Tuesday, September 9, 2008

കെ.എഫ്‌.സി പാചകവിധി രഹസ്യകേന്ദ്രത്തിലേക്കു മാറ്റി

കെന്റകി ഫ്രൈഡ്‌ ചിക്കന്‍ കമ്പനിയുടെ വ്യാപാരരഹസ്യങ്ങളിലൊന്നായ ഒറിജിനല്‍ റെസിപ്‌ ചിക്കന്റെ പാചകവിധി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി. കേണല്‍ ഹാര്‍ലാന്റ്‌ സാന്‍ഡേഴ്‌സ്‌ സ്വന്തം കൈപ്പടയിലെഴുതിയ 11 സസ്യങ്ങളും മസാലയും ചേര്‍ത്തുള്ള ചിക്കന്‍ വിഭവത്തിന്റെ പാചകവിധിയാണ്‌ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയത്‌. കാലപ്പഴക്കം കൊണ്ട്‌ നിറം മങ്ങിയ പാചകക്കുറിപ്പ്‌ പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ്‌ സ്ഥലം മാറ്റുന്നത്‌.
അതീവസുരക്ഷയുണ്ടായിരുന്നെങ്കിലും ആശങ്കയോടെയാണ്‌ സ്ഥലംമാറ്റം നടന്നതെന്നു കെ.എഫ്‌.സി പ്രസിഡന്റ്‌ റോജര്‍ ഈറ്റണ്‍ പറഞ്ഞു. കെ.എഫ്‌.സി ശൃംഖലയുടെ വിജയരഹസ്യമായ 68 വര്‍ഷം പഴക്കമുള്ള ഈ പാചകക്കൂട്ട്‌ ഒരു സമയം കമ്പനിയിലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അറിയൂ. ഇവരുടെ പേരുവിവരങ്ങള്‍ കമ്പനി പുറത്തുവിടുകയില്ല. കൂട്ടുകള്‍ നിര്‍മിക്കുന്നതും ചേര്‍ക്കുന്നതും വ്യത്യസ്‌ത വിഭാഗമായതിനാല്‍ പാചകവിധിയുടെ ഏതെങ്കിലും ഒരു ഭാഗം മാത്രമേ അവര്‍ക്കു ലഭ്യമാവൂ.
20 വര്‍ഷമായി കമ്പനി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിനകത്ത്‌ പ്രത്യേക കാബിനറ്റിലാണ്‌ പാചകവിധി സൂക്ഷിച്ചിരുന്നത്‌. കാബിനറ്റില്‍ എത്തണമെങ്കില്‍ ആദ്യം ഒരു പ്രത്യേക അറ തുറക്കുകയും പിന്നീട്‌ കാബിനറ്റ്‌ ഡോറിന്റെ മൂന്നു പൂട്ടുകള്‍ തുറക്കുകയും വേണം. പാചകക്കൂട്ടുകളും പ്രത്യേക രഹസ്യഅറയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.
പലരും കെ.എഫ്‌.സിയുടെ പാചകക്കൂട്ട്‌ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. ചിലപ്പോഴൊക്കെ സാന്‍ഡേഴ്‌സിന്റെ ഒറിജിനല്‍ പാചകക്കുറിപ്പിന്റെ കോപ്പി കിട്ടിയതായി പലരും അവകാശപ്പെടുകയും ചെയ്‌തിരുന്നു. 1940ല്‍ തെക്കുകിഴക്കന്‍ കെന്റക്കിയിലുള്ള തന്റെ കൊച്ചു റസ്‌റ്റോറന്റില്‍ വച്ചാണ്‌ സാന്‍ഡേഴ്‌സ്‌ ഫോര്‍മുല വികസിപ്പിച്ചെടുത്തത്‌.
ഇതുപയോഗിച്ച്‌ 1950ലാണ്‌ കെ.എഫ്‌.സി ശൃംഖലയ്‌ക്കു തുടക്കമിട്ടത്‌. സാന്‍ഡേഴ്‌സ്‌ 1980ല്‍ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോര്‍മുലയാണ്‌ ഇന്നും കെ.എഫ്‌.സിയുടെ വിജയരഹസ്യം.

വാല്‍ക്കഷണം:
കെ.എഫ്‌.സിക്ക്‌ ലോകമൊട്ടാകെ 14,892 സ്ഥലങ്ങളില്‍ ഔട്ട്‌ലെറ്റുകളുണ്ട്‌. ചൈനയിലാണ്‌ കെ.എഫ്‌.സി ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നത്‌. അതേസമയം, സ്വന്തം തട്ടകമായ അമേരിക്കയില്‍ കെ.എഫ്‌.സി വെല്ലുവിളി നേരിടുകയാണ്‌. കെ.എഫ്‌.സി വിഭവങ്ങള്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉയര്‍ത്തുന്നതായി മനസ്സിലാക്കിയതാണ്‌ ഇതിനു കാരണം. കെ.എഫ്‌.സിയുടെ ചിക്കന്‍ ഹലാല്‍ (ഇസ്‌ലാമികമായി അനുവദനീയം) അല്ലെന്ന്‌ അവരുടെ വെബ്‌സൈറ്റില്‍ തന്നെ പറയുന്നുണ്ടെങ്കിലും മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും അവ ചൂടപ്പംപോലെ വിറ്റഴിയുന്നുണ്ട്‌.

4 comments:

  1. കെ എഫ് സി പാചക രീതിക്ക് ഇത്രയും Demand ആണോ ?
    അപ്പൊ ഓള്‍ഡ് ഇസ് ഗോള്‍ഡ് എന്നത് ശരിയാണല്ലേ ?

    ReplyDelete
  2. അതേ... കെ.എഫ്‌.സിയില്‍ പഴയ ചിക്കനും നല്ല ഡിമാന്‍ഡ്‌ ആണ്‌.

    ReplyDelete
  3. അപ്പോള്‍ അതാണു കെന്റക്കിയുടെ രഹസ്യമല്ലേ..ഇതിന്റെ ഉപജ്ഞാതാവ്‌ ആരംഭത്തില്‍ തെണ്ടിത്തിരിഞ്ഞുനടന്ന ആളായിരുന്നുവെന്ന്‌ കേള്‍ക്കുന്നു ശരിയാണോ..

    ReplyDelete
  4. പക്ഷേ, ഇവിടെ ഈ ജിദ്ദയില്‍ അതിനിത്ര ഡിമാന്റ് പോര. അല്‍ബൈക് ബ്രോസ്റ്റ് ഉള്ളപ്പോള്‍ കെ.എഫ്.സി എപ്പോഴും ഒരു രണ്ട് മൂന്ന് പടി പിറകിലാ....

    ReplyDelete

നിങ്ങള്‍ പറയൂ...