Tuesday, September 2, 2008

ഗൂഗ്‌ള്‍ സ്വന്തം ബ്രൗസറുമായി വരുന്നു

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും വെല്ലുവിളിയുയര്‍ത്തി പുതിയ ഓപണ്‍ സോഴ്‌സ്‌ ബ്രൗസറുമായി ഇന്റര്‍നെറ്റ്‌ കമ്പനി ഗൂഗ്‌ള്‍ വരുന്നു. ഗ്രാഫിക്‌സിനെയും മള്‍ട്ടിമീഡിയയെയും കൂടുതല്‍ ആശ്രയിക്കുന്ന പുതിയ തലമുറയിലെ വെബ്‌ അപ്ലിക്കേഷനുകളെ നന്നായി കൈകാര്യം ചെയ്യാവുന്ന ലളിതവും വേഗ?മേറിയതുമായ ബ്രൗസറാണ്‌ ഗൂഗ്‌ള്‍ പുറത്തിറക്കുന്നത്‌.
`ക്രോം' എന്ന്‌ പേരിട്ടിരിക്കുന്ന ബ്രൗസറിന്റെ പരീക്ഷണാര്‍ഥമുള്ള പതിപ്പ്‌ 100 രാജ്യങ്ങളില്‍ ഇന്നലെ പുറത്തിറക്കി. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പാണ്‌ ഇറങ്ങിയിരിക്കുന്നത്‌. മാക്‌, ലിനക്‌സ്‌ പതിപ്പുകള്‍ വരാനിരിക്കുന്നതേയുള്ളൂ. പരമ്പരാഗത ഡസ്‌ക്‌ടോപ്പ്‌ അപ്ലിക്കേഷനുകളെ വെല്ലുവിളിക്കുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളുമായി മുന്നോട്ടുപോവാന്‍ പുതിയ ബ്രൗസര്‍ ഗൂഗ്‌ളിനെ സഹായിക്കും. ഡോക്യുമെന്റ്‌സ്‌, പികാസ, മാപ്‌സ്‌ തുടങ്ങിയ അപ്ലിക്കേഷനുകള്‍ ഇപ്പോള്‍ തന്നെ ഗൂഗ്‌ളിന്റേതായുണ്ട്‌.
പേഴ്‌സണല്‍ കംപ്യൂട്ടര്‍ രംഗത്ത്‌ മൈക്രോസോഫ്‌റ്റിന്‌ തിരിച്ചടിയാണ്‌ ഗൂഗ്‌ളിന്റെ ക്രോം ബ്രൗസര്‍. മൈക്രോസോഫ്‌റ്റിന്റെ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററാണ്‌ ബ്രൗസര്‍ വിപണിയുടെ 80 ശതമാനവും കൈയടക്കിയിരിക്കുന്നത്‌.

No comments:

Post a Comment

നിങ്ങള്‍ പറയൂ...