Sunday, September 28, 2008

കിഷിലെ പെരുന്നാള്‍

വീണ്ടുമൊരു പെരുന്നാളുകൂടി കടന്നുവരുന്നു. രണ്ടുദിവസത്തെ ലീവുണ്ട്‌. വേണമെങ്കില്‍ ഒക്ടോബറിലെ മറ്റ്‌ ലീവുകള്‍ കൂടി കൂട്ടി നാലഞ്ച്‌ ദിവസം നാട്ടില്‍ നില്‍ക്കാം. നാടെന്ന്‌ പറഞ്ഞാല്‍ ഒത്തരി ദൂരെയൊന്നുമല്ല. കോഴിക്കോട്‌ നിന്ന്‌ കാസര്‍കോഡേക്ക്‌ യാത്ര ചെയ്യണം. എങ്കിലും തോന്നുമ്പോള്‍ ഓടിപ്പോകാന്‍ പറ്റില്ലെങ്കില്‍ അതും ഒരു ദൂരം തന്നെ. കെട്ടിയോള്‍ക്കും കുട്ടിക്കുമൊക്കെ കഴിഞ്ഞ അവധിക്ക്‌ നാട്ടില്‍ പോയപ്പള്‍ തന്നെ പുത്തനുടുപ്പുകള്‍ വാങ്ങിക്കൊടുത്തത്‌ കൊണ്ട്‌ ആ ടെന്‍ഷന്‍ ഇല്ല. 


ഇവിടെ മെസ്സിലെ ഭക്ഷണം തിന്നു മടുത്തു. നാട്ടിലെ പെരുന്നാള്‍ ബിരിയാണിയുടെ സുഖം ഇപ്പഴേ നാവിലൂറുന്നു. പലതും ഓര്‍ത്തപ്പഴാണ്‌ നാലഞ്ച്‌ വര്‍ഷം മുമ്പ്‌ ചുട്ടമീനും ഉള്ളിയും തിന്ന്‌, മൂന്നൂദിവസം മുമ്പ്‌ അലക്കിയ കുപ്പായവുമിട്ട്‌ പെരുന്നാളാഘോഷിക്കേണ്ടി വന്ന കഥ മനസ്സിലേക്കോടിയെത്തിയത്‌. 


ജീവിതത്തിന്റെ കറക്കത്തിനിടയില്‍ മനസ്സില്ലാ മനസ്സോടെയാണ്‌ ഗള്‍ഫിലെത്തിയത്‌. ദുബായിലായിരുന്നു ലാന്റിങ്‌. എന്റെ ജാതകം നല്ലതായതു കൊണ്ട്‌ ഗള്‍ഫില്‍ കാലുകുത്തിയ ഉടനെ വാപ്പാന്റെ ജോലി പോയി, എക്‌സ്‌ ഗള്‍ഫായി നാട്ടിലേക്കു മടങ്ങി. കറങ്ങിത്തിരിഞ്ഞ്‌ അബൂദാബിയിലെത്തി. അവിടെ ഒരു ഇന്റര്‍നെറ്റ്‌ കഫേയിലിരിക്കെയാണ്‌ ഇംഗ്ലീഷ്‌ വല്ല്യ പിടിയില്ലാത്ത ഒരു അറബിയെ പരിചയപ്പെട്ടത്‌. മൂപ്പര്‍ക്ക്‌ അടുത്തു തന്നെ ഒരു ഇന്റര്‍നെറ്റ്‌ കഫേ തുടങ്ങാന്‍ പരിപാടിയുണ്ട്‌. ഒരാളെ വേണം. ദേ ഞാന്‍ റെഡി. കഫേ ഉടമയായ എന്റെ സുഹൃത്തിന്‌ അറബിയെ നേരത്തേ പരിചയമുണ്ടായിരുന്നു. ഞാന്‍ ഭയങ്കര കമ്പ്യൂട്ടര്‍ പ്രഫഷനലാണൈന്ന്‌ അവന്‍ വച്ചുകാച്ചുകയും കൂടി ചെയ്‌തതോടെ അറബി വീണു. 


