Tuesday, August 5, 2008

ജപ്പാനെ ശവപ്പറമ്പാക്കിയ കൊച്ചുകുട്ടിയും തടിമാടനും

കെന്‍ഗോ നികാവയുടെ വാച്ച്‌

മകന്‍ കാസുവോ സമ്മാനമായി കൊടുത്ത വാച്ച്‌ കിട്ടിയതില്‍പ്പിന്നെ കെന്‍ഗോ നികാവയെ ആ വാച്ചില്ലാതെ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. 1945 ആഗസ്‌ത്‌ 6ന്‌ രാവിലെ 8.45ന്‌ ആ വാച്ച്‌ നിലച്ചു. അതിന്‌ ഒരിക്കല്‍കൂടി കീ കൊടുക്കാനാവാതെ ആഗസ്‌ത്‌ 22ന്‌ കെന്‍ഗോ നികാവ മരിക്കുകയും ചെയ്‌തു. ആഗസ്‌ത്‌ ആറിന്‌ ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച `ലിറ്റില്‍ബോയ്‌' എന്ന ഓമനപ്പേരിലുള്ള ആറ്റംബോംബ്‌ ആണ്‌ വാച്ചിന്റെ ചലനത്തോടൊപ്പം കെംഗോ നികാവയുടെ ഹൃദയതാളത്തിന്റെയും അന്തകനായത്‌.


ലിറ്റില്‍ബോയ്‌ (കൊച്ചുകുട്ടി)
ആഗസ്‌ത്‌ 6ന്റെ തെളിഞ്ഞ പ്രഭാതത്തില്‍ പടിഞ്ഞാറന്‍ പസഫിക്കിലെ ടിനിയന്‍ വ്യോമതാവളത്തില്‍ നിന്നും മരണദൂതുമായി കേണല്‍ പോള്‍ തിബത്തിന്റെ നേതൃത്വത്തില്‍ ഇനോല ഗേ എന്ന യുദ്ധവിമാനം പറന്നുയര്‍ന്നു. സഹായത്തിനായി ഗ്രേറ്റ്‌ ആര്‍ടിസ്റ്റെ, നെസസ്സറി ഈവിള്‍ എന്നീ രണ്ട്‌ ബി29 വിമാനങ്ങളും. പ്രഥമലക്ഷ്യം ഹിരോഷിമ. സാധ്യമായില്ലെങ്കില്‍ കോകുരയോ നാഗസാക്കിയോ. പ്രാദേശിക സമയം 8.15ന്‌ വിമാനത്തില്‍ നിന്നു പതിച്ച 60 കിലോഗ്രാം യുറേനിയം-235 അടങ്ങിയ ലിറ്റില്‍ബോയ്‌ 57 സെക്കന്റ്‌ കൊണ്ട്‌ നഗരത്തിന്‌ 600 അടി മുകളിലെത്തി പൊട്ടിത്തെറിച്ചു. 11.4 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ തീപടര്‍ത്തിയ ബോംബ്‌ ഉടന്‍ തന്നെ കാലപുരിക്കയച്ചത്‌ 70,000 പേരെ. 1950 ആകുമ്പോഴേക്കും റേഡിയേഷനും അതുമായി ബന്ധപ്പെട്ട രോഗങ്ങളും കാരണം മരിച്ചവരുടെ എണ്ണം 200,000 കവിഞ്ഞു. പ്രദേശത്തെ 90 ശതമാനം കെട്ടിടങ്ങളും നിലംപൊത്തി. പിന്നെയും വര്‍ഷങ്ങളോളം അമേരിക്കന്‍ ക്രൂരതയുടെ അടയാളങ്ങളുമായി ഹിരോഷിമയിലെ അമ്മമാര്‍ വികൃതരൂപികളായ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കി.

