ജൈവ ഇന്ധനവും ഭക്ഷ്യപ്രതിസന്ധിയും
ജൈവ ഇന്ധനം, ഈയിടെ നടന്ന ഐക്യരാഷ്ട്രസഭാ ഭക്ഷ്യപ്രതിസന്ധി ഉച്ചകോടിയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്‌ക്കിടയാക്കിയിരുന്നു. ഒരുകാലത്ത് ഹരിത ഇന്ധനമെന്ന് എല്ലാവരും പാടിപ്പുകഴ്‌ത്തിയിരുന്ന ജൈവ ഇന്ധനം ലോകത്തിന്റെ അന്നം മുട്ടിക്കുന്ന വില്ലനാവുകയാണെന്നാണ് ആരോപണം. കരിമ്പ്, ചോളം പോലുള്ള ധാന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന, പെട്രോള്‍ പോലുള്ളവയ്‌ക്കു പകരമായി ഉപയോഗിക്കാവുന്ന എഥനോളാണ് ജൈവ ഇന്ധനം. വന്‍ സബ്‌സിഡി നല്‍കി നിലനിര്‍ത്തുന്ന ജൈവ ഇന്ധന വ്യവസായം മനുഷ്യരുടെ വയര്‍ നിറയ്‌ക്കേണ്ട കൃഷിക്കളങ്ങളെ വാഹനങ്ങളുടെ ദാഹം തീര്‍ക്കാനുള്ള എണ്ണപ്പാടങ്ങളാക്കി മാറ്റുകയാണെന്നാണ് ഇതിനെതിരായി പ്രചാരണം നടത്തുന്നവര്‍ വാദിക്കുന്നത്. ജൈവ ഇന്ധനത്തിന്റെ വളര്‍ച്ച ഭക്ഷ്യവിപണിയില്‍ കനത്ത ആഘാതങ്ങള്‍ സൃഷ്‌ടിക്കുന്നെന്ന് അവര്‍ പറയുന്നു. ഫുഡ് ആന്റ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ഡയറക്ടര്‍ ജനറല്‍ ഷാക്ക്‌് ദിയുഫ് ഇതിനോടു യോജിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വര്‍ഷം 1,200 കോടിയോളം ഡോളര്‍ സബ്‌സിഡിയും നികുതിയിളവും ലഭിക്കുന്നതുമൂലം മനുഷ്യോപയോഗത്തിനുള്ള ദശലക്ഷക്കണക്കിന് ടണ്‍ ധാന്യങ്ങളാണ് വാഹനങ്ങളിലെ ഇന്ധനടാങ്കുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതേ അഭിപ്രായമാണ് സന്നദ്ധ സംഘടനയായ ഓക്‌സ്‌ഫാമിലെ ബാര്‍ബറ സ്‌റ്റോക്കിങിനും. ``ഒരു എസ്.യു.വി വാഹനത്തിനു വേണ്ട എഥനോള്‍ നിര്‍മിക്കാന്‍ ശരാശരി ഒരു മനുഷ്യനു തിന്നാനാവശ്യമായത്രയും ധാന്യം വേണം''- അവര്‍ പറഞ്ഞു.