ഏതായാലും അറബിയുടെ കഫേ ഒന്നു കാണാമെന്നു കരുതി മൂപ്പരുടെ വണ്ടിയില്‍തന്നെ ഇറങ്ങിപ്പുറപ്പെട്ടു. കുറച്ചങ്ങു പോയപ്പോഴാണ്‌ വേണ്ടിയിരുന്നില്ല എന്നുതോന്നിയത്‌. പത്ത്‌ മൂന്നൂറ്‌ കിലോമീറ്റര്‍ ദൂരെ മരൂഭൂമിയിലാണ്‌ കഫെ. 95 ശതമാനവും അറബികളാണ്‌ അതിനു ചുറ്റും. ഇത്ര ദൂരെയാവുമെന്ന്‌ ഞാനും കരുതിയില്ല. ഏതായാലും ഉള്ളതു കൊണ്ട്‌ ഓണം. എത്ര കാലമാ ബന്ധുക്കളെ ബുദ്ധിമുട്ടിച്ച്‌ ഓസിനു കഴിയുക. 1500 ദിര്‍ഹം ശമ്പളത്തിന്‌ മൂപ്പരുടെ കീഴില്‍ ജോലിക്ക്‌ ചേര്‍ന്നു. റമദാന്‍ തുടങ്ങിയതും എന്റെ വിസയുടെ കാലാവധി കഴിഞ്ഞതും ഒന്നിച്ചായിരുന്നു. 


അറബി നാളെ നാളെ എന്നു പറഞ്ഞ്‌ നീട്ടിക്കൊണ്ടു പോയി. അവസാനം വിളിച്ചാല്‍ ഫോണെടുക്കാതായി. ഈ ചങ്ങാതിമാരെ നോമ്പായിക്കഴിഞ്ഞാല്‍പ്പിന്നെ ഒന്നിനും കിട്ടില്ല. പകല്‍ ഉറക്കവും രാത്രി ടെന്റുകളില്‍ കഹ്‌വയും ഹുക്കയുമൊക്കെയായി ബഡായി പറച്ചിലും. വിസാ കാലാവധി തീര്‍ന്ന്‌ അഞ്ചാറ്‌ ദിവസം കഴിഞ്ഞപ്പോള്‍ ഇനിയും നിന്നാല്‍ ഫൈന്‍ കൊടുത്തു മുടിയും എന്നു മനസ്സിലാക്കി കിഷിലേക്ക്‌ യാത്ര പുറപ്പെട്ടു. വിമാനത്താവളത്തില്‍ കെട്ടിവെക്കേണ്ട തുകയും വിമാനക്കാശുമൊക്കെ ഒപ്പിക്കാനുള്ള പെടാപ്പാടില്‍ നേരം കുറെ പോയി. ദുബയിലെ എയര്‍പോര്‍ട്ടിലെത്തിയപ്പോഴേക്കും പരിശോധനയൊക്കെ കഴിഞ്ഞ്‌ എല്ലാവരും വിമാനത്തില്‍ കയറിക്കഴിഞ്ഞിരുന്നു. ഒരു ജീവനക്കാരി മാത്രം ബാക്കിയുണ്ട്‌. ആ ഇറാന്‍ സുന്ദരി ഫയലും മടക്കി പോകാന്‍ നില്‍ക്കുമ്പോഴാണ്‌ ഞാന്‍ ഓടിക്കിതച്ചെത്തിയത്‌. എനിക്കുമുമ്പേ വന്ന ഒന്നുരണ്ടുപേരെ അവര്‍ മടക്കിയയച്ചിരുന്നു. ഇനി ഒരു രക്ഷയുമില്ലെന്ന്‌ എന്നോടും പറഞ്ഞു. പടച്ചോനേ ഒരു ദിവസംകൂടി നിന്നാല്‍ 100 ദിര്‍ഹം കൂടി ഫൈനാവും. ദുബായില്‍ തങ്ങാനുള്ള ഇടം കണ്ടെത്തണം. ആകെ പുലിവാലാവും. നോമ്പും നോറ്റ്‌ അതിരാവിലെ പുറപ്പെട്ട്‌ ഇത്രേം എത്തിയതാണെന്ന്‌ കാലുപിടിച്ചു പറഞ്ഞപ്പോ സുന്ദരിയുടെ മനസ്സലിഞ്ഞു. ഇനി എന്റെ സൗന്ദര്യം കണ്ടിട്ടാണോ ആവോ..? 