ഷിന്‍ ഇച്ചിയുടെ ട്രൈസൈക്കിള്‍

തന്റെ വീടിനുമുന്നില്‍ ട്രൈസൈക്കിളില്‍ കളിച്ചുകൊണ്ടിരുന്ന ഷിന്‍ ഇച്ചിക്ക്‌ അന്ന്‌ നാലു വയസ്സോളമായിരുന്നു പ്രായം. ഒന്നരകിലോമീറ്റര്‍ അകലെയുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സെക്കന്റുകള്‍ക്കകം അവന്റെ വീട്‌ കത്തിയമര്‍ന്നു. അന്നുരാത്രി ഷിന്‍ ഇച്ചി മരിച്ചു. തന്റെ മകനെ ദൂരെയുള്ള കല്ലറയില്‍ ആരും കൂട്ടിനില്ലാതെ അടക്കം ചെയ്യാന്‍ മനസ്സനുവദിക്കാത്ത ഷിന്നിന്റെ അച്ചന്‍ അവന്റെ കൈ അടുത്ത വീട്ടിലെ മരിച്ചുപോയ കളിക്കൂട്ടുകാരിയുടെ കൈയുമായി ബന്ധിച്ച്‌ സന്തതസഹചാരിയായ സൈക്കിളിനോടൊപ്പം അടക്കം ചെയ്‌്‌തു. ഷിന്നിന്റെ ഏഴുവയസ്സുള്ള ചേച്ചിയും ഒരു വയസ്സുള്ള അനുജനും കത്തിച്ചാരമായിരുന്നു. നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഷിന്‍ ഇച്ചിയുടെ പിതാവ്‌ ഈ ട്രൈസൈക്കിള്‍ അവന്റ കല്ലറയില്‍ നിന്നും കുഴിച്ചെടുത്ത്‌ പീസ്‌ മെമ്മോറിയല്‍ മ്യൂസിയത്തിനു കൈമാറി.

പകച്ചുപോയ ജപ്പാന്‍കാര്‍
ആക്രമണത്തിനു ഒരു മണിക്കൂര്‍ മുമ്പ്‌ തന്നെ ചില അമേരിക്കന്‍ വിമാനങ്ങള്‍ ജപ്പാനെ സമീപിക്കുന്നതായി റഡാറുകള്‍ കണ്ടെത്തിയിരുന്നു. ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പു നല്‍കുകയും ഹിരോഷിമ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റേഡിയോ സംപ്രേഷണം നിര്‍ത്തിവെക്കുകയും ചെയ്‌തു. എന്നാല്‍ 8 മണിയോടെ മൂന്നു വിമാനങ്ങള്‍ മാത്രമാണ്‌ തങ്ങളെ സമീപിക്കുന്നതെന്നു മനസ്സിലാക്കിയ അധികൃതര്‍ വ്യോമാക്രമണ മുന്നറിയിപ്പു പിന്‍വലിച്ചു.( സാധാരണ വ്യോമാക്രമണങ്ങള്‍ ഇത്രയും കുറഞ്ഞ വിമാനങ്ങള്‍ ഉപയോഗിച്ചു നടത്താറില്ല.) അമേരിക്കന്‍ വിമാനങ്ങള്‍ നിരീക്ഷണപ്പറക്കലിനെത്തിയതാണെന്ന ധാരണയിലായിരുന്നു സൈന്യം. ഏതാനും മിനിറ്റുകള്‍ക്കകം ഹിരോഷിമയുമായുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും വിഛേദിപ്പിക്കപ്പെട്ടപ്പോഴാണ്‌ സൈനിക കേന്ദ്രങ്ങള്‍ അപകടം മണത്തത്‌. നിരീക്ഷണത്തിനച്ച വിമാനത്തില്‍ പോയ സൈനികര്‍ കണ്ടത്‌ കത്തിയമരുന്ന ഹിരോഷിമ നഗരമാണ്‌. 16 മണിക്കൂറിന്‌ ശേഷം വാഷിങ്‌ടണ്‍ ഡി.സിയില്‍ വൈറ്റ്‌ഹൗസിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോഴാണ്‌ ആറ്റം ബോംബാണ്‌ ഹിരോഷിമയില്‍ പതിച്ചതെന്ന യാഥാര്‍ത്ഥ്യം ജപ്പാന്‍കാര്‍ മനസ്സിലാക്കിയത്‌.

