇത്രേം എത്തിയതാണെന്ന്‌ കാലുപിടിച്ചു പറഞ്ഞപ്പോ സുന്ദരിയുടെ മനസ്സലിഞ്ഞു. ഇനി എന്റെ സൗന്ദര്യം കണ്ടിട്ടാണോ ആവോ..? 


വയര്‍ലസ്‌ വഴി വിമാനത്തിലെ പൈലറ്റുമായി ബന്ധപ്പെട്ടു. ആളുകളെ കയറ്റി സൈഡിലേക്കു മാറ്റിയിട്ടിരുന്ന ബസ്‌ വീണ്ടും വന്നു. കുറച്ചുനിമിഷത്തേക്കെങ്കിലും ഞാനൊരു വി.ഐ.പിയായി. ആരാണ്‌ ഈ തനിയെ വരുന്ന മഹാനെന്ന്‌ എല്ലാരും നോക്കുന്നുണ്ട്‌. അവരുടെ ധാരണ മാറ്റേണ്ടെന്നു കരുതി സുന്ദരിയോട്‌ മുറി ഇംഗ്ലീഷില്‍ എന്തൊക്കെയോ ചോദിച്ചു കൊണ്ടാണ്‌ വിമാനത്തിലേക്ക്‌ കയറിയത്‌. നമ്മുടെ സ്‌റ്റേറ്റ്‌ ബസ്സിന്റെ വലുപ്പമേയുള്ളു കിഷ്‌ വിമാനത്തിന്‌. എ.സിയില്ലാത്ത വിമാനത്തില്‍ തണുപ്പിക്കാന്‍ വേണ്ടി എന്തോ പുകപോലുള്ള സാധനം കൊണ്ടു വന്ന്‌ അടിച്ചുകയറ്റുകയാണ്‌ ചെയ്‌തത്‌. വാതില്‍ തനിയെ അടയില്ല. പോകുന്ന പോക്കില്‍ ബസ്സിന്റെ വാതിലൊക്കെ അടയുന്ന പോലെ വായുമര്‍ദ്ദത്തില്‍ പിടിച്ചുവലിച്ചാണ്‌ വാതിലടക്കുന്നത്‌. പടച്ചോനെ ഇതങ്ങെത്തുമോ...? കുറച്ചങ്ങ്‌ പൊങ്ങിയപ്പോള്‍ ഇത്‌ കുലുങ്ങാനും ആടാനുമൊക്കെ തുടങ്ങി. നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ ഒരുനിമിഷം ഓര്‍ത്തു. എന്റെ പരിഭ്രമം കണ്ട്‌ അടുത്തിരുന്ന സര്‍ദാരി ചിരിച്ചു കൊണ്ട്‌ ആദ്യമായിട്ടാണോ എന്നു ചോദിച്ചു. സര്‍ദാരി അത്‌ ആറാം തവണയാണത്രെ കിഷില്‍ പോവുന്നത്‌. അത്‌ കൊണ്ട്‌ മൂപ്പര്‍ക്ക്‌ കുലുക്കമൊന്നുമില്ല. 
25 മിനിറ്റ്‌ കൊണ്ട്‌ യാത്ര കഴിഞ്ഞുകിട്ടി. ഹോട്ടല്‍ അല്‍ഫറാബിയിലേക്കുള്ള ബസ്‌ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വിമനത്തിലുണ്ടായിരുന്ന ഫിലിപ്പീനി പെണ്ണുങ്ങള്‍ക്കൊക്കെ ശരീരം മറക്കാന്‍ പര്‍ദ നല്‍കി. ഇറാനില്‍ ശരീരം പൂര്‍ണമായി മറക്കാതെ പെണ്ണുങ്ങള്‍ക്ക്‌ പൊതുസ്ഥലത്തിറങാന്‍ പാടില്ല. ഫിലിപ്പീനി പെണ്ണുങ്ങളാണെങ്കില്‍ ശരീരം ഒട്ടുമുക്കാലും കാണിച്ചാണ്‌ നടക്കുന്നത്‌. 


കൗണ്ടറില്‍ ഫോം പൂരിപ്പിച്ചു നല്‍കിയതോടെ റൂം ശരിയായി. റൂമില്‍ എന്നപ്പോലെ ഹതഭാഗ്യരായ മറ്റ്‌ ഏഴുപേര്‍ കൂടിയുണ്ട്‌. ഒരു ആന്ധ്രക്കാരന്‍, രണ്ടു തമിഴന്‍മാര്‍. ബാക്കി മലയാളികളും. റൂമിലെ ടി.വിയില്‍ ഒരു ചാനലില്‍ വിസ വന്നവരുടെ പേരു വിരങ്ങള്‍ മിന്നിമറയും. ആന്ധ്രാക്കാരന്‍ 24 മണിക്കൂറും അതും നോക്കിയിരിപ്പാണ്‌. തമിഴന്‍മാര്‍ക്കാണെങ്കില്‍ ഏതോ ചാനലിലുള്ള രജനീകാന്തിന്റെ പടം കാണണം. ബഹളം സഹിക്കാതെ ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. ഏതാനും വാര നടന്നാല്‍ കടല്‍ക്കരയിലെത്താം. പതിയെ കാറ്റുകൊണ്ടു നടന്നു. വഴിയില്‍ ഹുക്കവലിക്കാനുള്ള കൊച്ചുകൊച്ചുകുടിലുകള്‍. പലതിലും പെണ്ണുങ്ങടക്കം ഇരുന്നു വലിക്കുന്നുണ്ട്‌. കൂട്ടത്തില്‍ ഇരകളെത്തേടുന്ന ഒന്ന്‌ രണ്ട്‌ സുദാനിപ്പെണ്ണുങ്ങളുമുണ്ട്‌. അക്കഥ പിന്നീടാരോ പറഞ്ഞാണറിഞ്ഞത്‌. 


 അവിടെയും പെണ്‍വാണിഭത്തിന്റെയും മദ്യവില്‍പ്പനയുടെയും പ്രധാന ഏജന്റുമാര്‍ മലയാളികള്‍ തന്നെ. വിസ മാറ്റാന്‍ വന്നു കുടുങ്ങിപ്പോയ കോഴിക്കോടുകാരന്‍ ഹനീഫയും തൃശൂര്‍ക്കാരന്‍ അച്ചായനും. കശുമാവില്‍ നിന്ന്‌ വാറ്റിയെടുക്കുന്ന ചാരായമാണ്‌ വില്‍ക്കുന്നത്‌. പോലിസിന്റെ കണ്ണുവെട്ടിച്ച്‌ ഇവന്മാര്‍ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു എന്നു ഞാനല്‍ഭുതപ്പെട്ടു. 
രണ്ടുദിവസം കൊണ്ട്‌ വിസയും റെഡിയാക്കി തിരിച്ചു വിമാനം കയറാമെന്നു കരുതി വന്ന എനിക്ക്‌ ആഴ്‌ചയൊന്നായിട്ടും സംഗതി ഒത്തില്ല. ഞാനിപ്പോഴും യു.എ.ഇയില്‍ത്തന്നെയുണ്ട്‌, പിന്നെയെങ്ങനെ വിസയനുവദിക്കും എന്നാണ്‌ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി. ഏതോ കാട്ടറബി കാട്ടിയ കൊലച്ചതി. യു.എ.ഇ വിട്ടപ്പോള്‍ കമ്പ്യൂട്ടറില്‍ അത്‌ രേഖപ്പെടുത്തിക്കാണില്ല. 
ദിവസം 10 കഴിഞ്ഞു. എന്റെ പ്രതീക്ഷയൊക്കെ മങ്ങിത്തുടങ്ങി. കൈയിലുണ്ടായിരുന്ന കാശ്‌ തീര്‍ന്നു. ഒന്നുരണ്ടുപ്രാവശ്യം എക്‌സ്‌ചേഞ്ച്‌ വഴി ബന്ധുക്കളില്‍ നിന്ന കാശ്‌ വരുത്തി. എത്രയെന്നു വച്ച്‌ അവരെയൊക്കെ ബുദ്ധിമുട്ടിക്കും. 


ഫറാബി ഹോട്ടലിലെ റിസപ്‌ഷനരികിലെ ചായക്കടയിലുള്ള അലിയെന്ന പേരുള്ള ഇറാനിപ്പയ്യനെ കമ്പനിയാക്കി. എന്റെ കദന കഥ കേട്ട്‌ രാവിലെയും വൈകുന്നേരവും ഫ്രീയായി ചായ ഓഫര്‍ ചെയ്‌തു. കിട്ടിയതാവട്ടെ എന്നു ഞാനും കരുതി. അവന്‍ കുറച്ച്‌ പാഴ്‌സി വാക്കുകളൊക്കെ എനിക്കു പഠിപ്പിച്ചുതന്നു. അത്‌ വച്ച്‌ കടല്‍പ്പാലത്തില്‍ ചൂണ്ടയിട്ടു മീന്‍പിടിക്കുന്ന ഇറാനികളുമായി മുട്ടിനോക്കി. അവര്‍ എന്നെ കൂടെക്കൂട്ടി. രാത്രി വൈകുവോളം കടല്‍പ്പാലത്തില്‍ അവരുടെ കൂടെയിരിക്കും. കിട്ടുന്ന മീന്‍ ചുട്ടുതിന്നും. കൂടെ ഉള്ളിയും പേരറിയാത്ത എന്തോ ചില ഇലകളും. 


അതിനിടയില്‍ റൂമില്‍ കൂട്ടുകാര്‍ പലരും മാറിവന്നു. താമസം ഫറാബിയില്‍ നിന്ന്‌ ചെലവ്‌ കുറഞ്ഞ മറ്റൊരിടത്തേക്കു മാറ്റി. നന്നായി ഖുര്‍ആന്‍ ഓതാവുന്ന യമനിയെ കൂട്ട്‌ പിടിച്ച്‌ രാത്രി തറാവീഹ്‌ നമസ്‌കരിക്കും. മൂപ്പരും ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ തിന്നാന്‍ വാങ്ങിത്തരും. 
കിഷിലെത്തിയതിന്റെ 14ാം നാള്‍ പെരുന്നാള്‍ വന്നു. കൈയിലുണ്ടായിരുന്ന പഴയ സോണി എറിക്‌സണ്‍ മൊബൈല്‍ രണ്ടാം നാള്‍തന്നെ ബാറ്ററി തീര്‍ന്ന്‌ ചത്തിരുന്നു. അതൊരു കണക്കിനു നന്നായി. അവിടെ ഇന്‍കമിങ്‌ കോളിനും വേണം രണ്ട്‌ ദിര്‍ഹം റോമിങ്‌ ചാര്‍ജ്‌. ചിലപ്പോള്‍ റൂമിലെ നമ്പറിലേക്ക്‌ നാട്ടില്‍ നിന്ന്‌ ആരെങ്കിലുമൊക്കെ വിളിക്കും. അപ്പോഴൊന്നും ഞാന്‍ റൂമിലുണ്ടാവില്ല. എന്റെ സങ്കടം കേള്‍പ്പിച്ച്‌ അവരെക്കൂടി വിഷമിപ്പിക്കേണ്ടല്ലോ എന്നുകരുതി ഞാന്‍ മിക്കവാറും റൂമിലിരിക്കാറുമില്ല. 


രണ്ടുദിവസം കൊണ്ട്‌ വരാമെന്നു കരുതിയതിനാല്‍ രണ്ടുജോഡി ഡ്രസ്‌ മാത്രമേ കരുതിയിരുന്നുള്ളു. പെരുന്നാളിനിടാമെന്നു കരുതി അതിലൊന്ന്‌ അലക്കി പുറത്തെ അയയില്‍ ഉണക്കാനിട്ടു. രാവിലെ ചെന്നുനോക്കിപ്പോള്‍ കാറ്റത്ത്‌ താഴെ വീണ ഷര്‍ട്ടില്‍ ആരോ കേറി ചവിട്ടി ആകെ നാശമാക്കിയിരിക്കുന്നു. മൂന്ന്‌ ദിവസം ഇട്ട്‌ മുഷിഞ്ഞ ഷര്‍ട്ടതന്നെ വീണ്ടും എടുത്തിട്ട്‌ പള്ളിയിലേക്കു പോയി. കൂടെവന്നവര്‍ പള്ളിയില്‍ നിന്നിറങ്ങി ബിരിയാണി കഴിക്കാന്‍ പ്ലാനിടുന്നുണ്ടായിരുന്നു. ഇനിയും നാണംകെടേണ്ടല്ലോ എന്നുകരുതി പള്ളിയില്‍ നിന്നിറങ്ങിയ ഉടനെ ഞാന്‍ മുങ്ങി. അലിയുടെ കടയില്‍ച്ചെന്നപ്പോള്‍ ചായയും കേക്കും തന്നു. കുറെ പച്ചവെള്ളവും കുടിച്ച്‌ ഉച്ചവരെ കിടന്നുറങ്ങി.


 ഉണര്‍ന്ന്‌ നേരെ കടല്‍ക്കരയിലേക്കാണ്‌ നടന്നത്‌. പതിവ്‌ മീന്‍ പിടിത്തക്കാര്‍ അവിടെയുണ്ട്‌. അന്ന്‌ വലിയ മീന്‍കിട്ടി. എല്ലാരുടെയും മുഖത്ത്‌ പെരുന്നാള്‍പ്പിറ കണ്ട സന്തോഷം. വിശന്നുകാളിയ വയറിന്‌ നന്നായി ചുട്ടെടുത്ത മീന്‍ ബിരിയാണിയേക്കാള്‍ രുചികരമായി തോന്നി. സ്‌നേഹത്തോടെ ചായയും കേക്കും തന്ന അലിയും മീന്‍ ചുട്ടുതന്ന മീന്‍പിടിത്തക്കാരും ഇന്നും അവിടെയൊക്കെ ഉണ്ടാവുമോ... പെരുന്നാള്‍ ദിനത്തില്‍ വലിയ മീനിനെ സമ്മാനിച്ച അല്ലാഹുവിന്‌ സ്‌തുതി.... നല്ല മനസ്സകള്‍ക്ക്‌ ഭൂമിയില്‍ സമാധാനം... എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ 

Friday, September 26, 2008

കോപ്പിയടിക്കരുത്

ചോദ്യങ്ങള്‍: (ആരും കോപ്പിയടിക്കരുത്)

1. നീ പോ മോനേ ______
a) ഗോപാലാ
b) ദാമോദരാ
c) ദിനേശാ

2. ____ ഗിരി ഗിരി

a) വിജയഗിരി
b) വിനാഗിരി
c) സവാരി

3. ശംഭോ ____ ദേവാ
a) കാമ
b) വാമ
c) മഹാ

4. കണ്ണന്റെ മുന്പിലും പിന്നിലും ഉള്ളത് എന്ത്?
a) റെസ്റ്റ്
b) നെസ്റ്റ്
c) ബെസ്റ്റ്

5. ആലിപ്പഴം പെറുക്കാന്‍ _____ നിവര്‍ത്തി
a)പോപ്പിക്കുട
b)ഇരിഞ്ഞാലക്കുട
c)പീലിക്കുട

6. ആരേയും ____ ഗായകനാക്കും
a) മുസ്തഫ
b) സൈതാലി
c) ഭാവ

7. യെവന്‍ ഒരു ____ ആണ്‌
a) നാറി
b) പുലി
c) കൂലി

8. വാതാ ___ ഗണപതിം ഭജേ. ഇവിടെ ഗണപതിയുടെ ഇനീഷ്യല്‍ എന്താണ്?
)P
)Q
)R

9. ഹെന്റെ _____ അമ്മച്ചിയാണേ സത്യം. ഇവിടെ ജഗതി ശ്രീകുമാര്‍ സൂചിപ്പിച്ചത് ആരെ?
a) ശബരിമല അമ്മച്ചി
b) അമ്മയുടെ അമ്മ
c) മുടിപ്പുര അമ്മച്ചി

10. സൈനബയുടെ മുന്നില്‍ ഉള്ളത് എന്ത്?
a) ആ
b) ഈ
c) ഓകടപ്പാട്‌: പ്രിയേഷിന്റെ സ്‌ക്രാപ്പ്‌ (ഇതിന്റെ യഥാര്‍ത്ഥ അവകാശി പ്രിയേഷ്‌ തന്നെയാണോ എന്നകാര്യം ഉറപ്പില്ല) 

അമ്മ

Thursday, September 25, 2008

വീഴ്‌ചയില്‍ നിന്ന്‌ രക്ഷിക്കാന്‍ ബാഗ്‌

വൃദ്ധരായ ആളുകള്‍ വീണ്‌ പരിക്കേല്‍ക്കുന്നത്‌ തടയാന്‍ പ്രത്യേക എയര്‍ബാഗ്‌ ജാപ്പനീസ്‌ കമ്പനി വികസിപ്പിച്ചെടുത്തു. ആള്‍ താഴെ വീഴുന്നതായ സൂചന ലഭിച്ചാല്‍ ശരീരത്തിനു ചുറ്റുമായി കെട്ടിവയ്‌ക്കാവുന്ന ബാഗിന്റെ അറകളില്‍ 0.1 സെക്കന്റിനുള്ളില്‍ വായു നിറയും. രണ്ടു വായു അറകളുള്ള ഉല്‍പ്പന്നം താഴെ വീഴുന്നയാള്‍ക്ക്‌ കുഷ്യനില്‍ വീഴുന്ന പ്രതീതി നല്‍കും. ഒരു വായു അറ തല ഭാഗത്തും മറ്റൊന്ന്‌ അരയുടെ ഭാഗത്തുമാണ്‌ വീര്‍ക്കുക. എന്നാല്‍, ഇതിന്റെ പ്രധാന കുഴപ്പം പിറകോട്ട്‌ വീഴുന്നതില്‍ നിന്ന്‌ മാത്രമേ സംരക്ഷണം നല്‍കൂ എന്നതാണ്‌.
ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷനല്‍ ഹോം കെയര്‍ ആന്റ്‌ റീഹാബിലിറ്റേഷന്‍ പ്രദര്‍ശനത്തില്‍ ബാഗ്‌ പുറത്തിറക്കി. അപസ്‌മാര രോഗമുള്ള വൃദ്ധരെ ഉദ്ദേശിച്ചാണ്‌ ഇത്‌ പ്രധാനമായും പുറത്തിറക്കിയിരിക്കുന്നതെന്ന്‌ നിര്‍മാതാക്കളായ പ്രോപിന്റെ പ്രസിഡന്റ്‌ മിസ്‌തുയ ഉഷിഡ പറഞ്ഞു. 1.1 കിലോഗ്രാം തൂക്കം വരുന്ന എയര്‍ബാഗിന്റെ വില 1400 ഡോളറാണ്‌.
ജപ്പാനില്‍ 65 വയസ്സിന്‌ മുകളിലുള്ള മൂന്ന്‌ കോടി ജനങ്ങളുണ്ട്‌. ഇവരെ ലക്ഷ്യംവച്ച്‌ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്‌.

