എം ടി പി റഫീക്ക്
ദോഹ: ഓരോ കാലത്തും ആ കാലത്തിന്റെ സാഹചര്യത്തിനും താല്‍പര്യത്തിനും അനുസരിച്ചാണ് കവികള്‍ പാട്ട് രചിക്കുന്നത്. കാലത്തിനനുസരിച്ച് മാറിയാലേ പാട്ടുകള്‍ക്ക് നിലനില്‍പ്പുള്ളു. മാപ്പിളപ്പാട്ടും അതില്‍ നിന്ന് വിഭിന്നമല്ല- പറയുന്നത് അരിപ്പോ തിരിപ്പോ എന്ന ഒറ്റ ഗാനത്തിലൂടെ പുതുതലമുറയുടെ ഹരമായി മാറിയ കണ്ണൂര്‍ ആബിദും മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലൂടെ മലയാളക്കരയുടെ ഹൃത്തടം കവര്‍ന്ന ആദില്‍ അത്തുവും. അസര്‍മുല്ല എന്ന മാപ്പിളപ്പാട്ട് ഷോയ്ക്ക് വേണ്ടി ഖത്തറിലെത്തിയ ഇരുവരും ഗള്‍ഫ് തേജസിനോട് വിശേഷങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു. മദ്‌റസയിലെ നബിദിന പരിപാടികളിലൂടെയും സ്‌കൂള്‍ കലോല്‍സവങ്ങളിലൂടെയും മാപ്പിളപ്പാട്ട് രംഗത്തേക്ക് വന്നു റിയാലിറ്റി ഷോകളിലൂടെയും ആല്‍ബങ്ങളിലൂടെയും പച്ചപിടിച്ച ഇരുവര്‍ക്കും വ്യത്യസ്ഥമായ അനുഭവങ്ങളും അഭിപ്രായങ്ങളും ഒരു പാടുണ്ട് പറയാന്‍.
കുഞ്ഞബ്ദുല്ല ആദില്‍ അത്തുവായ കഥ
ആദ്യമായി വേദിയില്‍ പാടിയത് പടപ്പ് പടപ്പോട്...എന്ന ഗാനമായിരുന്നു. 1987 കാലം. അന്ന് സമീപ പ്രദേശത്ത് ഹമീദ് എന്ന കീബോര്‍ഡിസ്റ്റിന്റെ വീട്ടില്‍ മാത്രമാണ് ടേപ്പ് റെക്കോഡറുള്ളത്. ഹമീദിച്ചയുടെ(ഇക്കയുടെ കാസര്‍കോഡന്‍ ഭാഷ്യമാണ് ഇച്ച) വീടിന്റെ ജനലിരികില്‍ നിന്നാണ് ആ പാട്ട് കേട്ട് പഠിച്ചത്. 10ാം വയസ്സു മുതല്‍ തൃക്കരിപ്പൂരിലെ അന്തരിച്ച ഇബ്രാഹിം ബീരിച്ചേരിയുടെ കൂടെ പാടാന്‍ പോവുമായിരുന്നു. ഇബ്രാഹിം സ്‌നേഹപൂര്‍വ്വം അബ്ദുല്ലയെ ചുരുക്കി അത്തുവെന്ന് വിളിക്കും. പ്യാര്‍ സജ്‌ന എന്ന തന്റെ ആല്‍ബം നിര്‍മിച്ചത് സ്പീഡ് ഓഡിയോസ് ആയിരുന്നു. പേര് ചോദിച്ചപ്പോള്‍ കുഞ്ഞബ്ദുല്ല എന്ന് പറഞ്ഞു. ഇത്ര ചെറിയ പയ്യന് ഉപ്പാപ്പാന്റെ പേരോ എന്നായിരുന്നു പ്രതികരണം. സുഹൃത്തുക്കളില്‍ ചിലര്‍ എന്നെ അത്തുവെന്ന് വിളിക്കാറുണ്ട് എന്നു പറഞ്ഞപ്പോള്‍ എന്നാല്‍, പേര് അങ്ങനെയാക്കാം എന്ന് മറുപടി. ഒടുവില്‍ ആല്‍ബം ഇറങ്ങിയപ്പോള്‍ അത്തുവിന്റെ കൂടെ ആദിലും കൂടിയുണ്ടായിരുന്നു. ആല്‍ബം ഹിറ്റായില്ലെങ്കിലും ആ പേര് ഹിറ്റായി എന്നു പറഞ്ഞു കുഞ്ഞബ്ദുല്ല എന്ന ആദില്‍ അത്തു ചിരിച്ചു.