കോകുരയെ രക്ഷിച്ച മേഘക്കൂട്ടങ്ങള്‍ നാഗസാക്കിയുടെ കാലനായി
1945 ആഗസ്‌ത്‌ 9നാണ്‌ ഫാറ്റ്‌മാന്‍( തടിമാടന്‍) എന്നുപേരിട്ട രണ്ടാമത്തെ അണുബോംബുമായി മേജര്‍ ചാള്‍സ്‌ എസ്‌ സീനിയുടെ നേതൃത്വത്തില്‍ മൂന്ന്‌ യുദ്ധവിമാനങ്ങള്‍ ജപ്പാനെ ലക്ഷ്യമാക്കി കുതിച്ചത്‌. കോകുരയായിരുന്നു പ്രഥമലക്ഷ്യം. എന്തെങ്കിലും തടസ്സങ്ങളുണ്ടായാല്‍ മാത്രം നാഗസാക്കി എന്നതായിരുന്നു തീരുമാനം. എന്നാല്‍ കൂട്ടത്തിലൊരു വിമാനം ലക്ഷ്യം തെറ്റിയതോടെയാണ്‌ കോകുര രക്ഷപ്പെട്ടത്‌. നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകിയപ്പോഴേക്കും കൊകുരയ്‌ക്ക്‌ മുകളില്‍ മേഘക്കൂട്ടങ്ങള്‍ മൂടിയിരുന്നു. മേഘക്കൂട്ടങ്ങള്‍ കാഴ്‌ച മറച്ചതോടെയാണ്‌ കോകുരയെ വിട്ട്‌ നാഗസാക്കിയിലേക്ക്‌ തിരിച്ചത്‌. നാഗസാക്കിയെയും കാഴ്‌ച മറക്കുകയാണെങ്കില്‍ ഒകിനാവയിലെ സമുദ്രത്തില്‍ ബോംബ്‌ നശിപ്പിക്കാനായിരുന്നു പദ്ധതി. എന്നല്‍ നാഗസാക്കിയുടെ വിധി മേഘങ്ങള്‍ക്കും തിരുത്താനായില്ല. രാവിലെ 11.01ന്‌ ആകാശം തെളിഞ്ഞു. 6.4 കിലോഗ്രാം പ്ലൂട്ടോണിയം 239 അടങ്ങിയ ബോംബ്‌ നഗരത്തിലെ വ്യവസായ കേന്ദ്രത്തിനു മുകളില്‍ പതിച്ചു. 3900 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടു പുറത്തുവിട്ട ബോംബ്‌ മണിക്കൂറില്‍ 1005കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ്‌ സൃഷ്ടിച്ചു. സ്‌ഫോടനം നടന്ന ഉടന്‍ 40,000 മുതല്‍ 75,000ഓളം പേരും 1945 ആയപ്പോഴേക്കും 80,000 പേരും നാഗസാക്കിയില്‍ മൃതിയടഞ്ഞു. വീണ്ടും ജപ്പാനു മുകളില്‍ നാശം വിതയ്‌ക്കാന്‍ അമേരിക്കയ്‌ക്കു പദ്ധതിയുണ്ടായിരുന്നെങ്കിലും ആഗസ്‌ത്‌ 12ന്‌ ഹിരോഹിതോ ചക്രവര്‍ത്തി മുട്ടുമടക്കാന്‍ തയ്യാറായതോടെ അതൊഴിവായി.

എന്തുകൊണ്ട്‌ ജപ്പാന്‍
അമേരിക്കയെ ഞെട്ടിച്ച പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം റഷ്യയുമായി ജപ്പാന്‍ ഉണ്ടാക്കിയേക്കുമോ എന്ന്‌ ഭയന്ന ഉടമ്പടി മുതല്‍ മതവും വംശവും വരെ ആറ്റംബോംബ്‌ പരീക്ഷണത്തിനു ജപ്പാനെ തിരഞ്ഞെടുത്തതിനു പിന്നിലുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. പോസ്‌റ്റ്‌ഡാം പ്രഖ്യാപനപ്രകാരം ജപ്പാനെ ഉപാധികളില്ലാതെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു ആക്രമണത്തിനുത്തരവിട്ട അമേരിക്കന്‍ പ്രസിഡന്റ്‌ ഹാരി എസ്‌ ട്രൂമാന്റെ ലക്ഷ്യം. എന്നാല്‍ ഹിരോഷിമയ്‌ക്ക്‌ ശേഷവും കീഴടങ്ങാന്‍ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ തയ്യാറായില്ല.

ഹിരോഷിമയിലെ അറ്റോമിക്‌ ബോംബ്‌ ഡോം


ഈ കെട്ടിടത്തിന്‌ 150 മീറ്റര്‍ അകലെയായിരുന്നു ബോംബിന്റെ ഹൈപോസെന്റര്‍. സ്‌ഫോടനത്തിന്റെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണമായും നശിക്കാതെ നിന്ന അപൂര്‍വം ചില കെട്ടിടങ്ങളിലൊന്നാണിത്‌. ഹിരോഷിമ പീസ്‌ മെമ്മോറിയല്‍ എന്നറിയപ്പെടുന്ന ഇത്‌ ഇപ്പോള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണിത്‌.