വയര്‍ലസ്‌ വഴി വിമാനത്തിലെ പൈലറ്റുമായി ബന്ധപ്പെട്ടു. ആളുകളെ കയറ്റി സൈഡിലേക്കു മാറ്റിയിട്ടിരുന്ന ബസ്‌ വീണ്ടും വന്നു. കുറച്ചുനിമിഷത്തേക്കെങ്കിലും ഞാനൊരു വി.ഐ.പിയായി. ആരാണ്‌ ഈ തനിയെ വരുന്ന മഹാനെന്ന്‌ എല്ലാരും നോക്കുന്നുണ്ട്‌. അവരുടെ ധാരണ മാറ്റേണ്ടെന്നു കരുതി സുന്ദരിയോട്‌ മുറി ഇംഗ്ലീഷില്‍ എന്തൊക്കെയോ ചോദിച്ചു കൊണ്ടാണ്‌ വിമാനത്തിലേക്ക്‌ കയറിയത്‌. നമ്മുടെ സ്‌റ്റേറ്റ്‌ ബസ്സിന്റെ വലുപ്പമേയുള്ളു കിഷ്‌ വിമാനത്തിന്‌. എ.സിയില്ലാത്ത വിമാനത്തില്‍ തണുപ്പിക്കാന്‍ വേണ്ടി എന്തോ പുകപോലുള്ള സാധനം കൊണ്ടു വന്ന്‌ അടിച്ചുകയറ്റുകയാണ്‌ ചെയ്‌തത്‌. വാതില്‍ തനിയെ അടയില്ല. പോകുന്ന പോക്കില്‍ ബസ്സിന്റെ വാതിലൊക്കെ അടയുന്ന പോലെ വായുമര്‍ദ്ദത്തില്‍ പിടിച്ചുവലിച്ചാണ്‌ വാതിലടക്കുന്നത്‌. പടച്ചോനെ ഇതങ്ങെത്തുമോ...? കുറച്ചങ്ങ്‌ പൊങ്ങിയപ്പോള്‍ ഇത്‌ കുലുങ്ങാനും ആടാനുമൊക്കെ തുടങ്ങി. നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ ഒരുനിമിഷം ഓര്‍ത്തു. എന്റെ പരിഭ്രമം കണ്ട്‌ അടുത്തിരുന്ന സര്‍ദാരി ചിരിച്ചു കൊണ്ട്‌ ആദ്യമായിട്ടാണോ എന്നു ചോദിച്ചു. സര്‍ദാരി അത്‌ ആറാം തവണയാണത്രെ കിഷില്‍ പോവുന്നത്‌. അത്‌ കൊണ്ട്‌ മൂപ്പര്‍ക്ക്‌ കുലുക്കമൊന്നുമില്ല. 
25 മിനിറ്റ്‌ കൊണ്ട്‌ യാത്ര കഴിഞ്ഞുകിട്ടി. ഹോട്ടല്‍ അല്‍ഫറാബിയിലേക്കുള്ള ബസ്‌ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വിമനത്തിലുണ്ടായിരുന്ന ഫിലിപ്പീനി പെണ്ണുങ്ങള്‍ക്കൊക്കെ ശരീരം മറക്കാന്‍ പര്‍ദ നല്‍കി. ഇറാനില്‍ ശരീരം പൂര്‍ണമായി മറക്കാതെ പെണ്ണുങ്ങള്‍ക്ക്‌ പൊതുസ്ഥലത്തിറങാന്‍ പാടില്ല. ഫിലിപ്പീനി പെണ്ണുങ്ങളാണെങ്കില്‍ ശരീരം ഒട്ടുമുക്കാലും കാണിച്ചാണ്‌ നടക്കുന്നത്‌. 