പള്ളിമിനാരത്തിലെ പൈങ്കിളി
ആബിദിന് അദ്യമായി പാടിയ പാട്ട് ഓര്‍മയില്ല. ഓലത്തുമ്പത്തിരുന്നൂയാലാടും ചെല്ല പൈങ്കിളീ എന്ന പ്രസിദ്ധമായ സിനിമാ ഗാനത്തിന്റെ ട്യൂണില്‍ ഇറങ്ങിയ പള്ളി മിനാരത്തില്‍ വന്നിരുന്നാടുന്ന പൈങ്കിളീ എന്ന ഗാനമാണ് താനും ഒരു ഗായകനാണെന്ന് തെളിയിച്ചത്. കോളജില്‍ പഠിക്കുമ്പോഴാണ് ശരിക്കും സ്റ്റാറായത്. നാടകം, ഒപ്പന, ദഫ്മുട്ട, അറബി-ഉറുദു കവിത, ഗസല്‍ തുടങ്ങി എല്ലാ മേഖലകളിലും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഉള്‍പ്പെടെ തിളങ്ങിയിരുന്നു. കോളജില്‍ അവസാന വര്‍ഷം പഠിക്കുമ്പോള്‍ വിദ്യാര്‍ഥികളെ മാത്രം ഉള്‍പ്പെടുത്തി റിഥം ഓഫ് ലൗ എന്ന ആല്‍ബം ഇറക്കി. അഴകുള്ള ഫാത്തിമ എന്ന ഗാനമാണ് രചനാ രംഗത്തും ശ്രദ്ധേയനാക്കിയത്. ചിപമാമയിനെ ദേ എന്ന പാകിസ്താനി ഗാനത്തിന്റെ ഈണത്തിലാണ് അത് ചെയ്തത്. ആദ്യം ഒരു പ്രണയഗാനമാണ് രചിച്ചത്. എന്നാല്‍, അക്കാലത്ത് പ്രണയ ഗാനങ്ങള്‍ ഒരു പാടിറങ്ങിയത് കൊണ്ട് പിന്നീട് ഫാത്തിമ ബീവിയുടെ വര്‍ണനയാക്കി മാറ്റുകയായിരുന്നു
അരിപ്പോ തിരിപ്പോ എന്ന സൂപ്പര്‍ ഹിറ്റ്
കല്യാണ വീട്ടില്‍ കരോക്കെ ഇട്ട് പാട്ട് പാടാന്‍ പോവാറുണ്ട് ആബിദ്. തലശ്ശേരി ഭാഗത്തുള്ള ഒരു വീട്ടില്‍ കല്യാണം നടക്കുന്നു. രണ്ടു ദിവസം പരിപാടിയുണ്ട്. രണ്ടാം ദിവസമായപ്പോഴേക്കും കൈയിലുള്ള മുപ്പതോളം കരോക്കെകള്‍ തീര്‍ന്നു. പഴയ കാസറ്റുകള്‍ തപ്പിയപ്പോഴാണ് കഅ്ബയില്‍ നിന്നൊരു സുന്ദര ഗാനം എന്ന പാട്ടിന്റെ കരോക്കെ കിട്ടിയത്. അതിന് പുതിയ വരികള്‍ ആലോചിച്ചപ്പോള്‍ കുട്ടിക്കാലത്തെ നാടന്‍ ശീല്‍ ഓര്‍മ വന്നു. അങ്ങനെയായിരുന്നു അരിപ്പോ തിരിപ്പോയുടെ ജനനം. അന്ന് കല്യാണ വേദിയില്‍ നാലുവരികള്‍ മാത്രമാണ് പാടിയത്. ബാക്കി കല്യാണവുമായി ബന്ധപ്പെട്ട പാട്ടിലെ വരികള്‍ ചേര്‍ക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി യാത്രയിലും മറ്റും ബാക്കി വരികള്‍ പിറക്കുകയായിരുന്നു. താജ്മഹല്‍ എന്ന ആല്‍ബം ഇറക്കുമ്പോള്‍ ജനം സ്വീകരിക്കുമോ എന്ന ഭയത്തോടെ ഒമ്പതാമത്തെ പാട്ടായാണ് അരിപ്പോ തിരിപ്പോ ഉള്‍പ്പെടുത്തിയത്. പുറത്തിറക്കാന്‍ കാശില്ലാതെ ആല്‍ബം കുറേക്കാലം പെട്ടിയില്‍ പൊടിപിടിച്ച് കിടിന്നിരുന്നു. പിന്നീട് തലശ്ശേരിയിലുള്ള തിരുമല ഓഡിയോസില്‍ പാട്ടുകള്‍ ഏല്‍പ്പിച്ച്, അയാട്ട ബിരുദമുള്ള ആബിദ് ഹൈദരാബാദില്‍ ജോലി തേടിപ്പോയി. പ്രശസ്തരായ ആരും ആ ആല്‍ബത്തില്‍ പാടിയിരുന്നില്ല. കാസറ്റ് ചെലവാകാന്‍ കവറിനു പുറത്ത് ഷാഫി, അഫ്‌സല്‍, വിനീത് ശ്രീനിവാന്‍ എന്നിവരുടെ ഫോട്ടോ വച്ച് ഇവരെ അനുഗ്രഹിച്ച നിങ്ങള്‍ ഞങ്ങളെയും അനുഗ്രഹിക്കുക എന്നെഴുതി. താഴെ ചെറുതായാണ് ആബിദിന്റെയും അത്തുവിന്റെയും ഫോട്ടോ വച്ചത്. എന്നാല്‍, കാസറ്റ് ഇറങ്ങിയതോടെ അരിപ്പോ തിരിപ്പോയും ആല്‍ബവും സൂപ്പര്‍ ഹിറ്റായി. 5000 കോപ്പി ചെലവായി കഴിഞ്ഞപ്പോള്‍ താഴെയുണ്ടായിരുന്ന ആബിദിന്റെയും അത്തുവിന്റെയും ഫോട്ടോ വലുതായി മുകളിലെത്തി. ഇതോടെ ആബിദ് ജോലി രാജിവച്ച് വീണ്ടും പാട്ടു രംഗത്തേക്കു മടങ്ങി.
