![]() |
മലപ്പുറം ജില്ലയിലെ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഇറച്ചിക്കറി നല്‍കിയതിനെതിരേ മാര്‍ച്ച് നടത്തുന്ന ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ |
വേങ്ങരയിലെ എടക്കപ്പറമ്പയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം ഇറച്ചി കൊടുത്തതിന് ഹിന്ദുഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്. കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം (ഇറച്ചിയും മീനും ധാന്യങ്ങളും പച്ചക്കറിയുമൊക്കെ ആവശ്യത്തിന് ഉള്‍പ്പെടുന്ന ഭക്ഷണത്തെയാണല്ലോ പോഷക സമൃദ്ധം എന്ന് പറയുന്നത്) കൊടുക്കണമെന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശമാണ്. ഓരോ സ്കൂളിലെയും പി.ടി.എ കമ്മിറ്റികള്‍ തങ്ങള്‍ക്കാവുന്ന വിധത്തിലുള്ളതൊക്കെ കൊടുക്കുന്നുമുണ്ട് (അംഗനവാടിയില്‍ പഠിക്കുന്ന കോഴിക്കൊതിച്ചിയായ എന്റെ മോള് കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് കിട്ടിയ കോഴിക്കറിയുടെ രുചിയെക്കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ നമ്മള് പഠിക്കുന്ന കാലത്തൊന്നും സര്‍ക്കാരിന് ഈ ബുദ്ധി തോന്നാത്തതെന്തെന്ന് കുണ്ഠിതപ്പെട്ടിരുന്നു). ഇറച്ചി കൊടുത്തത് ഏതോ മുസ്്ലിം ഗൂഡാലോചനയാണെന്ന് പ്രചരിപ്പിച്ചാണ് ഹിന്ദുത്വര്‍ വാളും വടിയുമായി ഇറങ്ങിയിരിക്കുന്നത്. സത്യത്തില്‍ ഈ സ്കൂളില്‍ കുട്ടികള്‍ക്ക് കറി വിളമ്പിക്കൊടുത്തത് രാജേഷ് മാഷും ജസ്റ്റിന് മാഷുമായിരുന്നു. അവരുടെയൊന്നും മനസ്സില്‍ കാവി ബാധിച്ചിട്ടില്ലാത്തത് കൊണ്ട് ഇറച്ചിയില്‍ ഇസ്്ലാം തിളക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല.
മുമ്പൊക്കെ ഹിന്ദുമതസ്ഥരായ കൂട്ടുകാരുടെ വീട്ടില്‍ ഓണത്തിനും മറ്റും പോയാല്‍ നല്ല പച്ചക്കറി സദ്യ കിട്ടിയിരുന്നു. ഇപ്പോള്‍ അവിടെയും വിശേഷ ദിവസങ്ങളില്‍ ഇറച്ചിയാണ് വിളമ്പുന്നത് (ഇറച്ചി തിന്ന് മടുത്ത് അല്‍പ്പം വെറൈറ്റി തേടുന്ന എന്നെപ്പോലുള്ള മാംസഭുക്കുകള്‍ അക്കാര്യത്തില്‍ അവരോട് രോഷം പ്രകടിപ്പിക്കാറുമുണ്ട്). വിഷുവിനും ക്രിസ്തുമസിനുമൊക്കെ അതു തന്നെ സ്ഥിതി. പുതുതലമുറയിലെ ബ്രാഹ്മണക്കുട്ടികള്‍ പോലും ഇപ്പോള്‍ ഇറച്ചിയോട് വലിയ അയിത്തമൊന്നും കാണിക്കുന്നില്ല. എന്നിട്ടും ഇവിടെച്ചിലര്‍ ഇറച്ചിയില്‍ മസാലയ്ക്ക് പകരം മതം കലക്കുന്നത് കേരളവും ഗുജറാത്തും തമ്മിലുള്ള അന്തരം കുറക്കാനല്ലെങ്കില്‍ മറ്റെന്തിനാണ്?
http://twocircles.net/2012oct11/rssbjp_workers_targets_school_malappuram_over_issue_beef_distributed_students.html