കാലം പുരോഗമിച്ചതോടുകൂടി ആളുകള്‍ കറന്‍സികള്‍ ഒഴിവാക്കി ക്രെഡിറ്റ് കാര്‍ഡുകളെന്നും ഡെബിറ്റ് കാര്‍ഡുകളെന്നും അറിയപ്പെടുന്ന പ്ലാസ്റ്റിക് മണിയിലേക്കു മാറിത്തുടങ്ങിയിട്ടുണ്ട്. സൗകര്യവും സുരക്ഷിതത്വവും പരിഗണിച്ചാണ് ഇതു വ്യാപകമായത്. എന്നാല്‍, സൂക്ഷിച്ചില്ലെങ്കില്‍ ഈ കാര്‍ഡുകളും വലിയ കുരിശായിത്തീരും. എ.ടി.എം മെഷീനുകള്‍ (ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍) വഴിയാണല്ലോ ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. 1960ലാണ് ആദ്യമായി എ.ടി.എം രംഗത്തുവന്നത്. 2005ലെ കണക്കു പ്രകാരം ലോകത്തെമ്പാടുമുള്ള എ.ടി.എം മെഷീനുകളുടെ എണ്ണം 15 ലക്ഷമായിരുന്നു. ഓരോ മിനിറ്റിലും ഒരെണ്ണം എന്ന തോതില്‍ വര്‍ധിക്കുകയും ചെയ്യുന്നു. 24 മണിക്കൂറും ആവശ്യക്കാരനെ സേവിക്കാന്‍ കഴിയുന്നു എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. ഷോപ്പിങിനായാലും ബില്ലടയ്‌ക്കാനായാലും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കാനായാലും ഇന്ന് ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഒഴിവാക്കാനാവാത്തതാണ്. കാര്‍ഡുകള്‍ വ്യാപകമായതോടുകൂടി ആ രംഗത്തെ തട്ടിപ്പുകളും കൂടിത്തുടങ്ങി.
തട്ടിപ്പിന്റെ വഴികള്‍
1. കാര്‍ഡ് ട്രാപ്പിങ് രീതി (ലബനീസ് ലൂപ്പ്)
ലബനീസ് തട്ടിപ്പുസംഘങ്ങളാണ് ഇത്തരം വിദ്യയുമായി ആദ്യമായി രംഗത്തെത്തിയതെന്നതാണ് ഈ പേരു വീഴാന്‍ കാരണം. എ.ടി.എമ്മില്‍ നിന്ന് പണം തട്ടാനുപയോഗിക്കുന്ന ലളിതമായ വഴിയാണിത്. പ്ലാസ്റ്റിക് കൊണ്ടോ ലോഹം കൊണ്ടോ അല്ലെങ്കില്‍ വീഡിയോ ടേപ്പിന്റെ ഒരു ഭാഗമോ ഉപയോഗിച്ച് ഒരു കെണിയുണ്ടാക്കി എ.ടി.എമ്മിന്റെ കാര്‍ഡ് സ്ലോട്ടില്‍ നിക്ഷേപിക്കുകയാണ് തട്ടിപ്പു രീതി. കാര്‍ഡ് സ്ലോട്ടില്‍ ഇടുന്നതോടുകൂടി ഈ കെണിയില്‍ കുടുങ്ങി റീഡ് ചെയ്യുന്നത് തടയുന്നു. ഈ സമയത്തു സഹായിക്കാനെന്ന വ്യാജേന എത്തുന്ന തട്ടിപ്പുകാര്‍ പിന്‍ നമ്പര്‍ എന്റര്‍ ചെയ്യാന്‍ പറയുന്നു. ഒന്നോ രണ്ടോ തവണ എന്റര്‍ ചെയ്യിച്ച ശേഷം ഇതു ശരിയാവുന്നില്ല, ബാങ്കുകാരെ സമീപിച്ചു നോക്കൂ എന്ന് കാര്‍ഡുടമയോടു പറയുന്നു. ഉടമ പോവുന്നതോടുകൂടി തട്ടിപ്പുകാരന്‍ കെണി ഉപയോഗിച്ചു തന്നെ കാര്‍ഡ് പുറത്തേക്കെടുക്കുകയും മനസ്സിലാക്കി വച്ച പിന്‍നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്യുന്നു. ഉപയോക്താവ് ബാങ്കില്‍ പോയി വിവരമറിയിച്ച് തിരിച്ചെത്തുമ്പോഴേക്കും അക്കൗണ്ട് കാലിയാക്കി തട്ടിപ്പുവീരന്‍ സ്ഥലം വിടുന്നു. മാത്രമല്ല, കാര്‍ഡിലെ മാഗ്നറ്റിക് സ്‌ട്രാപ്പിലെ വിവരങ്ങള്‍ ശേഖരിച്ച് അതുപോലുള്ള മറ്റൊരു കൃത്രിമ കാര്‍ഡ് ഉണ്ടാക്കുകയും ചെയ്യുന്നു.
