ഒക്ടോബര്‍ 22, ഒരു യുഗപ്പിറവിക്കായി ലോകം കാത്തിരിക്കുന്ന ദിവസമാണത്. വര്‍ഷങ്ങള്‍ നീളുന്ന ഒരു സൈബര്‍ യുദ്ധത്തിനും ഈ ദിവസം തുടക്കം കുറിക്കും. അന്നാണ് മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 7 ജനങ്ങളിലേക്ക് എത്തുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം തന്നെ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചവ ആയതിനാല്‍ വിന്‍ഡോസിന്റെ മിക്ക പതിപ്പുകളും യുദ്ധത്തില്‍ പങ്കാളിയാകുന്നുണ്ട്. എന്നാല്‍ ഗുഗിളും ആപ്പിളും തന്നെയായിരിക്കും വിന്‍ഡോസ് 7 ന്റെ മുഖ്യ എതിരാളികള്‍.
വിന്‍ഡോസ് 7 വിപണിയില്‍ എത്തുന്നത് ആദ്യം ബാധിക്കുക വിന്‍ഡോസ് വിസ്തയെ തന്നെ. ഏറെ പുതുമകളോടെ വിപണിയില്‍ എത്തിയെങ്കിലും മുന്‍ഗാമിയായ വിന്‍ഡോസ് എക്‌സ്.പിയുടെ അത്ര ജനപ്രീതി നേടാന്‍ വിസ്തക്ക് കഴിഞ്ഞിരുന്നില്ല. സാങ്കേതികസഹായം നല്‍കുന്നത് കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിയിട്ട് പോലും എക്‌സ്.പിയുടെ പ്രചാരം ഒരു പരിധിയില്‍ കുറയ്ക്കാന്‍ മൈക്രോസോഫ്രറ്റിന് കഴിഞ്ഞില്ലെന്നത് തന്നെ വിസ്തയുടെ പരാജയത്തിന് തെളിവായി കാണിക്കപ്പെടുന്നു.
എന്നാല്‍ വിന്‍ഡോസ് 7 പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചവരുടെ അഭിപ്രായം മൈക്രോസോഫ്റ്റിന് പ്രതീക്ഷനല്‍കുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വിസ്തയും എക്‌സ് പിയും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനുമുന്നില്‍ പകച്ചുനില്‍ക്കുമെന്നാണ് ഇവരുടെ വാദം.
മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം വിന്‍ഡോസ് 7 എന്നത് വലിയൊരു കാല്‍വെപ്പ് മാത്രമല്ല. വിവരസാങ്കേതിക രംഗത്തെ ഒരു യുഗത്തിന്റെ അവസാനം കുറിയ്ക്കല്‍ കൂടിയാണ്. ഒപ്പം വളരെ വ്യത്യസ്തമായ സാങ്കേതിക യുഗത്തിന്റെ തുടക്കവും.
ഇനിയുള്ള കാലം 'ക്ലൗഡ്' സങ്കല്‍പത്തെ അടിസ്ഥാനമാക്കിയായിരിക്കും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓഫീസുകളിലും വീടുകളിലും കംപ്യൂട്ടറുകളില്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്ന സ്ഥിതി ഇല്ലാതാകും. പകരം ആയിരക്കണക്കിന് സെര്‍വറുകളിലായി വലിയ വിവരശേഖരണകേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരിക്കും ഇവ ശേഖരിക്കപ്പെടുക.
ജിമെയില്‍, യാഹു മെയില്‍ തുടങ്ങിയ ഇമെയില്‍ സേവനങ്ങളും ഓര്‍ക്കുട്ടുകള്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളും ഓണ്‍ലൈന്‍ ഗെയിമുകളും 'ക്ലൗഡ്' സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണങ്ങളാണ്.
മൊബൈല്‍ ഫോണുകളിലേയും പേഴ്‌സണല്‍ കംപ്യൂട്ടറിലെയും ക്ലൈന്റ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചായിരിക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കപ്പെടുക. ആവശ്യമുള്ള സോഫ്റ്റ് വെയറുകള്‍ ഓണ്‍ലൈനിലൂടെ ഉപയോഗിക്കുകയോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുമെന്ന് സാരം.
അതായത് ഓപ്പറേറ്റിങ് സിസ്റ്റം വളരെ ലഘുവായതും എന്നാല്‍ അതീവ സുരക്ഷ നല്‍കുന്നതുമായ ചെറിയ സോഫ്റ്റ് വെയറായി മാറും. ഇതേ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഏറ്റവും കുറവ് അനുബന്ധ സോഫ്റ്റ് വെയറുകളുമായി വിപണിയിലെത്തുന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് പുതിയ വിന്‍ഡോസ് പതിപ്പ്.
