Tuesday, February 23, 2010

താമരക്കുമ്പിളിലെന്തുണ്ട്?

അവസാന ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് ലോഹ പുരുഷന്‍ രാഷ്ട്രീയ വനവാസത്തിലേക്കു നീങ്ങിയത്. ഇന്ദ്രപ്രസ്ഥത്തിലെ കേസരയിലൊന്നു കയറിപ്പറ്റാന്‍ രഥങ്ങള്‍ പലതും ഉരുട്ടി,  ചോര ഒരുപാട് ചിന്തി, അടവുകള്‍ കുറേ പയറ്റി. മിതവാദിയെ ഒരരുക്കാക്കി ഒരു വിധം ചെങ്കോല്‍ കൈപ്പിടിയിലൊതുങ്ങുമെന്നായപ്പോഴാണ് വിവേകമുള്ള ജനങ്ങള്‍ തണ്ടു ചീഞ്ഞ താമരയെ വേരോടെ പിഴുതെറിഞ്ഞത്. ഇനിയുമൊരങ്കത്തിനു ബാല്യമില്ലെന്നു തോന്നിയതുകൊണ്ടല്ല, യുവശിങ്കങ്ങളുടെ പടപ്പുറപ്പാടിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് രഥയാത്രാ ഫെയിം പടിയിറങ്ങി  യത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പഴയ പി.ഡബ്ല്യു.ഡി മന്ത്രിയാണ് താമര വീണ്ടും വിരിയിക്കാനുള്ള സൂര്യനായി അവതരിച്ചിരിക്കുന്നത്. റോഡും തോടുമൊക്കെ നന്നാക്കി പരിചയമുള്ള എം.കോം ബിരുദധാരി തകര്‍ന്നടിഞ്ഞുകിടക്കുന്ന കാവിപ്പാര്‍ട്ടിയെ നന്നാക്കിയെടുക്കാനുള്ള പടപ്പുറപ്പാടിലാണ്. ഇതിന്റെ ഭാഗമായി ഇന്‍ഡോര്‍ സമ്മേളനത്തിന് പുതിയ പരിഷ്‌കാരം കൊണ്ടുവന്നു. പഞ്ചനക്ഷത്ര ഹോട്ടലിനു പകരം നേതാക്കള്‍ ടെന്റുകളില്‍ കഴിയും. പക്ഷേ, പൂെനയില്‍ ആരോ എന്തോ പൊട്ടിച്ചപ്പോഴേക്കും ടെന്റുകളില്‍ കിടക്കാനിരുന്ന ധൈര്യമുള്ള നേതാക്കളൊക്കെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു തന്നെ തിരിച്ചുകയറി. ചെലവു ചുരുക്കാനാണ് ടെന്റ് കെട്ടിയതെങ്കിലും പണം ഹോട്ടല്‍ താമസത്തിനേക്കാള്‍ രണ്ടിരട്ടി ചെലവായെന്ന് അസൂയക്കാര്‍ പറഞ്ഞു പരത്തുന്നുണ്ട്. രാഷ്ട്രീയക്കാരനാവുന്നതിനു മുമ്പേ വ്യവസായിയായിരുന്ന കാവിനേതാവ് മുസ്‌ലിംകള്‍ക്കു മുന്നില്‍ പുതിയ ഡീല്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദം വേണോ, പള്ളി വേണോ എന്നാണ് ചോദ്യം. രാമക്ഷേത്രം കെട്ടാന്‍ കൈയാളായി മുസ്‌ലിംകള്‍ കൂടെ നിന്നോണം; ഇല്ലെങ്കില്‍ കാച്ചിക്കള യും എന്നതാണ് സ്‌റ്റൈല്‍. താമര വീണ്ടും മുളപ്പിച്ചെടുക്കാ ന്‍ വര്‍ഗീയതയുടെ ചെളിയല്ലാതെ പുതിയ സൂര്യന്റെ കൈയിലും കൂടുതലൊന്നുമില്ല എന്ന കാര്യം ഔദ്യോഗികമായി അധികാരമേറ്റെടുക്കും മുമ്പേ തന്നെ പൊതുജനത്തിനു ബോധ്യമായി.

ഫെബ്രുവരി 20ന് തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌

No comments:

Post a Comment

നിങ്ങള്‍ പറയൂ...