Wednesday, September 24, 2008

വെള്ളക്കരം

ആതിഫിനെയും സാജിദിനെയും പോലിസ്‌ താഴേക്കു വലിച്ചിഴച്ച്‌ കൊണ്ടുവന്ന്‌ വെടിവച്ചുകൊന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍

കെ എ സലിം
ന്യൂഡല്‍ഹി: ജാമിഅ നഗര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആതിഫ്‌ അമീനെയും മുഹമ്മദ്‌ സാജിദിനെയും താമസിക്കുന്ന മുറിയില്‍ നിന്ന്‌ പോലിസ്‌ പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നശേഷം വെടിവച്ചുകൊന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍.
കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ്‌ ശര്‍മ നേരിട്ടാണ്‌ ഇരുവരെയും വെടിവച്ചുകൊന്നത്‌. കൊല്ലുന്നതിന്‌ മുമ്പ്‌ ഇവരെ മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്‌തു. ശേഷം മൃതദേഹം പൊതിഞ്ഞുകെട്ടി ഫ്‌ളാറ്റിനുള്ളില്‍ കൊണ്ടിടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
സാക്ഷികളുടെ പേരു വെളിപ്പെടുത്താതെ മെയില്‍ ടുഡേ ദിനപത്രമാണ്‌ പോലിസ്‌ നുണകളെ പൊളിക്കുന്ന സാക്ഷിവിവരണങ്ങള്‍ പുറത്തുവിട്ടത്‌.
സ്‌പെഷ്യല്‍ സെല്ലിലെ സബ്‌ ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദറാണ്‌ ആദ്യം ആതിഫും സാജിദും താമസിക്കുന്ന എല്‍-18 ഫ്‌ളാറ്റിന്റെ നാലാംനിലയിലെത്തിയത്‌. മൊബൈല്‍ ഫോണ്‍ കമ്പനി എക്‌സിക്യൂട്ടീവിന്റെ വേഷത്തിലായിരുന്നു ഇയാള്‍. ആതിഫിന്റെ മുറിയുടെ വാതിലില്‍ത്തട്ടിയപ്പോള്‍ പുറത്തുവന്നവരുമായി ഇയാള്‍ വാക്കുതര്‍ക്കമുണ്ടാക്കി. ബഹളം കേട്ട്‌ അടുത്ത ഫ്‌ളാറ്റിലുള്ളവര്‍ പുറത്തിറങ്ങിനോക്കി. തര്‍ക്കം തുടങ്ങിയ ഉടനെ കോണിപ്പടിക്കു താഴെയുണ്ടായിരുന്ന പോലിസുകാര്‍ മുകളിലേക്കു കുതിച്ചു.
ആരുടെയും കൈയില്‍ ആയുധങ്ങളുണ്ടായില്ലെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. സായുധ ചെറുത്തുനില്‍പ്പ്‌ പ്രതീക്ഷിച്ചായിരുന്നില്ല ഇവരുടെ വരവെന്നു വ്യക്തം. ഈ പോലിസുകാരിലൊരാള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ്‌ ശര്‍മയായിരുന്നുവെന്ന്‌ ടി.വി ചിത്രങ്ങളില്‍ നിന്നു വ്യക്തമായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
പുറത്തുവന്ന മറ്റു ഫ്‌ളാറ്റുകാരോട്‌ അകത്തുപോവാനും വാതിലും ജനലും അടച്ചിടാനും ശര്‍മ അലറി. അല്ലെങ്കില്‍ വെടിയേല്‍ക്കുമെന്നായിരുന്നു ശര്‍മയുടെ മുന്നറിയിപ്പ്‌. വീട്ടുകാരെല്ലാം ഈ ഉത്തരവനുസരിച്ചു ഫ്‌ളാറ്റുകളുടെ വാതിലുകളും ജനലുകളും അടച്ചിട്ട്‌ അകത്തിരുന്നു. ആതിഫിന്റെ ഫ്‌ളാറ്റിലേക്ക്‌ കാണാവുന്ന ചെറിയ ബാത്ത്‌റൂം ജനലിലൂടെയാണു ദൃക്‌സാക്ഷികള്‍ പിന്നീട്‌ നടന്നതെന്താണെന്നു കാണുന്നത്‌.
മുറിയില്‍ ആതിഫും സാജിദും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഇരുവരെയും ശര്‍മയും സംഘവും കോണിപ്പടിയിലൂടെ താഴേക്കു വലിച്ചിഴച്ചു. ഇരുവരും നിരായുധരും പേടിച്ചരണ്ടവരുമായിരുന്നു.
താഴെ എന്തു നടന്നുവെന്നു കാണാനാവുമായിരുന്നില്ല. എന്നാല്‍, പോലിസുകാര്‍ ഇരുവരെയും അസഭ്യം പറയുന്നതു കേള്‍ക്കാമായിരുന്നു. തുടര്‍ന്നു വെടിശബ്ദം കേട്ടു. ഒരു പോലിസുകാരന്‍ അലറുന്ന ശബ്ദവും- `സാഹബ്‌ കോ ഗോലി ലഗ്‌ ഗയി' (ബോസിന്‌ വെടി കൊണ്ടു). കുറച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ വെടിശബ്ദം കേട്ടു.
അല്‍പ്പനേരം കൂടി കഴിഞ്ഞപ്പോള്‍ ദൃക്‌സാക്ഷികള്‍ക്കു പോലിസിനെ കാണാനായി. അവര്‍ രണ്ടു മൃതദേഹങ്ങള്‍ മുകളിലേക്കു വലിച്ചിഴച്ചു കൊണ്ടുവരുകയായിരുന്നു. മൃതദേഹങ്ങള്‍ തുണിയില്‍ പൊതിഞ്ഞിരുന്നു. അതേസമയം തന്നെ സബ്‌ ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദറും മറ്റൊരു പോലിസുകാരനും ശര്‍മയെ താങ്ങിയെടുത്തു കൊണ്ടുപോവുന്നത്‌ കണ്ടു. അല്‍പ്പസമയത്തിനകം രണ്ടു മൃതദേഹങ്ങളും പോലിസ്‌ വാനില്‍ക്കയറ്റി കൊണ്ടുപോയി.
ഇതോടൊപ്പം മൂന്നു യുവാക്കളെയും പിടിച്ചുകൊണ്ടു പോലിസുകാര്‍ എത്തി. അവരിലൊരാള്‍ ഇപ്പോള്‍ പോലിസിന്റെ കസ്‌റ്റഡിയിലുള്ള മുഹമ്മദ്‌ സെയ്‌ഫായിരുന്നു. ഇവരെ എവിടെനിന്നാണ്‌ കൊണ്ടുവന്നതെന്നു ദൃക്‌സാക്ഷികള്‍ക്കു വ്യക്തമായില്ല. പോലിസ്‌ പറയുന്നതുപോലെ ഇവര്‍ തീവ്രവാദികളായിരുന്നെങ്കില്‍ എന്തുകൊണ്ട്‌ പോലിസുകാരെ കണ്ടപ്പോള്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നാണ്‌ ദൃക്‌സാക്ഷികള്‍ ചോദിക്കുന്നത്‌.

കൊല്ലുന്നതിനു മുമ്പ്‌ യുവാക്കളെ പോലിസ്‌ മര്‍ദ്ദിച്ചു
ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നതിനു മുമ്പ്‌ ആതിഫിനെയും സാജിദിനെയും പോലിസ്‌ മര്‍ദ്ദിച്ചിരുന്നുവെന്നു വ്യക്തമായി. ഇരുവരെയും ബലമായി പിടിച്ചു നാലാംനിലയില്‍ നിന്നു താഴേക്ക്‌ കൊണ്ടുപോയി വെടിവച്ചു കൊന്നുവെന്ന ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നതാണു മൃതദേഹം പോസ്‌മോര്‍ട്ടം നടത്തിയ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ നല്‍കുന്ന വിവരം. ഇരുവരുടെയും മൃതദേഹത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളും ആന്തരിക മുറിവുകളുമുണ്ടായിരുന്നതായി ഡോക്ടര്‍ വെളിപ്പെടുത്തി.
മല്‍പ്പിടിത്തത്തില്‍ സംഭവിക്കുന്നതോ ശക്തമായ ഇടിയേറ്റതിനാലോ സംഭവിക്കാവുന്നതു പോലുള്ള മുറിവുകളായിരുന്നു അത്‌. വയറ്റില്‍ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു. ഏതെങ്കിലും ആയുധം കൊണ്ട്‌ ഇടിച്ചാലും ഇത്തരത്തിലുള്ള മുറിവുകളുണ്ടാവാന്‍ സാധ്യതയുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു. അല്ലെങ്കില്‍ ബൂട്ട്‌ കൊണ്ടു ശക്തമായി തൊഴിക്കുന്നതുപോലെ ശരീരത്തിലേക്കു ശക്തമായി അമര്‍ന്നതായാലും മതി. ഒരു മൃതദേഹത്തിന്റെ കാലില്‍ ഏതെങ്കിലും ആയുധം കൊണ്ടടിച്ച പോലെ മുറിവുകളുണ്ടായിരുന്നു.
പോലിസും കൊല്ലപ്പെട്ടവരും തമ്മില്‍ മല്‍പ്പിടിത്തമുണ്ടായെന്നും ഇതില്‍ നിന്ന്‌ ഇത്‌ അനുമാനിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. തലയ്‌ക്കു വെടിയേറ്റാണു സാജിദ്‌ കൊല്ലപ്പെട്ടിരിക്കുന്നത്‌. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള പോലിസിന്റെ ഭാഷ്യത്തെ അപ്പാടെ തള്ളിക്കളയുന്നതാണു ഡോക്ടര്‍മാരുടെ ഈ വെളിപ്പെടുത്തലുകള്‍. 

തേജസ്‌: 25-09-08 

സ്‌ഫോടനം നടക്കുമ്പോള്‍ സാഖിബ്‌ പരീക്ഷാഹാളില്‍


കെ എ സലിം
ന്യൂഡല്‍ഹി: അഹ്‌മദാബാദ്‌ സ്‌ഫോടനത്തിനു സഹായം നല്‍കിയെന്ന്‌ ഡല്‍ഹി പോലിസ്‌ ആരോപിക്കുന്ന സാഖിബ്‌ നിസാര്‍ സ്‌ഫോടനം നടന്ന ദിവസം ഡല്‍ഹിയില്‍ എം.ബി.എ പരീക്ഷ എഴുതുകയായിരുന്നുവെന്നു വ്യക്തമായി.


23കാരനായ നിസാര്‍ ജൂലൈ 23 മുതല്‍ 28 വരെ നടന്ന എല്ലാ പരീക്ഷയ്‌ക്കും ഹാജരായിരുന്നുവെന്നു രേഖകള്‍ വ്യക്തമാക്കുന്നു. ജൂലൈ 26നാണ്‌ അഹ്‌മദാബാദ്‌ സ്‌ഫോടനം നടന്നത്‌. സാഖിബ്‌ എല്ലാ പരീക്ഷയും എഴുതിയിരുന്നുവെന്നു തെളിയിക്കുന്ന ഹാജര്‍പ്പട്ടിക ഉള്‍പ്പെടെയുള്ള രേഖകള്‍ സാഖിബിന്റെ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്കു കൈമാറി.
ഡല്‍ഹി, അഹ്‌മദാബാദ്‌ സ്‌ഫോടനങ്ങള്‍ക്കു സഹായം ചെയ്‌തുവെന്ന കുറ്റത്തിന്‌ കഴിഞ്ഞ ഞായറാഴ്‌ച രാവിലെയാണു സാഖിബിനെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പോലിസ്‌ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ആതിഫ്‌ തന്റെ സുഹൃത്താണെന്നും അവന്‍ തീവ്രവാദിയല്ലെന്നും ഹെഡ്‌ലൈന്‍സ്‌ ടുഡേ ചാനലിന്‌ അഭിമുഖം നല്‍കിയതിനു തൊട്ടുടനെയായിരുന്നു അറസ്റ്റ്‌.
എം.ബി.എ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ സാഖിബ്‌ നെഹ്‌റു പ്ലേസിലെ ഒരു റിക്രൂട്ടിങ്‌ കമ്പനിയില്‍ ടാലന്റ്‌ പി.ആര്‍.ഒ ആയി ജോലിയും ചെയ്‌തിരുന്നു. കൊല്ലപ്പെട്ട ആതിഫിനും അറസ്റ്റിലായ ഷക്കീലിനുമൊപ്പം ജൂലൈ 12, 13 തിയ്യതികളില്‍ സാഖിബ്‌ അഹ്‌മദാബാദ്‌ സന്ദര്‍ശിക്കുകയും ബോംബ്‌ വയ്‌ക്കാന്‍ സഹായം ചെയ്യുകയും ചെയ്‌തുവെന്നാണ്‌ അറസ്റ്റ്‌ ചെയ്‌ത ശേഷം പോലിസ്‌ മാധ്യമങ്ങളോടു പറഞ്ഞത്‌.


സിക്കിം മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയില്‍ വിദൂരപഠന സംവിധാനം വഴി എം.ബി.എ പഠിക്കുന്ന സാഖിബ്‌ ഈ സമയത്തെല്ലാം തിരക്കിട്ട പഠനത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ``എന്റെ മകന്‍ രാവിലെ ഓഫിസില്‍പ്പോവും. വൈകീട്ട്‌ ജിംനേഷ്യത്തിലും. രാത്രി പഠിക്കും. കഠിനാധ്വാനിയാണ്‌ അവന്‍''- സാഖിബിന്റെ പിതാവ്‌ നിസാര്‍ അഹ്‌മദ്‌ അസ്‌മി പറയുന്നു.
ഇക്കണോമിക്‌സില്‍ മിടുക്കനായ വിദ്യാര്‍ഥിയെന്ന നിലയില്‍ ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റിയുടെ സ്വര്‍ണമെഡല്‍ ജേതാവായ സാഖിബ്‌, പ്രമുഖ കമ്മ്യൂണിറ്റി വെബ്‌സൈറ്റായ ഓര്‍ക്കുട്ട്‌ വഴി പതിവായി സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നു.
63 സുഹൃത്തുക്കളാണ്‌ സാഖിബിന്‌ ഓര്‍ക്കുട്ടിലുണ്ടായിരുന്നത്‌. ഇതില്‍ ഒമ്പത്‌ പെണ്‍കുട്ടികളടക്കം 29 പേര്‍ ഹിന്ദുക്കളാണ്‌.
പോലിസിന്റെ വാദമനുസരിച്ച്‌, അഹ്‌മദാബാദില്‍ പൊട്ടിയ 22ഉം സൂറത്തിലെ മരത്തിലും മറ്റുമായി കെട്ടിത്തൂക്കിയ 28ഉം അടക്കം 50 ബോംബുകള്‍ സ്ഥാപിച്ചത്‌, അതിനുപയോഗിച്ചുവെന്നു പോലിസ്‌ പറയുന്ന നാല്‌ കാറുകള്‍ മുംബൈയില്‍ നിന്നു മോഷ്ടിച്ച്‌ ഗുജറാത്തിലെത്തിച്ചത്‌, മൂന്നു സൈക്കിളുകള്‍ വാങ്ങിയത്‌, ബോംബുകള്‍ എത്തിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കിയത്‌- എല്ലാം ചെയ്‌തത്‌ സാഖിബ്‌. അതും ഡല്‍ഹിയിലെ പരീക്ഷാഹാളിലും വാടകമുറിയിലും വച്ച്‌!
മകന്‍ അറസ്റ്റിലായ വാര്‍ത്തയറിഞ്ഞതു മുതല്‍ ഉമ്മ അഅ്‌സംഗഡിലെ വീട്ടില്‍ തളര്‍ന്നുകിടപ്പാണ്‌. അവിടെ ആരും ശരിയാംവണ്ണം ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്ന്‌ സാഖിബിന്റെ അനുജന്‍ ശാരിഖ്‌ പറഞ്ഞു. ``സ്‌നേഹസമ്പന്നനായ എന്റെ ജ്യേഷ്‌ഠന്‌ 23 വയസ്സ്‌ തികയുന്ന ദിവസം പോലിസ്‌ നല്‍കിയ ജന്മദിനസമ്മാനമാണോ ഇത്‌''- ശാരിഖ്‌ ചോദിക്കുന്നു.

തേജസ്‌: 24-09-08 

Tuesday, September 23, 2008

ശബരീനാഥ്‌: കാട്ടില്‍ ഫോര്‍ യു


കടപ്പാട്‌: ബാലരമ 

Monday, September 22, 2008

ശര്‍മയ്‌ക്ക്‌ വെടിയേറ്റത്‌ എവിടെ? കള്ളം പറയാത്ത ചിത്രം

ന്യൂഡല്‍ഹി: ജാമിഅ നഗര്‍ ഏറ്റുമുട്ടലില്‍ ഏറ്റുമുട്ടല്‍ വീരന്‍ മോഹന്‍ചന്ദ്‌ ശര്‍മ മരിച്ചത്‌ ആരുടെ വെടിയേറ്റ്‌? കുര്‍ത്ത ധരിച്ച്‌ സ്വകാര്യ കമ്പനിയുടെ എക്‌സിക്യൂട്ടീവെന്ന വ്യാജേന തീവ്രവാദികള്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ വാതിലില്‍ മുട്ടിയ ശര്‍മയെ വാതില്‍ തുറന്ന്‌ പെട്ടെന്ന്‌ വെടിവെച്ചന്ന പോലിസ്‌ഭാഷ്യത്തെ അപ്പാടെ പൊളിച്ചുകളയുന്നതാണ്‌ പോലിസ്‌ തന്നെ പുറത്തുവിട്ട ഈ ചിത്രം.
വെടിയേറ്റ ശര്‍മയെ സഹപ്രവര്‍ത്തകര്‍ താങ്ങി നടത്തി പുറത്തേക്കു കൊണ്ടുവരുന്നതാണ്‌ ചിത്രത്തില്‍. എന്നാല്‍, ശര്‍മയുടെ മുന്‍ഭാഗത്തെവിടെയും വെടിയേറ്റിട്ടില്ലെന്ന്‌ ചിത്രത്തില്‍ നിന്നു വ്യക്തമാവും. വാതില്‍ തുറന്ന്‌ പെട്ടെന്ന്‌ വെടിവച്ചാല്‍ മുന്‍വശത്തായിരിക്കും വെടിയേല്‍ക്കുക. വെളുത്ത ഷര്‍ട്ട്‌ ധരിച്ച ശര്‍മയുടെ മുന്‍വശത്ത്‌ വെടിയേറ്റതിന്റെ അടയാളമോ ചോരപ്പാടുകളോ ഇല്ല. അതേസമയം, ശര്‍മയുടെ ഇടതുകൈ താങ്ങുന്ന സഹായിയുടെ ഷര്‍ട്ടില്‍ പുരണ്ട ചോരക്കറയില്‍ നിന്നു വ്യക്തമാവുന്നത്‌ ശര്‍മയ്‌ക്കു പിറകില്‍ നിന്നു ചോരയൊലിക്കുന്നുണ്ടെന്നാണ്‌. അങ്ങനെയെങ്കില്‍ ശര്‍മയ്‌ക്ക്‌ പിന്നില്‍നിന്നായിരിക്കും വെടിയേറ്റത്‌. അതു സഹപ്രവര്‍ത്തകരുടെ തോക്കില്‍ നിന്നുതന്നെയായിരിക്കുകയും ചെയ്യും. സഹപ്രവര്‍ത്തകരല്ലാതെ മറ്റാരും ശര്‍മയുടെ പിന്നിലുണ്ടായിരുന്നില്ല.
പോലിസ്‌ പറയുന്നതുപോലെ ശര്‍മ കുര്‍ത്തയല്ല ധരിച്ചിരിക്കുന്നത്‌. കടും നീലനിറത്തിലുള്ള പാന്റ്‌സും വെളുത്ത ഷര്‍ട്ടുമാണ്‌. പോലിസിലെ കുടിപ്പകയാവാം ശര്‍മയുടെ മരണത്തിനും പിന്നിലെന്ന സംശയം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഡല്‍ഹി പോലിസ്‌ സ്‌പെഷ്യല്‍ സെല്ലിനു നേതൃത്വം നല്‍കുന്ന കര്‍ണാല്‍സിങും ശര്‍മയുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ലെന്നും ചില മാഫിയാസംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ ഇടഞ്ഞിരുന്നതായും റിപോര്‍ട്ടുണ്ട്‌. 