അണുബോംബും സ്‌റ്റിംസണിന്റെ മധുവിധുവും
ക്യോട്ടോ, ഹിരോഷിമ, യോകൊഹോമ, കൊക്കുര എന്നീ സ്ഥലങ്ങളാണ്‌ അണുബോംബിങ്ങിനുള്ള ലക്ഷ്യങ്ങളായി ആദ്യം നിശ്ചയിച്ചത്‌. ക്യോട്ടോയില്‍ ബോംബിട്ടാല്‍ ആ സ്ഥലത്തോട്‌ ജപ്പാന്‍കാര്‍ക്കുള്ള ബൗദ്ധികവും സാംസ്‌കാരികവുമായ അടുപ്പം മാനസികമായി ജപ്പാന്‍കാരെ കീഴടക്കാന്‍ ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ബോംബിങിന്റെ ആസൂത്രകരില്‍ ഒരാളായ ഹെന്റി സ്‌റ്റിംസണിന്റെ താല്‍പര്യപ്രകാരം ക്യോട്ടോയെ ഒഴിവാക്കി. സ്‌റ്റിംസണ്‍ പണ്ട്‌ മധുവിധു ആഘോഷിച്ച സ്ഥലമായിരുന്നു ക്യോട്ടോ എന്നതാണത്രെ അതിനു കാരണം. ഇതുവരെ ബോംബിടാത്ത സ്ഥലം, സൈനികവ്യാവസായിക പ്രാധാന്യം, യുദ്ധത്തടവുകാരെ പാര്‍പ്പിച്ചിട്ടില്ലാത്ത അപൂര്‍വ്വം പ്രദേശങ്ങളിലൊന്ന്‌ ഇതൊക്കെ ഹിരോഷിമയ്‌ക്ക്‌ നറുക്കു വീഴാന്‍ ഇടയാക്കി. അണുബോംബ്‌ പരീക്ഷണം മനസ്സില്‍ വച്ചാണ്‌ ഇവിടെ അതുവരെ മറ്റു ബോംബുകളിടാതിരുന്നതെന്നും പറഞ്ഞു കേള്‍ക്കുന്നു. നേര്‍ച്ചക്കോഴിയെ വളര്‍ത്തുന്നതു പോലൊരു രീതി. അണുബോംബ്‌ എത്രത്തോളം നാശനഷ്ടങ്ങളുണ്ടാക്കും എന്നറിയുകയായിരുന്നു ഇതിനു പിന്നിലുള്ള ലക്ഷ്യം.

5 comments:

  1. എല്ലാ വര്‍ഷവും ഹിരോഷിമദിനങ്ങള്‍ നാം ആചരിക്കുന്നു. ലക്ഷക്കണക്കിന് ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍, ഒറിഗാമികള്‍, സിനിമകള്‍, നാടകങ്ങള്‍......
    എല്ലാം പുതിയതായി നിര്‍മ്മിക്കപ്പെടുന്നു.. മറ്റൊന്നിനുമല്ല, ഇനിയൊരു ഹിരോഷിമ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിരോധത്തിന്.
    അഭിനന്ദനങ്ങള്‍....

    എനിക്കും തന്നാലായത് ഇവിെട...
    സഡാക്കോ സസാക്കിയുടെ കഥ..

    ReplyDelete
  2. വേണ്ടാ...ഹിരോഷിമകള്‍
    വേണ്ടാ...നാഗസാക്കികള്‍

    ReplyDelete
  3. അതേ, അരീക്കോടന്‍ ഹിരോഷിമയുടെ 63ാം വാര്‍ഷിക വേളയില്‍ ഒരമ്മ പറഞ്ഞതു പോലം ഈ സന്ദേശം നമുക്കു വരുംതലമുറകള്‍ക്കു കൈമാറാം

    ReplyDelete
  4. ആരാണ് വേണ്ടെന്നു വക്കേണ്ട ആ നമ്മള്‍? വേണ്ടെന്നു വക്കേണ്ട, ആ ക്രൂരത ചെയ്ത അവര്‍ തന്നെ ഇന്നും ലോകപോലീസ് . ലോകത്തിനെ മുഴുവന്‍ നിരയുധികരിച്ചു അവര്‍ ഇന്നും കൈവശം കൊണ്ടു നടക്കുന്ന അണ്വായുധങ്ങളെ അവര്‍ എന്ത് ചെയ്യാന്‍ പോകുന്നു. വേറെ ഏതെങ്കിലും ഹിരോഷിമയുടെയോ നാഗസക്കിയുടെയോ തലയില്‍ തീ കോരി ഒഴിക്കുക അല്ലാതെ?

    ലോകം മുഴുവന്‍ ഒരുമിച്ചു വേണ്ടാന്ന് വക്കാന്‍ തയ്യാറായാല് അല്ലാതെ ഒന്നും വേണ്ടെന്നു വയ്ക്കാന്‍ ആവില്ല.നമുക്കും .

    ReplyDelete

നിങ്ങള്‍ പറയൂ...