2.സ്‌കിമ്മറുകളും കാമറകളും
ചെറിയ കാമറകളും സകിമ്മറുകള്‍ എന്നറിയപ്പെടുന്ന ഉപകരണവും ഉപയോഗിച്ച് എ.ടി.എം കൗണ്ടറിനുള്ളില്‍ പ്രവേശിക്കുന്നവരുടെ കാര്‍ഡിലെ വിവരങ്ങള്‍ റിക്കാഡ് ചെയ്‌ത് വ്യാജ കാര്‍ഡുകള്‍ നിര്‍മിക്കുകയാണ് തട്ടിപ്പു രീതി. കാര്‍ഡിലെ മാഗ്നറ്റിക് ടേപ്പിലെ വിവരങ്ങള്‍ വായിച്ചെടുക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സ്‌കിമ്മര്‍. ഈ സ്‌കിമ്മറുകള്‍ എ.ടി.എമ്മിന്റെ സ്ലോട്ടിനു പുറത്ത് ഘടിപ്പിക്കുകയും ഇതുവഴി സ്ലോട്ടിലേക്ക് ഉപയോക്താവ് കാര്‍ഡ് ഇടുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉപകരണം വായിച്ചെടുത്ത് റിക്കാഡ് ചെയ്യുന്നു. എ.ടി.എം മെഷീന്റെ സ്ലോട്ടിന് സമാനമാണ് ഇതിന്റെ രൂപമെന്നതിനാല്‍ ഉപയോക്താവിന് തിരിച്ചറിയാന്‍ സാധിക്കില്ല. ഇതോടൊപ്പം എ.ടി.എം കൗണ്ടറിനുള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന കൊച്ചു കാമറകള്‍ ഉപയോഗിച്ച് പിന്‍നമ്പര്‍ ഏതാണെന്നു മനസ്സിലാക്കുകയും ചെയ്യുന്നു. കൗണ്ടറില്‍ മറ്റാരുമില്ലാത്തതിനാല്‍ സാധാരണ ഗതിയില്‍ കാര്‍ഡുടമ വളരെ പതുക്കെയായിരിക്കും നമ്പര്‍ നല്‍കുന്നത്. ഈ രണ്ടു വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഇതുപയോഗിച്ച് വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ച് പണം പിന്‍വലിക്കുന്നു. ബ്രിട്ടനിലെ ചില പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇത്തരത്തിലുള്ള തട്ടിപ്പ് ഈയിടെ പിടികൂടിയിരുന്നു. ഇതില്‍ വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ച് പണം പിന്‍വലിച്ചത് പ്രധാനമായും ഇന്ത്യയില്‍ നിന്നായിരുന്നു- അതുകൊണ്ടു ജാഗ്രതൈ.
വ്യാജ പിന്‍നമ്പര്‍ പാഡുകള്‍
കാര്‍ഡുടമ പിന്‍നമ്പര്‍ നല്‍കാന്‍ ഉപയോഗിക്കുന്ന കീ പാഡുകളില്‍ മറ്റൊരു പാഡ് സ്ഥാപിക്കുകയാണ് ഇവിടെ. ഉപയോക്താവ് നല്‍കുന്ന പിന്‍നമ്പര്‍ ഈ പാഡ് റിക്കാഡ് ചെയ്‌തുവയ്‌ക്കുകയും പിന്നീട് തട്ടിപ്പുകാരന്‍ പാഡില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. ഇതൊഴിവാക്കാനാണ് ചില സ്ഥാപനങ്ങള്‍ ടച്ച് സ്‌ക്രീന്‍ സംവിധാനം കൊണ്ടുവന്നത്. എന്നാല്‍, അതും ചില വിരുതന്മാര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. പലപ്പോഴും ഈ തട്ടിപ്പുകാര്‍ക്ക് കാര്‍ഡ് നല്‍കുന്ന ബാങ്ക് ജീവനക്കാരുമായി ബന്ധമുണ്ടാവും. അതുവഴി എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ ഇവരുടെ കൈവശമെത്തിച്ചേരുന്നു.
Wednesday, July 16, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment
നിങ്ങള്‍ പറയൂ...