ക്ലൗഡ് സാങ്കേതിവിദ്യയില്‍ വിന്‍ഡോസ് പൂര്‍ണമായും മറയുമെന്നല്ല ഇതിനര്‍ത്ഥം. ഈവര്‍ഷം പുറത്തിറക്കുന്ന ചില സോഫ്റ്റ് വെയറുകള്‍ ക്ലൗഡ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഭാവിയെക്കുറിച്ച് ചില സൂചന നല്‍കുന്നുണ്ട്. ഇവ മുന്‍കണ്ടാണ് കഴിഞ്ഞ മാസം അഞ്ചുലക്ഷത്തോളം സെര്‍വറുകള്‍ ഉള്‍പ്പെടുത്തി രണ്ട് ഡാറ്റാ സെന്ററുകള്‍ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചത്.
സ്മാര്‍ട് ഫോണുകള്‍ക്കായുള്ള പുതിയ വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഈമാസം വിപണിയിലെത്തും. അടുത്ത മാസം അഷൂര്‍ (AZURE) എന്ന സോഫ്റ്റ് വെയറും പുറത്തിറങ്ങും. സോഫ്റ്റ് വെയര്‍ ഡവലപ്പ് ചെയ്യുന്നവര്‍ക്കായി ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയറാണ് അഷൂര്‍.
വെബ് ബ്രൗസര്‍ വിവാദങ്ങളില്‍ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുകയാണെന്ന സൂചന കൂടി വിന്‍ഡോസ് 7 നല്‍കുന്നുണ്ട്. വിവാദങ്ങള്‍ക്കിടയാക്കിയ സൗജന്യ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിന്‍ഡോസ് 7 ല്‍ ഉണ്ടായിരിക്കില്ല. ഇതുമറികടക്കാന്‍ യു.എസിലെയും യൂറോപ്പിലേയും ഉപഭോക്താക്കള്‍ക്കായി ഒരു 'ബാലറ്റ് സ്‌ക്രീന്‍' കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ എതിരാളികളായ ബ്രൗസറുകള്‍ ഇതിലൂടെ തിരഞ്ഞെടുക്കാം.
മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളില്‍ നിന്നും പേഴ്‌സണല്‍ കംപ്യൂട്ടറുകൡലേക്ക് എന്ന പോലെയുള്ള വന്‍ മാറ്റമാണ് പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ നിന്ന് ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നോട്ടുബുക്കുകളിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും വയര്‍ലസ് ഉപകരണങ്ങളിലേക്കുമുള്ള വളര്‍ച്ച.
സംഗീതവും ഇമെയിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളുമായി നൂറുകണക്കിന് കമ്പനികള്‍ ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ആപ്പിളിന്റെയും യുദ്ധത്തിന് മറ്റുചില തലങ്ങള്‍കൂടിയുണ്ട്. ഇപ്പോള്‍തന്നെ സ്വന്തമായ ക്ലൗഡ് നെറ്റ് വര്‍ക്കുള്ള കമ്പനികളാണ് ഇവ. ഒന്നോ രണ്ടോ സേവനങ്ങളല്ലാതെ ഒരു സമ്പൂര്‍ണ പാക്കേജ് ആയിട്ടായിരിക്കും ഇവരുടെ സേവനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുക. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വെബ് ബേസ്ഡ് വേഡ് പ്രോസസറും സ്‌പ്രെഡ്ഷീറ്റും പ്രസന്റേഷന്‍ സോഫ്റ്റ് വെയറും ഗൂഗിള്‍ നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ ഗൂഗിള്‍ പ്രഖ്യാപിച്ച സൗജന്യക്രോം ഓപ്പറേറ്റിങ് സിസ്റ്റം ക്ലൗഡ് യുദ്ധത്തിനുള്ള കാഹളമായിരുന്നു. വിന്‍ഡോസ് 7 പുറത്തിറങ്ങുന്ന സമയത്തുതന്നെ ക്രോം ഒ.എസും വിപണിയില്‍ എത്തുമെന്നാണ് അഭ്യൂഹങ്ങളുള്ളത്. എന്നാല്‍ അടുത്തകാലത്ത് ഗുഗൂള്‍ ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുവിളിക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് മൊബൈല്‍ പുറത്തിറക്കുന്നത്. ഗൂഗിള്‍ നേരത്തെ തന്നെ ആന്‍ഡ്രോയിഡ് എന്നപേരില്‍ മൊബൈല്‍ ഉപകരണങ്ങള്‍ക്കായി ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയിരുന്നു. ക്ലൗഡ് സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഭാവിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുക ഇത്തരം സ്മാര്‍ട് ഫോണുകളായിരിക്കും.
