Showing posts with label ഏറ്റുമുട്ടല്‍. Show all posts
Showing posts with label ഏറ്റുമുട്ടല്‍. Show all posts

Monday, September 22, 2008

ശര്‍മയ്‌ക്ക്‌ വെടിയേറ്റത്‌ എവിടെ? കള്ളം പറയാത്ത ചിത്രം

ന്യൂഡല്‍ഹി: ജാമിഅ നഗര്‍ ഏറ്റുമുട്ടലില്‍ ഏറ്റുമുട്ടല്‍ വീരന്‍ മോഹന്‍ചന്ദ്‌ ശര്‍മ മരിച്ചത്‌ ആരുടെ വെടിയേറ്റ്‌? കുര്‍ത്ത ധരിച്ച്‌ സ്വകാര്യ കമ്പനിയുടെ എക്‌സിക്യൂട്ടീവെന്ന വ്യാജേന തീവ്രവാദികള്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ വാതിലില്‍ മുട്ടിയ ശര്‍മയെ വാതില്‍ തുറന്ന്‌ പെട്ടെന്ന്‌ വെടിവെച്ചന്ന പോലിസ്‌ഭാഷ്യത്തെ അപ്പാടെ പൊളിച്ചുകളയുന്നതാണ്‌ പോലിസ്‌ തന്നെ പുറത്തുവിട്ട ഈ ചിത്രം.
വെടിയേറ്റ ശര്‍മയെ സഹപ്രവര്‍ത്തകര്‍ താങ്ങി നടത്തി പുറത്തേക്കു കൊണ്ടുവരുന്നതാണ്‌ ചിത്രത്തില്‍. എന്നാല്‍, ശര്‍മയുടെ മുന്‍ഭാഗത്തെവിടെയും വെടിയേറ്റിട്ടില്ലെന്ന്‌ ചിത്രത്തില്‍ നിന്നു വ്യക്തമാവും. വാതില്‍ തുറന്ന്‌ പെട്ടെന്ന്‌ വെടിവച്ചാല്‍ മുന്‍വശത്തായിരിക്കും വെടിയേല്‍ക്കുക. വെളുത്ത ഷര്‍ട്ട്‌ ധരിച്ച ശര്‍മയുടെ മുന്‍വശത്ത്‌ വെടിയേറ്റതിന്റെ അടയാളമോ ചോരപ്പാടുകളോ ഇല്ല. അതേസമയം, ശര്‍മയുടെ ഇടതുകൈ താങ്ങുന്ന സഹായിയുടെ ഷര്‍ട്ടില്‍ പുരണ്ട ചോരക്കറയില്‍ നിന്നു വ്യക്തമാവുന്നത്‌ ശര്‍മയ്‌ക്കു പിറകില്‍ നിന്നു ചോരയൊലിക്കുന്നുണ്ടെന്നാണ്‌. അങ്ങനെയെങ്കില്‍ ശര്‍മയ്‌ക്ക്‌ പിന്നില്‍നിന്നായിരിക്കും വെടിയേറ്റത്‌. അതു സഹപ്രവര്‍ത്തകരുടെ തോക്കില്‍ നിന്നുതന്നെയായിരിക്കുകയും ചെയ്യും. സഹപ്രവര്‍ത്തകരല്ലാതെ മറ്റാരും ശര്‍മയുടെ പിന്നിലുണ്ടായിരുന്നില്ല.
പോലിസ്‌ പറയുന്നതുപോലെ ശര്‍മ കുര്‍ത്തയല്ല ധരിച്ചിരിക്കുന്നത്‌. കടും നീലനിറത്തിലുള്ള പാന്റ്‌സും വെളുത്ത ഷര്‍ട്ടുമാണ്‌. പോലിസിലെ കുടിപ്പകയാവാം ശര്‍മയുടെ മരണത്തിനും പിന്നിലെന്ന സംശയം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഡല്‍ഹി പോലിസ്‌ സ്‌പെഷ്യല്‍ സെല്ലിനു നേതൃത്വം നല്‍കുന്ന കര്‍ണാല്‍സിങും ശര്‍മയുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ലെന്നും ചില മാഫിയാസംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ ഇടഞ്ഞിരുന്നതായും റിപോര്‍ട്ടുണ്ട്‌. 

തേജസ്‌: 22-09-08