ഇന്ത്യയിലെ പോലിസുദ്യോഗസ്ഥരുടെ കാര്യക്ഷമതയെപ്പറ്റി ഒരു കഥയുണ്ട്: ചെന്നൈയില്‍ നിന്ന് ഒരു പിടികിട്ടാപ്പുള്ളി ബാംഗ്ലൂരിലേക്കു കടന്നതായി പോലിസിനു സംശയം. ചെന്നൈ പോലിസ് അയാളുടെ പത്തു പോസുകളിലുള്ള ചിത്രങ്ങള്‍ ബാംഗ്ലൂരിലേക്കയച്ചു. രാത്രിയായപ്പോഴാണ് അയാളെ ചെന്നൈയില്‍ നിന്നു തന്നെ പിടികിട്ടിയത്. ബാംഗ്ലൂരിലേക്കു വിവരമറിയിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ- ഇനി പറഞ്ഞിട്ടു കാര്യമില്ല. അയച്ചുതന്ന പടങ്ങളില്‍ കാണുന്ന പത്തുപേരില്‍ ആറുപേരെയും പിടികൂടിക്കഴിഞ്ഞു. നാലുപേര്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു!
ഇതേ `കാര്യക്ഷമത' തന്നെയാണ് ഇപ്പോള്‍ സ്‌ഫോടനക്കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരിലും കാണാനുള്ളതെന്ന് പറയുന്നതു തമാശയല്ല, സങ്കടവര്‍ത്തമാനമാണ്. ജയ്‌പൂരിലും അഹ്‌മദാബാദിലും സൂറത്തിലും സ്‌ഫോടനമുണ്ടായപ്പോള്‍ പിറ്റേദിവസം തന്നെ പോലിസ് കുറ്റവാളികളെ ഫിക്‌സ് ചെയ്‌തു. അധികൃതരുടെ പക്കല്‍ സാക്ഷികളുണ്ട്, രേഖാചിത്രങ്ങളുണ്ട്; പിടികൂടിക്കഴിഞ്ഞാല്‍ നാര്‍കോ അനാലിസിസും പോളിഗ്രാഫുമുണ്ട്. സ്‌ഫോടനപരമ്പരകള്‍ കഴിഞ്ഞു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റവാളികളെ പിടികൂടാനുള്ള കാര്യക്ഷമത ഏതാണ്ടെല്ലാ കേസുകളിലും അന്വേഷണോദ്യോഗസ്ഥര്‍ കാണിക്കാറുണ്ട്. പക്ഷേ, പിറ്റേന്നു വേറൊരിടത്തു സ്‌ഫോടനം നടക്കുന്നു. ഇതേ കാര്യക്ഷമതയോടെ അവിടെയും പ്രതികളെ പിടികൂടുന്നു. എത്ര എളുപ്പം!
ഈ അപഹാസ്യതയില്‍ മനംമടുത്താവണം യു.പി.എയിലെ ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ നേതാവും റെയില്‍വേ മന്ത്രിയുമായ ലാലുപ്രസാദ് യാദവ് ആഭ്യന്തരവകുപ്പിന്റെ അന്വേഷണപ്രക്രിയയെയും രീതിയെയും വിമര്‍ശിച്ചത്. ബോംബ് സ്‌ഫോടനം നടന്നു ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറ്റവാളികളെ പിടികൂടുന്നവര്‍ എന്തുകൊണ്ട് അതു തടയാന്‍ കാര്യശേഷി കാണിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കാര്യശേഷി തട്ടിപ്പാണെന്ന സൂചന പ്രസ്‌താവനയിലുണ്ട്. നേരത്തേതന്നെ പ്രതികളാരെന്നു നിശ്ചയിക്കുകയും അവരെ പിടികൂടിയെന്നു വരുത്തി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയുമാണ് മുറ. മാത്രവുമല്ല, കാര്യക്ഷമതയുടെ പേരില്‍ പാരിതോഷികങ്ങളും ഉദ്യോഗക്കയറ്റവും പോലും സംഘടിപ്പിച്ചേക്കാം അന്വേഷണോദ്യോഗസ്ഥര്‍. ഈ കാര്യക്ഷമതയുമായാണ് ഇനിയും പോക്കെങ്കില്‍ കാര്യങ്ങള്‍ എവിടെയെത്തുമെന്നു കണ്ടറിയണം. ഭീകരവാദികളെ കണ്ടെത്തുന്നതിന്റെ നൂറിലൊരംശമെങ്കിലും കാര്യശേഷി ഭീകരപ്രവര്‍ത്തനം തടയുന്നതില്‍ പ്രകടമാക്കിക്കൂടേ?
ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യാരാജ്യത്തു വ്യാപകമാണ് എന്നതിനോടു ചേര്‍ത്തുവായിക്കണമിത്. സ്‌ഫോടനക്കേസുകളുടെ അന്വേഷണത്തില്‍ ഈ ഭീകരതയുടെ കരാളമുഖമാണു പ്രകടമാവുന്നത്. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സ്‌ഫോടനക്കേസ് പ്രതികളെ പോട്ട ഉപയോഗിച്ചു കൈകാര്യം ചെയ്യുമെന്ന് എല്‍ കെ അഡ്വാനി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ തന്നിഷ്ടത്തിനനുസരിച്ചു നിരപരാധികള്‍ ജാമ്യം പോലും കിട്ടാതെ നരകിക്കുകയാവും അതിന്റെ ഫലം എന്ന വസ്‌തുതയിലേക്കാണ് ഈ പരാമര്‍ശത്തിന്റെ സൂചന. ഭീകരവാദവും അതുമൂലമുള്ള പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇത്തരം പ്രവര്‍ത്തനരീതികളല്ല വേണ്ടതെന്ന് എപ്പോഴാണാവോ അധികൃതര്‍ തിരിച്ചറിയുക?
തേജസ്: 17-09-08
Wednesday, September 17, 2008
Subscribe to:
Post Comments (Atom)
ആ ‘കാര്യക്ഷമത’ കൊള്ളാം...
ReplyDeleteഅധികൃതര്‍ക്കും ഇത്രേം ‘കാര്യക്ഷമത’യൊക്കെ പോരേ?
ഭീകരവാദികളെ കണ്ടെത്തുന്നതിന്റെ നൂറിലൊരംശമെങ്കിലും കാര്യശേഷി ഭീകരപ്രവര്‍ത്തനം തടയുന്നതില്‍ പ്രകടമാക്കിക്കൂടേ?...
ReplyDeleteഅങ്ങനെയെങ്കില്‍ ബി.ജെ.പിയുടെ അസ്ഥിത്വത്തിന് എന്തു വില?
പിടിക്കപ്പെട്ട “തീവ്രവാദികള്‍” ഉടന്‍ തന്നെ ക്കൊല ചെയ്യപ്പെടുന്നു എന്നത് വേറൊരു ചോദ്യം. അല്ലെങ്കില്‍ അഫ്സല്‍ ഗുരുവിനെപോലുള്ള മരിക്ക്കാത്ത “തീവ്രവാദികള്‍”ക്ക് വക്കീലിനെ പോലും വെക്കാനുള്ള സൌകര്യം ഭരണകൂടങ്ങള്‍ നിശേധിക്കൂന്നു...
കാത്തിരിക്കാം.... നല്ലൊരു ഇന്ത്യയുടെ ഭാവിയെ... അതിനായി പ്രാര്‍ത്ഥിക്കാം....