കൗണ്ടറില്‍ ഫോം പൂരിപ്പിച്ചു നല്‍കിയതോടെ റൂം ശരിയായി. റൂമില്‍ എന്നപ്പോലെ ഹതഭാഗ്യരായ മറ്റ്‌ ഏഴുപേര്‍ കൂടിയുണ്ട്‌. ഒരു ആന്ധ്രക്കാരന്‍, രണ്ടു തമിഴന്‍മാര്‍. ബാക്കി മലയാളികളും. റൂമിലെ ടി.വിയില്‍ ഒരു ചാനലില്‍ വിസ വന്നവരുടെ പേരു വിരങ്ങള്‍ മിന്നിമറയും. ആന്ധ്രാക്കാരന്‍ 24 മണിക്കൂറും അതും നോക്കിയിരിപ്പാണ്‌. തമിഴന്‍മാര്‍ക്കാണെങ്കില്‍ ഏതോ ചാനലിലുള്ള രജനീകാന്തിന്റെ പടം കാണണം. ബഹളം സഹിക്കാതെ ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. ഏതാനും വാര നടന്നാല്‍ കടല്‍ക്കരയിലെത്താം. പതിയെ കാറ്റുകൊണ്ടു നടന്നു. വഴിയില്‍ ഹുക്കവലിക്കാനുള്ള കൊച്ചുകൊച്ചുകുടിലുകള്‍. പലതിലും പെണ്ണുങ്ങടക്കം ഇരുന്നു വലിക്കുന്നുണ്ട്‌. കൂട്ടത്തില്‍ ഇരകളെത്തേടുന്ന ഒന്ന്‌ രണ്ട്‌ സുദാനിപ്പെണ്ണുങ്ങളുമുണ്ട്‌. അക്കഥ പിന്നീടാരോ പറഞ്ഞാണറിഞ്ഞത്‌. 


 അവിടെയും പെണ്‍വാണിഭത്തിന്റെയും മദ്യവില്‍പ്പനയുടെയും പ്രധാന ഏജന്റുമാര്‍ മലയാളികള്‍ തന്നെ. വിസ മാറ്റാന്‍ വന്നു കുടുങ്ങിപ്പോയ കോഴിക്കോടുകാരന്‍ ഹനീഫയും തൃശൂര്‍ക്കാരന്‍ അച്ചായനും. കശുമാവില്‍ നിന്ന്‌ വാറ്റിയെടുക്കുന്ന ചാരായമാണ്‌ വില്‍ക്കുന്നത്‌. പോലിസിന്റെ കണ്ണുവെട്ടിച്ച്‌ ഇവന്മാര്‍ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു എന്നു ഞാനല്‍ഭുതപ്പെട്ടു. 
രണ്ടുദിവസം കൊണ്ട്‌ വിസയും റെഡിയാക്കി തിരിച്ചു വിമാനം കയറാമെന്നു കരുതി വന്ന എനിക്ക്‌ ആഴ്‌ചയൊന്നായിട്ടും സംഗതി ഒത്തില്ല. ഞാനിപ്പോഴും യു.എ.ഇയില്‍ത്തന്നെയുണ്ട്‌, പിന്നെയെങ്ങനെ വിസയനുവദിക്കും എന്നാണ്‌ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി. ഏതോ കാട്ടറബി കാട്ടിയ കൊലച്ചതി. യു.എ.ഇ വിട്ടപ്പോള്‍ കമ്പ്യൂട്ടറില്‍ അത്‌ രേഖപ്പെടുത്തിക്കാണില്ല. 
ദിവസം 10 കഴിഞ്ഞു. എന്റെ പ്രതീക്ഷയൊക്കെ മങ്ങിത്തുടങ്ങി. കൈയിലുണ്ടായിരുന്ന കാശ്‌ തീര്‍ന്നു. ഒന്നുരണ്ടുപ്രാവശ്യം എക്‌സ്‌ചേഞ്ച്‌ വഴി ബന്ധുക്കളില്‍ നിന്ന കാശ്‌ വരുത്തി. എത്രയെന്നു വച്ച്‌ അവരെയൊക്കെ ബുദ്ധിമുട്ടിക്കും. 