തേജസ്‌: 22-09-08 

Wednesday, September 17, 2008

സ്‌ഫോടനക്കേസുകളും കാര്യക്ഷമതയും

ഇന്ത്യയിലെ പോലിസുദ്യോഗസ്ഥരുടെ കാര്യക്ഷമതയെപ്പറ്റി ഒരു കഥയുണ്ട്‌: ചെന്നൈയില്‍ നിന്ന്‌ ഒരു പിടികിട്ടാപ്പുള്ളി ബാംഗ്ലൂരിലേക്കു കടന്നതായി പോലിസിനു സംശയം. ചെന്നൈ പോലിസ്‌ അയാളുടെ പത്തു പോസുകളിലുള്ള ചിത്രങ്ങള്‍ ബാംഗ്ലൂരിലേക്കയച്ചു. രാത്രിയായപ്പോഴാണ്‌ അയാളെ ചെന്നൈയില്‍ നിന്നു തന്നെ പിടികിട്ടിയത്‌. ബാംഗ്ലൂരിലേക്കു വിവരമറിയിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ- ഇനി പറഞ്ഞിട്ടു കാര്യമില്ല. അയച്ചുതന്ന പടങ്ങളില്‍ കാണുന്ന പത്തുപേരില്‍ ആറുപേരെയും പിടികൂടിക്കഴിഞ്ഞു. നാലുപേര്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു!
ഇതേ `കാര്യക്ഷമത' തന്നെയാണ്‌ ഇപ്പോള്‍ സ്‌ഫോടനക്കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരിലും കാണാനുള്ളതെന്ന്‌ പറയുന്നതു തമാശയല്ല, സങ്കടവര്‍ത്തമാനമാണ്‌. ജയ്‌പൂരിലും അഹ്‌മദാബാദിലും സൂറത്തിലും സ്‌ഫോടനമുണ്ടായപ്പോള്‍ പിറ്റേദിവസം തന്നെ പോലിസ്‌ കുറ്റവാളികളെ ഫിക്‌സ്‌ ചെയ്‌തു. അധികൃതരുടെ പക്കല്‍ സാക്ഷികളുണ്ട്‌, രേഖാചിത്രങ്ങളുണ്ട്‌; പിടികൂടിക്കഴിഞ്ഞാല്‍ നാര്‍കോ അനാലിസിസും പോളിഗ്രാഫുമുണ്ട്‌. സ്‌ഫോടനപരമ്പരകള്‍ കഴിഞ്ഞു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റവാളികളെ പിടികൂടാനുള്ള കാര്യക്ഷമത ഏതാണ്ടെല്ലാ കേസുകളിലും അന്വേഷണോദ്യോഗസ്ഥര്‍ കാണിക്കാറുണ്ട്‌. പക്ഷേ, പിറ്റേന്നു വേറൊരിടത്തു സ്‌ഫോടനം നടക്കുന്നു. ഇതേ കാര്യക്ഷമതയോടെ അവിടെയും പ്രതികളെ പിടികൂടുന്നു. എത്ര എളുപ്പം!
ഈ അപഹാസ്യതയില്‍ മനംമടുത്താവണം യു.പി.എയിലെ ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ നേതാവും റെയില്‍വേ മന്ത്രിയുമായ ലാലുപ്രസാദ്‌ യാദവ്‌ ആഭ്യന്തരവകുപ്പിന്റെ അന്വേഷണപ്രക്രിയയെയും രീതിയെയും വിമര്‍ശിച്ചത്‌. ബോംബ്‌ സ്‌ഫോടനം നടന്നു ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറ്റവാളികളെ പിടികൂടുന്നവര്‍ എന്തുകൊണ്ട്‌ അതു തടയാന്‍ കാര്യശേഷി കാണിക്കുന്നില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ചോദ്യം. കാര്യശേഷി തട്ടിപ്പാണെന്ന സൂചന പ്രസ്‌താവനയിലുണ്ട്‌. നേരത്തേതന്നെ പ്രതികളാരെന്നു നിശ്ചയിക്കുകയും അവരെ പിടികൂടിയെന്നു വരുത്തി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയുമാണ്‌ മുറ. മാത്രവുമല്ല, കാര്യക്ഷമതയുടെ പേരില്‍ പാരിതോഷികങ്ങളും ഉദ്യോഗക്കയറ്റവും പോലും സംഘടിപ്പിച്ചേക്കാം അന്വേഷണോദ്യോഗസ്ഥര്‍. ഈ കാര്യക്ഷമതയുമായാണ്‌ ഇനിയും പോക്കെങ്കില്‍ കാര്യങ്ങള്‍ എവിടെയെത്തുമെന്നു കണ്ടറിയണം. ഭീകരവാദികളെ കണ്ടെത്തുന്നതിന്റെ നൂറിലൊരംശമെങ്കിലും കാര്യശേഷി ഭീകരപ്രവര്‍ത്തനം തടയുന്നതില്‍ പ്രകടമാക്കിക്കൂടേ?
ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യാരാജ്യത്തു വ്യാപകമാണ്‌ എന്നതിനോടു ചേര്‍ത്തുവായിക്കണമിത്‌. സ്‌ഫോടനക്കേസുകളുടെ അന്വേഷണത്തില്‍ ഈ ഭീകരതയുടെ കരാളമുഖമാണു പ്രകടമാവുന്നത്‌. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സ്‌ഫോടനക്കേസ്‌ പ്രതികളെ പോട്ട ഉപയോഗിച്ചു കൈകാര്യം ചെയ്യുമെന്ന്‌ എല്‍ കെ അഡ്വാനി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ഉദ്യോഗസ്ഥരുടെ തന്നിഷ്ടത്തിനനുസരിച്ചു നിരപരാധികള്‍ ജാമ്യം പോലും കിട്ടാതെ നരകിക്കുകയാവും അതിന്റെ ഫലം എന്ന വസ്‌തുതയിലേക്കാണ്‌ ഈ പരാമര്‍ശത്തിന്റെ സൂചന. ഭീകരവാദവും അതുമൂലമുള്ള പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇത്തരം പ്രവര്‍ത്തനരീതികളല്ല വേണ്ടതെന്ന്‌ എപ്പോഴാണാവോ അധികൃതര്‍ തിരിച്ചറിയുക?

തേജസ്‌: 17-09-08

Wednesday, September 10, 2008

മൈലാഞ്ചിച്ചെടി പറഞ്ഞത്‌
ഒരിളം കാറ്റുപോലുമില്ലാതെ
പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടി
തലയാട്ടുന്നതെന്താണ്‌
അതെന്നോടെന്തോ പറയുന്നുണ്ടോ

ഓ.. ഉമ്മാന്റെ ഖബറിനു മുകളിലാണാച്ചെടി
നശിച്ചു നാറാണക്കല്ലെടുത്ത
ഈ മകനെ ഉമ്മ ആശ്വസിപ്പിക്കയാവുമോ

അല്ലെങ്കിലും ഉമ്മയങ്ങനെയാണ്‌
സ്‌നേഹിക്കാനേ അറിയൂ

ഉമ്മാന്റെ ആദ്യത്തെക്കനിയായിരുന്നു ഞാന്‍
എന്തൊരു സ്‌നേഹമായിരുന്നെന്നോട്‌
ഉണ്ണാനും ഉടുക്കാനും കിടക്കാനും ഉമ്മ വേണം
വളര്‍ന്നപ്പോഴും പൊടി മീശ വന്നപ്പോഴും
അതങ്ങനെത്തന്നെയായിരുന്നു

പിന്നീടെപ്പോഴാണുമ്മയെനിക്കന്യയായത്‌
സുന്ദരിയായ പെണ്ണിനെക്കിട്ടിയപ്പോള്‍?
സ്വന്തമായ്‌ രണ്ടു കണ്‍മണികള്‍ പിറന്നപ്പോള്‍..?
ചുക്കിച്ചുളിഞ്ഞ്‌ ഒന്നിനും വയ്യാതെ
ഭാരമായി മാറിയപ്പോള്‍..?

ആശുപത്രിയിലേക്കെന്നും പറഞ്ഞ്‌
കാറില്‍ കയറ്റിയ ഉമ്മയെ
കൊണ്ടുതള്ളിയത്‌
ഏതോ വൃദ്ധസദനത്തില്‍

പാവം മരിക്കാന്‍ നേരത്തും
അവസാനം പറഞ്ഞ പേര്‌ എന്റേതാണത്രെ

കെട്ടിയ പെണ്ണ്‌ വേലി ചാടിയതെപ്പോഴാണ്‌..?
ഉറുമ്പരിക്കാതെ പേനരിക്കാതെ വളര്‍ത്തിയ കുട്ടികള്‍
എന്നെ ചവിട്ടിപ്പുറത്താക്കിയതെന്തിനാണ്‌?

ഒരു നേരത്തേ അന്നത്തിനായ്‌
വീടായ വീടുമുഴുവനും
റോഡായ റോഡുമുഴുവനും തെണ്ടി
ഒടുക്കം ഉച്ചവെയിലില്‍ തളര്‍ന്നു മയങ്ങുമ്പോഴും
ഉമ്മ പുഞ്ചിരിച്ചെത്താറുണ്ട്‌.

ഇപ്പോള്‍,
മൈലാഞ്ചിച്ചെടി
എന്നെ വിളിക്കുന്നതെങ്ങോട്ടാണ്‌?

എനിക്കറിയാം
ഉമ്മക്ക്‌ സഹിക്കാവുന്നതിലപ്പുറമാണീ
മകന്റെ ദുര്യോഗം

ഉമ്മാ ഞാനും വരുന്നു
ഉമ്മാന്റെയരികിലേക്ക്‌
ആ മടിയില്‍
ഒരിക്കല്‍ക്കൂടി തലചായ്‌ച്ചെനിക്കുറങ്ങണം

Tuesday, September 9, 2008

ക്ലൂ

എന്തിനും ക്ലൂ ചോദിക്കുന്ന ക്വിസ്‌ ടൈമുകളുടെ കാലം
അധ്യാപകന്‍: അച്ഛന്റെ പേരെന്താ..?
വിദ്യാര്‍ഥി: സര്‍ ഒരു ക്ലൂ
അധ്യാപകന്‍: നിന്റെ അമ്മയുടെ ഭര്‍ത്താവിന്റെ പേര്‌...?
വിദ്യാര്‍ഥി: വണ്‍മോര്‍ ക്ലൂ പ്ലീസ്‌
അധ്യാപകന്‍: പെറ്റ തള്ളയുടെ പേര്‌ പറയെടോ
വിദ്യാര്‍ഥി: ടഫ്‌ ക്വസ്റ്റ്യന്‍... പാസ്‌

കെ.എഫ്‌.സി പാചകവിധി രഹസ്യകേന്ദ്രത്തിലേക്കു മാറ്റി

കെന്റകി ഫ്രൈഡ്‌ ചിക്കന്‍ കമ്പനിയുടെ വ്യാപാരരഹസ്യങ്ങളിലൊന്നായ ഒറിജിനല്‍ റെസിപ്‌ ചിക്കന്റെ പാചകവിധി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി. കേണല്‍ ഹാര്‍ലാന്റ്‌ സാന്‍ഡേഴ്‌സ്‌ സ്വന്തം കൈപ്പടയിലെഴുതിയ 11 സസ്യങ്ങളും മസാലയും ചേര്‍ത്തുള്ള ചിക്കന്‍ വിഭവത്തിന്റെ പാചകവിധിയാണ്‌ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയത്‌. കാലപ്പഴക്കം കൊണ്ട്‌ നിറം മങ്ങിയ പാചകക്കുറിപ്പ്‌ പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ്‌ സ്ഥലം മാറ്റുന്നത്‌.
അതീവസുരക്ഷയുണ്ടായിരുന്നെങ്കിലും ആശങ്കയോടെയാണ്‌ സ്ഥലംമാറ്റം നടന്നതെന്നു കെ.എഫ്‌.സി പ്രസിഡന്റ്‌ റോജര്‍ ഈറ്റണ്‍ പറഞ്ഞു. കെ.എഫ്‌.സി ശൃംഖലയുടെ വിജയരഹസ്യമായ 68 വര്‍ഷം പഴക്കമുള്ള ഈ പാചകക്കൂട്ട്‌ ഒരു സമയം കമ്പനിയിലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അറിയൂ. ഇവരുടെ പേരുവിവരങ്ങള്‍ കമ്പനി പുറത്തുവിടുകയില്ല. കൂട്ടുകള്‍ നിര്‍മിക്കുന്നതും ചേര്‍ക്കുന്നതും വ്യത്യസ്‌ത വിഭാഗമായതിനാല്‍ പാചകവിധിയുടെ ഏതെങ്കിലും ഒരു ഭാഗം മാത്രമേ അവര്‍ക്കു ലഭ്യമാവൂ.
20 വര്‍ഷമായി കമ്പനി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിനകത്ത്‌ പ്രത്യേക കാബിനറ്റിലാണ്‌ പാചകവിധി സൂക്ഷിച്ചിരുന്നത്‌. കാബിനറ്റില്‍ എത്തണമെങ്കില്‍ ആദ്യം ഒരു പ്രത്യേക അറ തുറക്കുകയും പിന്നീട്‌ കാബിനറ്റ്‌ ഡോറിന്റെ മൂന്നു പൂട്ടുകള്‍ തുറക്കുകയും വേണം. പാചകക്കൂട്ടുകളും പ്രത്യേക രഹസ്യഅറയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.
പലരും കെ.എഫ്‌.സിയുടെ പാചകക്കൂട്ട്‌ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. ചിലപ്പോഴൊക്കെ സാന്‍ഡേഴ്‌സിന്റെ ഒറിജിനല്‍ പാചകക്കുറിപ്പിന്റെ കോപ്പി കിട്ടിയതായി പലരും അവകാശപ്പെടുകയും ചെയ്‌തിരുന്നു. 1940ല്‍ തെക്കുകിഴക്കന്‍ കെന്റക്കിയിലുള്ള തന്റെ കൊച്ചു റസ്‌റ്റോറന്റില്‍ വച്ചാണ്‌ സാന്‍ഡേഴ്‌സ്‌ ഫോര്‍മുല വികസിപ്പിച്ചെടുത്തത്‌.
ഇതുപയോഗിച്ച്‌ 1950ലാണ്‌ കെ.എഫ്‌.സി ശൃംഖലയ്‌ക്കു തുടക്കമിട്ടത്‌. സാന്‍ഡേഴ്‌സ്‌ 1980ല്‍ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോര്‍മുലയാണ്‌ ഇന്നും കെ.എഫ്‌.സിയുടെ വിജയരഹസ്യം.

വാല്‍ക്കഷണം:
കെ.എഫ്‌.സിക്ക്‌ ലോകമൊട്ടാകെ 14,892 സ്ഥലങ്ങളില്‍ ഔട്ട്‌ലെറ്റുകളുണ്ട്‌. ചൈനയിലാണ്‌ കെ.എഫ്‌.സി ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നത്‌. അതേസമയം, സ്വന്തം തട്ടകമായ അമേരിക്കയില്‍ കെ.എഫ്‌.സി വെല്ലുവിളി നേരിടുകയാണ്‌. കെ.എഫ്‌.സി വിഭവങ്ങള്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉയര്‍ത്തുന്നതായി മനസ്സിലാക്കിയതാണ്‌ ഇതിനു കാരണം. കെ.എഫ്‌.സിയുടെ ചിക്കന്‍ ഹലാല്‍ (ഇസ്‌ലാമികമായി അനുവദനീയം) അല്ലെന്ന്‌ അവരുടെ വെബ്‌സൈറ്റില്‍ തന്നെ പറയുന്നുണ്ടെങ്കിലും മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും അവ ചൂടപ്പംപോലെ വിറ്റഴിയുന്നുണ്ട്‌.