ഏതായാലും 30 രാജ്യങ്ങളെ രാഷ്ട്രീയ അസ്ഥിരതയിലേക്കും ലക്ഷക്കണക്കിനാളുകളെ പട്ടിണിയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുന്നതിന്റെ യഥാര്‍ഥ കാരണക്കാര്‍ ആരാണെന്നതു തര്‍ക്കവിഷയമാണ്. ജൈവഇന്ധനവും ഇതില്‍ പങ്കുവഹിെച്ചന്ന് എല്ലാവരും സമ്മതിക്കുന്നുണ്ടെങ്കിലും എത്രത്തോളം റോളുണ്ടെന്നതില്‍ മാത്രമാണു തര്‍ക്കം. മൂന്നുമുതല്‍ 30 ശതമാനം വരെ എന്ന് വ്യത്യസ്‌ത കണക്കുകള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ജൈവ ഇന്ധനം ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന അമേരിക്കയും ബ്രസീലും യൂറോപ്യന്‍ യൂനിയനും കുതിച്ചുകയറുന്ന ഇന്ധനവിലയാണ് പ്രധാന വില്ലനെന്നു വാദിക്കുന്നു. ബ്രസീലിലെ ഉഷ്‌ണമേഖലാ കാലാവസ്ഥ കരിമ്പുകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. രാജ്യത്തെ ഗതാഗതമേഖലയിലെ 40 ശതമാനം ഇന്ധനവും കരിമ്പില്‍ നിന്നെടുക്കുന്ന എഥനോളാണു ജൈവ ഇന്ധനം ഭക്ഷ്യവിലവര്‍ധനയില്‍ രണ്ടോ മൂന്നോ ശതമാനം മാത്രമേ പങ്കു വഹിക്കുന്നുള്ളൂ എന്ന്, ചോളത്തില്‍ നിന്നുള്ള എഥനോള്‍ ഉല്‍പ്പാദനത്തിന് വന്‍ സബ്‌സിഡി നല്‍കുന്ന അമേരിക്ക അവകാശപ്പെടുന്നു. ``ജൈവ ഇന്ധനവും ഒരു കാരണമാണെന്നതു ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, യഥാര്‍ഥ കാരണങ്ങള്‍ ഇന്ധനവിലയും അമിതോപഭോഗവും ധാന്യം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ താളംതെറ്റിയ കാലാവസ്ഥയുമാണ്''- അമേരിക്കന്‍ അഗ്രികള്‍ചര്‍ സെക്രട്ടറി എഡ് ഷാഫര്‍ പറഞ്ഞു. ഇന്ത്യക്കാരും ചൈനക്കാരും തിന്നുമുടിക്കുന്നതു മൂലമാണ് അരിക്കു വിലയേറിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഈയിടെ തട്ടിവിട്ടത് ഓര്‍ക്കുക. അതേസമയം, 2006 മുതല്‍ 2007 വരെയുള്ള ഭക്ഷ്യവില വര്‍ധന പഠനവിധേയമാക്കിയപ്പോള്‍ ജൈവ ഇന്ധനത്തിന് അതില്‍ 30 ശതമാനത്തോളം പങ്കുണ്ടെന്നു മനസ്സിലാക്കാനായെന്ന് വാഷിങ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ വെളിപ്പെടുത്തല്‍ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ്.
``ചോളത്തിന്റെയും കരിമ്പിന്റെയും അതുപോലെ മറ്റു ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും കൃഷിക്കളങ്ങളില്‍ നിന്ന് ഭക്ഷണവും വിത്തും കൊയ്‌തെടുക്കേണ്ടതിനുപകരം ഇന്ധനം കൊയ്യുന്നു എന്നതാണു നേര്‍ക്കുനേരെയുള്ള ഫലം. ചിലപ്പോള്‍ ലാഭംകൊതിച്ച് നെല്ലും ഗോതമ്പും കൃഷിചെയ്യുന്നവര്‍ ജൈവ ഇന്ധനകൃഷിയിലേക്കു തിരിയുന്നു. ചോളത്തിന്റെ വില വര്‍ധിക്കുമ്പോള്‍ ആഫ്രിക്കപോലുള്ള പ്രദേശങ്ങളിലെ ദരിദ്രര്‍ അരിയിലേക്കു