ഫറാബി ഹോട്ടലിലെ റിസപ്‌ഷനരികിലെ ചായക്കടയിലുള്ള അലിയെന്ന പേരുള്ള ഇറാനിപ്പയ്യനെ കമ്പനിയാക്കി. എന്റെ കദന കഥ കേട്ട്‌ രാവിലെയും വൈകുന്നേരവും ഫ്രീയായി ചായ ഓഫര്‍ ചെയ്‌തു. കിട്ടിയതാവട്ടെ എന്നു ഞാനും കരുതി. അവന്‍ കുറച്ച്‌ പാഴ്‌സി വാക്കുകളൊക്കെ എനിക്കു പഠിപ്പിച്ചുതന്നു. അത്‌ വച്ച്‌ കടല്‍പ്പാലത്തില്‍ ചൂണ്ടയിട്ടു മീന്‍പിടിക്കുന്ന ഇറാനികളുമായി മുട്ടിനോക്കി. അവര്‍ എന്നെ കൂടെക്കൂട്ടി. രാത്രി വൈകുവോളം കടല്‍പ്പാലത്തില്‍ അവരുടെ കൂടെയിരിക്കും. കിട്ടുന്ന മീന്‍ ചുട്ടുതിന്നും. കൂടെ ഉള്ളിയും പേരറിയാത്ത എന്തോ ചില ഇലകളും. 


അതിനിടയില്‍ റൂമില്‍ കൂട്ടുകാര്‍ പലരും മാറിവന്നു. താമസം ഫറാബിയില്‍ നിന്ന്‌ ചെലവ്‌ കുറഞ്ഞ മറ്റൊരിടത്തേക്കു മാറ്റി. നന്നായി ഖുര്‍ആന്‍ ഓതാവുന്ന യമനിയെ കൂട്ട്‌ പിടിച്ച്‌ രാത്രി തറാവീഹ്‌ നമസ്‌കരിക്കും. മൂപ്പരും ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ തിന്നാന്‍ വാങ്ങിത്തരും. 
കിഷിലെത്തിയതിന്റെ 14ാം നാള്‍ പെരുന്നാള്‍ വന്നു. കൈയിലുണ്ടായിരുന്ന പഴയ സോണി എറിക്‌സണ്‍ മൊബൈല്‍ രണ്ടാം നാള്‍തന്നെ ബാറ്ററി തീര്‍ന്ന്‌ ചത്തിരുന്നു. അതൊരു കണക്കിനു നന്നായി. അവിടെ ഇന്‍കമിങ്‌ കോളിനും വേണം രണ്ട്‌ ദിര്‍ഹം റോമിങ്‌ ചാര്‍ജ്‌. ചിലപ്പോള്‍ റൂമിലെ നമ്പറിലേക്ക്‌ നാട്ടില്‍ നിന്ന്‌ ആരെങ്കിലുമൊക്കെ വിളിക്കും. അപ്പോഴൊന്നും ഞാന്‍ റൂമിലുണ്ടാവില്ല. എന്റെ സങ്കടം കേള്‍പ്പിച്ച്‌ അവരെക്കൂടി വിഷമിപ്പിക്കേണ്ടല്ലോ എന്നുകരുതി ഞാന്‍ മിക്കവാറും റൂമിലിരിക്കാറുമില്ല. 


രണ്ടുദിവസം കൊണ്ട്‌ വരാമെന്നു കരുതിയതിനാല്‍ രണ്ടുജോഡി ഡ്രസ്‌ മാത്രമേ കരുതിയിരുന്നുള്ളു. പെരുന്നാളിനിടാമെന്നു കരുതി അതിലൊന്ന്‌ അലക്കി പുറത്തെ അയയില്‍ ഉണക്കാനിട്ടു. രാവിലെ ചെന്നുനോക്കിപ്പോള്‍ കാറ്റത്ത്‌ താഴെ വീണ ഷര്‍ട്ടില്‍ ആരോ കേറി ചവിട്ടി ആകെ നാശമാക്കിയിരിക്കുന്നു. മൂന്ന്‌ ദിവസം ഇട്ട്‌ മുഷിഞ്ഞ ഷര്‍ട്ടതന്നെ വീണ്ടും എടുത്തിട്ട്‌ പള്ളിയിലേക്കു പോയി. കൂടെവന്നവര്‍ പള്ളിയില്‍ നിന്നിറങ്ങി ബിരിയാണി കഴിക്കാന്‍ പ്ലാനിടുന്നുണ്ടായിരുന്നു. ഇനിയും നാണംകെടേണ്ടല്ലോ എന്നുകരുതി പള്ളിയില്‍ നിന്നിറങ്ങിയ ഉടനെ ഞാന്‍ മുങ്ങി. അലിയുടെ കടയില്‍ച്ചെന്നപ്പോള്‍ ചായയും കേക്കും തന്നു. കുറെ പച്ചവെള്ളവും കുടിച്ച്‌ ഉച്ചവരെ കിടന്നുറങ്ങി.


