Friday, June 20, 2008
വവ്വാലുകള്‍ കളിമണ്ണ് തിന്നുന്നതെന്തിന്
കളിമണ്ണ് അല്ലെങ്കില്‍ ചളി തിന്നുക എന്ന അസാധാരണ സ്വഭാവം ജന്തുലോകത്ത് അത്ര അപൂര്‍വമല്ല. ചിംപാന്‍സികളും മലേറിയയെ പ്രതിരോധിക്കുന്നതിനു വേണ്ടി മനുഷ്യരില്‍ ചില ഗോത്രവര്‍ഗങ്ങളും കളിമണ്ണു തിന്നാറുണ്ട്. സാധാരണ ഭക്ഷ്യവസ്‌തുക്കളില്‍ നിന്ന് ലഭിക്കാത്ത ലവണങ്ങള്‍ക്കു വേണ്ടിയാണ് ജന്തുക്കള്‍, ജിയോഫാഗി എന്നു വിളിക്കുന്ന ഈ സ്വഭാവം പ്രകടിപ്പിക്കുന്നതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഭക്ഷ്യവസ്‌തുക്കളിലടങ്ങിയിരിക്കുന്ന വിഷാംശം നിര്‍വീര്യമാക്കാനും ഈ വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് വവ്വാലുകളില്‍ നടത്തിയ പഠനം തെളിയിക്കുന്നത്. മനുഷ്യര്‍ പച്ചക്കറികളും ഫലവര്‍ഗങ്ങളും കഴിക്കുമ്പോള്‍ അതിന്റെ വിഷാംശം അടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഉപയോഗിക്കാറ്. മൃഗങ്ങള്‍ കഴിക്കുന്ന പല പഴങ്ങളും ഇലകളും ഇത്തരം വിഷാംശങ്ങള്‍ അടങ്ങിയവയാണ്. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന ലവണങ്ങള്‍ ഇത്തരം വിഷവസ്‌തുക്കളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. വവ്വാലുകള്‍ ഓരോ രാത്രിയിലും വിഷമയമായ രാസവസ്‌തുക്കള്‍ അടങ്ങിയ നിരവധി പഴങ്ങളാണ് അകത്താക്കുന്നത്. ഇത്തരം രാസവസ്‌തുക്കള്‍ കുഞ്ഞുവവ്വാലുകള്‍ക്കും ഗര്‍ഭത്തിലിരിക്കുന്നവയ്‌ക്കും വളരെയധികം ദോഷം ചെയ്യുമെന്നു കണ്ടെത്തിയിട്ടുണ്ട്. ആമസോണ്‍ മഴക്കാടുകളില്‍ ഒരുമാസം പഠനം നടത്തിയാണു ഗവേഷണസംഘം വവ്വാലുകളിലെ കളിമണ്ണു തീറ്റയുടെ രഹസ്യം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍, പന്നികളെയും മറ്റ് വലിയ മൃഗങ്ങളെയും പോലെ ലവണങ്ങളുടെ കുറവ് പരിഹരിക്കാനാണ് വവ്വാലുകളും കളിമണ്ണു തിന്നുന്നതെന്നാണു കരുതിയിരുന്നത്. എന്നാല്‍, നിരന്തര പഠനത്തില്‍ മറ്റു ചില രഹസ്യങ്ങളും വെളിച്ചത്തുവന്നു. കളിമണ്ണു തിന്നുന്നതില്‍ ഭൂരിഭാഗവും പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളായിരുന്നു. പ്രാണികളെ ഭക്ഷിക്കുന്നവ വളരെ അപൂര്‍വമായെ കളിമണ്ണു തിന്നാനെത്തിയുള്ളൂ. പഴങ്ങള്‍ വളരെ ലവണഗുണമുള്ളവയാണെന്നിരിക്കെയാണ് ഈ പ്രതിഭാസം. ഇതില്‍ നിന്നാണ് വിഷാംശം നിര്‍വീര്യമാക്കുകയാണ് വവ്വാലുകളുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയത്. മാത്രമല്ല ചളിക്കളങ്ങള്‍ തേടിയെത്തിയവയില്‍ മിക്കവയും ഗര്‍ഭിണികളോ കൊച്ചുകുഞ്ഞുങ്ങള്‍ക്കു തീറ്റ കൊടുക്കുന്നവയോ ആയിരുന്നു. ആമസോണിലെ ഇന്ത്യന്‍ ഗോത്രവര്‍ഗക്കാര്‍ എന്ത് ഉദ്ദേശ്യത്തിലാണോ കളിമണ്ണ് തിന്നുന്നത് അതുതന്നെയാണ് വവ്വാലുകളുടെയും ഉദ്ദേശ്യമെന്ന് ഗവേഷകനായ ക്രിസ്‌ത്യന്‍ വോയിറ്റ് പറയുന്നു. ചില ഗോത്രവര്‍ഗക്കാര്‍ ഗര്‍ഭകാലത്തും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സമയത്തും കളിമണ്ണു തിന്നാറുണ്ട്. കണ്ടെത്തലിന്റെ വെളിച്ചത്തില്‍ കളിമണ്ണിന്റെ അപൂര്‍വ ഗുണങ്ങളെക്കുറിച്ച് ഇനിയും ഒരുപാട് പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നാണു ഗവേഷകരുടെ പക്ഷം.
Subscribe to:
Post Comments (Atom)
No comments:
Post a Comment
നിങ്ങള്‍ പറയൂ...