Friday, September 5, 2008

ബില്ലില്ലാത്ത ടെലിഫോണ്‍

കംപ്യൂട്ടര്‍ ഇല്ലാതെ ഇന്റര്‍നെറ്റ്‌ വഴി സൗജന്യ ടെലിഫോണ്‍ സംഭാഷണം നടത്താവുന്ന ഉപകരണവുമായി സ്‌കൈപ്പ്‌ വരുന്നു. ലോകത്തെവിടെയുമുള്ള മറ്റ്‌ സ്‌കൈപ്പ്‌ ഉപയോക്താക്കളുമായി സൗജന്യ വോയ്‌സ്‌, വീഡിയോ കോളുകള്‍ നടത്താന്‍ സൗകര്യമൊരുക്കുന്ന സൗജന്യ സോഫ്‌റ്റ്‌വെയറാണ്‌ സ്‌കൈപ്പ്‌. കൂടാതെ സ്‌കൈപ്പില്‍ നിന്ന്‌ ചെറിയ ചെലവില്‍ ലാന്റ്‌ ലൈനിലേക്കും മൊബൈലിലേക്കും വിളിക്കാം. നിലവില്‍ സ്‌കൈപ്പിന്‌ 30.90 കോടി ഉപയോക്താക്കളുണ്ടെന്നാണ്‌ കണക്ക്‌. സ്‌കൈപ്പിന്റെ പ്രധാന പോരായ്‌മ ഉപയോഗിക്കണമെങ്കില്‍ മൈക്രോഫോണും ഹെഡ്‌സെറ്റും പിടിപ്പിച്ച കംപ്യൂട്ടര്‍ വേണമെന്നതായിരുന്നു. അതൊഴിവാക്കുകയാണ്‌ സ്‌കൈപ്പിന്റെ പുതിയ ഉപകരണം. കോഡ്‌ലസ്‌, ലാന്റ്‌ലൈന്‍, മൊബൈല്‍ രൂപത്തിലുള്ള മോഡലുകള്‍ ലഭ്യമാണ്‌. ഈ ഉപകരണം ബ്രോഡ്‌ബാന്റ്‌ ഇന്റര്‍നെറ്റുമായി കണക്ട്‌ ചെയ്‌ത്‌ സ്‌കൈപ്പ്‌ അക്കൗണ്ടിന്റെ യൂസര്‍നെയിമും പാസ്‌വേഡും ടൈപ്പ്‌ ചെയ്‌താല്‍ നേരത്തേയുള്ള സ്‌കൈപ്പ്‌ കോണ്‍ടാക്ടുകളെല്ലാം ഫോണില്‍ ലിസ്‌റ്റ്‌ ചെയ്യും. പക്ഷേ, സ്‌കൈപ്പ്‌ അക്കൗണ്ട്‌ ഉണ്ടാക്കാനും കോണ്‍ടാക്ടുകള്‍ ചേര്‍ക്കാനും കംപ്യൂട്ടര്‍ തന്നെ വേണം. മൊബൈല്‍ ഫോ ണ്‍ പോലെ സ്‌കൈപ്പ്‌ അക്കൗണ്ട്‌ തുറക്കാന്‍ തിരിച്ചറിയല്‍ രേഖകളുടെ ആവശ്യമില്ല. സ്‌കൈപ്പ്‌ കോളുകള്‍ എന്‍ക്രിപ്‌റ്റഡ്‌ ആയതിനാല്‍ നിയമപരമായോ അല്ലാതെയോ നിങ്ങളുടെ സംഭാഷണം നിരീക്ഷിക്കാന്‍ നിലവില്‍ യാതൊരു വഴിയുമില്ല. കോളിന്റെ ഇരുതലയ്‌ക്കലുമുള്ള ആളുകള്‍ ബ്രോഡ്‌ബാന്റ്‌ വഴി സ്‌കൈപ്പില്‍ ലോഗിന്‍ ചെയ്‌തിരിക്കണമെന്നതിനാല്‍ അത്യാവശ്യ കോളുകള്‍ക്ക്‌ ഉപയോഗിക്കാന്‍ സ്‌കൈപ്പ്‌ പ്രയോജനപ്പെടില്ല. ഇനി സ്‌കൈപ്പ്‌ ഉപയോഗിച്ച്‌ സാധാരണ ഫോണിലേക്കോ ലാന്റ്‌ ലൈനിലേക്കോ വിളിക്കണമെന്നുണ്ടെങ്കില്‍ സ്‌കൈപ്പ്‌ ഔട്ട്‌ എന്ന സേവനം ഉപയോഗിക്കാം. സ്‌കൈപ്പ്‌ ഇന്‍ ഉപയോഗപ്പെടുത്തി ഫോണില്‍ നിന്നു നിങ്ങളുടെ സ്‌കൈപ്പ്‌ നമ്പറില്‍ കോള്‍ സ്വീകരിക്കാനും സാധിക്കും. ഈ രണ്ട്‌ സേവനങ്ങള്‍ക്കും തുക മുടക്കണം. എന്നാല്‍, ഈ തുക സാധാരണ ഫോണിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ തുച്ഛമാണ്‌. ഉദാഹരണത്തിന്‌ സ്‌കൈപ്പ്‌ ഇന്‍ ഉപയോഗിച്ച്‌ നിങ്ങളെ വിളിക്കുന്നയാള്‍ ഒരു ലോക്കല്‍ നമ്പറിലേക്കാണു വിളിക്കുന്നത്‌. ഇത്‌ ഇന്റര്‍നെറ്റ്‌ വഴി നിങ്ങളുടെ സ്‌കൈപ്പ്‌ നമ്പറിലേക്കെത്തുന്നു. നിര്‍ഭാഗ്യവശാല്‍ 21 രാജ്യങ്ങളില്‍ മാത്രമേ ഇപ്പോള്‍ സ്‌കൈപ്പ്‌ ഇന്‍ സേവനം ലഭിക്കുന്നുള്ളൂ. ഇന്ത്യയും ലഭിക്കാത്തവയുടെ കൂട്ടത്തില്‍പ്പെടും. എന്നാല്‍, ഇന്റര്‍നെറ്റ്‌ ടെലിഫോണിനുള്ള നിയന്ത്രണം എടുത്തുകളയാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ തീരുമാനമെടുത്തിരിക്കെ ഇതിനു മാറ്റമുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്‌.
മൂന്നാംതലമുറ മൊബൈലുകളില്‍ സ്‌കൈപ്പ്‌ ഉപയോഗം സാധ്യമാക്കുന്ന ചില സോഫ്‌റ്റ്‌വെയറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. www.fring.com ല്‍ ഇത്തരം സോഫ്‌റ്റ്‌വെയര്‍ ലഭ്യമാണ്‌. മൂന്നാംതലമുറ മൊബൈല്‍ സൗകര്യങ്ങള്‍ ഇന്ത്യയില്‍ പൂര്‍ണമായും ലഭ്യമായാല്‍ ഇതിന്റെ സാധ്യതകള്‍ അപാരമാണ്‌.


കടപ്പാട്‌: വെബ്‌്‌ലോകം

ഗൂഗ്‌ള്‍ ക്രോം ജനപ്രിയമാവുന്നു

ഗൂഗ്‌ള്‍ സെര്‍ച്ച്‌ എന്‍ജിന്‍, ജിമെയില്‍, ഓര്‍ക്കുട്ട്‌, ബ്ലോഗ്‌ സ്‌പോട്ട്‌ തുടങ്ങി ഹിറ്റായ ഗൂഗ്‌ള്‍ ഉല്‍പ്പന്നങ്ങള്‍ക്കു പിന്നാലെ ഒടുവിലിതാ ഗൂഗ്‌ള്‍ ബ്രൗസറും. ക്രോം എന്നു പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ഇന്റര്‍നെറ്റന്മാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. വേഗവും മനോഹാരിതയും ഒത്തുചേര്‍ന്ന ക്രോമിന്റെ ബീറ്റവേര്‍ഷന്‍ ഇവിടെ ഡൗണ്‍ലോഡ്‌ ചെയ്യാം. 100 രാജ്യങ്ങളില്‍ 43 ഭാഷകളില്‍ ഇപ്പോള്‍ ക്രോം ലഭ്യമാണ്‌.
മൈക്രോസോഫ്‌റ്റിന്‌ പാരയായേക്കാവുന്ന ക്രോമിന്റെ സവിശേഷതകള്‍ പലതുണ്ട്‌. ഒംനിബോക്‌സ്‌ എന്നറിയപ്പെടുന്ന സംവിധാനം ക്രോമിന്റെ അഡ്രസ്‌ ബാറില്‍ സംവിധാനം ചെയ്‌തിട്ടുള്ളതിനാല്‍ സെര്‍ച്ച്‌ ചെയ്യേണ്ട വാക്കുകളും അഡ്രസ്‌ ബാറില്‍ നല്‍കാം. ടൈപ്പ്‌ ചെയ്യുന്നതിനനുസരിച്ച്‌ ചില വാക്കുകള്‍ ക്രോം തന്നെ നിര്‍ദേശിക്കുകയും ചെയ്യും. ഏറ്റവും അവസാനം സന്ദര്‍ശിച്ച സൈറ്റുകളുടെ തമ്പ്‌നെയില്‍ വ്യൂ ക്രോം തുറക്കുമ്പോള്‍തന്നെ കാണാമെന്നത്‌ ഒരു പ്രധാന വിശേഷമാണ്‌. അഡ്രസ്‌ ബാറിനു മുകളില്‍ പ്രത്യക്ഷപ്പെടുന്ന ക്രോമിലെ ടാബുകള്‍ പുറത്തേക്ക്‌ ഡ്രാഗ്‌ ചെയ്‌ത്‌ പുതിയ വിന്‍ഡോകള്‍ ഉണ്ടാക്കാം. മറ്റ്‌ ടാബുകള്‍ ഒരു വിന്‍ഡോയിലേക്ക്‌ അറേഞ്ച്‌ ചെയ്യുകയുമാവാം. ഓരോ ടാബുകളും സ്വതന്ത്രമാണെന്നതിനാല്‍ ഏതെങ്കിലുമൊരു സൈറ്റ്‌ ക്രാഷ്‌ ആയാലും മറ്റ്‌ സൈറ്റുകളെ ബാധിക്കില്ല. ഓഫിസില്‍ മേലധികാരി അറിയാതെ ബ്രൗസ്‌ ചെയ്യണമെന്നുള്ളവര്‍ക്ക്‌ ശിരീഴിശീേ മോഡ്‌ ഉപയോഗിക്കാം. ഈ മോഡില്‍ ബ്രൗസ്‌ ചെയ്യുമ്പോള്‍ ബ്രൗസിങ്‌ ഹിസ്‌റ്ററിയോ കുക്കി ഫയലുകളോ സ്‌റ്റോര്‍ ചെയ്യാത്തതിനാല്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിച്ചു എന്ന്‌ മറ്റുള്ളവര്‍ക്ക്‌ അറിയാന്‍ കഴിയില്ല. ഫയര്‍ഫോക്‌സിലും ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിലും സേവ്‌ ചെയ്‌തിട്ടുള്ള ബുക്ക്‌മാര്‍ക്കുകള്‍ ഇംപോര്‍ട്ട്‌ ചെയ്യാനുള്ള സംവിധാനവുമുണ്ട്‌.
യൂനികോഡിലുള്ള മലയാളം സൈറ്റുകള്‍ നന്നായി വായിക്കാന്‍ സാധിക്കുന്നു എന്നത്‌ ക്രോമിന്റെ സവിശേഷതയാണ്‌. വിന്‍ഡോസിലെ ഡിഫോള്‍ട്ട്‌ മലയാളം ഫോണ്ടായ കാര്‍ത്തികയാണ്‌ ക്രോം ഉപയോഗിക്കുന്നത്‌. കുറേക്കൂടി ഭംഗിയായി മലയാളം ലഭിക്കാന്‍ ക്രോം വിന്‍ഡോയുടെ വലത്തേ അറ്റത്തുള്ള ഓപ്‌ഷന്‍സില്‍ പോയി മൈനര്‍ ട്വീക്‌സ്‌ ടാബിനു താഴെ ചെയ്‌ഞ്ച്‌ ഫോണ്ട്‌ ആന്റ്‌ ലാംഗ്വേജ്‌ സെറ്റിങ്‌സില്‍ ക്ലിക്ക്‌ ചെയ്‌ത്‌ ഫോണ്ട്‌ അഞ്ചലി ഓള്‍ഡ്‌ ലിപിയാക്കി മാറ്റുക. ശേഷം ഡിഫോള്‍ട്ട്‌ എന്‍കോഡിങ്‌ Unicode (UTF-8) ആക്കണം. ലാംഗ്വേജസ്‌ ടാബില്‍ പോയി മലയാളം ആഡ്‌ ചെയ്‌തു കൊടുക്കുക. ഒരുവിധം മലയാളം ഫോണ്ട്‌ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടും.


ക്രോമില്‍ ഏറ്റവും മുകളിലുള്ള ബ്ലൂ ബാറില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌താല്‍ ടാസ്‌ക്‌ മാനേജര്‍ ലഭിക്കും. അവിടെ ക്ലിക്ക്‌ ചെയ്‌താല്‍ ക്രോം ഉപയോഗിക്കുന്ന മെമ്മറി ടാബ്‌ തിരിച്ചറിയാന്‍ സാധിക്കും. ഏതെങ്കിലും ടാബ്‌ ഹാങ്‌ ആയാല്‍ ഈ ടാസ്‌ക്‌ മാനേജര്‍ എടുത്ത്‌ മറ്റുള്ളവയെ ബാധിക്കാതെ ക്ലോസ്‌ ചെയ്യാന്‍ സൗകര്യമാണ്‌. താരതമ്യം ചെയ്യുമ്പോള്‍ ഫയര്‍ഫോക്‌സിനേക്കാളും മെമ്മറി ഉപയോഗം കുറവാണ്‌ ക്രോമിന്‌.
ഓട്ടോമാറ്റിക്‌ ഡൗണ്‍ലോഡ്‌ സെറ്റ്‌ ചെയ്‌തിട്ടുള്ള ഫയലുകള്‍ നമ്മുടെ അനുമതി കൂടാതെ സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡാവുന്നു എന്നത്‌ ഒരു പ്രധാന സുരക്ഷാപ്രശ്‌നമാണ്‌. ഡൗണ്‍ലോഡ്‌ ചെയ്‌ത ഫയല്‍ ക്രോമിന്റെ താഴെ ഇടത്തേ അറ്റത്തു കാണാം. തുറക്കും മുമ്പ്‌ നിങ്ങള്‍ ഉദ്ദേശപൂര്‍വം ഡൗണ്‍ലോഡ്‌ ചെയ്‌തതു തന്നെയാണെന്ന്‌ ഉറപ്പുവരുത്തുക. ബീറ്റ വേര്‍ഷന്‍ ആയതുകൊണ്ട്‌ ഇത്തരത്തിലുള്ള മറ്റ്‌ പ്രശ്‌നങ്ങളും കണ്ടേക്കാം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച്‌ സമ്പൂര്‍ണ പതിപ്പ്‌ പുറത്തിറങ്ങുമ്പോള്‍ ക്രോം ഒരു കിടിലന്‍ ബ്രൗസര്‍ തന്നെയായിരിക്കുമെന്നു പ്രതീക്ഷിക്കാം.

Tuesday, September 2, 2008

ഗൂഗ്‌ള്‍ സ്വന്തം ബ്രൗസറുമായി വരുന്നു

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും വെല്ലുവിളിയുയര്‍ത്തി പുതിയ ഓപണ്‍ സോഴ്‌സ്‌ ബ്രൗസറുമായി ഇന്റര്‍നെറ്റ്‌ കമ്പനി ഗൂഗ്‌ള്‍ വരുന്നു. ഗ്രാഫിക്‌സിനെയും മള്‍ട്ടിമീഡിയയെയും കൂടുതല്‍ ആശ്രയിക്കുന്ന പുതിയ തലമുറയിലെ വെബ്‌ അപ്ലിക്കേഷനുകളെ നന്നായി കൈകാര്യം ചെയ്യാവുന്ന ലളിതവും വേഗ?മേറിയതുമായ ബ്രൗസറാണ്‌ ഗൂഗ്‌ള്‍ പുറത്തിറക്കുന്നത്‌.
`ക്രോം' എന്ന്‌ പേരിട്ടിരിക്കുന്ന ബ്രൗസറിന്റെ പരീക്ഷണാര്‍ഥമുള്ള പതിപ്പ്‌ 100 രാജ്യങ്ങളില്‍ ഇന്നലെ പുറത്തിറക്കി. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പാണ്‌ ഇറങ്ങിയിരിക്കുന്നത്‌. മാക്‌, ലിനക്‌സ്‌ പതിപ്പുകള്‍ വരാനിരിക്കുന്നതേയുള്ളൂ. പരമ്പരാഗത ഡസ്‌ക്‌ടോപ്പ്‌ അപ്ലിക്കേഷനുകളെ വെല്ലുവിളിക്കുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളുമായി മുന്നോട്ടുപോവാന്‍ പുതിയ ബ്രൗസര്‍ ഗൂഗ്‌ളിനെ സഹായിക്കും. ഡോക്യുമെന്റ്‌സ്‌, പികാസ, മാപ്‌സ്‌ തുടങ്ങിയ അപ്ലിക്കേഷനുകള്‍ ഇപ്പോള്‍ തന്നെ ഗൂഗ്‌ളിന്റേതായുണ്ട്‌.
പേഴ്‌സണല്‍ കംപ്യൂട്ടര്‍ രംഗത്ത്‌ മൈക്രോസോഫ്‌റ്റിന്‌ തിരിച്ചടിയാണ്‌ ഗൂഗ്‌ളിന്റെ ക്രോം ബ്രൗസര്‍. മൈക്രോസോഫ്‌റ്റിന്റെ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററാണ്‌ ബ്രൗസര്‍ വിപണിയുടെ 80 ശതമാനവും കൈയടക്കിയിരിക്കുന്നത്‌.

പട്ടാപ്പകല്‍ ബലാല്‍സംഗം


Friday, August 29, 2008

ബജ്‌രംഗ്‌ദള്‍ സ്‌ഫോടന പരമ്പരയ്‌ക്ക്‌ പദ്ധതിയിട്ടിരുന്നു

കെ പി മുനീര്‍

ന്യൂഡല്‍ഹി: ഈ മാസം 24ന്‌ ബോംബ്‌ നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ച ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ കാണ്‍പൂര്‍ നഗരത്തില്‍ തുടര്‍സ്‌ഫോടനങ്ങള്‍ക്കു പദ്ധതിയിട്ടിരുെന്നന്നു പോലിസ്‌. നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പരിപാടി.

ബോംബ്‌ നിര്‍മാണത്തിനിടെ മരിച്ച രാജീവ്‌ മിശ്ര, ഭുപീന്ദര്‍ സിങ്‌ എന്നിവരുമായി അടുത്തു ബന്ധപ്പെട്ടിരുന്ന ബജ്‌രംഗ്‌ദളുകാരെ ചോദ്യംചെയ്‌തപ്പോഴാണു പോലിസിന്‌ ഇക്കാര്യം വ്യക്തമായത്‌. മിശ്രയുടെ താമസസ്ഥലത്തു നടത്തിയ റെയ്‌ഡില്‍ ലഭിച്ച ഡയറിയില്‍ അയാള്‍ക്ക്‌ ഹിന്ദുത്വസംഘടനകളിലെ പ്രധാനികളുമായുള്ള ബന്ധത്തിന്റെ തെളിവുകളും പോലിസിന്‌ ലഭിച്ചിട്ടുണ്ട്‌.

വിവിധ ഹിന്ദുത്വസംഘടനകളുടെ ഗുജറാത്ത്‌, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നേതാക്കളുമായും മിശ്ര ബന്ധപ്പെട്ടിരുന്നെന്ന്‌ ഡയറിയില്‍ നിന്നും കണ്ടെടുക്കപ്പെട്ട മറ്റു രേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്‌. നിരവധി ഹിന്ദുത്വസംഘടനാ നേതാക്കളുടെ ടെലിഫോണ്‍ നമ്പറുകളും ഡയറിയിലുണ്ട്‌. മിശ്രയും സിങും ബജ്‌രംഗ്‌ദളില്‍ സുപ്രധാന പദവികള്‍ വഹിച്ചവരാണെന്നും ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നിന്ന്‌ കാണ്‍പൂരില്‍ സ്‌ഫോടനം നടത്താന്‍ അവര്‍ക്ക്‌ പദ്ധതിയുണ്ടായിരുെന്നന്നു വ്യക്തമായെന്നും ഭീകരവിരുദ്ധസംഘം ഡി.ഐ.ജി രാജീവ്‌ കൃഷ്‌ണ പറഞ്ഞു. മിശ്രയും സിങുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 80 പേരെ പോലിസ്‌ ഇതുവരെ ചോദ്യംചെയ്‌തിട്ടുണ്ട്‌. ഇവരില്‍ നിന്നു ബജ്‌രംഗ്‌ദളുകാരുടെ ബോംബാക്രമണ പദ്ധതികളെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചെന്ന്‌ അന്വേഷണസംഘത്തെ നയിക്കുന്ന കല്യാണ്‍പൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ സുഭാഷ്‌ചന്ദ്ര ശാക്യ വ്യക്തമാക്കി. മിശ്രയെ കുടുംബം നേരത്തേ തന്നെ വീട്ടില്‍ നിന്നു പുറത്താക്കിയതാണെന്ന അയാളുടെ അച്ഛന്റെ മൊഴി കളവാണെന്നും ശാക്യ പറഞ്ഞു.

കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പത്തെ ഞായറാഴ്‌ച മിശ്ര അച്ഛന്റെ കൂടെ താമസിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്നു ശാക്യ വ്യക്തമാക്കി.

തേജസ്‌ - 29-08-08

Thursday, August 28, 2008

ഗുജറാത്തിലും ബാംഗ്ലൂരിലും ഉപയോഗിച്ചത്‌ `കാണ്‍പൂര്‍ ബോംബുകള്‍'

കെ എ സലിം

ന്യൂഡല്‍ഹി: കാണ്‍പൂരില്‍ നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച ബോംബും ബാംഗ്ലൂര്‍-ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ സ്‌ഫോടനത്തിനുപയോഗിച്ച ബോംബും സമാനമായതെന്നു കണ്ടെത്തല്‍. പോലിസ്‌ നടത്തിയ അന്വേഷണത്തിലാണു രണ്ടു ബോംബുകളും ഒരേ സാമഗ്രികള്‍ ഉപയോഗിച്ചാണു നിര്‍മിച്ചിരിക്കുന്നതെന്നു വ്യക്തമായത്‌.