 ഉണര്‍ന്ന്‌ നേരെ കടല്‍ക്കരയിലേക്കാണ്‌ നടന്നത്‌. പതിവ്‌ മീന്‍ പിടിത്തക്കാര്‍ അവിടെയുണ്ട്‌. അന്ന്‌ വലിയ മീന്‍കിട്ടി. എല്ലാരുടെയും മുഖത്ത്‌ പെരുന്നാള്‍പ്പിറ കണ്ട സന്തോഷം. വിശന്നുകാളിയ വയറിന്‌ നന്നായി ചുട്ടെടുത്ത മീന്‍ ബിരിയാണിയേക്കാള്‍ രുചികരമായി തോന്നി. സ്‌നേഹത്തോടെ ചായയും കേക്കും തന്ന അലിയും മീന്‍ ചുട്ടുതന്ന മീന്‍പിടിത്തക്കാരും ഇന്നും അവിടെയൊക്കെ ഉണ്ടാവുമോ... പെരുന്നാള്‍ ദിനത്തില്‍ വലിയ മീനിനെ സമ്മാനിച്ച അല്ലാഹുവിന്‌ സ്‌തുതി.... നല്ല മനസ്സകള്‍ക്ക്‌ ഭൂമിയില്‍ സമാധാനം... എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ 

4 comments:

 1. ഇത്രയില്ലെങ്കിലും ഇതേപോലെ ഒരു കഫേഅനുഭവം എനിക്കും ഉണ്ട്
  ദുബായില്‍ വെച്ച്. മുന്‍ കാല അനുഭവങ്ങള്‍ പിന്നീടോര്‍ക്കുന്നതിന്ന് ഒരു പ്രത്യേക അനുഭൂതിഉണ്ട്.

  സ്നേഹത്തോടെ
  ഈദുല്‍ ഫിത്വര്‍ ആശംസകള്‍

  ReplyDelete
 2. Ninak ingane oru kadhanakadha undaayirunno? 10months nammal onnich undayittum annod nee paranjilla, annu nee paranjirunnankil ee kadha njan oru Noval aaki chuluvinu oru Satae award oppichene,
  alhamdulillah,,,,,,,,,,,,
  ninakkum, Najadinum,Avante Ummakkum ഈദുല്‍ ഫിത്വര്‍ ആശംസകള്‍

  ReplyDelete
 3. ആദ്യമായിട്ടാ ഇവിടെ.
  കഥ വായിച്ചു. എന്താ പറയാ?
  ഒന്നേ ചെയ്യാനുള്ളൂ, സഹായം തേടിവരുന്നവരെ നല്ല മനസ്സോടെ സഹായിയ്ക്കുക. അതില്പരം നല്ല കാര്യമെന്ത്?

  ഈദുല്‍ ഫിത്വര്‍ ആശംസകള്‍!

  :)

  ReplyDelete
 4. naanum ithu pole randu thavana kishil pettirunnu but ningalude ee katha kettappol ente anubhavam ithra varilla ennu urappaanu.orikkal ramadanilaanu avidey pettathu...hmmmmmmmm..athinu munpu pettathu 4 divasam but ningalude ee anubavam enikkundaayilla.sathyam parannal ee real story vaayichu ente anubavavum naan orthu poyi.

  ReplyDelete

നിങ്ങള്‍ പറയൂ...