Monday, May 5, 2008

ഒരു ജന്തുശാസ്‌ത്ര വിദ്യാര്‍ഥിയുടെ ആത്മഗതം
ഇതു സുവോളജി ലാബ്‌
ഫോര്‍മാല്‍ഡിഹൈഡിന്റെ രൂക്ഷ ഗന്ധം
ചത്തു ചീഞ്ഞതിന്റെ നാറ്റം
കത്രികയുടെ രുധിര താളം

നിരന്നു നില്‍ക്കുന്ന ഭാവിഡോക്ടര്‍മാര്‍ക്കിയില്‍
കുരിശിലേറ്റപ്പെട്ട തവള
പാവങ്ങള്‍ ദര്‍ദുരത്തിന്‍ ആറാം ക്രേനിയല്‍ നെര്‍വ്‌ തിരയുന്നു
അങ്ങനെയൊന്നുണ്ടോ ആവോ ആര്‍ക്കറിയാം

ആണിയില്‍ തറഞ്ഞു മലര്‍ന്നു കിടപ്പൂ തവള
നിറവയറിലൂടൊരു കത്രികച്ചലനം
പിന്നെ കൊടില്‍ കൊണ്ടൊരു വലി

കത്തിവച്ചു വരഞ്ഞതു കൃത്യം നെഞ്ചകത്തൂടെ
അവിടെ ജീവന്റെ അവസാന താളം
ഇനിയും നിലക്കാത്ത ഹൃദയം

അവിടെ തുടിക്കുകയാവുമോ
പഴയ പുഞ്ചപ്പാടം, മഴവെള്ളപ്പാച്ചില്‍, കര്‍ക്കിടകരാവ്‌
അതോ,
ജാംബവാന്‍ കാലത്തെ സിലബസില്‍ കുരുങ്ങി
കത്രികയെടുക്കാന്‍ വിധിക്കപ്പെട്ട
പാവം ജന്തുശാസ്‌ത്ര വിദ്യാര്‍ഥിക്കു വേണ്ടി
പ്രാര്‍ഥിക്കയാവുമോ

3 comments:

  1. അവിടെ തുടിക്കുകയാവുമോ
    പഴയ പുഞ്ചപ്പാടം, മഴവെള്ളപ്പാച്ചില്‍, കര്‍ക്കിടകരാവ്‌ അതോ,
    ജാംബവാന്‍ കാലത്തെ സിലബസില്‍ കുരുങ്ങി
    കത്രികയെടുക്കാന്‍ വിധിക്കപ്പെട്ട
    പാവം ജന്തുശാസ്‌ത്ര വിദ്യാര്‍ഥിക്കു വേണ്ടി
    പ്രാര്‍ഥിക്കയാവുമോ
    കീറിമുറിക്കപ്പെടുന്ന ഹൃദയത്തിന്റെ വേദന കേവലം ചെറുചോദ്യങ്ങളിലൂടെ വരച്ചിട്ടത്‌, സത്യത്തില്‍ പ്രകമ്പനം സൃഷ്ടിക്കുകയാണ്‌. ജാംബവാന്‍ സിലബസും കത്രികയേന്തിയ വിദ്യാര്‍ഥികൂട്ടങ്ങളും. തീര്‍ച്ചയായും തവള പ്രാര്‍ഥിക്കുകയായിരിക്കും അല്ലേ?

    ReplyDelete
  2. അതെന്താ മാസ്‌റ്റര്‍ അങ്ങനെ ചോദിച്ചത്‌... സത്യത്തില്‍ ഇതിലും കഷ്ടമല്ലേ പാവം തവളകളുടെയും മനസ്സില്ലാ മനസ്സോടെ അവയെ കീറിമുറിക്കുന്ന ജന്തുശാസ്‌ത്ര വിദ്യാര്‍ഥികളുടെയും കാര്യം

    ReplyDelete

നിങ്ങള്‍ പറയൂ...