ക്ലൗഡ് സാങ്കേതിവിദ്യയുടെ സഹായക ഉപകരണങ്ങളുടെ കാര്യത്തില്‍ ആപ്പിള്‍തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തെമ്പാടുമായി മൂന്നുകോടി ഐ ഫോണുകള്‍ വിറ്റുപോയതാണ് ആപ്പിളിനെ സഹായിച്ചത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ദിനം പ്രതി പുറത്തിറങ്ങുന്നത് ആപ്പിളിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.
ഡാറ്റാ സെന്ററുകളുടെ കാര്യത്തില്‍ ഗൂഗിള്‍ ഇപ്പോള്‍തന്നെ ബഹുദൂരം മുന്നിലാണ്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ആപ്പിളിനെ പിന്തള്ളി ഗൂഗിളിനോട് മത്സരിക്കുന്നുണ്ട്. സര്‍വീസുകളുടെ കാര്യത്തിലും ഗൂഗിള്‍ തന്നെയാണ് ഇപ്പോള്‍ മുന്‍പന്തിയില്‍. ബിംഗ് (BING) നിര്‍മ്മിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഗൂഗിളിന്റെ മുന്നില്‍ മൈക്രോസോഫ്റ്റിന് പിടിച്ചുനില്‍ക്കാനായത്.
യുദ്ധകാഹളം മുഴങ്ങിയതിന്റെ ആശങ്ക സാങ്കേതികവിദഗ്ധര്‍ക്കാണ്. മുന്‍കാല സാങ്കേതിക 'യുദ്ധ'ങ്ങളിലേതുപോലെ ഓരോ ക്ലൗഡുകളും അവരുടെ സാങ്കേതിക വിദ്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഫയലുകളും ഫോര്‍മാറ്റുകളും ഉപയോഗിക്കുമോ എന്നതാണ് ആശങ്കയുണര്‍ത്തുന്നത്. ഒരു ക്ലൗഡില്‍ നിന്നും മറ്റൊരു ക്ലൗഡിലേക്ക് വിവരങ്ങള്‍ കൈമാറുന്നത് തടയുവാനോ ബുദ്ധിമുട്ടുള്ളതാക്കുവാനോ ഇതിടയാക്കും.
ക്ലൗഡുകളില്‍ സുക്ഷിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവിവരങ്ങള്‍ ചോരാന്‍ ഇടയാകുമെന്ന പേടിയും വ്യാപകമായുണ്ട്. ക്ലൗഡ് സര്‍വീസുകള്‍ക്ക് പണം മുടക്കാന്‍ തയ്യാറാവാത്തവരുടെ അക്കൗണ്ടുകളില്‍ ഉള്ളടക്കത്തിനനുസരിച്ചുള്ള പരസ്യങ്ങള്‍ കൊടുക്കാന്‍ കമ്പനികള്‍ ശ്രമിക്കും. ഇത് സ്വകാര്യതയെ ഹനിക്കുമെന്നാണ് ചിലരുടെ വാദം. ചില കമ്പനികള്‍ സൗജന്യ ഇമെയില്‍ സര്‍വീസില്‍ ഇത്തരത്തില്‍ പരസ്യം നല്‍കുന്നുണ്ട്.
അവസാനമായി ക്ലൗഡുകളില്‍ സൂക്ഷിക്കുന്ന വിവരശേഖരങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. മൈക്രോസോഫ്റ്റിന്റെ അനുബന്ധകമ്പനിയില്‍ സൂക്ഷിച്ചിരുന്ന സൈഡ് കിക്ക് (sidekick)എന്ന സ്മാര്‍ട്ട് ഫോണുകളിലെ അഡ്രസ് ബുക്കുകളും ഫോട്ടോകളും നഷ്ടപ്പെട്ടത് ഇതിന് ഉദാഹരണായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്തായാലും മുന്‍ സൈബര്‍യുദ്ധങ്ങളുടേത് പോലെ ഒരു വിജയി മാത്രമാകില്ല ഈ മൂന്നാം സൈബര്‍ യുദ്ധത്തിനവസാനം നിലനിര്‍ക്കുക. മറ്റൊരു സാങ്കേതികം കണ്ടെത്തുന്നത് ക്ലൗഡ് യുദ്ധം തുടരുമെന്ന് സാരം.
എ.എസ്.
http://www.mathrubhumi.com/story.php?id=61381
No comments:
Post a Comment
നിങ്ങള്‍ പറയൂ...