ഇതിന്റെ പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതിയ്‌ക്കു കത്തെഴുതിയതായി കേന്ദ്രമന്ത്രി ശ്രീപ്രകാശ്‌ ജയ്‌സ്വാള്‍ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം മുഖ്യമന്ത്രി മായാവതി തള്ളിക്കളഞ്ഞു. കാണ്‍പൂര്‍ സ്‌ഫോടനം മാത്രം സി.ബി.ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യാനാവില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായ എല്ലാ സ്‌ഫോടനങ്ങളുടെയും അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു.

ഗുജറാത്ത്‌-ബാംഗ്ലൂര്‍ സ്‌ഫോടനങ്ങളുമായി സംഘപരിവാര സംഘടനകള്‍ക്കു ബന്ധമുണ്ടാവാമെന്ന നിഗമനം ഇപ്പോള്‍ പോലിസില്‍ ശക്തമായിട്ടുണ്ട്‌. കാണ്‍പൂര്‍ സ്‌ഫോടനം ഒറ്റപ്പെട്ടതല്ല എന്നാണു പോലിസ്‌ കരുതുന്നത്‌.

കഴിഞ്ഞ 24നാണു കാണ്‍പൂര്‍ രാജീവ്‌നഗറിലെ മിശ്ര ഹോസ്‌റ്റലില്‍ ബോംബ്‌ നിര്‍മിക്കുന്നതിനിടെ രണ്ടു ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്‌. ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരായ രാജീവ്‌മിശ്ര, ഭുപേന്ദ്ര എന്നിവരാണിതെന്നു പോലിസ്‌ സ്ഥിരീകരിച്ചു.
രാജീവ്‌മിശ്രയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണു ഹോസ്‌റ്റല്‍. ഗുജറാത്ത്‌, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്താനുപയോഗിച്ചിരുന്ന അതേ രാസവസ്‌തുക്കള്‍ ഉപയോഗിച്ചാണ്‌ ഇരുവരും ബോംബ്‌ നിര്‍മിച്ചിരുന്നതെന്നു പോലിസ്‌ കണ്ടെത്തി. ടൈമര്‍ ഘടിപ്പിച്ച അതിശക്തമായ ബോംബുകളാണ്‌ ഇരുവരും നിര്‍മിച്ചിരുന്നത്‌. അമോണിയം നൈട്രേറ്റ്‌, ലെഡ്‌ ഓക്‌സൈഡ്‌, സള്‍ഫര്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു നിര്‍മാണം. ബാംഗ്ലൂരിലും ഗുജറാത്തിലും പൊട്ടിയ ബോംബുകളും ഇതേ സാമഗ്രികള്‍ ഉപയോഗിച്ചാണു നിര്‍മിച്ചിരുന്നത്‌.

11 ഹാന്റ്‌ ഗ്രനേഡ്‌ ഷെല്ലുകള്‍, ഒരു പായ്‌ക്കറ്റ്‌ അമോണിയം നൈട്രേറ്റ്‌, ഒരു കിലോ ലെഡ്‌ ഓക്‌സൈഡ്‌, ഒരു കിലോ സള്‍ഫര്‍, നാലു ബാറ്ററി സെല്‍, ഏഴു ടൈമര്‍, ഒരു അസംസ്‌കൃത ബോംബ്‌, രണ്ടു ഡസന്‍ ചെറിയ ബള്‍ബുകള്‍, ഒരു വലിയ കെട്ടു വയര്‍ തുടങ്ങിയവ സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന്‌ പോലിസ്‌ കണ്ടെടുത്തിരുന്നു. ഇരുമ്പു സ്‌ക്രൂകള്‍, ആണികള്‍ തുടങ്ങിയവയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടും. ബോംബില്‍ ടൈമര്‍ ഘടിപ്പിച്ചപ്പോള്‍ വയര്‍ തെറ്റായി കണക്ട്‌ ചെയ്‌തതാണു സ്‌ഫോടനമുണ്ടാവാന്‍ കാരണമെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലിസ്‌ വ്യക്തമാക്കി. സംഭവത്തിനു ശേഷം ഇരുവരുടെയും വീടുകളില്‍ നടത്തിയ റെയ്‌ഡില്‍ ഒട്ടേറെ രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്‌. എന്നാല്‍ ഇതിലെ വിവരങ്ങള്‍ പോലിസ്‌ പുറത്തുവിട്ടിട്ടില്ല.

ഭുപേന്ദ്ര ബജ്‌രംഗ്‌ദളിന്റെ ബോംബ്‌ നിര്‍മാണ വിദഗ്‌ധനാണെന്നു പോലിസ്‌ പറഞ്ഞു. തിരഞ്ഞെടുപ്പു വേളയില്‍ ബോംബേറ്‌ നടത്തിയതുമായി ബന്ധപ്പെട്ട കേസ്‌ ഭുപേന്ദ്രയുടെ പേരില്‍ കല്യാണ്‍പൂര്‍ സ്‌റ്റേഷനിലുണ്ട്‌. മിശ്ര കാണ്‍പൂരില്‍ സ്വകാര്യ ടെലികോം കമ്പനി നടത്തുകയാണ്‌. കുറച്ചുകാലമായി ഇയാള്‍ തനിച്ചാണു താമസം. ഇയാളുടെ വീട്‌ ബജ്‌രംഗ്‌ദളിന്റെ ബോംബ്‌ നിര്‍മാണശാലയാണെന്നും പോലിസ്‌ പറഞ്ഞു.

തേജസ്‌- 28-08-08

Saturday, August 23, 2008

കൂടുതല്‍ സ്വകാര്യതയുമായി ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിന്റെ പുതിയ പതിപ്പ്‌

ഉപയോക്താക്കള്‍ക്കു കൂടുതല്‍ സ്വകാര്യത നല്‍കുന്ന പ്രൈവസി മോഡുമായി മൈക്രോസോഫ്‌റ്റിന്റെ പുതിയ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ വരുന്നു.
വെബില്‍ എവിടെ പരതുന്നു, എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ റെക്കോഡ്‌ ചെയ്യുന്നത്‌ ഒരു ബട്ടന്‍ ക്ലിക്കിലൂടെ നിയന്ത്രിക്കാവുന്നതാണ്‌ എക്‌സ്‌പ്ലോററിന്റെ പുതിയ പതിപ്പായ ഐ.ഇ8. ബ്രൗസര്‍ ലോഗ്‌ ചെയ്യുന്ന വിവരങ്ങള്‍ മായ്‌ച്ചുകളയുക, ഏതൊക്കെ സൈറ്റ്‌ സന്ദര്‍ശിച്ചുവെന്നത്‌ റെക്കോഡ്‌ ചെയ്യുന്ന ഫീച്ചര്‍ ഓഫ്‌ ചെയ്യുക, അല്ലെങ്കില്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റ്‌ എന്തൊക്കെ വിവരങ്ങളാണു കംപ്യൂട്ടറില്‍ ലോഗ്‌ ചെയ്യുന്നത്‌ എന്ന വിവരം നിങ്ങളെ അറിയിക്കുക എന്നിവയാണു പ്രൈവസി മോഡിന്റെ പ്രത്യേകതകള്‍. നിലവിലുള്ള ബ്രൗസറുകളില്‍ ഹിസ്‌റ്ററി ക്ലിയര്‍ ചെയ്യാനുള്ള വഴിയുണ്ടെങ്കിലും അത്‌ ഓരോ ഉപയോഗത്തിന്‌ ശേഷവും ചെയ്യണമെന്ന പരിമിതിയുണ്ട്‌.

നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന മറ്റുള്ളവര്‍ അറിയരുത്‌ എന്നാഗ്രഹിക്കുന്ന വല്ലതും ഇന്റര്‍നെറ്റില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പ്രൈവസി മോഡ്‌ ഉപയോഗിക്കാവുന്നതാണ്‌. ഇപ്പോള്‍ പരിശോധനാ പതിപ്പ്‌ (ട്രയല്‍ വേര്‍ഷന്‍) പുറത്തിറക്കിയിട്ടുള്ള ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ 8 ഈ വര്‍ഷം അവസാനം റിലീസ്‌ ചെയ്യും.

ഇന്റര്‍നെറ്റും ടി.വിയും കൈകോര്‍ക്കുന്നു

ഇന്റര്‍നെറ്റ്‌ ടി.വിയില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനത്തിനായി ഇന്റലും യാഹുവും കരാറൊപ്പിട്ടു. ടി.വി പരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ തന്നെ ഇ-മെയില്‍ അയക്കാനും ഓഹരി വ്യാപാരം നടത്താനും കാലാവസ്ഥ അറിയാനുമുള്ള വിഡ്‌ജറ്റ്‌ ചാനല്‍ എന്ന സംവിധാനമാണ്‌ ഒരുങ്ങുന്നത്‌. വെബുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന പുതിയ ചിപ്പ്‌ ഇതിനായി ഇന്റല്‍ വികസിപ്പിച്ചുകഴിഞ്ഞു.

നേരത്തേ ഇത്തരമൊരു സംവിധാനം വന്നിരുന്നെങ്കിലും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കു ന്നതു ടി.വി പരിപാടികള്‍ കാണുന്നതിന്‌ തടസ്സം സൃഷ്ടിച്ചിരുന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍, പുതിയ സംവിധാനത്തില്‍ ആ പോരായ്‌മ പരിഹരിച്ചിട്ടുണ്ട്‌. ലോകത്താകമാനം 130 കോടി വീടുകളില്‍ ടി.വി ഉണ്ടെന്നിരിക്കെ പുതിയ പദ്ധതി വന്‍ വിജയമാവുമെന്നാണ്‌ ഇന്റലിന്റെയും യാഹുവിന്റെയും പ്രതീക്ഷ. ടി.വി സ്‌ക്രീനിന്റെ താഴ്‌ഭാഗത്ത്‌ ക്രമീകരിച്ചിരിക്കുന്ന ബാറില്‍ കാലാവസ്ഥ, ഓ ഹരി നിലവാരം, വാര്‍ത്ത, കായികം, ഫോ ട്ടോ പങ്കുവയ്‌ക്കാനുള്ള ഫ്‌ളിക്കര്‍ തുടങ്ങിയവയിലേക്കു കണക്‌ റ്റ്‌ ചെയ്യാനുള്ള ലിങ്കുകള്‍ അടങ്ങിയതാണ്‌ വിഡ്‌ജറ്റ്‌ ചാനല്‍. താഴെയുള്ള ബാര്‍ ആവശ്യത്തിനനുസരിച്ച്‌ വലുതാക്കാ നും വശങ്ങളിലേക്ക്‌ നീക്കാ നും സാധിക്കും. വീഡിയോ ഡൗണ്‍ലോഡ്‌ ചെയ്യാനും ഓണ്‍ലൈന്‍ ഷോപ്പിങ്‌ നടത്താ നും വിഡ്‌ജറ്റ്‌ ചാനലില്‍ സംവിധാനമുണ്ട്‌. വ്യത്യസ്‌ത ലിങ്കുകള്‍ അടങ്ങിയ വിഡ്‌ജറ്റുകള്‍ ഉപയോക്താക്കള്‍ക്കു തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്‌.
ഇതിനായി കാന്‍മോര്‍ എന്ന പേരിലുള്ള ചിപ്പാണ്‌ ഇന്റല്‍ പുറത്തിറക്കിയിരിക്കുന്നത്‌. ഉയര്‍ന്ന നിലവാരത്തിലുള്ള ഓഡിയോ, വീഡിയോ, ത്രിമാന ഗ്രാഫിക്‌സ്‌ എന്നിവയ്‌ക്കൊക്കെ സൗകര്യമുള്ളതാണു ചിപ്പ്‌. ടി.വിയിലേക്ക്‌ നെറ്റ്‌ കണക്‌റ്റ്‌ ചെയ്യുന്നത്‌ ഈ ചിപ്പ്‌ വഴിയാണ്‌.

സോണി, തോഷിബ, സാംസങ്‌, മോട്ടോറോള കമ്പനികള്‍ പുതിയ ചിപ്പില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. കാന്‍മോര്‍ ചിപ്പുകള്‍ അടങ്ങിയ ടി.വി 2009ല്‍ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

ഒളിംപിക്‌സ്‌ ഹരം നിങ്ങളെ കെണിയില്‍ വീഴ്‌ത്തിയേക്കാം


ഒളിംപിക്‌സില്‍ മല്‍സരങ്ങള്‍ക്കു തീവ്രതയേറുന്തോറും അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പ്രിയമേറിവരുകയാണ്‌. ഇതു മുതലാക്കാന്‍ വലയുമായിറങ്ങിയിരിക്കുകയാണു ഹാക്കര്‍മാര്‍. ഒളിംപിക്‌സ്‌ വാര്‍ത്തകളും വിശേഷങ്ങളും ഓണ്‍ലൈന്‍ വഴി അറിയാന്‍ ശ്രമിക്കുന്നവരെയാണു ഹാക്കര്‍മാര്‍ കെണിയില്‍ വീഴ്‌ത്തുന്നത്‌. ഒളിംപിക്‌സിനെ സംബന്ധിച്ച രസകരമായ മെയിലുകള്‍ വഴി വൈറസുകള്‍ കടത്തിവിട്ട്‌ നിങ്ങളുടെ കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറുകയാണു ഹാക്കര്‍മാര്‍ പയറ്റുന്ന തന്ത്രം. ഒളിംപിക്‌സ്‌ എന്നു കേള്‍ക്കുമ്പോഴേ മുമ്പിന്‍ നോക്കാതെ മെയില്‍ തുറക്കുന്നവര്‍ കുടുങ്ങിയതുതന്നെ.

ഇന്ത്യക്ക്‌ അപ്രതീക്ഷിതമായി മെഡലുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന്‌ ഒളിംപിക്‌സ്‌ വിശേഷങ്ങള്‍ തിരയുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. ഇതോടെ ഇന്ത്യന്‍ കംപ്യൂട്ടറുകളില്‍ വൈറസുകളുടെ വ്യാപനവും വര്‍ധിച്ചിട്ടുണ്ട്‌. വേഡ്‌ ഫയലുകളായ ഡോക്യുമെന്റ്‌ അറ്റാച്ച്‌മെന്റിന്റെ രൂപത്തിലാണ്‌ വൈറസുകള്‍ വരുന്നതെന്ന്‌ ആന്റിവൈറസ്‌ കമ്പനികളായ നോര്‍ട്ടണും മകാഫിയും മുന്നറിയിപ്പു നല്‍കുന്നു. ഇത്തരം അറ്റാച്ച്‌മെന്റുകളില്‍ ട്രോജന്‍ വൈറസുകള്‍ ഉണ്ടാവാമെന്നാണു മുന്നറിയിപ്പ്‌. ഇനി ഒളിംപിക്‌സ്‌ ബ്രേക്കിങ്‌ ന്യൂസ്‌ എന്നു കാണുമ്പോള്‍ ചാടിപ്പിടിച്ച്‌ ഇ-മെയില്‍ തുറക്കുന്നതിനു മുമ്പ്‌ ഒരുനിമിഷം ആലോചിക്കുന്നതു നല്ലതാണ്‌.

Monday, August 11, 2008

ഇന്ത്യക്ക്‌ ഒളിംപിക്‌സ്‌ മെഡല്‍: നാളെ സിപിഎം ഹര്‍ത്താല്‍

ഒളിംപിക്സിലെ ഷൂട്ടിങ്ങില്‍ ചൈനയെ ഇന്ത്യ തോല്‍പിച്ചതില്‍ പ്രതിഷേധിച്ച് നാളെ കേരളത്തിലും ബംഗാളിലും സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നു നടത്തിയ ഒത്തുകളിയുടെ ഭാഗമാണിതെന്ന് പാര്‍ട്ടി സെക്രട്ടറി ആരോപിച്ചു.

എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയാണ് സ്വര്‍ണം നേടിയത്. വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ ഒളിംപിക്സ് സ്വര്‍ണമാണിത്. 28 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്കു ഒളിംപിക്സില്‍ സ്വര്‍ണം നേടാനാകുന്നത്. അഭിനവിനെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും രാഷ്ട്രപതി പ്രതിഭാ പാട്ടിലൂം അഭിനന്ദിച്ചു.

അതേ സമയം, ചൈനക്കെതിരായ നീക്കത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ ഇന്ന് രാത്രി ചേരാനിരിക്കുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കുന്നതിനായി പാര്‍ട്ടി സംസ്ഥാനഭാരവാഹികള്‍ ഡല്‍ഹിക്കു പുറപ്പെട്ടു. അഭിനവ് ബിന്ദ്ര ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണം നേടിയതിനെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം:-

എടോ അഭിനവാ.. താനൊരു ബിന്ദ്ര വിചാരിച്ചാല്‍ തകരുന്നതാണോ ചൈനയുടെ കായിക പാരമ്പര്യം ? കമ്മ്യൂണിസ്റ്റ് ചൈനയെക്കുറിച്ച് താനൊക്കെ എന്താണ് വിചാരിച്ചു വച്ചിരിക്കുന്നത് ? ആര്‍ക്കും കയറി വെടിവച്ച് മെഡല്‍ നേടിക്കളയാമെന്നോ ? ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തറവാടാണ് ചൈന.. ഞങ്ങള്‍ ദൈനംദിനം നേടിക്കൊണ്ടിരിക്കുന്ന സ്വര്‍ണക്കൂമ്പാരത്തിനോട് ചെറിയൊരു സ്വര്‍ണമെഡലുമായി മല്‍സരിക്കാന്‍ തനിക്ക് എങ്ങനെ ധൈര്യം വന്നു ?

ക്ഷുഭിതനായ പാര്‍ട്ടി സെക്രട്ടറി ഒളിംപിക് ചരിത്രത്തില്‍ അഭിനവ് ബിന്ദ്രയുടെ സ്ഥാനം ചൈന വഞ്ചകന്‍ എന്നതായിരിക്കുമെന്ന് വ്യക്തമാക്കി. ഒരു വെടിക്കാരന്‍ എന്ന നിലയില്‍ അഭിനവ് ചൈനയെയും പാര്‍ട്ടിയെയും വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നിലപാടുകള്‍ നഗ്നമായി ലംഘിച്ച അഭിനവ് ബിന്ദ്രയെ ഒളിംപിക്സ് ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രകമ്മിറ്റിയുടെയും പൊളിറ്റ് ബ്യൂറോയുടെയും തീരുമാനം പുറത്തു വരുന്നതോടെ അഭിനവിനെതിരെ അച്ചടക്കനടപടി ണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ വഞ്ചിച്ച അഭിനവ് ബിന്ദ്ര വെറുമൊരു കൊഞ്ജഞാണനാണെന്നും അയാളെ ഡിഐഎഫ്എക്കാര്‍ കൈകാര്യം ചെയ്തുകൊള്ളുമെന്നും സഹകരണമന്ത്രി അറിയിച്ചു. ഷൂട്ടിങ് കോച്ച് താനെങ്ങാനുമായിരുന്നെങ്കില്‍ അഭിനവിന്റെ വാരിയെല്ല് ഊരിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഒളിംപിക് ടീമില്‍ ചൈനയ്ക്കും പാര്‍ട്ടിക്കുമെതിരായ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ മാഫിയയെ തുടച്ചുനീക്കാതെ നാടു നന്നാവില്ലെന്നും അദ്ദേഹം. പറഞ്ഞു.