മാറുന്നു. ഇത് അരിയുടെ വിലവര്‍ധനയ്‌ക്ക് ഇടയാക്കുന്നു''- അമേരിക്കയിലെ ജൈവ ഇന്ധന വിദഗ്‌ധനായ മാര്‍ക്ക് റോസ്‌ഗ്രന്റ് വിശദീകരിച്ചു. ബ്രസീല്‍പോലുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവഇന്ധനത്തിന് കാര്യക്ഷമതയെങ്കിലും അവകാശപ്പെടാനുണ്ട്. അമേരിക്കയ്‌ക്ക് ആ ന്യായംപോലുമില്ല. ബ്രസീലില്‍ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന 5,200 കോടി ലിറ്റര്‍ എഥനോളില്‍ 1,900 കോടി ലിറ്ററും ഉല്‍പ്പാദിപ്പിക്കുന്നത് കരിമ്പില്‍ നിന്നാണ്. 30 വര്‍ഷം മുമ്പ് തുടങ്ങിയ ഈ വ്യവസായം വളരെയധികം വികാസംപ്രാപിച്ചിട്ടുണ്ട്. അതോടൊപ്പം ചെറുകിട ഗ്രാമീണ കര്‍ഷകര്‍ക്ക് ബ്രസീല്‍ ഏര്‍പ്പെടുത്തിയ നികുതിയിളവ്, എഥനോളില്‍ നിന്നുള്ള ലാഭം കേന്ദ്രീകരിക്കപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. കരിമ്പില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ഏറ്റവും കാര്യക്ഷമവും പെട്രോളിനേക്കാള്‍ 80 മുതല്‍ 90 ശതമാനംവരെ കുറവ് കാര്‍ബണ്‍ ഉല്‍പ്പാദിപ്പിക്കുന്നതുമാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അമേരിക്കപോലുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചോളത്തില്‍ നിന്നുള്ള എഥനോളിന് കൂടുതല്‍ കാര്യക്ഷമത അവകാശപ്പെടാനില്ല. ധാരാളം രാസവളവും ഫോസില്‍ ഇന്ധനവും ഉപയോഗിച്ചു മാത്രമേ ചോളത്തില്‍ നിന്ന് എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാവൂ. ഫലത്തില്‍ ചോളത്തെ എഥനോളാക്കി മാറ്റുന്ന പ്രക്രിയക്കിടയില്‍ ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഊര്‍ജത്തെയും വന്‍തോതില്‍ ആശ്രയിക്കേണ്ടിവരുന്നു. ചോളത്തില്‍ നിന്നുള്ള എഥനോള്‍ പുറത്തുവിടുന്ന ഹരിതഗൃഹവാതകത്തിന്റെ അളവില്‍ ഫോസില്‍ ഇന്ധനത്തേക്കാള്‍ 10 മുതല്‍ 30 ശതമാനം വരെ മാത്രമേ കുറവുള്ളൂ. 2022 ഓടെ 3,500 കോടി ഗാലന്‍ ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന 2,700 കോടി ലിറ്റര്‍ എഥനോളില്‍ ഓരോ ഗാലനും 50 സെന്റാണ് അമേരിക്കന്‍ സര്‍ക്കാര്‍ സഹായമായി നല്‍കുന്നത്. കൃഷിക്കുള്ള സബ്‌സിഡിയും കൂടി ചേര്‍ത്താല്‍ വര്‍ഷം ഇത് 600 കോടി ഡോളര്‍ വരും. ലോകത്തെ ഇന്ധനത്തില്‍ 25 ശതമാനവും കുടിച്ചുതീര്‍ക്കുന്ന അമേരിക്കന്‍ ജനതയുടെ ദുര തീര്‍ക്കാന്‍ ലോകത്ത് ഇനിയും ഒരുപാടു കോടി ജനങ്ങളെ പട്ടിണിക്കിടേണ്ടിവരുമെന്നു സാരം. എണ്ണയ്‌ക്കായി നാടായ നാടുമുഴുവന്‍ വെട്ടിപ്പിടിച്ച് പതിനായിരങ്ങളെ കൊന്നൊടുക്കുന്നതിനു പുറമെയാണിത്.
Friday, June 20, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment
നിങ്ങള്‍ പറയൂ...