Sunday, March 23, 2014

നിങ്ങള്‍ എന്നെ റോമന്‍ കത്തോലിക്കനാക്കി





രാവിലെ സുബ്ഹി നമസ്‌കരിച്ച് കിടന്നേതേയുള്ളു. മൊബൈല്‍ റിങ് ചെയ്യുന്നു. ഏത് കുരിശാണ് രാവിലെ തന്നെ!!!
'ഹലോ'
''ഹലോ..''
'മനോരമ പത്രത്തില്‍ പരസ്യം കണ്ട് വിളിക്കുകയാ''
''മനോരമ പത്രത്തില്‍ പരസ്യം കണ്ടതിന് എന്നെ വിളിക്കുന്നതെന്തിനാ!!'
'നിങ്ങടെ നമ്പര്‍ മാട്രിമോണിയല്‍ പരസ്യത്തില്‍ കണ്ടു'
'സോറി.. റോങ് നമ്പര്‍'
ടിങ്... ഫോണ്‍ കട്ടായി
രണ്ട് സെക്കന്റ് കഴിഞ്ഞില്ല ദേ അടുത്ത കോള്‍
'മനോരമ പത്രത്തില്‍ പരസ്യം കണ്ട് വിളിക്കുകയാ''
'സോറി.. റോങ് നമ്പര്‍'
ടിങ്... ഫോണ്‍ കട്ടായി
'ഹലോ... ................. വിളിക്കുകകയാ'
' ങാ പറഞ്ഞോളൂ...'
'ഞങ്ങള്‍ ഇടുക്കി കട്ടപ്പനേലാന്നേയ്, എന്റെ മോള്‍ക്ക് വേണ്ടിയാ'
'സോറി.. ഞാന്‍ ആള്‍റെഡി ഒന്ന് കെട്ടിയതാ.. അത് തന്നെ ചുമക്കാനുള്ള പാട് എനിക്കേ അറിയൂ'
ടിങ്... എന്തോ പിറുപിറുത്ത് കൊണ്ട് ഫോണ്‍ ക്രാഡിലിലേക്ക് വലിച്ചെറിയുന്ന ശബ്ദം.

ഏത് മൈ... ആണ് എന്റെ നമ്പര്‍ കൊടുത്തതെന്നാലോചിച്ച് ഫോണ്‍ സൈലന്റ് മോഡിലേക്കിട്ട് ഞാന്‍ പതുക്കെ ഉറക്കത്തിലേക്ക് വീണു.

11 മണിക്ക് ഉണര്‍ന്നു നോക്കിയപ്പോള്‍ 57 മിസ്ഡ് കോള്‍ കിടക്കുന്നു. എല്ലാം പരിചയമില്ലാത്ത നമ്പര്‍.
ദേ വരുന്നു അടുത്ത കോള്‍.
''ഹലോ.. .............വിളിക്കുകകയാ''
''ങാ.. എവിടുന്നാ'
'പാലായീന്നാ.. നിങ്ങള്‍ ആര്‍.സി(റോമന്‍ കത്തോലിക്ക)ആണല്ലേ'
''അല്ല എം.എം ആണ്'
'എം.എം???' മറു തലയ്ക്കല്‍ അദ്ഭുതം
'അതേ മലബാര്‍ മാപ്പിള''
ടിങ്... ഫോണ്‍ കട്ടായി (ചെറുശബ്ദത്തില്‍ തെറി കേള്‍ക്കാം)
അതിനിടയില്‍ തന്നെ രണ്ട് കോള്‍ മിസ്സായി.
അടുത്ത കോള്‍ ഞാന്‍ സുഹൃത്ത് റാഷിദിന് കൈമാറി.
''ഹലോ.. .............വിളിക്കുകകയാ''
'സിംഗപ്പൂരിലാണല്ലേ''
'അതേ'
'സിംഗപ്പൂരില്‍ എവിടെയാ'
റാഷിദ് കുഴങ്ങി... ഞാന്‍ പതുക്കെ പറഞ്ഞ് സിംഗപ്പൂര്‍ ജങ്ഷന്‍ എന്നു പറയൂ..
'അതേയ്, ഞാന്‍ അമേരിക്കയിലായിരുന്നു, കഴിഞ്ഞയാഴ്ചയാണ് സിംഗപ്പൂരിലേക്ക് വന്നത്'
'അത് ശരി.. ഞങ്ങള്‍ എറണാകുളത്താ'
' ഓ അത് ഇച്ചിരി ദൂരെയാണല്ലോ'
'ദൂരത്ത് താല്‍പര്യമില്ലല്ലേ..' ഫോണ്‍ കട്ട്.
ഹോസ്റ്റലിലുള്ള മിക്ക ആളുകള്‍ക്കും ഇന്ന് എന്റെ ഫോണിന് മറുപടി പറയലായിരുന്നു പണി.
സൈലന്റ് മോഡിലിട്ട ഫോണില്‍ ഇപ്പോള്‍ 215 മിസ്ഡ് കോള്‍ കിടക്കുന്നുണ്ട്.

വാല്‍ക്കഷ്ണം: ഹെന്റെ മനോരമേ... പണി തരുന്നെങ്കില്‍ ഇങ്ങനെ തരണം

No comments:

Post a Comment

നിങ്ങള്‍ പറയൂ...