പോസ്‌റ്റ്‌ ഇവിടെ നിന്ന്‌ അടിച്ചുമാറ്റിയത്‌

മഴക്കാഴ്‌ച: മഴയെ സ്‌നേഹിച്ച്‌ മഴയില്‍ ജീവിച്ച്‌ മഴയിലലിഞ്ഞില്ലാതായ വിക്ടര്‍ ജോര്‍ജിന്റെ സ്‌മരണയ്‌ക്ക്‌

ആംബുലന്‍സ്‌: മെയ്‌ഡ്‌ ഇന്‍ നൈജീരിയ

മൈക്രോസോഫ്‌റ്റ്‌ ജനലുകള്‍ അടയ്‌ക്കുന്നു; ഇനി മിഡോരിയുടെ നാളുകള്‍

മൈക്രോസോഫ്‌റ്റ്‌ എന്ന സോഫ്‌റ്റ്‌വെയര്‍ ഭീമന്റെ അഭിമാനവും ജനപ്രിയ സോഫ്‌റ്റ്‌വെയറുമായ വിന്‍ഡോസിന്റെ അന്ത്യമടുത്തുവോ? ബില്‍ഗേറ്റ്‌സിന്റെ കമ്പനി ഇനിയും സമ്മതിച്ചിട്ടില്ലെങ്കിലും ജനം പൂര്‍ണമായും കൈയൊഴിയും മുമ്പ്‌ മൈക്രോസോഫ്‌റ്റ്‌ തന്നെ ജനലുകള്‍(വിന്‍ഡോസ്‌) അടച്ചുപൂട്ടാനുള്ള പദ്ധതിയിലാണെന്നാണ്‌ അണിയറ വര്‍ത്തമാനങ്ങള്‍. പകരം വരുന്നതാരാണ്‌? ഗവേഷണഘട്ടത്തിലിരിക്കുന്ന പദ്ധതിക്ക്‌ തല്‍ക്കാലം മിഡോരി എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ഐ.ടി രംഗത്ത്‌ ഭാവിയിലുണ്ടാവാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ വിന്‍ഡോസിന്‌ ത്രാണിയില്ലെന്ന ബോധ്യമാണ്‌ ഇത്തരമൊരു നീക്കത്തിന്‌ മൈക്രോസോഫ്‌റ്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്‌. വെര്‍ച്വലൈസേഷന്‌ പ്രാധാന്യം കൈവരുന്ന മൊബൈല്‍ യുഗത്തില്‍ വിന്‍ഡോസിനെപ്പോലെ ഒറ്റ കംപ്യൂട്ടറുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഓപറേറ്റിങ്‌ സിസ്റ്റത്തിന്‌ പിടിച്ചുനില്‍ക്കാന്‍ പ്രയാസമാവും. ഒറ്റ കംപ്യൂട്ടര്‍ തന്നെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കാലത്ത്‌ വിന്‍ഡോസ്‌ ആളൊരു വീരന്‍ തന്നെയായിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റും അതിലുള്ള സാധ്യതകളും വര്‍ധിച്ചതോടെ എവിടെ നിന്നും എന്തും ഉപയോഗിക്കാവുന്ന ഘട്ടത്തിലെത്തിനില്‍ക്കുകയാണ്‌. നമ്മുടെ ആവശ്യത്തിന്‌ ഉപയോഗിക്കുന്നത്‌ നമ്മുടെ കംപ്യൂട്ടറിലുള്ള ഫയലുകളോ നമ്മുടെ കംപ്യൂട്ടറുമായി ഘടിപ്പിച്ചിട്ടുള്ള ഉപകരണമോ ആവണമെന്നില്ല. അവിടെയാണ്‌ വിന്‍ഡോസിന്റെ പരിമിതിയും. മിഡോരിയെക്കുറിച്ചു ചോദിച്ചാല്‍ അത്‌ ഗവേഷണ ഘട്ടത്തിലുള്ള പദ്ധതിയാണെന്നല്ലാതെ കൂടുതലൊന്നും പറയാന്‍ മൈക്രോസോഫ്‌റ്റ്‌ തയ്യാറല്ല. എന്നാല്‍, വിന്‍ഡോസിനെ കൈയൊഴിയുന്നതോടുകൂടി മൈക്രോസോഫ്‌റ്റിന്റെ അടിത്തറയിളകുമെന്നു കരുതുന്നവരുമുണ്ട്‌.

Thursday, August 7, 2008

മുലപ്പാലിനും രുചി നല്‍കാംഅമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍ രുചിയെ വെല്ലാനെന്തുണ്ടീയുലകില്‍.... ഇനിയിപ്പോള്‍ മുലപ്പാലിനും ഏതു രുചിയും മണവും നല്‍കാമെന്നാണു ശാസ്‌ത്രം പറയുന്നത്‌. അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി ഏതാനും മണിക്കൂറുകള്‍ മുലപ്പാലില്‍ തങ്ങിനില്‍ക്കുമത്രെ. വിവിധ രുചികളുള്ള കാപ്‌സ്യൂളുകള്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കു നല്‍കിയായിരുന്നു പരീക്ഷണം. കാപ്‌സ്യൂള്‍ കഴിക്കുന്നതിനു മുമ്പും ശേഷവും മുലപ്പാല്‍ ശേഖരിച്ചാണു പഠനം നടത്തിയത്‌. വാഴപ്പഴത്തിന്റെ രുചി ഒരുമണിക്കൂറും മെന്തോള്‍ എട്ടുമണിക്കൂര്‍ വരെയും നിലനില്‍ ക്കുമെന്നാണു ന്യൂ സയന്റിസ്‌റ്റ്‌ മാഗസിന്‍ പറയുന്നത്‌. രുചിഭേദം മുലപ്പാലില്‍ പ്രത്യക്ഷപ്പെടുന്ന സമയവും അപ്രത്യക്ഷമാവുന്ന സമയവും വ്യക്തികള്‍ക്കനുസരിച്ചു വ്യത്യാസപ്പെടുമത്രെ.
എങ്ങനെയായാലും എട്ടുമണിക്കൂറിനകം ഏതു രുചിമാറ്റവും അപ്രത്യക്ഷമാവും. മുലപ്പാലിനു വിവിധ രുചികള്‍ വരുന്നതു പിന്നീടു വ്യത്യസ്‌ത രുചികള്‍ സ്വീകരിക്കാന്‍ കുഞ്ഞിനു പരിശീലനമാവുമെന്നു പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. ഹെലന്‍ ഹോസ്‌നര്‍ പറഞ്ഞു. അമ്ലഗുണമില്ലാത്ത പഴരുചികള്‍ മുലപ്പാലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നില്ല. അതേസമയം, കാരറ്റ്‌, ചെറുനാരങ്ങ തുടങ്ങിയവ കുറേക്കൂടി അനുഭവവേദ്യമാവുന്ന മാറ്റങ്ങളുണ്ടാക്കുന്നു.
തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കടുത്ത രുചി കുഞ്ഞിന്‌ അരോചകമാവുമോയെന്ന്‌ അമ്മമാര്‍ ഭയക്കേണ്ടതില്ല. മിക്ക ഭക്ഷണത്തിന്റെയും രുചി മുലപ്പാലില്‍ നിന്ന്‌ ഒന്നോ ര ണ്ടോ മണിക്കൂറിനകം അപ്രത്യക്ഷമാവും.

Tuesday, August 5, 2008

ജപ്പാനെ ശവപ്പറമ്പാക്കിയ കൊച്ചുകുട്ടിയും തടിമാടനും

കെന്‍ഗോ നികാവയുടെ വാച്ച്‌

മകന്‍ കാസുവോ സമ്മാനമായി കൊടുത്ത വാച്ച്‌ കിട്ടിയതില്‍പ്പിന്നെ കെന്‍ഗോ നികാവയെ ആ വാച്ചില്ലാതെ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. 1945 ആഗസ്‌ത്‌ 6ന്‌ രാവിലെ 8.45ന്‌ ആ വാച്ച്‌ നിലച്ചു. അതിന്‌ ഒരിക്കല്‍കൂടി കീ കൊടുക്കാനാവാതെ ആഗസ്‌ത്‌ 22ന്‌ കെന്‍ഗോ നികാവ മരിക്കുകയും ചെയ്‌തു. ആഗസ്‌ത്‌ ആറിന്‌ ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച `ലിറ്റില്‍ബോയ്‌' എന്ന ഓമനപ്പേരിലുള്ള ആറ്റംബോംബ്‌ ആണ്‌ വാച്ചിന്റെ ചലനത്തോടൊപ്പം കെംഗോ നികാവയുടെ ഹൃദയതാളത്തിന്റെയും അന്തകനായത്‌.


ലിറ്റില്‍ബോയ്‌ (കൊച്ചുകുട്ടി)
ആഗസ്‌ത്‌ 6ന്റെ തെളിഞ്ഞ പ്രഭാതത്തില്‍ പടിഞ്ഞാറന്‍ പസഫിക്കിലെ ടിനിയന്‍ വ്യോമതാവളത്തില്‍ നിന്നും മരണദൂതുമായി കേണല്‍ പോള്‍ തിബത്തിന്റെ നേതൃത്വത്തില്‍ ഇനോല ഗേ എന്ന യുദ്ധവിമാനം പറന്നുയര്‍ന്നു. സഹായത്തിനായി ഗ്രേറ്റ്‌ ആര്‍ടിസ്റ്റെ, നെസസ്സറി ഈവിള്‍ എന്നീ രണ്ട്‌ ബി29 വിമാനങ്ങളും. പ്രഥമലക്ഷ്യം ഹിരോഷിമ. സാധ്യമായില്ലെങ്കില്‍ കോകുരയോ നാഗസാക്കിയോ. പ്രാദേശിക സമയം 8.15ന്‌ വിമാനത്തില്‍ നിന്നു പതിച്ച 60 കിലോഗ്രാം യുറേനിയം-235 അടങ്ങിയ ലിറ്റില്‍ബോയ്‌ 57 സെക്കന്റ്‌ കൊണ്ട്‌ നഗരത്തിന്‌ 600 അടി മുകളിലെത്തി പൊട്ടിത്തെറിച്ചു. 11.4 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ തീപടര്‍ത്തിയ ബോംബ്‌ ഉടന്‍ തന്നെ കാലപുരിക്കയച്ചത്‌ 70,000 പേരെ. 1950 ആകുമ്പോഴേക്കും റേഡിയേഷനും അതുമായി ബന്ധപ്പെട്ട രോഗങ്ങളും കാരണം മരിച്ചവരുടെ എണ്ണം 200,000 കവിഞ്ഞു. പ്രദേശത്തെ 90 ശതമാനം കെട്ടിടങ്ങളും നിലംപൊത്തി. പിന്നെയും വര്‍ഷങ്ങളോളം അമേരിക്കന്‍ ക്രൂരതയുടെ അടയാളങ്ങളുമായി ഹിരോഷിമയിലെ അമ്മമാര്‍ വികൃതരൂപികളായ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കി.

ഷിന്‍ ഇച്ചിയുടെ ട്രൈസൈക്കിള്‍

തന്റെ വീടിനുമുന്നില്‍ ട്രൈസൈക്കിളില്‍ കളിച്ചുകൊണ്ടിരുന്ന ഷിന്‍ ഇച്ചിക്ക്‌ അന്ന്‌ നാലു വയസ്സോളമായിരുന്നു പ്രായം. ഒന്നരകിലോമീറ്റര്‍ അകലെയുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സെക്കന്റുകള്‍ക്കകം അവന്റെ വീട്‌ കത്തിയമര്‍ന്നു. അന്നുരാത്രി ഷിന്‍ ഇച്ചി മരിച്ചു. തന്റെ മകനെ ദൂരെയുള്ള കല്ലറയില്‍ ആരും കൂട്ടിനില്ലാതെ അടക്കം ചെയ്യാന്‍ മനസ്സനുവദിക്കാത്ത ഷിന്നിന്റെ അച്ചന്‍ അവന്റെ കൈ അടുത്ത വീട്ടിലെ മരിച്ചുപോയ കളിക്കൂട്ടുകാരിയുടെ കൈയുമായി ബന്ധിച്ച്‌ സന്തതസഹചാരിയായ സൈക്കിളിനോടൊപ്പം അടക്കം ചെയ്‌്‌തു. ഷിന്നിന്റെ ഏഴുവയസ്സുള്ള ചേച്ചിയും ഒരു വയസ്സുള്ള അനുജനും കത്തിച്ചാരമായിരുന്നു. നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഷിന്‍ ഇച്ചിയുടെ പിതാവ്‌ ഈ ട്രൈസൈക്കിള്‍ അവന്റ കല്ലറയില്‍ നിന്നും കുഴിച്ചെടുത്ത്‌ പീസ്‌ മെമ്മോറിയല്‍ മ്യൂസിയത്തിനു കൈമാറി.

പകച്ചുപോയ ജപ്പാന്‍കാര്‍
ആക്രമണത്തിനു ഒരു മണിക്കൂര്‍ മുമ്പ്‌ തന്നെ ചില അമേരിക്കന്‍ വിമാനങ്ങള്‍ ജപ്പാനെ സമീപിക്കുന്നതായി റഡാറുകള്‍ കണ്ടെത്തിയിരുന്നു. ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പു നല്‍കുകയും ഹിരോഷിമ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റേഡിയോ സംപ്രേഷണം നിര്‍ത്തിവെക്കുകയും ചെയ്‌തു. എന്നാല്‍ 8 മണിയോടെ മൂന്നു വിമാനങ്ങള്‍ മാത്രമാണ്‌ തങ്ങളെ സമീപിക്കുന്നതെന്നു മനസ്സിലാക്കിയ അധികൃതര്‍ വ്യോമാക്രമണ മുന്നറിയിപ്പു പിന്‍വലിച്ചു.( സാധാരണ വ്യോമാക്രമണങ്ങള്‍ ഇത്രയും കുറഞ്ഞ വിമാനങ്ങള്‍ ഉപയോഗിച്ചു നടത്താറില്ല.) അമേരിക്കന്‍ വിമാനങ്ങള്‍ നിരീക്ഷണപ്പറക്കലിനെത്തിയതാണെന്ന ധാരണയിലായിരുന്നു സൈന്യം. ഏതാനും മിനിറ്റുകള്‍ക്കകം ഹിരോഷിമയുമായുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും വിഛേദിപ്പിക്കപ്പെട്ടപ്പോഴാണ്‌ സൈനിക കേന്ദ്രങ്ങള്‍ അപകടം മണത്തത്‌. നിരീക്ഷണത്തിനച്ച വിമാനത്തില്‍ പോയ സൈനികര്‍ കണ്ടത്‌ കത്തിയമരുന്ന ഹിരോഷിമ നഗരമാണ്‌. 16 മണിക്കൂറിന്‌ ശേഷം വാഷിങ്‌ടണ്‍ ഡി.സിയില്‍ വൈറ്റ്‌ഹൗസിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോഴാണ്‌ ആറ്റം ബോംബാണ്‌ ഹിരോഷിമയില്‍ പതിച്ചതെന്ന യാഥാര്‍ത്ഥ്യം ജപ്പാന്‍കാര്‍ മനസ്സിലാക്കിയത്‌.

കോകുരയെ രക്ഷിച്ച മേഘക്കൂട്ടങ്ങള്‍ നാഗസാക്കിയുടെ കാലനായി
1945 ആഗസ്‌ത്‌ 9നാണ്‌ ഫാറ്റ്‌മാന്‍( തടിമാടന്‍) എന്നുപേരിട്ട രണ്ടാമത്തെ അണുബോംബുമായി മേജര്‍ ചാള്‍സ്‌ എസ്‌ സീനിയുടെ നേതൃത്വത്തില്‍ മൂന്ന്‌ യുദ്ധവിമാനങ്ങള്‍ ജപ്പാനെ ലക്ഷ്യമാക്കി കുതിച്ചത്‌. കോകുരയായിരുന്നു പ്രഥമലക്ഷ്യം. എന്തെങ്കിലും തടസ്സങ്ങളുണ്ടായാല്‍ മാത്രം നാഗസാക്കി എന്നതായിരുന്നു തീരുമാനം. എന്നാല്‍ കൂട്ടത്തിലൊരു വിമാനം ലക്ഷ്യം തെറ്റിയതോടെയാണ്‌ കോകുര രക്ഷപ്പെട്ടത്‌. നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകിയപ്പോഴേക്കും കൊകുരയ്‌ക്ക്‌ മുകളില്‍ മേഘക്കൂട്ടങ്ങള്‍ മൂടിയിരുന്നു. മേഘക്കൂട്ടങ്ങള്‍ കാഴ്‌ച മറച്ചതോടെയാണ്‌ കോകുരയെ വിട്ട്‌ നാഗസാക്കിയിലേക്ക്‌ തിരിച്ചത്‌. നാഗസാക്കിയെയും കാഴ്‌ച മറക്കുകയാണെങ്കില്‍ ഒകിനാവയിലെ സമുദ്രത്തില്‍ ബോംബ്‌ നശിപ്പിക്കാനായിരുന്നു പദ്ധതി. എന്നല്‍ നാഗസാക്കിയുടെ വിധി മേഘങ്ങള്‍ക്കും തിരുത്താനായില്ല. രാവിലെ 11.01ന്‌ ആകാശം തെളിഞ്ഞു. 6.4 കിലോഗ്രാം പ്ലൂട്ടോണിയം 239 അടങ്ങിയ ബോംബ്‌ നഗരത്തിലെ വ്യവസായ കേന്ദ്രത്തിനു മുകളില്‍ പതിച്ചു. 3900 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടു പുറത്തുവിട്ട ബോംബ്‌ മണിക്കൂറില്‍ 1005കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ്‌ സൃഷ്ടിച്ചു. സ്‌ഫോടനം നടന്ന ഉടന്‍ 40,000 മുതല്‍ 75,000ഓളം പേരും 1945 ആയപ്പോഴേക്കും 80,000 പേരും നാഗസാക്കിയില്‍ മൃതിയടഞ്ഞു. വീണ്ടും ജപ്പാനു മുകളില്‍ നാശം വിതയ്‌ക്കാന്‍ അമേരിക്കയ്‌ക്കു പദ്ധതിയുണ്ടായിരുന്നെങ്കിലും ആഗസ്‌ത്‌ 12ന്‌ ഹിരോഹിതോ ചക്രവര്‍ത്തി മുട്ടുമടക്കാന്‍ തയ്യാറായതോടെ അതൊഴിവായി.

എന്തുകൊണ്ട്‌ ജപ്പാന്‍
അമേരിക്കയെ ഞെട്ടിച്ച പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം റഷ്യയുമായി ജപ്പാന്‍ ഉണ്ടാക്കിയേക്കുമോ എന്ന്‌ ഭയന്ന ഉടമ്പടി മുതല്‍ മതവും വംശവും വരെ ആറ്റംബോംബ്‌ പരീക്ഷണത്തിനു ജപ്പാനെ തിരഞ്ഞെടുത്തതിനു പിന്നിലുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. പോസ്‌റ്റ്‌ഡാം പ്രഖ്യാപനപ്രകാരം ജപ്പാനെ ഉപാധികളില്ലാതെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു ആക്രമണത്തിനുത്തരവിട്ട അമേരിക്കന്‍ പ്രസിഡന്റ്‌ ഹാരി എസ്‌ ട്രൂമാന്റെ ലക്ഷ്യം. എന്നാല്‍ ഹിരോഷിമയ്‌ക്ക്‌ ശേഷവും കീഴടങ്ങാന്‍ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ തയ്യാറായില്ല.

ഹിരോഷിമയിലെ അറ്റോമിക്‌ ബോംബ്‌ ഡോം


ഈ കെട്ടിടത്തിന്‌ 150 മീറ്റര്‍ അകലെയായിരുന്നു ബോംബിന്റെ ഹൈപോസെന്റര്‍. സ്‌ഫോടനത്തിന്റെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണമായും നശിക്കാതെ നിന്ന അപൂര്‍വം ചില കെട്ടിടങ്ങളിലൊന്നാണിത്‌. ഹിരോഷിമ പീസ്‌ മെമ്മോറിയല്‍ എന്നറിയപ്പെടുന്ന ഇത്‌ ഇപ്പോള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണിത്‌.