റിയാലിറ്റി ഷോയിലേക്ക്
പട്ടുറുമാല്‍ എന്ന കൈരളി ചാനലിലെ പരിപാടിയെക്കുറിച്ച് ആരോ പറഞ്ഞറിഞ്ഞ് ഒരു ചാന്‍സ് തേടി ഫൈസല്‍ മാഷുമായി(ഫൈസല്‍ എളേറ്റില്‍) ബന്ധപ്പെട്ടതാണ് ആദില്‍ അത്തുവിന് ചാനലിലേക്ക് വഴി തെളിച്ചത്. പട്ടുറുമാലിലേക്കുള്ള ഓഡിഷന്‍ ടൈം കഴിഞ്ഞിരുന്നതിനാല്‍ നിലാവ് എന്ന റമദാന്‍ ഷോയില്‍ ഒരു പാട്ടിന് അവസരം നല്‍കാമെന്ന് ഫൈസല്‍ മാഷ് സമ്മതിച്ചു. ഏത് പാട്ട് ഇഷ്ടപ്പെടും എന്നറിയാത്തതിനാല്‍ നാല്‍പ്പതോളം പാട്ടുകള്‍ റെഡിയാക്കിയാണ് തിരുവനന്തപുരത്തെത്തിയത്. നല്ല പാട്ടുകള്‍ കിട്ടാതെ കഷ്ടപ്പെടുകയായിരുന്ന പിന്നണി പ്രവര്‍ത്തകരായ ജ്യോതി വെള്ളല്ലൂര്‍, ഒ യു ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ അത്തുവിന്റെ കലക്ഷന്‍ കണ്ട് അദ്ഭുതപ്പെട്ടു. ഒരു പാട്ട് പാടാന്‍ പോയ അത്തുവിന് ആ പരിപാടിയില്‍ ഏഴ് പാട്ടുകള്‍ക്ക് അവസരം ലഭിച്ചു. ഇതിലൂടെയാണ് പട്ടുറുമാലിന്റെ സീസണ്‍ 2ല്‍ സെലിബ്രിറ്റിയായി ഇടം ലഭിച്ചത്. എന്നാല്‍, പിന്നീട് അവസരങ്ങള്‍ ലഭിക്കാതിരുന്ന അത്തു നിരാശനായി വിസിറ്റി വിസയില്‍ യു.എ.ഇയിലേക്കു പോയി. അവിടെയും ക്ലച്ച് പിടിച്ചില്ല. നാട്ടിലേക്ക് മടങ്ങി പഴയ സിം മൊബൈലില്‍ മാറ്റി ഇട്ട ഉടനെയാണ് വീണ്ടും ജ്യോതി വെള്ളല്ലൂരിന്റെ വിളി വരുന്നത്. പിന്നീട് അഞ്ചു വര്‍ഷത്തോളം റിയാലിറ്റി ഷോകളില്‍ നിറഞ്ഞു നിന്നു.
കല്യാണ വീടുകളിലെ ഗാനമേള തിരിച്ചുവരണം
കല്യാണ വീടുകളിലെ സംഗീത സദസ്സുകള്‍ക്ക് ആര്‍ഭാടത്തിന്റെ പേരില്‍ വിക്കേര്‍പ്പെടുത്തുന്നത് പാട്ടുകാരുടെ നെഞ്ചത്തടിക്കുന്ന നടപടിയാണെന്ന് ആബിദും അത്തുവും ഒരുപോലെ അഭിപ്രായപ്പെടുന്നു. ഉറൂസുകളിലും മറ്റും നടക്കുന്ന വലിയ അനാചാരങ്ങളെ എതിര്‍ക്കാത്ത, സ്ത്രീധനത്തിന് വിലക്കേര്‍പ്പെടുത്താത്ത, പലിശയെക്കുറിച്ച് ശബ്ദിക്കാത്ത പണ്ഡിതന്മാരാണ് മിക്കപ്പോഴും കല്യണ വീട്ടിലെ മാപ്പിളപ്പാട്ടിനെതിരേ മാത്രം കുതിര കയറുന്നത്. ഇതിനെ എതിര്‍ക്കുന്നവര്‍ ബഹുമാനത്തോടെ പറയുന്ന അജ്മീര്‍ ഖ്വാജയുടെ മഖ്ബറയില്‍ ഹാര്‍മോണിയവും ഡോലക്കും വച്ചുള്ള ഖവാലി ഓരോ നമസ്‌കാരത്തിനു ശേഷവും നടക്കുന്നു. ഒരു വീട്ടില്‍ ജീവിതത്തില്‍ രണ്ടോ മൂന്നോ കല്യാണങ്ങള്‍ മാത്രമാണ് നടക്കുന്നത്. അത് പരമാവധി ആഹ്ലാദകരമാക്കുകയല്ലേ വേണ്ടത് എന്നാണ് ആബിദിന്റെയും അത്തുവിന്റെയും ചോദ്യം.
