Thursday, June 30, 2011

പാകിസ്താനില്‍ കൊല്ലപ്പെടാന്‍ പ്രത്യേക കാരണങ്ങളൊന്നും വേണ്ട

സെയ്ദ് സലീം ഷഹ്്‌സാദ്
ഇസ്്‌ലാമാബാദ്: താലിബാന്‍ വേട്ടയുടെ പേരില്‍ പാകിസ്താനില്‍ നിയമവിരുദ്ധ കൊലകള്‍ പെരുകുന്നതായി റിപോര്‍ട്ട്. സര്‍ഫറാസ് ഷാ എന്ന ചെറുപ്പക്കാരനെ റെയ്‌ഞ്ചേര്‍സ് എന്ന പാക് അര്‍ധസൈനിക വിഭാഗം കഴിഞ്ഞ മാസം പകുതിയോടെ പട്ടാപ്പകല്‍ തൊട്ടടുത്ത് നിന്നാണ് വെടിവച്ച് കൊന്നത്. തങ്ങള്‍ക്ക് നേരെ വെടിവച്ചതിനെ തുടര്‍ന്ന് ഏറ്റമുട്ടലിലാണ് സര്‍ഫറാസ് കൊല്ലപ്പെട്ടതെന്ന് സൈനികര്‍ ആദ്യം വാദിച്ച് നോക്കിയെങ്കിലും സംഭവത്തിന്റെ വീഡിയോ പുറത്തവന്നതോട് കൂടി സത്യം വ്യക്തമായി. സര്‍ഫറാസ് സൈനികര്‍ക്ക് മുന്നില്‍ ജീവന് വേണ്ടി കെഞ്ചുന്നതും വെടിയേറ്റ് വഴിയില്‍ കിടന്ന് ചോരവാര്‍ന്നു മരിക്കുന്നതും പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്.
സെയ്ദ് സലീം ഷഹ്്‌സാദ് എന്ന പത്രപ്രവര്‍ത്തകന്റെ, വെടിയുണ്ടയേറ്റ് തുളഞ്ഞ ശരീരം കനാലില്‍ നിന്ന് ലഭിച്ച് ഒരാഴ്ച തികയും മുമ്പാണ് സര്‍ഫറാസ് കൊല്ലപ്പെട്ടത്. ഇസ്്‌ലാമാബാദിലെ ഒരു അതീവ സുരക്ഷാ മേഖലയില്‍ നിന്ന് മെയ് 27നാണ് ഷഹ്്‌സാദിനെ തട്ടിക്കൊണ്ടുപോയത്. ഷഹ്്‌സാദിന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിക്കുന്നു. ഐ.എസ്.ഐയുടെയും സൈന്യത്തിന്റെയും ഉള്ളുകള്ളികളെക്കുറിച്ച് തുറന്നെഴുതിയതാണ് ഷഹ്്‌സാദിന്റെ കൊലയ്ക്ക് പിന്നിലെന്ന് പറയപ്പെടുന്നു.
സര്‍ഫറാസ് ഷായുടെ കൊല ഒറ്റപ്പെട്ട സംഭവമല്ല. മെയില്‍ ക്വറ്റയിലെ ഖറോത്താബാദില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ അഞ്ച് ചെചന്‍കാരെയാണ് വെടിവച്ച് കൊന്നത്. അതിര്‍ത്തി കാക്കുന്ന ഫ്രോണ്ടിയര്‍ കോര്‍പ്്‌സിന്റെ ചെക് പോസ്റ്റിലേക്ക് കടന്നുവരികയായിരുന്നവരെയാണ് ഒരു കേണല്‍ ഉള്‍പ്പെടെയുള്ള  സൈനികര്‍ ചാവേറുകളെന്ന് ആരോപിച്ച് വെടിവച്ച്‌കൊന്നത്. എന്നാല്‍, ഇവര്‍ നിരായുധരായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഏഷ്യന്‍ ലീഗല്‍ റിസോഴ്‌സ് സെന്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ എട്ടുമാസത്തിനിടെ 120 പേരാണ് പാകിസ്താനില്‍ നിയമവിരുദ്ധമായി കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ട് പോകപ്പെടുകയോ കാണാതാവുകയോ ചെയ്തതിനെ പിന്നാലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. പര്‍വേസ് മുശര്‍റഫ് സ്ഥാനമൊഴിഞ്ഞതിനെ ശേഷം രാജ്യത്ത് ഒരു സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ അര്‍ഥപൂര്‍ണമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ആരെയെങ്കിലും കാണാതായതായി പരാതി കൊടുത്താല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലിസ് തയ്യാറാകുന്നില്ല. കാണാതാവലിനു പിന്നില്‍ ഇന്റലിജന്‍സ് വിഭാഗം ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം.
സ്വാത് ഉള്‍പ്പെടെയുള്ള വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ താലിബാന്‍ വേട്ടയുടെ പേരിലാണ് നിയമവിരുദ്ധ കൊലകള്‍ നടക്കുന്നത്. താലിബാനെ ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നതായി തോന്നുന്നവരെയൊക്കെ പ്രത്യേകിച്ച് തെളിവുകളൊന്നുമില്ലാതെ വെടിവച്ച് വീഴ്ത്തുകയാണ്. ഇതിനെതിരേ ശബ്ദിക്കുന്ന മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും സുരക്ഷാവിഭാഗത്തിന്റെ തോക്കിനിരയാവുന്നു. 2011ലെ ആദ്യ നാലു മാസം 25ഓളം മാധ്യമ, മനുഷ്യാവകാശപ്രവര്‍ത്തകും, വിദ്യാര്‍ഥികളുമാണ് കൊല്ലപ്പെട്ടത്. ഇവരില്‍ പലരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. മിക്കവരുടെയും മൃതദേഹങ്ങള്‍ വെടിയുണ്ടയേറ്റ് തുളഞ്ഞ നിലയിലാണ് പിന്നീട് കണ്ടെത്തിയത്.
മനുഷ്യാവകാശത്തിന്റെ മിശിഹാ ചമയുന്ന അമേരിക്കയ്ക്ക് ഈ സംഭവങ്ങളെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല. അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക നടപടികള്‍ക്ക് 2002നും 2010നും ഇടയില്‍ 8.881 ബില്യന്‍ ഡോളറാണ് അമേരിക്കന്‍ സഹായം ലഭിച്ചത്. അമേരിക്കയുടെ തന്നെ പൈലറ്റില്ലാ വിമാനങ്ങള്‍ പ്രദേശത്ത് നിരവധി നിയമവിരുദ്ധ കൊലകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പാക് സൈന്യത്തിന്റെ കാര്യത്തിലെങ്ങനെ ഇടപെടും. ഓരോ വീട്ടിലും ഓരോ താലിബാന്‍കാരുണ്ടാവുന്നു എന്നതാണ് ഇത്തരം നിയമവിരുദ്ധ കൊലകളുടെ അന്തിമഫലമെന്ന് പ്രവേദശവാസികള്‍ പറയുന്നു.

No comments:

Post a Comment

നിങ്ങള്‍ പറയൂ...