അണുബോംബും സ്‌റ്റിംസണിന്റെ മധുവിധുവും
ക്യോട്ടോ, ഹിരോഷിമ, യോകൊഹോമ, കൊക്കുര എന്നീ സ്ഥലങ്ങളാണ്‌ അണുബോംബിങ്ങിനുള്ള ലക്ഷ്യങ്ങളായി ആദ്യം നിശ്ചയിച്ചത്‌. ക്യോട്ടോയില്‍ ബോംബിട്ടാല്‍ ആ സ്ഥലത്തോട്‌ ജപ്പാന്‍കാര്‍ക്കുള്ള ബൗദ്ധികവും സാംസ്‌കാരികവുമായ അടുപ്പം മാനസികമായി ജപ്പാന്‍കാരെ കീഴടക്കാന്‍ ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ബോംബിങിന്റെ ആസൂത്രകരില്‍ ഒരാളായ ഹെന്റി സ്‌റ്റിംസണിന്റെ താല്‍പര്യപ്രകാരം ക്യോട്ടോയെ ഒഴിവാക്കി. സ്‌റ്റിംസണ്‍ പണ്ട്‌ മധുവിധു ആഘോഷിച്ച സ്ഥലമായിരുന്നു ക്യോട്ടോ എന്നതാണത്രെ അതിനു കാരണം. ഇതുവരെ ബോംബിടാത്ത സ്ഥലം, സൈനികവ്യാവസായിക പ്രാധാന്യം, യുദ്ധത്തടവുകാരെ പാര്‍പ്പിച്ചിട്ടില്ലാത്ത അപൂര്‍വ്വം പ്രദേശങ്ങളിലൊന്ന്‌ ഇതൊക്കെ ഹിരോഷിമയ്‌ക്ക്‌ നറുക്കു വീഴാന്‍ ഇടയാക്കി. അണുബോംബ്‌ പരീക്ഷണം മനസ്സില്‍ വച്ചാണ്‌ ഇവിടെ അതുവരെ മറ്റു ബോംബുകളിടാതിരുന്നതെന്നും പറഞ്ഞു കേള്‍ക്കുന്നു. നേര്‍ച്ചക്കോഴിയെ വളര്‍ത്തുന്നതു പോലൊരു രീതി. അണുബോംബ്‌ എത്രത്തോളം നാശനഷ്ടങ്ങളുണ്ടാക്കും എന്നറിയുകയായിരുന്നു ഇതിനു പിന്നിലുള്ള ലക്ഷ്യം.

Wednesday, July 16, 2008

എ.ടി.എം ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പുകള്‍

കാലം പുരോഗമിച്ചതോടുകൂടി ആളുകള്‍ കറന്‍സികള്‍ ഒഴിവാക്കി ക്രെഡിറ്റ്‌ കാര്‍ഡുകളെന്നും ഡെബിറ്റ്‌ കാര്‍ഡുകളെന്നും അറിയപ്പെടുന്ന പ്ലാസ്റ്റിക്‌ മണിയിലേക്കു മാറിത്തുടങ്ങിയിട്ടുണ്ട്‌. സൗകര്യവും സുരക്ഷിതത്വവും പരിഗണിച്ചാണ്‌ ഇതു വ്യാപകമായത്‌. എന്നാല്‍, സൂക്ഷിച്ചില്ലെങ്കില്‍ ഈ കാര്‍ഡുകളും വലിയ കുരിശായിത്തീരും. എ.ടി.എം മെഷീനുകള്‍ (ഓട്ടോമാറ്റിക്‌ ടെല്ലര്‍ മെഷീന്‍) വഴിയാണല്ലോ ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്‌. 1960ലാണ്‌ ആദ്യമായി എ.ടി.എം രംഗത്തുവന്നത്‌. 2005ലെ കണക്കു പ്രകാരം ലോകത്തെമ്പാടുമുള്ള എ.ടി.എം മെഷീനുകളുടെ എണ്ണം 15 ലക്ഷമായിരുന്നു. ഓരോ മിനിറ്റിലും ഒരെണ്ണം എന്ന തോതില്‍ വര്‍ധിക്കുകയും ചെയ്യുന്നു. 24 മണിക്കൂറും ആവശ്യക്കാരനെ സേവിക്കാന്‍ കഴിയുന്നു എന്നതാണ്‌ ഇതുകൊണ്ടുള്ള ഗുണം. ഷോപ്പിങിനായാലും ബില്ലടയ്‌ക്കാനായാലും ഇന്‍ഷുറന്‍സ്‌ പ്രീമിയം അടയ്‌ക്കാനായാലും ഇന്ന്‌ ക്രെഡിറ്റ്‌ കാര്‍ഡുകളും ഡെബിറ്റ്‌ കാര്‍ഡുകളും ഒഴിവാക്കാനാവാത്തതാണ്‌. കാര്‍ഡുകള്‍ വ്യാപകമായതോടുകൂടി ആ രംഗത്തെ തട്ടിപ്പുകളും കൂടിത്തുടങ്ങി.

തട്ടിപ്പിന്റെ വഴികള്‍
1. കാര്‍ഡ്‌ ട്രാപ്പിങ്‌ രീതി (ലബനീസ്‌ ലൂപ്പ്‌)
ലബനീസ്‌ തട്ടിപ്പുസംഘങ്ങളാണ്‌ ഇത്തരം വിദ്യയുമായി ആദ്യമായി രംഗത്തെത്തിയതെന്നതാണ്‌ ഈ പേരു വീഴാന്‍ കാരണം. എ.ടി.എമ്മില്‍ നിന്ന്‌ പണം തട്ടാനുപയോഗിക്കുന്ന ലളിതമായ വഴിയാണിത്‌. പ്ലാസ്റ്റിക്‌ കൊണ്ടോ ലോഹം കൊണ്ടോ അല്ലെങ്കില്‍ വീഡിയോ ടേപ്പിന്റെ ഒരു ഭാഗമോ ഉപയോഗിച്ച്‌ ഒരു കെണിയുണ്ടാക്കി എ.ടി.എമ്മിന്റെ കാര്‍ഡ്‌ സ്ലോട്ടില്‍ നിക്ഷേപിക്കുകയാണ്‌ തട്ടിപ്പു രീതി. കാര്‍ഡ്‌ സ്ലോട്ടില്‍ ഇടുന്നതോടുകൂടി ഈ കെണിയില്‍ കുടുങ്ങി റീഡ്‌ ചെയ്യുന്നത്‌ തടയുന്നു. ഈ സമയത്തു സഹായിക്കാനെന്ന വ്യാജേന എത്തുന്ന തട്ടിപ്പുകാര്‍ പിന്‍ നമ്പര്‍ എന്റര്‍ ചെയ്യാന്‍ പറയുന്നു. ഒന്നോ രണ്ടോ തവണ എന്റര്‍ ചെയ്യിച്ച ശേഷം ഇതു ശരിയാവുന്നില്ല, ബാങ്കുകാരെ സമീപിച്ചു നോക്കൂ എന്ന്‌ കാര്‍ഡുടമയോടു പറയുന്നു. ഉടമ പോവുന്നതോടുകൂടി തട്ടിപ്പുകാരന്‍ കെണി ഉപയോഗിച്ചു തന്നെ കാര്‍ഡ്‌ പുറത്തേക്കെടുക്കുകയും മനസ്സിലാക്കി വച്ച പിന്‍നമ്പര്‍ ഉപയോഗിച്ച്‌ പണം പിന്‍വലിക്കുകയും ചെയ്യുന്നു. ഉപയോക്താവ്‌ ബാങ്കില്‍ പോയി വിവരമറിയിച്ച്‌ തിരിച്ചെത്തുമ്പോഴേക്കും അക്കൗണ്ട്‌ കാലിയാക്കി തട്ടിപ്പുവീരന്‍ സ്ഥലം വിടുന്നു. മാത്രമല്ല, കാര്‍ഡിലെ മാഗ്നറ്റിക്‌ സ്‌ട്രാപ്പിലെ വിവരങ്ങള്‍ ശേഖരിച്ച്‌ അതുപോലുള്ള മറ്റൊരു കൃത്രിമ കാര്‍ഡ്‌ ഉണ്ടാക്കുകയും ചെയ്യുന്നു.

2.സ്‌കിമ്മറുകളും കാമറകളും

ചെറിയ കാമറകളും സകിമ്മറുകള്‍ എന്നറിയപ്പെടുന്ന ഉപകരണവും ഉപയോഗിച്ച്‌ എ.ടി.എം കൗണ്ടറിനുള്ളില്‍ പ്രവേശിക്കുന്നവരുടെ കാര്‍ഡിലെ വിവരങ്ങള്‍ റിക്കാഡ്‌ ചെയ്‌ത്‌ വ്യാജ കാര്‍ഡുകള്‍ നിര്‍മിക്കുകയാണ്‌ തട്ടിപ്പു രീതി. കാര്‍ഡിലെ മാഗ്നറ്റിക്‌ ടേപ്പിലെ വിവരങ്ങള്‍ വായിച്ചെടുക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ സ്‌കിമ്മര്‍. ഈ സ്‌കിമ്മറുകള്‍ എ.ടി.എമ്മിന്റെ സ്ലോട്ടിനു പുറത്ത്‌ ഘടിപ്പിക്കുകയും ഇതുവഴി സ്ലോട്ടിലേക്ക്‌ ഉപയോക്താവ്‌ കാര്‍ഡ്‌ ഇടുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉപകരണം വായിച്ചെടുത്ത്‌ റിക്കാഡ്‌ ചെയ്യുന്നു. എ.ടി.എം മെഷീന്റെ സ്ലോട്ടിന്‌ സമാനമാണ്‌ ഇതിന്റെ രൂപമെന്നതിനാല്‍ ഉപയോക്താവിന്‌ തിരിച്ചറിയാന്‍ സാധിക്കില്ല. ഇതോടൊപ്പം എ.ടി.എം കൗണ്ടറിനുള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന കൊച്ചു കാമറകള്‍ ഉപയോഗിച്ച്‌ പിന്‍നമ്പര്‍ ഏതാണെന്നു മനസ്സിലാക്കുകയും ചെയ്യുന്നു. കൗണ്ടറില്‍ മറ്റാരുമില്ലാത്തതിനാല്‍ സാധാരണ ഗതിയില്‍ കാര്‍ഡുടമ വളരെ പതുക്കെയായിരിക്കും നമ്പര്‍ നല്‍കുന്നത്‌. ഈ രണ്ടു വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഇതുപയോഗിച്ച്‌ വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ച്‌ പണം പിന്‍വലിക്കുന്നു. ബ്രിട്ടനിലെ ചില പെട്രോള്‍ പമ്പുകളില്‍ നിന്ന്‌ ഇത്തരത്തിലുള്ള തട്ടിപ്പ്‌ ഈയിടെ പിടികൂടിയിരുന്നു. ഇതില്‍ വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ച്‌ പണം പിന്‍വലിച്ചത്‌ പ്രധാനമായും ഇന്ത്യയില്‍ നിന്നായിരുന്നു- അതുകൊണ്ടു ജാഗ്രതൈ.

വ്യാജ പിന്‍നമ്പര്‍ പാഡുകള്‍
കാര്‍ഡുടമ പിന്‍നമ്പര്‍ നല്‍കാന്‍ ഉപയോഗിക്കുന്ന കീ പാഡുകളില്‍ മറ്റൊരു പാഡ്‌ സ്ഥാപിക്കുകയാണ്‌ ഇവിടെ. ഉപയോക്താവ്‌ നല്‍കുന്ന പിന്‍നമ്പര്‍ ഈ പാഡ്‌ റിക്കാഡ്‌ ചെയ്‌തുവയ്‌ക്കുകയും പിന്നീട്‌ തട്ടിപ്പുകാരന്‍ പാഡില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. ഇതൊഴിവാക്കാനാണ്‌ ചില സ്ഥാപനങ്ങള്‍ ടച്ച്‌ സ്‌ക്രീന്‍ സംവിധാനം കൊണ്ടുവന്നത്‌. എന്നാല്‍, അതും ചില വിരുതന്മാര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്‌. പലപ്പോഴും ഈ തട്ടിപ്പുകാര്‍ക്ക്‌ കാര്‍ഡ്‌ നല്‍കുന്ന ബാങ്ക്‌ ജീവനക്കാരുമായി ബന്ധമുണ്ടാവും. അതുവഴി എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ ഇവരുടെ കൈവശമെത്തിച്ചേരുന്നു.

Friday, June 20, 2008

വവ്വാലുകള്‍ കളിമണ്ണ്‌ തിന്നുന്നതെന്തിന്‌

കളിമണ്ണ്‌ അല്ലെങ്കില്‍ ചളി തിന്നുക എന്ന അസാധാരണ സ്വഭാവം ജന്തുലോകത്ത്‌ അത്ര അപൂര്‍വമല്ല. ചിംപാന്‍സികളും മലേറിയയെ പ്രതിരോധിക്കുന്നതിനു വേണ്ടി മനുഷ്യരില്‍ ചില ഗോത്രവര്‍ഗങ്ങളും കളിമണ്ണു തിന്നാറുണ്ട്‌. സാധാരണ ഭക്ഷ്യവസ്‌തുക്കളില്‍ നിന്ന്‌ ലഭിക്കാത്ത ലവണങ്ങള്‍ക്കു വേണ്ടിയാണ്‌ ജന്തുക്കള്‍, ജിയോഫാഗി എന്നു വിളിക്കുന്ന ഈ സ്വഭാവം പ്രകടിപ്പിക്കുന്നതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്‌. എന്നാല്‍, ഭക്ഷ്യവസ്‌തുക്കളിലടങ്ങിയിരിക്കുന്ന വിഷാംശം നിര്‍വീര്യമാക്കാനും ഈ വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ്‌ വവ്വാലുകളില്‍ നടത്തിയ പഠനം തെളിയിക്കുന്നത്‌. മനുഷ്യര്‍ പച്ചക്കറികളും ഫലവര്‍ഗങ്ങളും കഴിക്കുമ്പോള്‍ അതിന്റെ വിഷാംശം അടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയാണ്‌ ഉപയോഗിക്കാറ്‌. മൃഗങ്ങള്‍ കഴിക്കുന്ന പല പഴങ്ങളും ഇലകളും ഇത്തരം വിഷാംശങ്ങള്‍ അടങ്ങിയവയാണ്‌. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന ലവണങ്ങള്‍ ഇത്തരം വിഷവസ്‌തുക്കളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. വവ്വാലുകള്‍ ഓരോ രാത്രിയിലും വിഷമയമായ രാസവസ്‌തുക്കള്‍ അടങ്ങിയ നിരവധി പഴങ്ങളാണ്‌ അകത്താക്കുന്നത്‌. ഇത്തരം രാസവസ്‌തുക്കള്‍ കുഞ്ഞുവവ്വാലുകള്‍ക്കും ഗര്‍ഭത്തിലിരിക്കുന്നവയ്‌ക്കും വളരെയധികം ദോഷം ചെയ്യുമെന്നു കണ്ടെത്തിയിട്ടുണ്ട്‌. ആമസോണ്‍ മഴക്കാടുകളില്‍ ഒരുമാസം പഠനം നടത്തിയാണു ഗവേഷണസംഘം വവ്വാലുകളിലെ കളിമണ്ണു തീറ്റയുടെ രഹസ്യം കണ്ടെത്തിയത്‌. ആദ്യഘട്ടത്തില്‍, പന്നികളെയും മറ്റ്‌ വലിയ മൃഗങ്ങളെയും പോലെ ലവണങ്ങളുടെ കുറവ്‌ പരിഹരിക്കാനാണ്‌ വവ്വാലുകളും കളിമണ്ണു തിന്നുന്നതെന്നാണു കരുതിയിരുന്നത്‌. എന്നാല്‍, നിരന്തര പഠനത്തില്‍ മറ്റു ചില രഹസ്യങ്ങളും വെളിച്ചത്തുവന്നു. കളിമണ്ണു തിന്നുന്നതില്‍ ഭൂരിഭാഗവും പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളായിരുന്നു. പ്രാണികളെ ഭക്ഷിക്കുന്നവ വളരെ അപൂര്‍വമായെ കളിമണ്ണു തിന്നാനെത്തിയുള്ളൂ. പഴങ്ങള്‍ വളരെ ലവണഗുണമുള്ളവയാണെന്നിരിക്കെയാണ്‌ ഈ പ്രതിഭാസം. ഇതില്‍ നിന്നാണ്‌ വിഷാംശം നിര്‍വീര്യമാക്കുകയാണ്‌ വവ്വാലുകളുടെ ലക്ഷ്യമെന്ന്‌ മനസ്സിലാക്കിയത്‌. മാത്രമല്ല ചളിക്കളങ്ങള്‍ തേടിയെത്തിയവയില്‍ മിക്കവയും ഗര്‍ഭിണികളോ കൊച്ചുകുഞ്ഞുങ്ങള്‍ക്കു തീറ്റ കൊടുക്കുന്നവയോ ആയിരുന്നു. ആമസോണിലെ ഇന്ത്യന്‍ ഗോത്രവര്‍ഗക്കാര്‍ എന്ത്‌ ഉദ്ദേശ്യത്തിലാണോ കളിമണ്ണ്‌ തിന്നുന്നത്‌ അതുതന്നെയാണ്‌ വവ്വാലുകളുടെയും ഉദ്ദേശ്യമെന്ന്‌ ഗവേഷകനായ ക്രിസ്‌ത്യന്‍ വോയിറ്റ്‌ പറയുന്നു. ചില ഗോത്രവര്‍ഗക്കാര്‍ ഗര്‍ഭകാലത്തും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സമയത്തും കളിമണ്ണു തിന്നാറുണ്ട്‌. കണ്ടെത്തലിന്റെ വെളിച്ചത്തില്‍ കളിമണ്ണിന്റെ അപൂര്‍വ ഗുണങ്ങളെക്കുറിച്ച്‌ ഇനിയും ഒരുപാട്‌ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നാണു ഗവേഷകരുടെ പക്ഷം.