എന്താണ് തനിമ?
മാപ്പിളപ്പാട്ടിന്റെ തനിമ ചോരുന്നുണ്ടോ എന്ന ചോദ്യത്തിന് എന്താണ് തനിമ എന്ന മറുചോദ്യമാണ് ആബിദിന് ഉന്നയിക്കാനുള്ളത്. മോയിന്‍ കുട്ടി വൈദ്യര്‍ തമിഴും മലയാളവും കന്നഡയുമൊക്കെ കൂട്ടിച്ചേര്‍ത്ത സങ്കര ഭാഷയിലാണ് മാപ്പിളപ്പാട്ട് രചിച്ചത്. പിന്നീട് ഉബൈദിന്റെയും പിടി അബ്ദു റഹ്മാന്റെയും ശുദ്ധ മലയാളത്തിലുള്ള രചനകളുണ്ടായി. കല കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ അതിനു നിലനില്‍പ്പുണ്ടാവില്ല. മാര്‍ഗം കളിയും തിരുവാതിരക്കളിയുമൊക്കെ അപ്രത്യക്ഷമായെങ്കിലും ഒപ്പന ഇപ്പോഴും ജനത്തെ ആകര്‍ഷിക്കുന്നത് കാലത്തിനനുസരിച്ച് പരിഷ്‌കരിച്ചതു കൊണ്ടാണ്. പ്രണയമായാലും ഭക്തിയായാലും ട്രെന്‍ഡിയായി ചെയ്താലേ ജനം സ്വീകരിക്കു. പ്രണ ആല്‍ബങ്ങളുടെ കുത്തൊഴുക്കിനിടയില്‍ അല്ലാ മേരേ തൗബാ എന്ന തന്റെ ഭക്തി ഗാന ആല്‍ബം സൂപ്പര്‍ ഹിറ്റായ കാര്യം ആബിദ് ചൂണ്ടിക്കാട്ടി. പഴയ കാലത്ത് വര്‍ഷം ഒന്നോ രണ്ടോ കാസറ്റുകള്‍ മാത്രമാണ് ഇറങ്ങിയിരുന്നത്. അതിലെ പാട്ടുകളും പിന്നണി പ്രവര്‍ത്തകരെയും ആളുകള്‍ക്ക് പരിചിതമാവാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍, ഇന്ന് ഓരോ മാസവും പത്തും പതിനഞ്ചും കാസറ്റുകള്‍ ഇറങ്ങുന്നു. അതു കൊണ്ട് തന്നെ പാട്ടുകളും പാട്ടുകാരും ജനങ്ങളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല.
അസര്‍മുല്ലയെക്കുറിച്ച്
ഗള്‍ഫില്‍ ഒരു പാട് ഷോകള്‍ ചെയ്ത ഇരുവര്‍ക്കും പൂര്‍ണ തൃപ്തി നല്‍കിയ ഒന്നായിരുന്നു അസര്‍മുല്ല. പുതിയ സംവിധായകനായിരുന്നെങ്കിലും അത് എവിടെയും പ്രകടമായിരുന്നില്ല. സ്‌പോണ്‍സര്‍മാരുടെയോ സംവിധായകന്റെയോ നിയന്ത്രണമില്ലാതെ പാട്ടുകാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചു എന്നതായിരുന്നു ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയമെന്ന് ആബിദും അത്തുവും സാക്ഷ്യപ്പെടുത്തി.
(27-02-15ന് ഗള്‍ഫ് തേജസില്‍ പ്രസിദ്ധീകരിച്ചത്)
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201501126223122194
No comments:
Post a Comment
നിങ്ങള്‍ പറയൂ...