അമ്പിളിമാമനിലേക്കൊരു അമ്പെയ്‌ത്തു പരിശീലനം

ചന്ദ്രനിലേക്ക്‌ ഭൂമിയില്‍ നിന്ന്‌ അമ്പ്‌ എയ്‌തു പിടിപ്പിക്കുക. അമ്പിന്റെ അറ്റത്തു പിടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളില്‍ നിന്നു ഭൂമിയിലേക്ക്‌ സന്ദേശങ്ങള്‍ ലഭിക്കുക. കേള്‍ക്കുമ്പോള്‍ സ്‌റ്റീഫന്‍ സ്‌പില്‍ബര്‍ഗിന്റെ സയന്‍സ്‌ ഫിക്‌ഷന്‍ സിനിമയുടെ കഥപോലെ തോന്നുന്നുണ്ടോ? സംശയിക്കേണ്ട. സംഭവം സത്യമാവാന്‍ പോവുകയാണ്‌. പ്രഫസര്‍ സര്‍ മാര്‍ട്ടിന്‍ സ്വീറ്റിങും കൂടെയുള്ള ബ്രിട്ടനിലെ മറ്റു ശാസ്‌ത്രജ്ഞരും എന്‍ജിനീയര്‍മാരും അതിനുള്ള പരീക്ഷണത്തിലാണ്‌. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം അന്വേഷിക്കുകയും ഒരു ദിനം മനുഷ്യവാസം സാധ്യമാവുന്ന കണ്ടെത്തലുകള്‍ നടത്തുകയുമാണ്‌ സര്‍ മാര്‍ട്ടിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ചന്ദ്രനിലേക്കൊരു ഇന്റര്‍നെറ്റ്‌ ലിങ്ക്‌ സ്ഥാപിക്കാനും ലക്ഷ്യമുണ്ട്‌. നാളെ ഒരുപക്ഷേ മറുവശത്ത്‌ ചാറ്റ്‌ ചെയ്യുന്നയാളോട്‌ സ്ഥലം എവിടെയെന്നു ചോദിച്ചാല്‍ ചന്ദ്രനില്‍ എന്ന്‌ ഉത്തരം കേട്ടാല്‍ ഞെട്ടണ്ട. മൂണ്‍ലൈറ്റ്‌( മൂണ്‍ ലൈറ്റ്‌ വെയ്‌റ്റ്‌ ഇന്റീരിയര്‍ ആന്റ്‌ ടെലികോംസ്‌ എക്‌സ്‌െപരിമെന്റ്‌) എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിന്‌ ഫണ്ട്‌ കണ്ടെത്താനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സൗത്ത്‌ വെയില്‍സിലെ ഒരു സൈനിക കേന്ദ്രത്തില്‍ പ്രാഥമിക അമ്പെയ്‌ത്ത്‌ പരീക്ഷണവും നടന്നുകഴിഞ്ഞു. ചന്ദ്രനെ വലംവയ്‌ക്കുന്ന ഒരു ഉപഗ്രഹം സ്ഥാപിക്കുക, ശേഷം അതിവേഗമാര്‍ന്ന അമ്പുകള്‍ ചന്ദ്രോപരിതലത്തിലേക്ക്‌ തൊടുത്തുവിടുക. ഇതാണ്‌ പുതുമയാര്‍ന്ന ഈ പരീക്ഷണത്തില്‍ ഉദ്ദേശിക്കുന്നതെന്ന്‌ സര്‍ മാര്‍ട്ടിന്‍ വിവരിക്കുന്നു. മൂന്നോ നാലോ മീറ്റര്‍ ആഴത്തില്‍ റിഗോലിത്തില്‍( ചന്ദ്രോപരിതലം) തുളച്ചുകയറുന്ന അമ്പിന്റെ അറ്റത്ത്‌ പുറത്തേക്കു തള്ളിനില്‍ക്കുന്ന വിധത്തില്‍ ചെറു ആന്റിനയുണ്ടാവും. ഇതില്‍ നിന്നു വരുന്ന സിഗ്നലുകള്‍ വളരെ ശക്തികുറഞ്ഞതായതിനാല്‍ ഇവ പിടിച്ചെടുക്കാന്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഒരു ഉപഗ്രഹം വേണ്ടിവരും. ഈ ഉപഗ്രഹം പിടിച്ചെടുക്കുന്ന സന്ദേശങ്ങള്‍ ഭൂമിയിലേക്കയക്കും. തന്റെ സ്വപ്‌നപദ്ധതിയെക്കുറിച്ച്‌ സര്‍ മാര്‍ട്ടിന്‍ വിശദീകരിച്ചു. പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന സര്‍ മാര്‍ട്ടിന്‍ ചില്ലറക്കാരനല്ല. 2002ല്‍ ചെറുകിട ഉപഗ്രഹ എന്‍ജിനീയറിങ്‌ മേഖലയിലുള്ള സേവനത്തിനാണ്‌ അദ്ദേഹത്തിന്‌ സര്‍ പദവി കിട്ടിയത്‌. 22 വര്‍ഷം മുമ്പേ 100 പൗണ്ട്‌ പ്രാരംഭ ഫണ്ടില്‍ സര്‍റെ സാറ്റലൈറ്റ്‌ ടെക്‌നോളജി ലിമിറ്റഡ്‌ ആരംഭിച്ചതും ഇദ്ദേഹമാണ്‌. ലളിതമായി തുടങ്ങിയ സര്‍റെ സ്‌പേസ്‌ സെന്ററും അതിന്റെ വ്യാവസായിക ഘടകമായ എസ്‌.എസ്‌.ടി.എല്ലും മിനിയേച്ചര്‍ സാറ്റലൈറ്റ്‌ നിര്‍മാണത്തില്‍ ഇന്ന്‌ ലോകപ്രശസ്‌തമാണ്‌. ദീര്‍ഘകാലം ബ്രിട്ടന്റെ ബഹിരാകാശ മേഖലയുടെ അംബാസഡറായിരുന്ന സര്‍ മാര്‍ട്ടിന്‍ ഇപ്പോള്‍ തന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്‌ മൂണ്‍ലൈറ്റ്‌ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടിയാണ്‌. പദ്ധതി വിജയിക്കുകയാണെങ്കില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന പത്തോളം ചാന്ദ്ര ദൗത്യങ്ങള്‍ക്കു വേണ്ട സാങ്കേതികവിദ്യ ബ്രിട്ടന്‍ നല്‍കും. ബഹിരാകാശ ശാസ്‌ത്രജഞരുടെ ഭാവിയിലുള്ള ആശയവിനിമയ സംവിധാനത്തിന്റെ അടിത്തറ പാകുകയും ചെയ്യും. അടുത്ത ഇരുപതോ മുപ്പതോ വര്‍ഷത്തിനിടയില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാക്കുന്നതിന്റെ മുന്നൊരുക്കമായി ചന്ദ്രനില്‍ ഇന്റര്‍നെറ്റ്‌ രൂപത്തിലുള്ള കമ്മ്യൂണിക്കേഷന്‍ സംവിധാനം ഒരുക്കുകയാണ്‌ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്‌ സര്‍ മാര്‍ട്ടിന്‍ പറഞ്ഞു. തെര്‍മോമീറ്ററുകള്‍, മൈക്രോ സീസ്‌മോ മീറ്ററുകള്‍, ജിയോകെമിക്കല്‍ സെന്‍സറുകള്‍, എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ തുടങ്ങിയ ശാസ്‌ത്രീയ ഉപകരണങ്ങള്‍ ഘടിപ്പിച്ച അമ്പുകളാണ്‌ ചന്ദ്രനിലേക്ക്‌ തൊടുത്തുവിടുക. പ്രതിരോധ ഉപകരണ നിര്‍മാണക്കമ്പനിയായ ക്വിനെറ്റിക്‌, യൂനിവേഴ്‌സിറ്റി കോളജ്‌ ലണ്ടനിലെ മുള്ളാഡ്‌ സ്‌പേസ്‌ സയന്‍സ്‌ ലബോറട്ടറിയുമായി സഹകരിച്ചാണ്‌ ഉപകരണം നിര്‍മിക്കുന്നത്‌. പദ്ധതി തത്ത്വത്തില്‍ വിജയിക്കുമെന്നാണ്‌ ക്വിനെറ്റിക്‌സിലെ പെന്‍ഡൈന്‍ പരീക്ഷണകേന്ദ്രത്തില്‍ നിന്ന്‌ നടത്തിയ പ്രാഥമിക വിക്ഷേപണം തെളിയിക്കുന്നത്‌. 2013ഓടെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 10 കോടി പൗണ്ട്‌ ആണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌.

ജൈവ ഇന്ധനവും ഭക്ഷ്യപ്രതിസന്ധിയും

ജൈവ ഇന്ധനവും ഭക്ഷ്യപ്രതിസന്ധിയും
ജൈവ ഇന്ധനം, ഈയിടെ നടന്ന ഐക്യരാഷ്ട്രസഭാ ഭക്ഷ്യപ്രതിസന്ധി ഉച്ചകോടിയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്‌ക്കിടയാക്കിയിരുന്നു. ഒരുകാലത്ത്‌ ഹരിത ഇന്ധനമെന്ന്‌ എല്ലാവരും പാടിപ്പുകഴ്‌ത്തിയിരുന്ന ജൈവ ഇന്ധനം ലോകത്തിന്റെ അന്നം മുട്ടിക്കുന്ന വില്ലനാവുകയാണെന്നാണ്‌ ആരോപണം. കരിമ്പ്‌, ചോളം പോലുള്ള ധാന്യങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന, പെട്രോള്‍ പോലുള്ളവയ്‌ക്കു പകരമായി ഉപയോഗിക്കാവുന്ന എഥനോളാണ്‌ ജൈവ ഇന്ധനം. വന്‍ സബ്‌സിഡി നല്‍കി നിലനിര്‍ത്തുന്ന ജൈവ ഇന്ധന വ്യവസായം മനുഷ്യരുടെ വയര്‍ നിറയ്‌ക്കേണ്ട കൃഷിക്കളങ്ങളെ വാഹനങ്ങളുടെ ദാഹം തീര്‍ക്കാനുള്ള എണ്ണപ്പാടങ്ങളാക്കി മാറ്റുകയാണെന്നാണ്‌ ഇതിനെതിരായി പ്രചാരണം നടത്തുന്നവര്‍ വാദിക്കുന്നത്‌. ജൈവ ഇന്ധനത്തിന്റെ വളര്‍ച്ച ഭക്ഷ്യവിപണിയില്‍ കനത്ത ആഘാതങ്ങള്‍ സൃഷ്‌ടിക്കുന്നെന്ന്‌ അവര്‍ പറയുന്നു. ഫുഡ്‌ ആന്റ്‌ അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്‌.എ.ഒ) ഡയറക്ടര്‍ ജനറല്‍ ഷാക്ക്‌്‌ ദിയുഫ്‌ ഇതിനോടു യോജിക്കുന്നുമുണ്ട്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വര്‍ഷം 1,200 കോടിയോളം ഡോളര്‍ സബ്‌സിഡിയും നികുതിയിളവും ലഭിക്കുന്നതുമൂലം മനുഷ്യോപയോഗത്തിനുള്ള ദശലക്ഷക്കണക്കിന്‌ ടണ്‍ ധാന്യങ്ങളാണ്‌ വാഹനങ്ങളിലെ ഇന്ധനടാങ്കുകളിലേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുന്നത്‌. ഇതേ അഭിപ്രായമാണ്‌ സന്നദ്ധ സംഘടനയായ ഓക്‌സ്‌ഫാമിലെ ബാര്‍ബറ സ്‌റ്റോക്കിങിനും. ``ഒരു എസ്‌.യു.വി വാഹനത്തിനു വേണ്ട എഥനോള്‍ നിര്‍മിക്കാന്‍ ശരാശരി ഒരു മനുഷ്യനു തിന്നാനാവശ്യമായത്രയും ധാന്യം വേണം''- അവര്‍ പറഞ്ഞു.
ഏതായാലും 30 രാജ്യങ്ങളെ രാഷ്ട്രീയ അസ്ഥിരതയിലേക്കും ലക്ഷക്കണക്കിനാളുകളെ പട്ടിണിയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുന്നതിന്റെ യഥാര്‍ഥ കാരണക്കാര്‍ ആരാണെന്നതു തര്‍ക്കവിഷയമാണ്‌. ജൈവഇന്ധനവും ഇതില്‍ പങ്കുവഹിെച്ചന്ന്‌ എല്ലാവരും സമ്മതിക്കുന്നുണ്ടെങ്കിലും എത്രത്തോളം റോളുണ്ടെന്നതില്‍ മാത്രമാണു തര്‍ക്കം. മൂന്നുമുതല്‍ 30 ശതമാനം വരെ എന്ന്‌ വ്യത്യസ്‌ത കണക്കുകള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്‌. ജൈവ ഇന്ധനം ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന അമേരിക്കയും ബ്രസീലും യൂറോപ്യന്‍ യൂനിയനും കുതിച്ചുകയറുന്ന ഇന്ധനവിലയാണ്‌ പ്രധാന വില്ലനെന്നു വാദിക്കുന്നു. ബ്രസീലിലെ ഉഷ്‌ണമേഖലാ കാലാവസ്ഥ കരിമ്പുകൃഷിക്ക്‌ ഏറ്റവും അനുയോജ്യമാണ്‌. രാജ്യത്തെ ഗതാഗതമേഖലയിലെ 40 ശതമാനം ഇന്ധനവും കരിമ്പില്‍ നിന്നെടുക്കുന്ന എഥനോളാണു ജൈവ ഇന്ധനം ഭക്ഷ്യവിലവര്‍ധനയില്‍ രണ്ടോ മൂന്നോ ശതമാനം മാത്രമേ പങ്കു വഹിക്കുന്നുള്ളൂ എന്ന്‌, ചോളത്തില്‍ നിന്നുള്ള എഥനോള്‍ ഉല്‍പ്പാദനത്തിന്‌ വന്‍ സബ്‌സിഡി നല്‍കുന്ന അമേരിക്ക അവകാശപ്പെടുന്നു. ``ജൈവ ഇന്ധനവും ഒരു കാരണമാണെന്നതു ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, യഥാര്‍ഥ കാരണങ്ങള്‍ ഇന്ധനവിലയും അമിതോപഭോഗവും ധാന്യം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ താളംതെറ്റിയ കാലാവസ്ഥയുമാണ്‌''- അമേരിക്കന്‍ അഗ്രികള്‍ചര്‍ സെക്രട്ടറി എഡ്‌ ഷാഫര്‍ പറഞ്ഞു. ഇന്ത്യക്കാരും ചൈനക്കാരും തിന്നുമുടിക്കുന്നതു മൂലമാണ്‌ അരിക്കു വിലയേറിയതെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ ഈയിടെ തട്ടിവിട്ടത്‌ ഓര്‍ക്കുക. അതേസമയം, 2006 മുതല്‍ 2007 വരെയുള്ള ഭക്ഷ്യവില വര്‍ധന പഠനവിധേയമാക്കിയപ്പോള്‍ ജൈവ ഇന്ധനത്തിന്‌ അതില്‍ 30 ശതമാനത്തോളം പങ്കുണ്ടെന്നു മനസ്സിലാക്കാനായെന്ന്‌ വാഷിങ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫുഡ്‌ പോളിസി റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ വെളിപ്പെടുത്തല്‍ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ്‌.
``ചോളത്തിന്റെയും കരിമ്പിന്റെയും അതുപോലെ മറ്റു ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും കൃഷിക്കളങ്ങളില്‍ നിന്ന്‌ ഭക്ഷണവും വിത്തും കൊയ്‌തെടുക്കേണ്ടതിനുപകരം ഇന്ധനം കൊയ്യുന്നു എന്നതാണു നേര്‍ക്കുനേരെയുള്ള ഫലം. ചിലപ്പോള്‍ ലാഭംകൊതിച്ച്‌ നെല്ലും ഗോതമ്പും കൃഷിചെയ്യുന്നവര്‍ ജൈവ ഇന്ധനകൃഷിയിലേക്കു തിരിയുന്നു. ചോളത്തിന്റെ വില വര്‍ധിക്കുമ്പോള്‍ ആഫ്രിക്കപോലുള്ള പ്രദേശങ്ങളിലെ ദരിദ്രര്‍ അരിയിലേക്കു മാറുന്നു. ഇത്‌ അരിയുടെ വിലവര്‍ധനയ്‌ക്ക്‌ ഇടയാക്കുന്നു''- അമേരിക്കയിലെ ജൈവ ഇന്ധന വിദഗ്‌ധനായ മാര്‍ക്ക്‌ റോസ്‌ഗ്രന്റ്‌ വിശദീകരിച്ചു. ബ്രസീല്‍പോലുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവഇന്ധനത്തിന്‌ കാര്യക്ഷമതയെങ്കിലും അവകാശപ്പെടാനുണ്ട്‌. അമേരിക്കയ്‌ക്ക്‌ ആ ന്യായംപോലുമില്ല. ബ്രസീലില്‍ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന 5,200 കോടി ലിറ്റര്‍ എഥനോളില്‍ 1,900 കോടി ലിറ്ററും ഉല്‍പ്പാദിപ്പിക്കുന്നത്‌ കരിമ്പില്‍ നിന്നാണ്‌. 30 വര്‍ഷം മുമ്പ്‌ തുടങ്ങിയ ഈ വ്യവസായം വളരെയധികം വികാസംപ്രാപിച്ചിട്ടുണ്ട്‌. അതോടൊപ്പം ചെറുകിട ഗ്രാമീണ കര്‍ഷകര്‍ക്ക്‌ ബ്രസീല്‍ ഏര്‍പ്പെടുത്തിയ നികുതിയിളവ്‌, എഥനോളില്‍ നിന്നുള്ള ലാഭം കേന്ദ്രീകരിക്കപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. കരിമ്പില്‍ നിന്ന്‌ ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ഏറ്റവും കാര്യക്ഷമവും പെട്രോളിനേക്കാള്‍ 80 മുതല്‍ 90 ശതമാനംവരെ കുറവ്‌ കാര്‍ബണ്‍ ഉല്‍പ്പാദിപ്പിക്കുന്നതുമാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. അതേസമയം, അമേരിക്കപോലുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചോളത്തില്‍ നിന്നുള്ള എഥനോളിന്‌ കൂടുതല്‍ കാര്യക്ഷമത അവകാശപ്പെടാനില്ല. ധാരാളം രാസവളവും ഫോസില്‍ ഇന്ധനവും ഉപയോഗിച്ചു മാത്രമേ ചോളത്തില്‍ നിന്ന്‌ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാവൂ. ഫലത്തില്‍ ചോളത്തെ എഥനോളാക്കി മാറ്റുന്ന പ്രക്രിയക്കിടയില്‍ ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഊര്‍ജത്തെയും വന്‍തോതില്‍ ആശ്രയിക്കേണ്ടിവരുന്നു. ചോളത്തില്‍ നിന്നുള്ള എഥനോള്‍ പുറത്തുവിടുന്ന ഹരിതഗൃഹവാതകത്തിന്റെ അളവില്‍ ഫോസില്‍ ഇന്ധനത്തേക്കാള്‍ 10 മുതല്‍ 30 ശതമാനം വരെ മാത്രമേ കുറവുള്ളൂ. 2022 ഓടെ 3,500 കോടി ഗാലന്‍ ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനാണ്‌ അമേരിക്ക ലക്ഷ്യമിടുന്നത്‌. ഇപ്പോള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന 2,700 കോടി ലിറ്റര്‍ എഥനോളില്‍ ഓരോ ഗാലനും 50 സെന്റാണ്‌ അമേരിക്കന്‍ സര്‍ക്കാര്‍ സഹായമായി നല്‍കുന്നത്‌. കൃഷിക്കുള്ള സബ്‌സിഡിയും കൂടി ചേര്‍ത്താല്‍ വര്‍ഷം ഇത്‌ 600 കോടി ഡോളര്‍ വരും. ലോകത്തെ ഇന്ധനത്തില്‍ 25 ശതമാനവും കുടിച്ചുതീര്‍ക്കുന്ന അമേരിക്കന്‍ ജനതയുടെ ദുര തീര്‍ക്കാന്‍ ലോകത്ത്‌ ഇനിയും ഒരുപാടു കോടി ജനങ്ങളെ പട്ടിണിക്കിടേണ്ടിവരുമെന്നു സാരം. എണ്ണയ്‌ക്കായി നാടായ നാടുമുഴുവന്‍ വെട്ടിപ്പിടിച്ച്‌ പതിനായിരങ്ങളെ കൊന്നൊടുക്കുന്നതിനു പുറമെയാണിത്‌.